അവസാനം, എനിക്ക് വെറും മൂന്ന് വയസ്സുള്ളപ്പോഴാണ് അമ്മ പഴയ കാമുകനോടൊപ്പം ഒളിച്ചോടി പോയത്. അവർ ഇപ്പൊ അമേരിക്കയിൽ സന്തോഷത്തോടെ ജീവിക്കുന്നുവെന്ന് എല്ലാവർക്കും അറിയാം.
അമ്മ പോയ ശേഷവും അച്ഛൻ എന്നെ പൊന്നുപോലെ വളർത്തി. കൂടാതെ അമ്മയുടെ ജ്യേഷ്ഠന്‍, ഫ്രെഡി അങ്കിള്‍, എപ്പോഴും എന്നെ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് കൊണ്ടു പോകുമായിരുന്നു. ഫ്രെഡി അങ്കിളിന്റെ ഭാര്യ, സിസിലി ആന്‍റിക്കും എന്നെ വളരെ ഇഷ്ടമായിരുന്നു. എന്റെ അതേ പ്രായമുള്ള ഒരു മോളും അവര്‍ക്കുണ്ട്. വിനില എന്നാണ് പേര്. ഞങ്ങൾ നല്ല കൂട്ടുകെട്ടായിരുന്നു.
വിനിലയുടെ മോളാണ് അല്‍പ്പം മുമ്പ് എന്നെ നക്കീട്ട് ഓടിയത്. വിനിലയുടെ ഭർത്താവ് ഓസ്ട്രേലിയയിൽ എഞ്ചിനീയര്‍ ആയിട്ടാണ് ജോലി നോക്കുന്നത്. എട്ടു മാസത്തിനൊരിക്കൽ നാട്ടിലേക്ക് വന്നിട്ട് ഒന്നര മാസം കഴിഞ്ഞ് തിരികെ പോകും. ഫാമിലിയെ അങ്ങോട്ടേക്ക് എടുക്കാൻ അയാള്‍ക്ക് താല്പര്യമില്ല. അതുപോലെ വിനിലക്കും നാടുവിട്ട് പോകുന്നത് ഇഷ്ട്ടമല്ല.
പിന്നേ എനിക്ക് പത്തു വയസ്സുള്ളപ്പോളാണ് അച്ഛൻ ഒരു വിധവയെ രണ്ടാമതായി വിവാഹം കഴിച്ചത്. അതിൽ എനിക്ക് സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളു. എന്റെ പപ്പയും സന്തോഷത്തോടെ ജീവിക്കുന്നത് തന്നെയായിരുന്നു ഇഷ്ട്ടം.
അവരെ ഞാൻ ഇളയമ്മ എന്നാണ് വിളിക്കുന്നത്. എന്റെ അച്ഛനെ വിവാഹം കഴിക്കുന്ന സമയത്ത്, ഇളയമ്മക്ക് ആദ്യത്തെ വിവാഹത്തില്‍ നിന്നും ജനിച്ച നാലു വയസ്സുള്ള ഒരു മോളുണ്ടായിരുന്നു.
എന്റെ കാര്യങ്ങളെ ഒക്കെ ഇളയമ്മ നന്നായി തന്നെയാ നോക്കി നടത്തിയത്. പക്ഷേ അവര്‍ക്ക് എന്നോട് സ്നേഹമൊന്നും ഇല്ലായിരുന്നു. അതുകൂടാതെ അവരുടെ മോളെ ഞാൻ തൊടുന്നത് പോലും അവര്‍ക്ക് ഇഷ്ട്ടമല്ലായിരുന്നു, അവളെ ഞാൻ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കുമെന്ന പേടി ആയിരിക്കാം കാരണം. ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിൽ മാത്രമേ ഇളയമ്മ എന്നോട് സംസാരിച്ചിരുന്നുള്ളു.
എന്നോടുള്ള ഇളയമ്മയുടെ പെരുമറ്റം കാരണം, എന്നോട് വലിയ തെറ്റ് ചെയ്തത് പോലെ എന്റെ പപ്പ വിഷമിക്കുന്നത് ഞാൻ കണ്ടു. ഒരു കാര്യവുമില്ലാതെ പപ്പ എപ്പോഴും എന്നോട് ക്ഷമയും ചോദിക്കുമായിരുന്നു… പോരാത്തതിന് കുറ്റബോധം നിറഞ്ഞ മുഖത്തോടെ മാത്രമാണ് പപ്പയ്ക്ക് എന്റെ മുഖത്തേക്ക് നോക്കാൻ പോലും കഴിഞ്ഞിരുന്നത്.
പപ്പയും ഇളയമ്മയും തമ്മിലുള്ള ബന്ധത്തില്‍ നിന്നും രണ്ട് കുഞ്ഞുങ്ങള്‍ അവര്‍ക്ക് ഉണ്ടായി. പക്ഷേ ആ കുഞ്ഞുങ്ങളെയും എന്നില്‍ നിന്നും അകറ്റിയാണ് അവർ വളര്‍ത്തിയത്.
അങ്ങനെ എല്ലാം കൊണ്ടും വെറുത്തു പോയ ജീവിതമായിരുന്നു എന്റെ കുട്ടിക്കാലം.
പപ്പയുടെ രണ്ടാമത്തെ വിവാഹ ശേഷം മുത്തശ്ശി അസുഖം പിടിപെട്ട് മരിച്ചു. അതോടെ മുത്തശ്ശനും തീരെ സുഖമില്ലാതായി. അതുകൊണ്ട് സ്വത്തെല്ലാം മുത്തശ്ശന്‍റെ മൂന്ന് മക്കള്‍ക്കും തുല്യമായി വീതിച്ചു കൊടുത്തിരുന്നു. വര്‍ഷങ്ങളായി സ്വയം നോക്കി നടത്തി കൊണ്ടിരുന്ന വലിയ ജ്വല്ലറി ഷോപ്പും, ഒന്നര ഏക്കർ സ്ഥലവും എന്റെ അച്ചന് കിട്ടി.
ഞാൻ പ്ലസ് ടു വരെ വാശിയോടെ പഠിച്ചു. അതുകഴിഞ്ഞ് സേഫ്റ്റി കോഴ്സ് പഠിച്ചിട്ട് ഞാൻ കൊച്ചി റിഫൈനറിയിൽ ജോലിക്കും കേറി. അതിനിടയില്‍ വിദേശത്ത് പോകാനുള്ള ശ്രമവും ഞാൻ തുടങ്ങിയിരുന്നു.
അങ്ങനെ രണ്ടര വര്‍ഷം കഴിഞ്ഞ് കുവൈറ്റിൽ വലിയൊരു കമ്പനിയില്‍ കെമിക്കല്‍ സേഫ്റ്റി ഓഫീസറായി നല്ല ശമ്പളത്തിന് (അറുനൂറു കുവൈറ്റ് ദിനാർ) ജോലിയും ലഭിച്ചു.
പപ്പ ഉള്‍പ്പടെയുള്ള സകലരുടെ എതിര്‍പ്പിനെയും വകവെക്കാതെയാണ് എന്റെ ഇരുപത്തിയൊന്നാമത്തെ വയസില്‍ കുവൈറ്റിലേക്ക് വിട്ടത്.
പ്രതിമാസം ഒന്നര ലക്ഷത്തിലധികം ശമ്പളം.. പിന്നെ സ്വന്തമായി അദ്ധ്വാനിച്ചു മുന്നോട്ട് വരണമെന്ന ചിന്തയും ആയിരുന്നു കുവൈറ്റിൽ കിട്ടിയ ജോലിക്ക് പോകാനുള്ള ഒരു കാരണം. പിന്നെ എന്നോട് കുറ്റബോധം മാത്രം കാണിക്കുന്ന പപ്പയിൽ നിന്നും.., പിന്നെ എന്നോട് ഭയം മാത്രം തോന്നുന്നു എന്റെ ഇളയമ്മയിൽ നിന്നും രക്ഷപ്പെടാനും ഞാൻ ആഗ്രഹിച്ചിരുന്നു.
