സുറുമ എഴുതിയ കണ്ണുകളിൽ- 5 Like

ഞാൻ ഇത്താനെ നോക്കിയപ്പോൾ അഭിമാനവും അതോടൊപ്പം തെല്ലൊരു ജാള്യതയുമുണ്ട് ഓളെ മുഖത്ത്.

” അള്ളോ… ഞാൻ ഒരു ഷെയ്ക്കേ വാങ്ങിപ്പിച്ചിട്ടുള്ളേ…”

ഇത്താന്റെ നിഷ്കളങ്കമായി മറുപടി കേട്ട് അവിടെയാകെ ചിരി പടർന്നു.

എല്ലാവരും പള്ളിയിലേക്ക് ഇറങ്ങാൻ റെഡിയായി ഇരിക്കാണ്. എല്ലാവരും ഓരോരോ വഴികളിലേക്ക് തിരിഞ്ഞപ്പോൾ തക്കം നോക്കി പെണ്ണ് എന്റെ അടുക്കൽ വന്നിട്ട്

” ഇത്താടെ മുത്തേ….”

“എന്താടീ കുറുമ്പീ..”

“നിനക്ക് ഇന്ന് ഒരു സർപ്രൈസ് ഉണ്ട് മോനേ..”

“സർപ്രൈസോ??? സർപ്രൈസൊക്കെ ഇന്നലെ തന്നില്ലേ? ഇനി എന്ത് സർപ്രൈസ്?? സമ്മാനം വല്ലതുമാണോ???”

” സമ്മാനവും കുമ്മാനവും ഒന്നുമല്ല… വേണമെങ്കിൽ സമ്മാനമായി ഒക്കെ
കണക്കാക്കാം.. ഒരു പൊട്ടന് വീണ് കിട്ടിയ സമ്മാനം.. പക്ഷേ ഒരു കാര്യവുമില്ല എന്ന് എനിക്കല്ലേ അറിയൂ.. ഹി ഹി”

” ആളെ ടെൻഷനിപ്പിക്കാതെ കാര്യം പറയെടീ..”

“ഇല്ല മോനേ… നീ പയ്യെ അറിഞ്ഞാൽ മതി.. ഹി ഹി ഹി”

കിണിച്ച് കൊണ്ട് ഓള് അടുക്കളേക്ക് വലിഞ്ഞു…

എന്ത് കുന്തമെങ്കിലും ആവട്ടെ എന്ന് കരുതി ഞാൻ ഉമ്മാരത്തേക്ക് പോയി ഇരുന്നു. ഗേറ്റ് കടന്ന് ഒരു ഇന്നോവ കാറ് വരുന്നുണ്ട്. ടാക്സി കാറാണ്.

ഇത് ആരാണപ്പാ…

ടാസ്കി ഒക്കെ വിളിച്ച് വരാൻ. വീടിന്റെ മുറ്റത്തായി കാറ് നിർത്തി. കാറിൽ നിന്ന് ഇറങ്ങുന്നവരെ കണ്ട് ഞാനടക്കം വീട്ടിലെ എല്ലാവരും അത്ഭുതപ്പെട്ടു. തുറക്കപ്പെട്ട ഡോറുകളിൽ നിന്നായി മുത്ത മാമാന്റെ മൂത്ത മകൻ സൗക്കത്തിക്ക, മരുമകൻ ഹനീഫാക്ക കോയ മാമാന്റെ മോൻ ജാസിർക്ക, മരുമോൻ മൻസൂറിക്ക എന്നീ പടകൾ കാറിൽ നിന്നും ഇറങ്ങി. ഞാനടക്കമുള്ള എല്ലാവരുടെയും കിളികൾ ചാറ പറാ പോയിരുന്നു. എല്ലാവർക്കും വൻ സർപ്രൈസായിരുന്നു.

“മോനേ….”

“കുഞ്ഞളിയാ…..”

ഓരോരുത്തരും കെട്ടിപിടുത്തവും വിശേഷം തിരക്കലുമായി. ഓരോരുത്തരായി വീടിന്റെ ഉള്ളിലേക്ക് കയറി. വല്യുമ്മയും മാമൻമാരും ഉമ്മയും മാമിമാരും സ്നേഹ പ്രകടനങ്ങൾ കൊണ്ട് മൂടി അവരെ. ഇത്താത്തമാർക്ക് പോലും അറിവ് ഉണ്ടായിരുന്നില്ല ഈ വരവ്. നാലെണ്ണവും ഒത്ത് പ്ലാൻ ചെയ്തതാണ്.

സ്വന്തം ബിസിനസ് ആയത് കൊണ്ട് എന്തും ആവാലോ!!!

ഓരോരുത്തരും അവരവരുടെ മണവാട്ടിമാരുടെയും കുട്ടികളുടെയും അടുക്കലായി ചുരുണ്ട് കൂടിയിട്ടുണ്ട്. പരിഭവങ്ങളുടെയും പരാതികളുടെയും പായാരപ്പെട്ടി പെണ്ണുങ്ങൾ തുറന്നു കൊണ്ടിരുന്നു.

ജാസിർക്കാന്റെ ഭാര്യയാണ് സെബിതത്ത. എന്താ ഒരു കൊഞ്ചികുഴയൽ.. എന്റമ്മോ… വന്നപ്പോൾ മുതൽ തുടങ്ങിയ കൊഞ്ചി കുഴയലാ…

കാട്ടി കൂട്ടല് കണ്ടാൽ തോന്നും വർഷങ്ങളായി പോയിട്ട് ന്ന്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ എല്ലാരും വന്ന് പോയതാ.. 45 ദിവസം കൂടി പോയൽ 2 മാസം അതാ കണക്ക്…

ഇതെല്ലാം കണ്ട് കൊണ്ട് ഞാൻ…

“മാമാ.. നിക്കാഹിന് ബീമാനവും പിടിച്ച് വന്നവർ നിക്കാഹൊക്കെ കഴിഞ്ഞ് പന്തലഴിച്ചാലും വീടിന് പുറത്തേക്ക് എഴുന്നള്ളൂലാ ന്നാ തോന്നുന്നേ…”

ഞാൻ ഒന്നാക്കി പറഞ്ഞപ്പോൾ എല്ലാരും ചിരിക്കാൻ തുടങ്ങി.

പരിസരബോധം തിരിച്ച് വന്ന ഇക്കാക്കാരും അളിയന്മാരും ഇളിഞ്ഞിരിക്കുന്നുണ്ട്. ഇത്താത്തമാർ ജാള്യതയോടെ ഷർട്ടിനടിയിലും പുറത്തും മുഖമൊളിപ്പിച്ചിരിപ്പുണ്ട്. നമ്മളെ കുരുപ്പ്

‘ഇതൊക്കെ എന്ത്??’ എന്ന മൈൻഡിൽ

“പടച്ചോനേ… ഇവടെ ഒരു പൊട്ടന് ലോട്ടറി അടിചെന്നോണം ഒരു പെണ്ണിനെ കിട്ടിയിട്ടുണ്ട്.. അന്നേരം തുടങ്ങിയ തുള്ളലാ…. മറ്റുളേളാരും കൂടെ തുള്ളണം ന്ന് പറഞ്ഞാൽ എങ്ങനാ??”
അവൾ പുഛത്തോടെ പറഞ്ഞു. എല്ലാവരും മരണചിരി.. ഞാൻ നോക്കിയപ്പോൾ ഉമ്മയും വല്യുമ്മയും എല്ലാവരും ചിരിക്കാണ്…

“ഉമ്മാ….”

ഞാൻ ചിണുങ്ങി

“ഉമ്മാടെ കുട്ടി ചോദിച്ച് വാങ്ങിച്ചിട്ടല്ലേ?? കേട്ടോ.. ന്റെ റബ്ബേ… ചിലപ്പോ തേനും പാലും.. ചിലപ്പോ കീരിയും പാമ്പും.. കുട്ട്യോളേക്കാൾ കഷ്ടാ രണ്ടും..”

“രണ്ടിനേം കൊറച്ച് നേരം റൂമിൽ അടച്ചിട്ടാൽ മതി.. വീട്ടിൽ കുറച്ച് സമാധാനം ഉണ്ടാവും.. ഹ ഹ”

മാമാന്റെ വകയായിരുന്നു ആ കമന്റ്

” എന്നാൽ രണ്ടിൽ ഒരാളേ പുറത്ത് വരൂ.. ഹ ഹ ഹ”

ജാസിർക്ക അത് പറഞ്ഞപ്പോൾ കിട്ടി പള്ളക്കിട്ടൊന്ന് ഇത്താന്റെ കയ്യീന്ന്… ഇതെല്ലാം കൂടി ആയപ്പോൾ അവിടെ ചിരി കൊണ്ട് നിറഞ്ഞു.

‘കൂടുമ്പോൾ ഇമ്പമുള്ളതാകണം കുടുംബം… അക്കാര്യത്തിൽ ഞാൻ ഭാഗ്യവാനാണ്..’

എല്ലാവരും അങ്ങിങ്ങായി പിരിഞ്ഞപ്പോൾ

“ഡാ തല്ല് കൊള്ളി കുഞ്ഞളിയാ… അവിടെ നിക്കെടാ..”

അളിയന്മാരും ഇക്കാക്കാരും എന്റെ അടുക്കലേക്ക് വന്നു. കയ്യിൽ കരുതിയ ഓരോരോ സാധനങ്ങളായി എന്റെ കയ്യിലേക്ക് വെച്ച് തന്നു..

‘ പെർഫ്യൂമ്… ലകോസ്റ്റേ പിന്നെ സാവേജ്..”

എന്റെ ഇഷ്ട ബ്രാൻഡുകളായിരുന്നു രണ്ടും.

‘ഊദ്… അത്തറ്..”

” വെള്ളിയുടെ മോതിരം…”

എന്റെ ഇഷ്ടങ്ങൾ അറിഞ്ഞ് കൊണ്ടുള്ള സമ്മാനങ്ങൾ…

” നിന്റെ ഉപ്പ വാങ്ങി തന്ന പഴയ വാച്ചേ നീ ഇടൂ എന്നറിയാം.. ന്നാലും ഇത് അവിടെ നിന്നോട്ടേ.. എപ്പോഴെങ്കിലും ഇടാൻ തോന്നുമ്പോൾ ഇട്ടാൽ മതി…”

ജാസിർക്ക സ്നേഹത്തോടെ ഒരു ബോക്സ് എന്റെ കയ്യിൽ തന്നു. ടിസോട്ടിന്റെ സിൽവർ കോട്ടഡ് വാച്ച്… എല്ലാവരും ഓരോരോ വഴിക്കായി തിരിഞ്ഞു.

ഏതാനും സമയങ്ങൾക്കൊടുവിൽ എല്ലാവരും വീട്ടിൽ നിന്ന് പള്ളിയിലേക്ക് ഇറങ്ങി. ഇറങ്ങുന്നതിന് മുമ്പേ ഉമ്മ മഹറ് ഉപ്പാന്റെ ജേഷ്ടനെ (മൂത്താപ്പാനെ) ഏൽപിച്ചു. ഇറങ്ങുന്നതിന് മുമ്പ് ഉമ്മാനോടും വല്യുമ്മാനോടും മാമിമാരോടും ഇത്താത്തമാരോടും സമ്മതം വാങ്ങിയാണ് ഇറങ്ങിയത്. ഇറങ്ങാൻ നേരത്ത്

“ഉപ്പാനെ മനസ്സിൽ വിചാരിച്ച് ഇറങ്ങ്…”

ഉമ്മയുടെ വക ഉപദേശം

ഉപ്പാനെ മനസ്സിൽ വിചാരിച്ച് ഇറങ്ങി വണ്ടിയിൽ കയറി. ഒന്നിന് പുറകെ ഓരോന്നായി വണ്ടി പാഞ്ഞു… പള്ളി ലക്ഷ്യമാക്കി….

പള്ളിയോട് കുറച്ച് വിട്ട് മാറിയാണ് വണ്ടികളെല്ലാം നിർത്തിയത്. ഒരോരോ വണ്ടികളിൽ നിന്നായി മുപ്പതിന് മുകളിൽ ആളുകൾ ഇറങ്ങി. വെള്ളയും വെള്ളയും തന്നെ വേഷം.. മൊത്തത്തിൽ ഒരു വെള്ള മയം.. മുന്നിലായി ഞാൻ ഗമയോടെ നടന്നു.. ഇതെല്ലാം ക്യാമറാമാൻ അതിവിദഗ്ദമായി ഒപ്പി എടുക്കുന്നുണ്ടായിരുന്നു. കുറച്ചകലെ മരച്ചുവട്ടിലായി നിർത്തിയിട്ട ഒരു റെയ്ഞ്ച് റോവർ കാർ എന്റെ ശ്രദ്ധയിൽ പെട്ടു.

‘എന്താ ഒരു തലയെടുപ്പ്’

ഞാൻ മനസിൽ വിചാരിച്ചു.

ഇടക്കിടക്ക് ഞാൻ ആ കാറ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
‘പ്രിയപ്പെട്ടതെന്തോ ബലമായി പിടിച്ച് പറിച്ച് അതിനുള്ളിൽ അടച്ച് വെച്ച ഒരു ഫീല്..’

ഇടക്കിടക്ക് എന്റെ ശ്രദ്ധ ആ കാറിൽ പതിഞ്ഞ് കൊണ്ടേയിരുന്നു. കണ്ണ് മാറ്റാൻ ശ്രമിച്ചാലും മനസ്സ് സമ്മതിക്കുന്നില്ല. എന്തോ ഒന്ന് എന്നെ ആ കാറിലേക്ക് കൊത്തിവലിക്കുന്ന പോലെ…

അകത്ത് ആളുണ്ടെന്ന് തോന്നുന്നു. പക്ഷേ ഒന്നും വ്യക്തമല്ല.

¶¶¶¶¶¶¶¶¶¶¶¶¶¶¶

Leave a Reply

Your email address will not be published. Required fields are marked *