ശ്യാമമോഹനം – 1

വാതിലടച്ച് അവർ തിരക്കിലേയ്ക്ക് പോകുന്നത് കണ്ടപ്പോളാണ് അവർ എസ് ഐ ആണെന്ന് എനിക്ക് മനസ്സിലായത്. ഞാൻ കരഞ്ഞുകൊണ്ടിരുന്നു. സങ്കടം തീരുന്നത് വരെ. അരമണിക്കൂറെങ്കിലും എടുത്ത് കാണും. ഒരു വനിതാ പോലീസ് കോൺസ്റ്റബിൾ വന്ന് ഡോർ തുറന്നു. മറ്റൊരു വനിതാ കോൺസ്റ്റബിൾ മറ്റേ വശത്തേ ഡോറും. ആദ്യം കയറി ഇരുന്ന കോൺസ്റ്റബിൾ കയ്യിലെ ലാത്തി പിൻ സീറ്റിലേയ്ക്ക് ഇടാൻ തിരിഞ്ഞപ്പോൾ എന്നെ കണ്ടു. അവർ അലറിക്കൊണ്ട് പുറത്തേയ്ക്ക് ചാടി. ബഹളം കേട്ട് എസ് ഐ യും ഡ്രൈവറും ഓടി വന്നു.

“മേഡം, കാറിലൊരു ആൾ..”, പേടിയോടെ അവർ അത് പറഞ്ഞ് തീർന്നതും എസ് ഐ ക്ക് കാര്യം മനസ്സിലായി. അവർ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ചിരിയടങ്ങിയപ്പോൾ അവർ വണ്ടിയിൽ കയറി. പിന്നാലെ ഡ്രൈവറും രണ്ട് കോൺസ്റ്റബിൾമാരും. എസ് ഐ കാര്യം പറഞ്ഞപ്പോ കാറിൽ കൂട്ടച്ചിരിയായി. എനിക്കും ചിരിവന്നു.

“എന്താ മേഡം, എന്നെ കണ്ടാൽ പേടിയാകുമോ?”, ഞാൻ അല്പം പരിഭവം ഭാവിച്ച് ചോദിച്ചപ്പോൾ അവർ “പോടീ, പോടീ..” എന്ന് പറഞ്ഞു.

“നിന്നെപ്പോലെ ഓരോന്ന് കുറ്റീം പറിച്ച് ഇറങ്ങുന്നതിൻ്റെ ബാക്കിയാ ഇതൊക്കെ..”

“ശ്യാമാ, മതി”, എസ് ഐ യുടെ ശബ്ദം അല്പം രൂക്ഷമായിരുന്നു. ഞാൻ
സീറ്റിലേയ്ക്ക് ചുരുങ്ങിയിരുന്നു.

“നിൻ്റെ താമസം എവിടെയാ?”, എസ് ഐ ചോദിച്ചു.

ഞാൻ ഹോസ്റ്റലിൻ്റെ അഡ്രസ്സ് പറഞ്ഞു. “പോകുന്ന വഴിയാണ്. അവിടെ തന്നെ ഇറക്കാം. ഇനി രാത്രി വിഷമിക്കണ്ട”, അവർ പറഞ്ഞു.

ഹോസ്റ്റലിൻ്റെ മുന്നിൽ വണ്ടി നിർത്തിയപ്പോൾ ശ്യാമ പുറത്തിറങ്ങി നടുവിലെ സീറ്റ് മടക്കി എന്നെ പുറത്തിറക്കി. എന്നെ അടിമുടി ഒന്ന് നോക്കിയിട്ട് അവൾ മൂളി. സ്ട്രീറ്റ് ലൈറ്റിൻ്റെ വെളിച്ചത്തിൽ ഞാൻ അപ്പോളാണ് അവളെ ശരിക്ക് കണ്ടത്. ചെറുപ്പക്കാരി ആണ്. അവളുടെ പിന്നാലെ എസ് ഐ യും പുറത്തിറങ്ങി.

“എന്താ പേര്?”

“പല്ലവി”

“എൻ്റെ പേര് സിന്ധു. ഞാൻ ഈ ഏരിയയിലെ സ്റ്റേഷനിൽ തന്നെ ആണ്. സംഭവിച്ചത് ഏതായാലും സംഭവിച്ചു. പരിക്കൊന്നും പറ്റിയില്ലല്ലോന്ന് സമാധാനിക്കൂ. ഇതുകൊണ്ട് വിഷമിച്ചിരിക്കുകയൊന്നും വേണ്ട, ചിലർ അങ്ങനെയാണ്”

“ഇല്ല മേഡം”

“പല്ലവി വല്ലാതെ ഷേക്കൺ ആണെന്ന് തോന്നുന്നു. വിളിച്ച് സംസാരിക്കാൻ ആരെങ്കിലും ഉണ്ടോ?”

“ഞാൻ തലയാട്ടി”

ഒരു നിമിഷം സംശയിച്ചെന്നപോലെ നിന്നിട്ട് അവർ പറഞ്ഞു, “പല്ലവി, സംഭവിച്ചത് എന്താണെന്ന് ഞാൻ കണ്ടിരുന്നു..”

ഞാൻ അവരുടെ മുഖത്തേയ്ക്ക് നോക്കി.

“ഞാൻ എല്ലാം കണ്ടു. എനിക്ക് മനസ്സിലാകും.. ഇറ്റ് ഈസ് ഗോയിങ്ങ് ടു ബി ഓകെ..”

ഞാൻ തലകുനിച്ചു. അവർ കൈ നീട്ടി എൻ്റെ കവിളിൽ കൈപ്പത്തി വച്ചു. “കുട്ടീ, സാരമില്ല. ചില ഇഷ്ടങ്ങൾ ഒക്കെ അങ്ങനെയാണ്. സമയം പോകെ ശരിയായിക്കൊള്ളും ഈ വിഷമമൊക്കെ”

“എങ്ങനെ മനസ്സിലായി?”

“ഞാൻ ഒരു ട്രെയിൻഡ് പോലീസ് ഓഫീസർ ആണ്.. നിന്നെപ്പോലൊരാളെ വായിക്കാൻ അതിൻ്റെ പകുതി പോലും ആവശ്യമില്ല. ചിയറപ്പ്. പോയി ഫ്രെഷായി ഉറങ്ങാൻ നോക്ക് ”

അവർ വണ്ടിയിൽ കയറി. വണ്ടി മുന്നോട്ട് പോയപ്പോൾ ശ്യാമ എൻ്റെ മുഖത്ത് നോക്കി ചിരിച്ചു. കൂടെയുണ്ടായിരുന്ന കോൺസ്റ്റബിൾ കൈവീശിക്കാണിച്ചു. ഞാൻ തിരിച്ചും കൈ വീശി.

മുറിയുടെ മുന്നിലെത്തി വാതിൽ തുറക്കാൻ നോക്കിയപ്പോൾ ആണ് പൂട്ടിയിട്ടില്ലെന്ന് മനസ്സിലായത്. പോയപ്പോളത്തെ തിരക്കിൽ വാതിലടയ്ക്കാൻ
മറന്നുപോയിരുന്നോ ! അകത്ത് കയറ ലൈറ്റിട്ടപ്പോൾ ഞാൻ ഞെട്ടിത്തരിച്ചു പോയി. വാണി കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. അവളെ അവിടെ തീരെ പ്രതീക്ഷിച്ചിരുന്നില്ല.

“ഓഹ്, ഇങ്ങോട്ട് തന്നെ വന്നോ! ഞാൻ കരുതി നീയിനി എൻ്റെ മുന്നിൽ വരില്ലെന്ന്”

“വാണീ ! എന്താ നീ..”

“ഇനിയും അഭിനയം നിർത്താനായില്ലേ?”

“ഞാൻ എന്ത് ചെയ്തെന്നാ..”

“നീയല്ലേ കിഷോറിനെ അപ്പ്രോച്ച് ചെയ്തത്, അവൻ എൻ്റെയടുത്തേക്ക് വരാൻ പോയപ്പോൾ നീ അവനെ തല്ലി!”

“വാണീ ! അവൻ ആണ് എൻ്റെ…”

“ഓ നിൻ്റെ.. നിൻ്റെ ഒരു.. എനിക്കറിയാം നിൻ്റെ ടൈപ്പിനെ. റിജക്ഷൻ ഹാൻഡിൽ ചെയ്യാൻ പഠിക്കണം. അവൻ എൻ്റെ ബോയ്ഫ്രണ്ടായത് കൊണ്ടല്ലേ നിന്നെ റിജക്ട് ചെയ്തത്. നിനക്ക് വേണ്ടത് കിട്ടിയില്ലെന്ന് പറഞ്ഞ് അവനെ തല്ലിയിട്ട് നുണയും പറയുന്നോ..”, അവൾ ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. “നിന്നെ വിശ്വസിക്കാവുന്ന ഒരു സുഹൃത്തായിട്ടാണ് ഞാൻ കണ്ടത്”

എൻ്റെ കാലുകൾ തളർന്നുപോകുന്നത് പോലെ തോന്നി. ബോധം പോയിരുന്നെങ്കിൽ എന്ന് ആശിച്ചു. “യൂ ഹാവ് നോ ഐഡിയ..” ഞാൻ മുറിയിൽ നിന്ന് ഇറങ്ങി കോമൺ റൂമിലേയ്ക്ക് പോയി. അവിടത്തെ സോഫയിൽ കിടന്നപ്പോൾ ഇനി കരയാൻ ഉള്ള ഊർജ്ജം എനിക്കില്ലെന്ന് തോന്നി. ഭാഗ്യമെന്നേ പറയാൻ പറ്റൂ, ഞാൻ വേഗം തന്നെ ഉറങ്ങിപ്പോയി.

പിറ്റേന്ന് രാവിലെ വാർഡൻ വന്ന് തട്ടിവിളിച്ചപ്പോൽ ആണ് ഞാൻ എണീറ്റത്. “ഹലോ, മുറിയിൽ ബെഡ്ഡ് തന്നിരിക്കുന്നത് അവിടെ കിടക്കാനാണ്”

“ഓ, മേഡം, ഉം.. ഗുഡ് മോർണിങ്ങ്..”

“ങാ, അതൊക്കെ തന്നെ. എണീറ്റ് പോ..”

മുറിയിൽ ചെന്നപ്പോൾ വാണിയെ കണ്ടില്ല. ഏതായാലും അവളുടെ സാധനങ്ങൾ ഒക്കെ അവിടെത്തന്നെ ഉണ്ട്. ഞാൻ എൻ്റെ ബാഗ് എടുത്ത് വച്ച് സാധനങ്ങൾ പാക്ക് ചെയ്യാൻ തുടങ്ങി. മറ്റൊന്നിനെപ്പറ്റിയും അപ്പോൾ ചിന്തിക്കാൻ തോന്നിയില്ല. സാധനങ്ങൾ ഒക്കെ പാക്ക് ചെയ്ത് കഴിഞ്ഞപ്പോൾ ഒരു ട്രോളീ ബാഗും പിന്നെ ബാക്ക് പാക്കും മാത്രമേ ഉണ്ടായിരുന്നുള്ളു. പാക്ക് ചെയ്ത് വാർഡൻ്റെ അടുത്ത് ചെന്ന് വെക്കേറ്റ് ചെയ്യുന്ന കാര്യം പറഞ്ഞു. ഒന്നാം തീയതി ആയിരുന്നതിനാൽ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഡിപ്പോസിറ്റ് മുഴുവൻ തിരിച്ചു കിട്ടി. ഹോസ്റ്റലിൽ നിന്നിറങ്ങി തിരിഞ്ഞ് നോക്കാതെ നടന്നു.

ഇറങ്ങി നടന്ന് കഴിഞ്ഞപ്പോളാണ് ചെയ്തതിലെ മണ്ടത്തരം മനസ്സിലായത്. എവിടെ പോകുമെന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു. ഇവിടെ ഒരു ഹോസ്റ്റൽ കണ്ടുപിടിക്കാനാണോ വിഷമം, ബോർഡുകളും പോസ്റ്റുകളിലെ പരസ്യ നോട്ടീസുകളും ഒക്കെ നോക്കി കുത്തനെ നടന്നു.
നാല് ഹോസ്റ്റലുകളിൽ കയറി നോക്കി. മൂന്നിൽ ഒഴിവില്ല. നാലാമത്തേത് കണ്ടതേ ഇറങ്ങി നടന്നു. എല്ലായിടവും ന്യൂഇയർ മൂഡിൽ ആയിരുന്നതിനാൽ പൊതുവേ സ്ലോ ആയിരുന്നു. അവസാനം സമയം നോക്കിയപ്പോൾ 7 മണി. ഇനിയിപ്പോ വല്ല ഹോട്ടലിലും റൂമെടുക്കാം. നാളെ ഓഫീസിലും പോകാനുള്ളതാണ്. അടുത്തുണ്ടായിരുന്ന ഹോട്ടലിൽ റൂം ബുക്ക് ചെയ്ത് അങ്ങോട്ട് ചെന്നു.

ചെക്കിൻ ചെയ്യാൻ ഫ്രണ്ട് ഡെസ്കിൽ എത്തിയപ്പോൾ മുതൽ ഒരു വശപ്പിശക് തോന്നി. ടേബിളിനു പിന്നിൽ ഉണ്ടായിരുന്ന ആളും സൈഡിൽ നിന്നിരുന്ന ആളും വല്ലാത്ത നോട്ടവും ചോദ്യം ചെയ്യലും ഒക്കെ ആയിരുന്നു. അവസാനം ഒറ്റയ്ക്കാണേൽ എൻ്റെ വീട്ടിലേയ്ക്ക് പോരൂ എന്ന അയാളുടെ ക്ഷണം കൂടി ആയപ്പോൾ ബാഗുമായി അവിടന്ന് ഇറങ്ങിയോടി. റോഡിലേയ്ക്ക് ഇറങ്ങിയപ്പോൾ ഡെസ്കിനു സൈഡിൽ നിന്ന ആൾ പിന്നാലെ വരുന്നുണ്ടായിരുന്നു. ഓട്ടം വേഗത്തിലാക്കി. മുന്നിൽ നിന്ന് ഒരു വണ്ടി വരുന്നത് കണ്ട് അതിൻ്റെ നേരെ ഓടിയപ്പോൾ ഫുട്പാത്തിലെ ഉയർന്ന് നിന്ന ഒരു സ്ലാബിൽ കാലുടക്കി വീഴുകയും ചെയ്തു. വന്നുകൊണ്ടിരുന്ന വണ്ടി പെട്ടന്ന് നിർത്തി. ഹെഡ്ലൈറ്റ് ഓഫായപ്പോൾ ആണ് പോലീസ് കാർ ആണെന്ന് മനസ്സിലായത്. കാറിൽ നിന്നും ഇറങ്ങി വന്ന ആളെ കണ്ടപ്പോൾ ആണ് ശ്വാസം നേരെ വീണത്.. സിന്ധു മേഡം.

Leave a Reply

Your email address will not be published. Required fields are marked *