” ചോദിച്ചത് കേട്ടില്ലേ? കുറെ നേരം ആയല്ലോ എന്നെ മൊത്തം സ്കാൻ ചെയ്യുന്നു.. അത് കഴിഞ്ഞോ എന്ന്… ”
‘ ഏയ്…പിശാചിന്റെ ശബ്ദത്തിൽ കലിപ്പ് ഒന്നുമില്ല.. ഏതായാലും നീ സാധാരണ പോലെ സംസാരിച്ചോ.. ‘, മനസ്സ് പറഞ്ഞു.
” അത് നമ്മൾ ആദ്യായിട്ടല്ലേ കാണുന്നത്… ഞാൻ തന്നെ ഒന്ന് മര്യാദക്ക് കണ്ടിട്ട് കൂടി അല്ല. അതുകൊണ്ട് നോക്കിയതാ..”
” ഞാൻ ഇത്രേം കാലം ഇവിടെ തന്നെ ഉണ്ടായിരുന്നല്ലോ…”
” ആ… നമ്മൾ ഇന്നല്ലേ ആദ്യായിട്ട് സംസാരിക്കുന്നത്?? ”
അവൾ ഒന്നും മിണ്ടിയില്ല.മിണ്ടാതെ മുഖം തിരിച്ചു അപ്പുറത്തേക്ക് നോക്കി നിന്നു..
” തനിക്ക് നാളെ എന്തോ എക്സാം ആണെന്ന് പറഞ്ഞിട്ട്… പഠിച്ചോ?? ”
” ആ… അത് ഒന്നൂടെ നോക്കിയാ മതി. ”
” തനിക്ക് നാളെ എക്സാം ഒന്നും ഇല്ലല്ലോ?? “, എന്റെ ചോദ്യം കേട്ട് അവൾ അത്ഭുതത്തോടെ എന്നെ നോക്കി..
” ആര് പറഞ്ഞു?? ”
” അല്ല.. ക്ലാസ് തുടങ്ങി ഒരു മാസം ഒക്കെ അല്ലെ ആയിട്ടുള്ളൂ… അപ്പോഴേക്കും എന്ത് എക്‌സാമാ?? ”
” അത്… ക്ലാസ് ടെസ്റ്റ്. ”
” മ്… എം.എസ്.സിക്ക് പഠിക്കുന്ന ഒരാൾ ക്ലാസ് ടെസ്റ്റ് എന്നൊക്കെ പറഞ്ഞു കല്യാണം ഒക്കെ മിസ് ചെയ്യുമെന്ന് തോന്നുന്നില്ല… ” ഞാൻ ഒരുമാതിരി ഷെർലക് ഹോംസ് കേസ് അന്വേഷിച്ചു റിപ്പോർട്ട് പറയുന്ന പോലെ ഈണത്തിൽ പറഞ്ഞു നിർത്തി.
പിശാച് ഒന്നും മിണ്ടാതെ നിന്നു. ഒരാളോട് നമ്മൾ എന്തെങ്കിലും പറഞ്ഞിട്ട് അയാൾ റിപ്ലൈ ഒന്നും തരാതിരുന്നാൽ എനിക്ക് നല്ല ദേഷ്യം വരും. ഞാൻ ഒന്നും മിണ്ടിയില്ല. അവളും.
” അല്ല.. തനിക്ക് ഇവിടെ നിൽക്കുന്നത് ഇഷ്ടം അല്ലെങ്കിൽ താൻ വീട്ടിൽ പോയിരുന്നു പഠിച്ചോ.. ആരും ഒന്നും പറയില്ല. “, ഞാൻ ഇത്തിരി ഗൗരവത്തിൽ പറഞ്ഞു.
” ആ… ” അവൾ അവിടുന്ന് പോവാൻ തുടങ്ങി.
അത് ഞാൻ പ്രതീക്ഷിച്ചില്ല.. ഇങ്ങനെ എന്തെങ്കിലും ഒക്കെ പറഞ്ഞാൽ ഏയ്..ഇല്ല എന്നൊക്കെ പറഞ്ഞു വേറെ എന്തെങ്കിലും സംസാരിക്കും എന്ന എന്റെ കണക്കുകൂട്ടൽ തെറ്റി.
“പോവുമ്പോ മെയിൻ ഡോർ അടച്ചേക്കണം.. പൂട്ടണ്ട…” ഞാൻ പറഞ്ഞു.
” ഞാൻ ഹാളിൽ കാണും, വീട്ടിൽ പോണില്ല” അവൾ പറഞ്ഞു.
” ടിവി കാണാൻ ആണോ?? എന്നാ ഞാനും ഉണ്ട്..”
” അല്ല… ടിവിയിൽ ഒന്നും ഇല്ല..”
” പിന്നെ?? ”
” ഒന്നൂല്ല.. വെറുതെ ഇരിക്കാൻ ”
” എന്നാ അതിവിടെ ഇരുന്നൂടെ? അവിടെ പോയി ഇരിക്കണോ? ”
അവൾ നിന്നു.. എന്നിട്ട് പതുക്കെ റൂമിലേക്ക് തന്നെ വന്നു.. വാതിലിൽ ചാരി നില്ക്കാൻ തുടങ്ങി.
” ഇവിടെ ഇരുന്നോ.. ” ഞാൻ ബെഡ് ചൂണ്ടി പറഞ്ഞു.
അവൾ വന്നിരുന്നു റൂം മൊത്തം ഒന്ന് കണ്ണോടിച്ചു.. റൂം അത്രക്ക് വൃത്തി ഒന്നുമില്ല.. കുറെ സാധനങ്ങൾ വലിച്ചു വാരി ഇട്ടിട്ടുണ്ട്… ഇതിപ്പോ ഞാൻ എണീക്കാത്തത് കൊണ്ട് അമ്മ ഡെയിലി വന്നു ഡ്രസ്സ് ഒക്കെ മടക്കി വെക്കുന്നത് കൊണ്ട് കുറച്ചു വൃത്തിയുണ്ട്.. അല്ലെങ്കിൽ കുറെ മാഗസിൻ തറയിലും ബുക്ക് ഷെൽഫിലും ഒക്കെ ആയി ചറപറാ പരന്നു കിടക്കുന്നു. ഡ്രസ്സ് ഒക്കെ വെച്ച കബോഡിനോട് ചേർന്ന് ഒരു ചെറിയ ബുക്ക് ഷെൽഫ് ഉണ്ട്… അതിൽ ഒരു പത്തിരുപത് ബുക്ക് കാണും… പിന്നെ ഡിക്ഷണറി പോലത്തെ ഇലെക്ട്രിക്കൽ ടെക്നോളജിയുടെയും മെഷീൻസിന്റെയും ബുക്കുകൾ.
” ഈ ബുക്ക് ഒക്കെ വായിച്ചതാണോ?? “, പിശാച് പതുക്കെ ചോദിച്ചു.
“ആ… ആ ഇലെക്ട്രിക്കൽ എന്ന് കാണുന്നത് വായിച്ചിട്ടില്ല.. അതൊക്കെ പഠിക്കാൻ ഉള്ളതാ… ബാക്കി ഒക്കെ വായിച്ചതാ….”
അവൾ എണീറ്റ് ചെന്ന് ഷെൽഫിലൂടെ ഒന്ന് കണ്ണോടിച്ചു…
” മാധവിക്കുട്ടി ആണോ ഇഷ്ടപ്പെട്ട എഴുത്തുകാരി?? ” അവൾ ചോദിച്ചു.
” ആ.. ആയിരുന്നു. ഇപ്പൊ അല്ല. ”
” അതെന്തേ…?? ”
” പണ്ട് കോളേജ് ഫൈനൽ ഇയർ ആയപ്പോ ഒരു തേപ്പ് കിട്ടിയിരുന്നു… അങ്ങനെ അതിന്റെ സങ്കടത്തിൽ വായിച്ചു തുടങ്ങിയതാ അവരുടെ കഥകൾ. ഫുൾ നഷ്ടപ്രണയവും പ്രേമവും ഒക്കെ ആണ് അതിൽ… പിന്നെ പിന്നെ എല്ലാം വായിച്ചു കഴിഞ്ഞപ്പോഴും പണ്ടത്തെ തേപ്പിന്റെ സങ്കടം അതിനേക്കാ ഇന്റെൻസിറ്റിയിൽ ഉണ്ട്.. അതോടെ മനസ്സിലായി ഇമ്മാതിരി അവസ്ഥയിൽ വായിക്കാൻ പറ്റിയതല്ല അവരുടെ കഥകൾ എന്ന്..”
