തിരിഞ്ഞ് നോക്കിയ വാണി “കിഷോർ!” എന്ന് വിളിക്കുന്നത് ഞാൻ കേട്ടു. അപ്പോളേയ്ക്കും ബഹളമായിരുന്നു. അവൻ എന്നെ പിടിച്ച് പുറത്തേയ്ക്ക് തള്ളി. മറ്റ് പെണ്ണുങ്ങളും നെഞ്ചിൽ ചുറ്റി കൈ വച്ച് അവിടെനിന്ന് മാറാൻ ശ്രമിക്കുന്നുണ്ടായിരുന്നു. മുന്നോട്ടാഞ്ഞ് വീഴാൻ പോയ എന്നെ പോലീസ് യൂണിഫോമിൽ ഉണ്ടായിരുന്ന ഒരു സ്ത്രീ ചാടിപ്പിടിച്ചു. മറ്റ് പോലീസുകാർ തിരക്കിലേയ്ക്ക് ലാത്തിയുമായി കയറുന്നതും ഞാൻ കണ്ടു. ഇതിനിടയിൽ വാണി കിഷോറിനെ കെട്ടിപ്പിടിച്ച് നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞ് പോയി. ആരാണെന്നറീയാത്ത പോലീസുകാരിയെ ഞാൻ കെട്ടിപ്പിടിച്ച് അവരുടെ നെഞ്ചിൽ മുഖമമർത്തി കരയാൻ തുടങ്ങി. അവർ എന്നെ മാറ്റി നിർത്തി ബാക്കിയുള്ളവർക്കൊപ്പം പോകാൻ ശ്രമിച്ചു. പക്ഷേ എൻ്റെ കരച്ചിൽ കണ്ടിട്ടാവണം, അവർ എന്നെ കെട്ടിപ്പിടിച്ചു. അല്പം ഒന്ന് ആശ്വാസമായപ്പോൾ അവർ എന്നെ പോലീസ് കാറിൻ്റെ ഏറ്റവും പിന്നിലെ സീറ്റിൽ കയറ്റിയിരുത്തി.
വാതിലടച്ച് അവർ തിരക്കിലേയ്ക്ക് പോകുന്നത് കണ്ടപ്പോളാണ് അവർ എസ് ഐ ആണെന്ന് എനിക്ക് മനസ്സിലായത്. ഞാൻ കരഞ്ഞുകൊണ്ടിരുന്നു. സങ്കടം തീരുന്നത് വരെ. അരമണിക്കൂറെങ്കിലും എടുത്ത് കാണും. ഒരു വനിതാ പോലീസ് കോൺസ്റ്റബിൾ വന്ന് ഡോർ തുറന്നു. മറ്റൊരു വനിതാ കോൺസ്റ്റബിൾ മറ്റേ വശത്തേ ഡോറും. ആദ്യം കയറി ഇരുന്ന കോൺസ്റ്റബിൾ കയ്യിലെ ലാത്തി പിൻ സീറ്റിലേയ്ക്ക് ഇടാൻ തിരിഞ്ഞപ്പോൾ എന്നെ കണ്ടു. അവർ അലറിക്കൊണ്ട് പുറത്തേയ്ക്ക് ചാടി. ബഹളം കേട്ട് എസ് ഐ യും ഡ്രൈവറും ഓടി വന്നു.
“മേഡം, കാറിലൊരു ആൾ..”, പേടിയോടെ അവർ അത് പറഞ്ഞ് തീർന്നതും എസ് ഐ ക്ക് കാര്യം മനസ്സിലായി. അവർ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ചിരിയടങ്ങിയപ്പോൾ അവർ വണ്ടിയിൽ കയറി. പിന്നാലെ ഡ്രൈവറും രണ്ട് കോൺസ്റ്റബിൾമാരും. എസ് ഐ കാര്യം പറഞ്ഞപ്പോ കാറിൽ കൂട്ടച്ചിരിയായി. എനിക്കും ചിരിവന്നു.
“എന്താ മേഡം, എന്നെ കണ്ടാൽ പേടിയാകുമോ?”, ഞാൻ അല്പം പരിഭവം ഭാവിച്ച് ചോദിച്ചപ്പോൾ അവർ “പോടീ, പോടീ..” എന്ന് പറഞ്ഞു.
“നിന്നെപ്പോലെ ഓരോന്ന് കുറ്റീം പറിച്ച് ഇറങ്ങുന്നതിൻ്റെ ബാക്കിയാ ഇതൊക്കെ..”
“ശ്യാമാ, മതി”, എസ് ഐ യുടെ ശബ്ദം അല്പം രൂക്ഷമായിരുന്നു. ഞാൻ
സീറ്റിലേയ്ക്ക് ചുരുങ്ങിയിരുന്നു.
“നിൻ്റെ താമസം എവിടെയാ?”, എസ് ഐ ചോദിച്ചു.
ഞാൻ ഹോസ്റ്റലിൻ്റെ അഡ്രസ്സ് പറഞ്ഞു. “പോകുന്ന വഴിയാണ്. അവിടെ തന്നെ ഇറക്കാം. ഇനി രാത്രി വിഷമിക്കണ്ട”, അവർ പറഞ്ഞു.
ഹോസ്റ്റലിൻ്റെ മുന്നിൽ വണ്ടി നിർത്തിയപ്പോൾ ശ്യാമ പുറത്തിറങ്ങി നടുവിലെ സീറ്റ് മടക്കി എന്നെ പുറത്തിറക്കി. എന്നെ അടിമുടി ഒന്ന് നോക്കിയിട്ട് അവൾ മൂളി. സ്ട്രീറ്റ് ലൈറ്റിൻ്റെ വെളിച്ചത്തിൽ ഞാൻ അപ്പോളാണ് അവളെ ശരിക്ക് കണ്ടത്. ചെറുപ്പക്കാരി ആണ്. അവളുടെ പിന്നാലെ എസ് ഐ യും പുറത്തിറങ്ങി.
“എന്താ പേര്?”
“പല്ലവി”
“എൻ്റെ പേര് സിന്ധു. ഞാൻ ഈ ഏരിയയിലെ സ്റ്റേഷനിൽ തന്നെ ആണ്. സംഭവിച്ചത് ഏതായാലും സംഭവിച്ചു. പരിക്കൊന്നും പറ്റിയില്ലല്ലോന്ന് സമാധാനിക്കൂ. ഇതുകൊണ്ട് വിഷമിച്ചിരിക്കുകയൊന്നും വേണ്ട, ചിലർ അങ്ങനെയാണ്”
“ഇല്ല മേഡം”
“പല്ലവി വല്ലാതെ ഷേക്കൺ ആണെന്ന് തോന്നുന്നു. വിളിച്ച് സംസാരിക്കാൻ ആരെങ്കിലും ഉണ്ടോ?”
“ഞാൻ തലയാട്ടി”
ഒരു നിമിഷം സംശയിച്ചെന്നപോലെ നിന്നിട്ട് അവർ പറഞ്ഞു, “പല്ലവി, സംഭവിച്ചത് എന്താണെന്ന് ഞാൻ കണ്ടിരുന്നു..”
ഞാൻ അവരുടെ മുഖത്തേയ്ക്ക് നോക്കി.
“ഞാൻ എല്ലാം കണ്ടു. എനിക്ക് മനസ്സിലാകും.. ഇറ്റ് ഈസ് ഗോയിങ്ങ് ടു ബി ഓകെ..”
ഞാൻ തലകുനിച്ചു. അവർ കൈ നീട്ടി എൻ്റെ കവിളിൽ കൈപ്പത്തി വച്ചു. “കുട്ടീ, സാരമില്ല. ചില ഇഷ്ടങ്ങൾ ഒക്കെ അങ്ങനെയാണ്. സമയം പോകെ ശരിയായിക്കൊള്ളും ഈ വിഷമമൊക്കെ”
“എങ്ങനെ മനസ്സിലായി?”
“ഞാൻ ഒരു ട്രെയിൻഡ് പോലീസ് ഓഫീസർ ആണ്.. നിന്നെപ്പോലൊരാളെ വായിക്കാൻ അതിൻ്റെ പകുതി പോലും ആവശ്യമില്ല. ചിയറപ്പ്. പോയി ഫ്രെഷായി ഉറങ്ങാൻ നോക്ക് ”
