വില്ലൻ- 3

ഓരോജോലി ചെയ്യുമ്പോഴും അവളുടെ ചിന്തകൾ മുഴുവൻ സമറിനെ ചുറ്റിപറ്റി ആയിരുന്നു… അവനെക്കുറിച്ച് കൂടുതൽ അറിയാൻ അവളുടെ ഹൃദയം വെമ്പി…ആരാണവൻ…എവിടെയാണ് അവൻ…അവന് ആരുമില്ലേ…? ഇത്രയും കാലമായി ആരും അവനെ കാണാൻ വന്നിട്ടില്ല എന്നൊക്കെ പറയുമ്പോൾ….അവൻ അനാഥൻ ആകുമോ ആരും ഇല്ലേ അവന്…പക്ഷെ അവന്റെ ഈ സെറ്റപ്പ് കാണുമ്പോൾ ആരും ഇല്ലാത്തവനായി തോന്നുന്നുമില്ല…ഇനിപ്പോ സമ്മർ ഇൻ ബെത്ലഹേമിലെ സുരേഷ് ഗോപിയുടെ അവസ്ഥ ആകുമോ അവന്…. ഹേയ്.. അങ്ങനെ ഒന്നും ആകില്ല…അതൊക്കെ സിനിമയിൽ അല്ലെ…അതൊക്കെ യഥാർത്ഥ ലൈഫിൽ നടക്കുമോ…ഇവൻ ഇത് എവിടെ പോയി കിടക്കുവാണ്… നാളെ കോളേജ് തുറക്കുന്നത് അറിയില്ലേ…അല്ല അവർക്ക് ഒക്കെ പഠിച്ചിട്ട് എന്തിനാ…ആവശ്യത്തിൽ അധികം മുതൽ ഇപ്പോൾ തന്നെ ഉണ്ടല്ലോ…ഈ വീട് എന്തായാലും കോളേജ് തീരുന്നതുവരെ താമസിക്കാൻ എടുത്തത് ആവും…അല്ലാതെ സ്വന്തം വീട് ഒന്നും ആവില്ല…ഇനി അവന് കുടുംബമില്ലേ…രണ്ടും മൂന്നും കൊല്ലമായി അവനെ അറിയുന്ന ശാന്തേച്ചിക്കും ചന്ദ്രേട്ടനും അവനെ കുറിച്ചു ഒരു തേങ്ങയും അറിയില്ല…പിന്നെ ഞാൻ ഇവിടെ കിടന്ന് ഓരോ ഊഹാപോഹങ്ങൾ ഇട്ടിട്ട് എന്താ കാര്യം…?ഷാഹി സമറിനെ കുറിച്ച് ആലോചിച്ചുകൂട്ടി കൊണ്ടേയിരുന്നു…

*****************
ഈ സമയം(ഉച്ച) കുഞ്ഞുട്ടന്റെ ജീപ്പ് നഗരത്തിന് പുറത്തേക്ക് ചീറിപ്പായുകയായിരുന്നു… വിജനമായ റോഡിലൂടെ ജീപ്പ് ഇരമ്പിനീങ്ങി… പെട്ടെന്ന് ആളുകളില്ലാത്ത ഒരിടത്ത് രണ്ട്‌ ടവേരകൾ കുഞ്ഞുട്ടന്റെ ജീപ്പിന് മുന്നിലേക്ക് ചാടി…കുഞ്ഞുട്ടൻ പെട്ടെന്ന് ബ്രെക്കിൽ കാലമർത്തി… ജീപ്പിന്റെ ടയർ ഞരങ്ങികൊണ്ട് ജീപ്പ് ടവേരകൾക്ക് തൊട്ടുമുന്നിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിന്നു…

“ആരെ വാപ്പാന്റെ മൂത്രതടസ്സം തീർക്കാനാണെടാ എന്റെ വണ്ടിക്ക് വിലങ്ങിടുന്നെ..” എന്ന് ചോദിക്കാൻ കുഞ്ഞുട്ടൻ വായതുറന്നെങ്കിലും അവൻ ടാവേരയുടെ നമ്പർ കണ്ട് അത് വിഴുങ്ങികളഞ്ഞു…

TN59 DL 666

ടാവേറായിൽനിന്നും ആളുകൾ ഇറങ്ങി… രണ്ടെണ്ണത്തില്നിന്നും കൂടി ഒരു ആറേഴു ആളുകൾ ഇറങ്ങി… കുഞ്ഞുട്ടൻ അവരെ നോക്കി നിന്നു…കുഞ്ഞുട്ടന്റെ വണ്ടിക്ക് വട്ടമിട്ട ആദ്യത്തെ ടവേരയുടെ ഫ്രന്റ് സീറ്റിൽ നിന്നും ഒരാൾ അവസാനം ഇറങ്ങി…ഒരു ജിമ്മൻ…ജിമ്മിൽ പോയി കൊറേ പ്രോടീൻ വെള്ളവും കുടിച്ചു വീർപ്പിച്ചെടുത്ത ശരീരം…എന്നിരുന്നാലും ആരോഗ്യവാൻ…ബലവാൻ…കുഞ്ഞുട്ടൻ ജീപ്പിൽ നിന്നും ഇറങ്ങി ബോണറ്റിന്മേൽ ചാരി നിന്നു… ആ മസിൽബോഡി കുഞ്ഞുട്ടന്റെ അടുത്തേക്ക് വന്നു…കുഞ്ഞുട്ടനെ അയാൾ പുച്ഛത്തോടെ നോക്കി…അവനെ അയാൾക്ക് വെറുപ്പാണെന്ന് അയാളുടെ മുഖം വിളിച്ചോതി..

“എങ്ങോട്ടാ മോനെ കുഞ്ഞുട്ടാ നീ ഈ പറപ്പിക്കുന്നെ…?”..അയാൾ പരിഹാസത്തോടെ ചോദിച്ചു

“എങ്ങോട്ടുമില്ല സലാമിക്ക… ഇപ്പൊ നല്ല തണുപ്പല്ലേ അതുകൊണ്ട് ഞാൻ ചുമ്മാ ഒന്ന് വെയിൽ കായാൻ ഇറങ്ങിയതാ…”

“ഓഹോ…അത് കൊള്ളാല്ലോ…നീ അത് എനിക്ക് ഒന്നങ്ങട് വെച്ചതാണല്ലോ..”

“ഹേയ് അങ്ങനെ ഒന്നുമില്ല..”

“അങ്ങനെ ഉണ്ടാവരുത്”..അയാളുടെ ശബ്ദം ഉയർന്നു

“ശരി”..കുഞ്ഞുട്ടൻ പറഞ്ഞു

“എവിടെ നിന്റെ ആത്മാർത്ഥ സ്നേഹിതൻ..?”

“എനിക്കറിയില്ല”

“നീ അറിയാതെ അവൻ എവിടെ പോകാൻ..”

“ഇല്ല സത്യമായും എനിക്കറിയില്ല..”

“ഹമ്..എന്താ ഇനി അവന്റെ പ്ലാൻ…?”

“അവൻ ഒന്നും പറഞ്ഞിട്ടില്ല…”

“എന്നാൽ അവന്റെ ആത്മാർത്ഥ സ്നേഹിതൻ അവനെ ഒന്ന് ഉപദേശിക്ക്…ഒരിക്കൽക്കൂടി ഒന്ന് വരാൻ…” വന്യമായ ഒരു ഭാവത്തോടെ സലാം കുഞ്ഞുട്ടനോട് പറഞ്ഞു

“അത് വേണോ…?” കുഞ്ഞുട്ടൻ തിരിച്ചു ചോദിച്ചു
“അത് വേണം കുഞ്ഞുട്ടാ…അവൻ വരണം…നിനക്കെന്താ ഒരു പേടി…അവനെയോർത്താണോ…”

“ആ പേടി ഒരിക്കലും അവനെയോർത്താവില്ല എന്നു സാറിന് അറിയില്ലേ”

“നീ എന്താ പേടിപ്പിക്കുകയാണോ…?”

“പേടിക്കണം സലാം സാറേ…അതിന് കൂടുതൽ ഒന്നും ആലോചിക്കേണ്ട…അവൻ എങ്ങനെ അവിടെനിന്ന് പോന്നു എന്ന് മാത്രം ചിന്തിച്ചാൽ മതി..അത് പോരെ…”

പഴയകാര്യങ്ങൾഎല്ലാം സലാമിന്റെ മുന്നിൽ തെളിഞ്ഞു വന്നു…അതിന്റെ ഭീകരത അവനിൽ തെളിഞ്ഞു നിന്നു…കുഞ്ഞുട്ടന്റെ ചോദ്യത്തിന് സലാം മറുപടി പറഞ്ഞില്ല

“അത് അന്ന്… അതിന് ശേഷം കാലചക്രം കുറെ ഉരുണ്ടു…”

“കാലചക്രം… അതിപ്പൊ തേയുന്നവരെ ഉരുണ്ടാലും അവൻ അവൻ തന്നെയാ..ഒരു മാറ്റവുമില്ല…”

“നിന്റെ ഈ ആത്മവിശ്വാസം ഉണ്ടല്ലോ…അവൻ നിന്റെ പിന്നിൽ ഉണ്ട് എന്നുള്ള ആത്മവിശ്വാസം അത് ഞാൻ വളരെ വൈകാതെ മാറ്റിത്തരുന്നുണ്ട്…”

“തെറ്റി സലാമിക്ക…അവൻ എന്റെ പിന്നിൽ അല്ല ഉള്ളത്…എന്റെ നെഞ്ചിലാണ്…ആ ആത്മവിശ്വാസം തകർക്കാൻ നോക്കിയവരൊക്കെ ഇപ്പൊ മണ്ണിന്റെ അടിയിൽ നരകവും കാത്തു കിടപ്പുണ്ട്….അതിപ്പോ അന്നായാലും ഇന്നായാലും…”

സലാം അത് കേട്ട് പൊട്ടിച്ചിരിച്ചു….

“നീ ഇന്നും അവന്റെ വാലാട്ടിപട്ടി തന്നെ..” സലാം പറഞ്ഞു…

“ശെരിയാ ഞാൻ അവന്റെ വാലാട്ടിപട്ടി തന്നെയാ… കാരണം ഈ ശരീരത്തിൽ ഓടുന്ന ഓരോ രക്തതുള്ളിയിലും അവൻ ഒരാളുടെ കാരുണ്യവും സ്നേഹവും ഉണ്ട്…അതുകൊണ്ട് ആ കൂറ് ഈ വാലാട്ടിപട്ടി കാണിക്കും..”

“കൊള്ളാം… വാലാട്ടി പട്ടിയുടെ ശൗര്യം കൊള്ളാം… നിന്റെ ഓരോ രക്തത്തുള്ളിയിലും അവൻ ഉണ്ടെങ്കിൽ ആ ഓരോ രക്തത്തുള്ളിയേയും എന്റെ പക എത്ര മൂർച്ചയുള്ളതാണ് എന്ന് ഞാൻ അറിയിക്കും….” സലാം ക്രൂരമായ മനോഭാവത്തോടെ പറഞ്ഞു….കുഞ്ഞുട്ടൻ അതിന് മറുപടി നൽകിയില്ല…

“അവന് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്…അവനെ ഞാൻ എന്റെ അങ്കതട്ടിലേക്ക് വരുത്തും…അവൻ എല്ലാം നഷ്ടപ്പെട്ട് വരും നിസ്സഹായനായി…ഞാൻ അവനെ അറിയിക്കും ഞാൻ ആരാണെന്ന്..അവനെ എനിക്ക് വേണം അതിന്…അവൻ എത്ര ഓടിയൊളിക്കാൻ ശ്രമിച്ചാലും അവനെ ഞാൻ വേട്ടയാടി കൊണ്ടുവരും..അവൻ വരും…തിരിച്ചുവരുത്തും ഞാൻ…” സലാം വാശിയോടെ പ്രതിജ്ഞയെടുത്തു പറഞ്ഞു…എന്നിട്ട് വണ്ടിയിൽ കയറി പോയി….

“വേട്ടയാടാൻ…. യമരാജനെ വേട്ടയാടാൻ ഒക്കെ ഈ കൊച്ചുണ്ടാപ്രി വളർന്നോ..” കുഞ്ഞുട്ടൻ ചിരിച്ചുകൊണ്ട് മനസ്സിൽ ഓർത്തു…

【】【】【】【】【】【】【】【】【】

ചന്ദ്രനെ ഉറക്കികിടത്തുന്ന രാത്രി…

ഇരുട്ട്…
മനുഷ്യന് പരസ്പരം കാണാൻ പറ്റാത്ത അത്ര ഇരുട്ട്…

ഈ രാവുകളിലാണ് ഓരോ മനുഷ്യന്റെയും ഉള്ളിലുള്ള ചെകുത്താൻ ജനിക്കുന്നത്..

ക്രൂരത,പൈശാചികത,കാമം…ഒരു കറയും കൂടാതെ മനുഷ്യനുള്ളിൽ നിറയുന്നത്…

അവനിലെ അസുരൻ അവന്റെ പ്രവൃത്തിയുടെ കടിഞ്ഞാൺ ഏറ്റെടുക്കുന്നത്…

പക്ഷെ ആ അസുരൻ ഒരിക്കലും അറിയുന്നില്ല അവന്റെ ചെയ്തികളെ ചോദ്യം ചെയ്യാൻ ഓരോ രാവിനുശേഷവും ഒരു ഉദയം ഉണ്ടെന്ന്…

പൈശാചികതയുടെ വാസകേന്ദ്രമാണ് ഇങ്ങനെയുള്ള ഓരോ രാവുകളും…

അങ്ങനൊരു രാവ് ആണ് ഇന്ന്..

അസുരൻ വേട്ടയ്ക്ക് ഇറങ്ങുന്ന രാവ്…

ഡൽഹി..

അർധരാത്രി….

Leave a Reply

Your email address will not be published. Required fields are marked *