സൈബർ തെക്കിനിയിലെ നാഗവല്ലി – 2

 

“എന്ന വേണോം?”

 

ഞാൻ പെട്ടെന്ന് സ്റ്റൂളിൽ തിരിഞ്ഞിരുന്നു. ഒരു കട്ടിമീശക്കാരൻ നോട്ട്പാഡിൽ എന്തോ കണക്കെഴുതിക്കൊണ്ട് നിൽക്കുന്നു. അയാളെന്നെ മുഖമുയർത്തി നോക്കുന്നതുപോലുമില്ല.

 

“ബിയർ, കെ.എഫ്”, ഞാൻ പറഞ്ഞു.

 

അയാൾ തല അതേപടി താഴ്ത്തിപ്പിടിച്ച് നോട്ട്പാഡിൽ എന്തോ കുത്തിക്കുറിച്ച് തിരിഞ്ഞുനടന്നു. രാവിലെത്തൊട്ട് ഉള്ളിലുണ്ടായിരുന്ന ആവേശം തെല്ലൊന്നടങ്ങിയ ഞാൻ ചുമ്മാ താടിക്ക് കയ്യും കൊടുത്ത് മുന്നിലെ ചുമരിൽ തൂക്കിയിരുന്ന മെനു വായിച്ചിരുന്നു. പെട്ടെന്ന് എന്റെ തൊട്ടപ്പുറത്തുള്ള സ്റ്റൂളിൽ ആരോ ഇരിക്കുന്നത് ഞാനറിഞ്ഞു. ഉള്ളിലുണ്ടായിരുന്ന ചെറിയ നിരാശ കൊണ്ടാണോ എന്തോ, എനിക്ക് തല തിരിച്ച് നോക്കാൻ പോലും തോന്നിയില്ല. എന്റെ കണ്ണ് മെനു ബോർഡിൽ തന്നെ പതിഞ്ഞിരുന്നു. പെട്ടെന്ന് കൗണ്ടറിലെ ടേബിളിൽ പതിയെ താളം പിടിക്കുന്ന ശബ്ദം: ടക്… ടക്… ടക്.ടക്.ടക്. ടക്… ടക്… ടക്.ടക്.ടക്.

പെട്ടെന്ന് എന്റെയുള്ളിലൊരു വെള്ളിടി വെട്ടി. ഈ കോഡ്!!! അതെ… ഇത്… ഇതതു തന്നെ. ഞാൻ അറിയാതെ സ്റ്റൂളിൽ ഒന്ന് ഞെട്ടിത്തുള്ളിപ്പോയി.

 

“റോണീ…”

 

എന്റെ ഇടതുവശത്ത് നിന്ന് ആ വിളി എന്റെ കാതിൽ പതിച്ചു. ഒരുപാട് കാലമൊന്നും സംസാരിച്ചിട്ടില്ലെങ്കിലും  മുത്ത് പൊഴിയുന്നത് പോലുള്ള ആ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു. ഞാൻ തല വെട്ടിച്ചു നോക്കി. എന്റെ ഇടതുവശത്തെ സ്റ്റൂളിൽ കാലിൽ കാൽ കയറ്റിവെച്ച്, അഴിച്ചിട്ട മുടിയുമായി, വെള്ള ഷർട്ടും നീല ജീൻസുമിട്ട് ഞാൻ നേരത്തെ കണ്ട പെൺകുട്ടി.  ഒരു വശത്തായി പകുത്തിരിക്കുന്ന ഇളം ബ്രൗൺ മുടിച്ചുരുളുകൾക്കിടയിലൂടെ എന്റെ മുഖം സാകൂതം വീക്ഷിക്കുന്ന കൺമഷിയിട്ട ഭംഗിയുള്ള മാൻപേടക്കണ്ണുകൾ. അറ്റത്തൊരു ചെറുപുഞ്ചിരി ഒളിപ്പിച്ച ഇളം ചുവപ്പ് നിറമുള്ള അൽപം തടിച്ച ചുണ്ടുകൾ. നെറ്റിയിൽ നിന്നാരംഭിച്ച് ചെവിക്ക് മുന്നിലൂടെ ഒഴുകി കഴുത്തിലൂടെ ഷർട്ടിനടിയിലേക്ക് സഞ്ചരിക്കുന്ന രണ്ട് വിയർപ്പുതുള്ളികൾ. അതിനു താഴെ സാവധാനം ഉയർന്ന് താഴുന്ന അവളുടെ മാറിടം. മുന്നിലിരിക്കുന്ന സുന്ദരരൂപത്തെക്കണ്ട് ഞാനറിയാതെ വാ പൊളിച്ചുപോയി.

 

“അ…അ… അനൂ…”, ഞാൻ വിക്കിവിക്കി പറഞ്ഞൊപ്പിച്ചു.

 

അവൾ മിണ്ടല്ലേ എന്നാംഗ്യം കാണിച്ച് ചുണ്ടത്ത് വിരൽ വെച്ചുകൊണ്ട് തിരിഞ്ഞ് നേരെയിരുന്നു. കാര്യം മനസ്സിലാവാതെ ഞാൻ അവളെത്തന്നെ നോക്കി. അവളുടെ മുഖത്തെ ഭാവം എന്താണെന്ന് പോലും എനിക്ക് മനസ്സിലായില്ല. ഞാൻ ശബ്ദം താഴ്ത്തി ചോദിച്ചു:

 

“അനൂ, ഈസ് ദിസ് റിയലി യൂ? വിശ്വസിക്കാൻ പറ്റുന്നില്ല. എനിക്ക്… ഞാൻ വന്നിട്ട്…”

 

അവൾ കനം തൂങ്ങിയ മുഖത്തോടെ മുന്നോട്ട് തന്നെ നോക്കിയിരിക്കുകയാണ്. പെട്ടെന്ന് എന്തോ ഓർമ്മ വന്ന ഞാൻ പതിയെ തിരിഞ്ഞുനോക്കി. നേരത്തെ അവളുടെ എതിരെ ഇരുന്ന് സംസാരിച്ചിരുന്നയാൾ അവിടെത്തന്നെയുണ്ട്. നല്ല പോഷ് ലുക്കിലാണ് കക്ഷി. ഉഗ്രൻ ഷൂസും കൈ തെറുത്തുവെച്ച ടോമി ഹിൽഫിഗർ ഷർട്ടുമൊക്കെയിട്ട് ഒരു റിച്ചോളി. ട്രിം ചെയ്ത താടിയും തടവി അക്ഷമനായി അയാൾ അവളെത്തന്നെ നോക്കിയിരിക്കുകയാണ്. ഞാൻ  തിരിഞ്ഞുനോക്കിയത് പോലും അയാൾ ശ്രദ്ധിച്ച മട്ടില്ല.

 

“അനൂ, ആരാ അത്?”

 

“എനിക്കറിയില്ല, ഞാനിവിടെ വന്ന് കുറച്ച് കഴിഞ്ഞപ്പോ അടുത്ത് വന്നിരുന്നതാ. ചുമ്മാ ശല്യം.  ഇവിടുത്തെ കോക്ക്ടെയിൽ പോരപോലും. അവന്റെ ഫ്ലാറ്റിൽ ചെന്നാൽ നല്ല കോക്ക്ടെയിൽ ഉണ്ടാക്കിത്തരാമെന്ന്. താൽപര്യമില്ലെന്ന് പറഞ്ഞിട്ടും കടിച്ചുതൂങ്ങിക്കിടക്കുവായിരുന്നു, നാറി!”

 

ഞാനൊരു വല്ലാത്ത അവസ്ഥയിലായിപ്പോയി. അനുവിനെ കാണുന്ന മൊമെന്റ്. അവളെന്നെ ശരിക്ക് നോക്കുന്നുപോലുമില്ല. ഈയൊരു അവസ്ഥയിൽ എന്ത് ചോദിക്കണെന്ന് പോലും മനസ്സിലാവുന്നില്ല. ഇങ്ങനെ ഒന്നുമല്ലായിരുന്നല്ലോ എന്റെ എക്സ്പെക്റ്റേഷനുകൾ. എല്ലാം തകർത്തല്ലോ, നായിന്റെ മോൻ. ഗോളി വെള്ളം കുടിക്കാൻ പോയ സമയത്ത് ഗോളടിക്കാൻ നോക്കുന്നു. എനിക്കാകെ സങ്കടവും ദേഷ്യവും വന്നു.  കൈ തരിച്ചുവരുന്ന ഞാൻ തിരിഞ്ഞ് അയാളെ ഒന്നുകൂടി നോക്കി.

കണ്ടിട്ട് ആള് പച്ചയാണ്. മാത്രമല്ല, ഉറപ്പായും എന്നെക്കാളും ഉയരവും തടിയുമുണ്ട്. തല്ലാൻ പോയാൽ എന്റെ പൊടിപോലും കാണില്ല.  ഹീറോയിസം കാണിക്കുന്നത് മണ്ടത്തരം കാണിച്ചിട്ടല്ല. ഞാൻ തെല്ലിട ഒന്നാലോചിച്ചു. എന്നിട്ട് അനുവിനെ നോക്കി. അവളുടെ ഭാവം അപ്പോഴും മനസ്സിലായില്ലെങ്കിലും കഷ്ടപ്പെട്ട് ഉയർന്ന് താഴുന്ന അവളുടെ നെഞ്ച് എന്നോട് പലതും പറയാതെ പറയുന്നുണ്ടായിരുന്നു. ഞാൻ അഞ്ച് സെക്കന്റ് കണ്ണടച്ചിരുന്നു. എന്നിട്ട് കൗണ്ടറിൽ വെച്ചിരുന്ന അനുവിന്റെ കൈയിൽ പതിയെ പിടിച്ചു. അവളുടെ മുഖം ചെറുതായി വിറച്ചു. ഞാൻ അവളുടെ അടുത്തേക്ക് മെല്ലെ ചാഞ്ഞ് ചെവിയിൽ പറഞ്ഞു: “വാ..!”

 

അനുവിന്റെ കൈ പിടിച്ച് വലിച്ചുകൊണ്ട് വളരെ വേഗത്തിൽ ഞാൻ വാതിലിനടുത്തേക്ക് നടന്നു. അത് പ്രതീക്ഷിച്ചിരുന്നത് പോലെ, ഞെട്ടലോ ചോദ്യമോ ഇല്ലാതെ അവളെന്റെ പുറകേ വന്നു. വാതിൽക്കലെത്തിയപ്പോൾ ഞാൻ പെട്ടെന്നൊന്ന് തിരിഞ്ഞുനോക്കി. റിച്ചോളി ചാടിയെണീറ്റ് ടേബിളുകൾക്കിടയിലൂടെ ഞങ്ങളെ ലക്ഷ്യമാക്കി വരുകയാണ്. ഞാൻ അയാളെ നോക്കി നടുവിരലുയർത്തിക്കാണിച്ചു. എന്നിട്ട് അനുവിനെയും വലിച്ച് ബൈക്കിനടുത്തേക്ക് ഓടി. ഞൊടിയിടയിൽ ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു. ഒന്നും പറയാതെ തന്നെ അനു പുറകിൽ കയറി. ചാറ്റൽമഴയുണ്ട്. പക്ഷെ, ഇനി നിന്നാൽ ശരിയാവില്ല. ഞാൻ മഴയെ അവഗണിച്ച്  മുന്നിലുണ്ടായിരുന്ന രണ്ട് കാറുകളെ മറികടന്ന് റോഡിലേക്ക് കയറി.

ദേഹത്ത് വന്നുപതിക്കുന്ന ചെറിയ മഴത്തുള്ളികളുടെ സൂചിക്കുത്ത് സഹിച്ച് ഞാൻ ബൈക്കോടിച്ചു. അനു ചെറിയൊരു അകലമിട്ടാണ് ഇരിക്കുന്നത്. എല്ലാം പെട്ടെന്ന് സംഭവിച്ചതുകൊണ്ട് എനിക്കും എന്ത് ചോദിക്കണമെന്ന് വലിയ ധാരണയില്ലായിരുന്നു. അവളുടെ മുഖം മര്യാദക്കൊന്ന് മനസ്സിൽ പതിയാൻ പോലുമുള്ള സമയം കിട്ടിയിരുന്നില്ല. എല്ലാം ആ നാറി കാരണം. അവസാനം ഞാൻ തല അൽപം പുറകോട്ട് ചായ്ച്ച് ചോദിച്ചു:

 

“കുറേ, നേരമായിരുന്നോ വന്നിട്ട്?”

 

“ഉം…”

 

“എന്താ ഇത്ര ദേഷ്യം?”

 

എന്റെ പുറത്ത് മുഷ്ടി ചുരുട്ടി ശക്തി കുറച്ച് ഇടിച്ചുകൊണ്ടാണ് അവൾ മറുപടി പറഞ്ഞത്. അൽപം വേദനിച്ചെങ്കിലും അവളത് ചെയ്തത് സീരിയസ്സായിട്ടല്ല എന്നെനിക്ക് മനസ്സിലായി.

 

“പിന്നെ ദേഷ്യപ്പെടാതെ? എന്റെ പ്ലാൻ മുഴുവൻ പൊളിഞ്ഞില്ലേ? നിന്നെ കുറച്ച് വട്ടം കറക്കണമെന്ന് വിചാരിച്ചതാ. അവസാനം… തോറ്റ് തുന്നംപാടി ഞാൻ നിന്നോട് അങ്ങോട്ട് വന്ന് മിണ്ടേണ്ടി വന്നില്ലേ!”

Leave a Reply

Your email address will not be published. Required fields are marked *