ശ്യാമമോഹനം – 1

ശ്യാമ എന്തോ പറയാൻ വന്നു. പിന്നെ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി ഇരുന്നു.

“എത്രയൊക്കെ ശ്രമിച്ചാലും ഒരു ചെറിയ കാര്യം മതി ശ്യാമാ മനസ്സിലുള്ള ധൈര്യമൊക്കെ പോകാൻ. എനിക്ക് പറ്റിയ ആ തെറ്റാണ് വാണി”

ശ്യാമ എൻ്റെ മുഖത്തേയ്ക്ക് നോക്കി. വാണിയെ ആദ്യം കണ്ടതു മുതൽ ഹോസ്റ്റലിൽ നിന്ന് ഇറങ്ങി വന്നതുവരെയുള്ള കാര്യങ്ങൾ പറഞ്ഞുതീർന്നപ്പോളേയ്ക്കും ഞാൻ കരഞ്ഞുപോയി. രണ്ട് കൈകൊണ്ടും മുഖം പൊത്തി കരഞ്ഞുകൊണ്ടിരുന്ന എൻ്റെ അരികിൽ ശ്യാമ വന്നിരുന്നു. അവൾ എൻ്റെ തോളിലൂടെ എന്നെ കെട്ടിപ്പിടിച്ചു. ഞാൻ അവളുടെ നെഞ്ചിൽ മുഖമമർത്തി കരഞ്ഞു. ഇത്തവണ അവൾ എന്നെ വഴക്ക് പറഞ്ഞില്ല. മിണ്ടിയതും ഇല്ല. എൻ്റെ തോളിൽ തട്ടിക്കൊണ്ടിരിക്കുകമാത്രം ചെയ്തു.

ഞാൻ അവളുടെ മുഖത്തേയ്ക്ക് നോക്കി. “എനിക്ക് വാണിയോട് പ്രേമമായിരുന്നു. എന്നെ എല്ലാവരും കളിയാക്കി വിളിച്ചുകൊണ്ടിരുന്നത് തന്നെ ആണ് ഞാനെന്ന് എനിക്ക് തോന്നുന്നു. അതും ശ്യാമയുടെ കാഴ്ചപ്പാടിൽ തെറ്റാണെങ്കിൽ ഞാൻ
വേറെ ഹോസ്റ്റൽ നോക്കിക്കോളാം”

അവൾ ഒന്നും പറഞ്ഞില്ല. വീണ്ടും എന്നെ ചേർത്ത് പിടിക്കുക മാത്രം ചെയ്തു. അല്പസമയം കഴിഞ്ഞ് അവൾ സംസാരിക്കാൻ തുടങ്ങി..

“പല്ലവീ, സോറി. നിന്നെ ഒന്നുമറിയാതെയാണ് ഞാൻ വിഷമിപ്പിച്ചുകൊണ്ടിരുന്നത്.. നീ മോശമല്ല, ചെലപ്പോ ആരും മോശമല്ലായിരിക്കും. ഞാനെന്തറിഞ്ഞു”, അവൾ മുഖം കുനിച്ചിരുന്നു. പിന്നെ തുടർന്നു.

“എന്നെ വീട്ടിൽ നിന്ന് ഇറക്കിവിട്ടതാണ്. പല്ലവിയുടെ വാണിയെപ്പോലെ എനിക്കും ഉണ്ടായിരുന്നു ഒരു ക്രഷ്. അവളോട് പക്ഷേ ഞാൻ അത് പറഞ്ഞു. അവൾ അത് എല്ലാവരോടും പറഞ്ഞു. ഒരു ദിവസം കൊണ്ട് ഞാൻ വീട്ടിലും ഗ്രാമത്തിലും കൊള്ളരുതാത്തവൾ ആയി. ശരിക്കും എന്നെ എന്ത് വിളിക്കണമെന്നോ പറയണമെന്നോ ഒന്നും അവർക്ക് അറിയില്ലായിരുന്നു. അവർ ആദ്യമായി ആണത്രേ ഇങ്ങനെയൊന്ന് കേൾക്കുന്നത്. അന്ന് രാത്രി തന്നെ എൻ്റെ മുറച്ചെറുക്കനെക്കൊണ്ട് എന്നെ കല്യാണം കഴിപ്പിക്കാൻ അവർ തീരുമാനിച്ചു. ചത്ത് കളയുമെന്ന് ഞാൻ ഭീഷണിപ്പെടുത്തിയപ്പോൾ അവരെന്നെ അവിടെനിന്ന് തല്ലിയോടിച്ചു. സിന്ധുമേഡം ആണ് എന്നെ കൂടെക്കൂട്ടിയതും രക്ഷിച്ചതും. ഞാൻ പോലീസിൽ ചേർന്നതും ഒക്കെ മേഡത്തിൻ്റെ മാത്രം സഹായം കൊണ്ടാണ്. അവർ മാത്രമാണ് എനിക്ക് ഇപ്പോ കുടുംബം.. എന്നെപ്പോലെ തന്നെയായിട്ടും ഇവിടെ ഒരു കുഴപ്പവും ഇല്ലാതെ സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്നവരെ കാണുമ്പോൾ എനിക്ക് ദേഷ്യമാണ് വന്നത്. എല്ലാവരോടും. അവർ ചെയ്യാത്ത എന്താണ് ഞാൻ ചെയ്തത്.. എന്നിട്ടും എനിക്ക് മാത്രം..”

ഞാൻ ശ്യാമയെ കെട്ടിപ്പിടിച്ചു. അവൾ എതിർത്തില്ല. എന്നെ തള്ളിമാറ്റിയും ഇല്ല. അങ്ങനെ ഇരിക്കുമ്പോളാണ് സുകന്യ മുറിയിലേയ്ക്ക് കയറി വന്നത്. ഞങ്ങളെ കണ്ട് അവൾ അദ്ഭുതത്തോടെ നോക്കി.

“നിങ്ങൾ ഫ്രണ്ട്സായോ അതിനിടയിൽ !”

“എന്താ സുകന്യമേഡം, വിശ്വാസം വരുന്നില്ലേ?”, എൻ്റെ ശബ്ദത്തിലെ സന്തോഷം എന്നെത്തന്നെ അമ്പരപ്പിച്ചുകളഞ്ഞു.

“ഫ്രണ്ട്സോ ! നിന്നെ മുറിയിൽ നിന്ന് ഇടക്കി വിടുന്നില്ലെന്ന് തീരുമാനിച്ചെന്ന് കരുതി അങ്ങനെയുള്ള സ്വാതന്ത്ര്യം ഒന്നും എടുക്കണ്ട. ങാ”, ശ്യാമ മുഖം വീർപ്പിച്ചു.

“അതൊക്കെ അവിടെ നിക്കട്ടേ, വാ ലഞ്ച് കഴിക്കാൻ പോകാം. ഇന്ന് സ്പെഷ്യൽ ഉള്ളതാ”, സുകന്യ ഓർമ്മിപ്പിച്ചു.

ഞങ്ങൾ ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്. സുകന്യയും ശ്യാമയും അവരുടെ ഡ്യൂട്ടി കഥകൾ ഒക്കെ പറഞ്ഞ് ഒരുപാട് ചിരിച്ചു. ഞാനും അതിൽ ചേർന്നു. എനിക്ക് പറഞ്ഞ് ചിരിക്കാൻ കഥകളൊന്നും ഇല്ലായിരുന്നെങ്കിലും.

ഭക്ഷണം കഴിഞ്ഞ് വന്നപ്പോൾ സുകന്യ അവളുടെ മുറിയിലേയ്ക്ക് പോയി. ശ്യാമ നേരെ കട്ടിലിൽ കയറി കിടന്നു. “ഞാൻ ഉറങ്ങാൻ പോകുന്നു. എന്നെ
ശല്യപ്പെടുത്തിയാൽ നിന്നെ ഞാൻ ലോക്കപ്പിൽ ഇട്ട് ഇടിക്കും. കേട്ടല്ലോ” എന്ന് പറഞ്ഞു.

“ശ്യാമസാറേ, എനിക്കും ഉറക്കം വരുന്നുണ്ട്”

“കിടന്നുറങ്ങ്”

“എനിക്ക് ബെഡ്ഡില്ല”

“പോയി വാങ്ങ്”

“ഇപ്പോളോ!”

“പിന്നെപ്പോ?”

“ഞാൻ വഴിയിൽ ഉറങ്ങി വീഴും”

“അതിന് ഞാനെന്ത് വേണം?”

“ഞാനും കൂടെ ഈ ബെഡ്ഡിൽ..”

“പൊയ്ക്കോണം”

“പ്ലീസ്”

“നോ”

ഞാൻ തിരിഞ്ഞ് എൻ്റെ കട്ടിലിൽ കിടക്കാൻ പോയി. അവിടെ കിടന്ന് ശ്യാമയെ നോക്കി.

“മേത്ത് മുട്ടാതെ കിടക്കുമോ?”

“ഉം”

“എന്നാ വന്ന് കിടന്നോ”

ഞാൻ ഒറ്റച്ചാട്ടത്തിന് ശ്യാമയുടെ കട്ടിലിൽ ചെന്ന് കിടന്നു. അവളുടെ മുഖത്ത് നോക്കിക്കൊണ്ട് കിടന്നപ്പോൾ ശ്യാമ തിരിഞ്ഞ് കിടന്നു. ഞാനും. അധികസമയം കഴിയുന്നതിനു മുന്നേ ഞാൻ ഉറങ്ങിപ്പോയി. പിന്നെ ഉണർന്നപ്പോൽ ശ്യാമ എന്നെ കെട്ടിപ്പിടിച്ചിരുന്നു. ഞാൻ അല്പം കൂടി ഒട്ടിക്കിടന്ന് ഉറങ്ങി.

പിന്നെ ഉണർന്നപ്പോൾ ശ്യാമ എന്നെ നോക്കിക്കൊണ്ട് കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. കണ്ണുതുറന്നപ്പോൽ അവൾ എന്നെ നോക്കി ചിരിച്ചു. പിന്നെ ചോദിച്ചു,

“അപ്പോ ഹോസ്റ്റൽ നോക്കാൻ പോകുന്നില്ലേ?”

“ശ്യാമയെന്നെ തല്ലിയിറക്കുമ്പോൾ”

“അത് വേണമെങ്കിൽ ഞാൻ ചെയ്യാം”

ഞാൻ മുഖം കുനിച്ചു. “എനിക്ക് എവിടെയും പോകണ്ട..”

“നീ ഒരുപാട് ദൂരം വന്നവളാണ്. ഈ ജീവിതത്തിലേയ്ക്ക് നിന്നെ വലിച്ച് താഴ്ത്താൻ പറ്റില്ല”
“ഞാൻ ശ്യാമയെക്കൂടി കൈപിടിച്ച് ഉയർത്തിയാലോ?”

“എനിക്കിവിടെ ഒരു കുറവുമില്ല”

“എനിക്കും”

“വേണ്ട”

“ഞാൻ പോവില്ല”

“നീ പോണം..”

ഞാൻ എണീറ്റ് എൻ്റെ ബാഗിൽ നിന്ന് ശ്യാമയ്ക്കായി വാങ്ങിയ ഡ്രെസ്സ് എടുത്തു. ശ്യാമയുടെ നേരെ നീട്ടി.

“ഇതെന്താ?”

“ഞാൻ ശ്യാമയ്ക്ക് വാങ്ങിയതാ”

“എപ്പോ?”

“രണ്ട് ദിവസമായി”

“എനിക്ക് വേണ്ട”

“അങ്ങനെ പറയരുത്”

“നീയാരാ എനിക്ക് ഡ്രെസ്സ് വാങ്ങിത്തരാൻ?”

“ആരുമല്ല”

“പിന്നെ?”

“എനിക്ക് വേറെ ആരും ഇല്ല ഒരു ഡ്രെസ്സ് വാങ്ങിക്കൊടുക്കാൻ..”

“പോയി കണ്ടുപിടിക്കണം”

“ഞാൻ ശ്യാമയെ കണ്ടുപിടിച്ചു”

“ഞാൻ നിൻ്റെ പുതിയ വാണി ആയോ ഓൾറെഡി?”

“എൻ്റെ ജീവിതത്തിൽ ഇനി വാണി ഇല്ല”

“നിനക്ക് കൊള്ളാം”. ശ്യാമ എൻ്റെ കയ്യിൽ നിന്ന് ഡ്രെസ്സ് വാങ്ങാതെ പുറത്തേയ്ക്ക് ഇറങ്ങിപ്പോയി. ഞാൻ ഡ്രെസ്സ് അവളുടെ കട്ടിലിൽ വച്ചിട്ട് പുറത്തിറങ്ങി വഴിയരികിലൂടെ നടന്നു. നെഞ്ചിലാകെ ഒരു വിങ്ങൽ ആയിരുന്നു. ഒരു നിമിഷം അവൾ എൻ്റെ സുഹൃത്താണെന്ന് തോന്നും. അടുത്ത നിമിഷം അവൾ മറ്റാരോ ആകുന്നു. ഞാൻ ആരെ കണ്ടുമുട്ടിയാലും ഇതുതന്നെ ആണല്ലോ അവസ്ഥ !

മുറിയിൽ തിരിച്ചെത്തിയപ്പോൾ ശ്യാമ അവിടെയുണ്ടായിരുന്നു. അവൾ എന്നെ നോക്കാതെ കട്ടിലിൽ ഇരുന്ന് ഒരു മാസിക വായിക്കുകയായിരുന്നു. ഞാൻ അവളുടെ അരികിൽ കട്ടിലിൽ ഇരുന്നു. അവൾ എന്നെ നോക്കി. ഞാൻ അവളുടെ രണ്ട് കവിളുകളിലും എൻ്റെ കൈകൾ വച്ചിട്ട് അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു. ഒരു നിമിഷം തരിച്ചിരുന്നുപോയ അവൾ എന്നെ തള്ളി മാറ്റാൻ
ശ്രമിച്ചു. ഞാൻ അവളുടെ അടുത്തേയ്ക്ക് അല്പം കൂടി ചേർന്നിരുന്നു. അവൾ എന്നെ സർവ്വ ശക്തിയുമെടുത്ത് തള്ളിമായിയിട്ട് എൻ്റെ കവിളിൽ ആഞ്ഞടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *