ഹരിചരിതം – 2

ഓ… ആരോ എന്തോ ഗിഫ്ട് തന്നപ്പോ അതിൽ ചങ്കരന് എന്നും പറഞ്ഞു എഴുതിയിട്ടുണ്ടാർന്നു…. അതാണ് പിശാച് കണ്ടത്.

” ചങ്കരൻ ഒന്നും അല്ല, ഹരി ശങ്കർ എന്നാ… വേണേൽ ഹരി എന്ന് വിളിച്ചോ…” ഞാൻ പറഞ്ഞു…

” ഓ..വേണ്ട.. പിന്നെ ഞാൻ പോട്ടെ.. പിന്നെ കാണാം…”

അവൾ വേഗം ഓടി ഗീതേച്ചിയുടെ കൂടെ പോയി.

അവൾ പോയിക്കഴിഞ്ഞതിനു ശേഷം ആണ് ആലോചിക്കുന്നത്, ഇന്നത്തെ ദിവസം എന്ത് നല്ലതായിരുന്നു. ഒരു പെങ്കൊച്ചിനെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറി, അവൾ കമ്പനിയും ആയി… കുറേ കാലം ആയി നല്ലൊരു കമ്പനി ആയിട്ട് പെങ്കൊച്ചിനെ കിട്ടുന്നത്. പണ്ടത്തെ ഫ്രണ്ട്‌സ് ഒക്കെ കല്യാണം കഴിഞ്ഞതോടെ ഒരു ഡിസ്റ്റൻസ് മെയിൻറ്റൈൻ ചെയ്യാൻ തുടങ്ങിയിരുന്നു. എത്ര ഒക്കെ ഫ്രണ്ട്‌സ് ഉണ്ടെന്നു പറഞ്ഞാലും ഒരു പെങ്കൊച് ചങ്കായിട്ട് ഉണ്ടാവുക എന്ന് പറഞ്ഞാ ബോയ്സിന് വേറൊരു ഫീൽ ആണ്… പ്രത്യേകിച്ച് ചേച്ചിമാരോ അനിയത്തിമാരോ ഇല്ലാത്തവർക്ക്.

അങ്ങനെ ഓരോന്ന് ആലോചിച്ചു സമയം പോയതറിഞ്ഞില്ല… അച്ഛനും വന്നു. രണ്ടാളോടും അഡ്മിഷന്റെ കാര്യം പറഞ്ഞപ്പോ സന്തോഷം ആയി. അച്ഛൻ മാത്രം “എന്നാലും തൃശൂർ കിട്ടിയിരുന്നേൽ കുറച്ചു കൂടി നന്നായേനെ എന്ന് പറഞ്ഞു”. അവിടത്തേക്കാൾ നല്ലതാണ് തിരുവനന്തപുരം എന്ന് പറഞ്ഞതോടെ അതും ഓക്കേ ആയി.

അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞു. അടുത്ത രണ്ടു ദിവസത്തേക്ക് അവളെ നോക്കി ഇരുന്നെങ്കിലും കണ്ടില്ല. ഇടയ്ക്കു ഒരു ദിവസം ഗീതേച്ചി വന്നോന്നു മുഖം കാണിച്ചു പോയി. അല്ലെങ്കിലും ചേച്ചി അമ്മയോട് സംസാരിക്കാനാണ് വരുന്നത്. ഫുൾ ടൈം വീട്ടിൽ ഇരിക്കുന്ന ചേച്ചിക്ക് അമ്മയുടെ സ്കൂളിലെ വിശേഷങ്ങൾ കേൾക്കുന്നത് വലിയ ഇഷ്ടം ആയിട്ടുണ്ട്. പിന്നെ ചേച്ചി വന്നാൽ ചെറുതായിട്ട് അടുക്കളയിൽ സഹായിക്കുകയും ചെയ്യും, സംസാരവും നടക്കും എന്നുള്ളത് കൊണ്ട് അമ്മയ്ക്കും സന്തോഷം. അച്ഛൻ ഹാളിലും ഉമ്മറത്തും ഒക്കെ ആയിട്ട് പത്രവും ടിവിയും ഒക്കെ ആയിട്ട് നടക്കുന്നുണ്ടായിരുന്നു. 2 ദിവസം കൂടി കഴിഞ്ഞപ്പോൾ പ്ലാസ്റ്റർ വെട്ടി. പ്ലാസ്റ്റർ വെട്ടിയാൽ തുള്ളിച്ചാടി നടക്കാം എന്ന് വിചാരിച്ച എനിക്ക് വൻ അടിയായിരുന്നു അത് വെട്ടിയപ്പോൾ. രണ്ടാഴ്‌ച മടക്കാതെ വെച്ചത് കൊണ്ട് കാലു മടങ്ങുന്നില്ലായിരുന്നു. ഹോസ്പിറ്റലിൽ തന്നെ ഫിസിയോ തെറാപ്പി ഉണ്ട്.. വേണമെങ്കിൽ ചെയ്യാം എന്ന് പറഞ്ഞു. ഫിസിയോതെറാപ്പിസ്റ്റായ ഒരു കൂട്ടുകാരനെ വിളിച്ചു ചോദിച്ചപ്പോൾ അതിൻ്റെ ആവശ്യം ഇല്ല.. വീട്ടിൽ ഇരുന്നു തന്നെ കാൽ മടക്കുകയൊക്കെ ചെയ്താൽ മതി എന്ന് പറഞ്ഞു. പ്ലാസ്റ്റർ വെട്ടി വീട്ടിൽ വന്നു, അടുത്ത ദിവസം രാവിലെ തന്നെ കുളിച്ചു റെഡി ആയി ഓഫീസിൽ പോവാൻ ഇറങ്ങി. കുറച്ചു ദിവസം കൂടി റസ്റ്റ് എടുക്കാമെന്ന് വീട്ടിൽ നിന്നും പറഞ്ഞെങ്കിലും ആ റൂമിൽ നിന്നൊന്നു പുറത്തിറങ്ങാൻ കൊതിയായിട്ട് വയ്യായിരുന്നു. പിന്നെ ബൈക്ക് എടുത്ത്
സർവീസ് സെൻററിൽ കൊടുക്കണം, ഇൻഷുറൻസ് ക്ലെയിം ചെയ്യണം..അങ്ങനെ കുറച്ചു പണി ഉണ്ടായിരുന്നു. അങ്ങനെ ബൈക്കിൽ ഓടിക്കയറി ബൈക്ക് തിരിച്ചു സ്റ്റാർട്ട് ആക്കാൻ നോക്കിയപ്പോൾ ആണ് കാലു അത്രക്ക് മടക്കാൻ വയ്യ എന്ന് മനസ്സിലായത്. പണി പാളി !!

ബൈക്ക് തിരിച്ചു വെച്ച് സ്കൂട്ടറിന്റെ താക്കോൽ എടുത്ത് ഇറങ്ങി. ഇറങ്ങുന്ന വഴി സുജിത്തിനെ വിളിച്ചു റെഡി ആയി നിൽക്കാൻ പറഞ്ഞു. റോഡിലേക്ക് കേറിയപ്പോൾ പിശാച് ബസ് കാത്തു നിൽക്കുന്നുണ്ട്. അടുത്ത് ചെന്ന് വണ്ടി നിർത്തി.

” ആ…പ്ലാസ്റ്റർ എടുത്തപ്പോഴേക്കും കറങ്ങിനടക്കാറായോ?? ” പിശാച് ചെറിയൊരു ചിരിയോടെ ചോദിച്ചു.

‘പിശാച് അല്ല.. ഗൗരി, ഗൗരി !!’, മനഃസ്സാക്ഷി മന്ത്രിച്ചു.

“ആ.. വീട്ടിൽ ഇരുന്നു മടുത്തു. പിന്നെ അടുത്ത ഒന്നാം തീയതി ക്‌ളാസ് തുടങ്ങും, അപ്പോഴേക്കും ഓഫീസിൽ പോയി റിസൈന്‍ ചെയ്യണം, അവിടുത്തെ പണി തീർക്കണം…പിന്നെ എന്തൊക്കെയോ സർട്ടിഫിക്കറ്റ് ഒക്കെ ഉണ്ടാക്കാൻ ഉണ്ട്.. അതൊക്കെ ചെയ്യണം…അങ്ങനെ ഇറങ്ങിയതാ”, ഞാൻ പറഞ്ഞു.

” മ്.. ”

” തന്നെ പിന്നെ അങ്ങോട്ടൊന്നും കണ്ടില്ലല്ലോ “, ഞാൻ ചോദിച്ചു.

” അതിത്തിരി പണി ഉണ്ടായിരുന്നു. ഒരു സബ്ജക്‌ട് സെമിനാർ എടുക്കാൻ ഉണ്ടായിരുന്നു.”

” സെമിനാറോ ?? ” ഞാൻ സംശയത്തോടെ നോക്കി.

“ആ… മറ്റേ ബുക്ക് ഇല്ലേ, അത് ക്ലാസ്സിൽ ഇരുന്നു വായിച്ചത് സാർ പൊക്കി.. അതിൻ്റെ പണിഷ്‌മെന്റ് ”

” ഓ.. അത് പൊക്കിയോ.. അല്ല എന്തിനാ വേണ്ടാത്ത പണിക്ക് പോയത്?? ”

“ഏയ്.. വായിച്ചു തുടങ്ങിയപ്പോ നല്ല രസം, അപ്പൊ അങ്ങിരുന്നു തീർത്തു… ആ… ബസ് വരുന്നുണ്ടേ… ഞാൻ പോട്ടെ…..” അവൾ പറഞ്ഞു നിർത്തി റോഡിലേക്ക് നിന്നു.

” ടൗണിലേക്ക് ആണേൽ പോരേ… ഞാനും അങ്ങോട്ടാ…”

” ഇല്ല… നാളെ ആവട്ടെ… ഇന്നിപ്പോ ബസ് വന്നില്ലേ…”, അവൾ ശബ്ദം താഴ്ത്തി പറഞ്ഞു..

ഞാൻ പതുക്കെ വണ്ടി എടുത്ത് ഓഫീസിൽ പോയി… അവിടെ എല്ലാവരും എങ്ങനെ ഉണ്ട്, നടക്കാൻ ബുദ്ധിമുട്ടുണ്ടോ അങ്ങനത്തെ ഓരോരോ കാര്യങ്ങൾ ചോദിച്ചു. അപ്പോഴേക്കും ബോസ് വന്നു. പുള്ളിയോട് എം.ടെക്കിനു പോവുന്ന കാര്യവും റിസൈന്‍ ചെയ്യുന്ന കാര്യവും പറഞ്ഞു. പുള്ളിക്ക് ഇത്തിരി വിഷമം ആയെന്നു തോന്നുന്നു. രണ്ടു മൂന്നു വര്ഷം ആയിട്ട് ഇവിടെ ഉള്ള ആളല്ലേ..ഇനിയൊരാൾ വന്നു എല്ലാം പഠിച്ചു വരാൻ സമയം എടുക്കുമല്ലോ.. ഏതായാലും ഉച്ചക്ക് ടീം ലഞ്ച് പുറത്തു നിന്നാവാം എന്നും പറഞ്ഞു പുള്ളി പോയി. ഞാനും തിരിച്ചു എൻ്റെ കാബിനിലേക്ക് വന്നു. ചെറിയ ഓഫീസ് ആണ്. ഞങ്ങൾ 5 .പേരുണ്ട്. അക്കൗണ്ട്സിലെ ചേട്ടൻ ആണ് സീനിയർ. പിന്നെ എക്സ്പീരിയൻസ് ഉള്ളത് എനിക്കാണ്. ഡിസൈനിങ്ങിനും ഡ്രോയിങ്ങിനും ഒക്കെ വേണ്ടി മറ്റുള്ളവർ. പിന്നെ പണി എടുക്കാൻ ഉള്ളവർ ഉണ്ട്.. അവർ ഓഫീസിലേക്ക്
വല്ലപ്പോഴുമേ വരൂ… അവർക്ക് സൈറ്റ് പറഞ്ഞു കൊടുത്താൽ അവിടെ പോയി അവർ പണി തുടങ്ങിക്കോളും. ഞാൻ ചേട്ടന്റെ അടുത്തെത്തി ഓരോ സൈറ്റിന്റേയും കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. വേറെ പണി ഒന്നും ഇല്ലാത്തത് കൊണ്ട് കമ്പനി വണ്ടിയുടെ താക്കോൽ എടുത്ത് കൊണ്ട് പുറത്തേക്കിറങ്ങി. ഒരു 2013 മോഡൽ ബൊലേറോ ആണ്. നല്ല വണ്ടി ആണ്. സാധങ്ങൾ കൊണ്ട് പോവാനും അത്യാവശ്യം കേറ്റവും ഓഫ് റോഡിനും ഒക്കെ പറ്റും, എ സി യും ഉണ്ട്. പതുക്കെ വണ്ടിയിൽ കേറി ക്ലച്ചിൽ കാലു വെച്ചപ്പോൾ പിന്നേം മുട്ടിനു വേദന. അങ്ങനെ ഓഫീസിലെ വേറൊരു പയ്യനെ കൂടി വിളിച്ചു സൈറ്റിൽ ഒക്കെ ഒന്ന് പോയി വന്നു. വരുന്ന വഴിക്ക് കാറിൽ ഇരുന്നു ഞാൻ ഈ ആഴ്ച കൂടിയേ കാണൂ എന്ന് പറഞ്ഞപ്പോൾ അവനു സങ്കടം വന്നു. അവന്മാർ ചെയ്യുന്ന മണ്ടത്തരങ്ങൾ ഒക്കെ എങ്ങനെ എങ്കിലും സോൾവ് ആക്കുന്നത് ഞാൻ ആണ്. പിന്നെ എന്റെ അത്രക്ക് ബോസും ആയിട്ട് അവർ കമ്പനിയും ആയിട്ടില്ല. അന്നത്തെ ടീം ലഞ്ച് ഒക്കെ കഴിഞ്ഞു ഓഫീസിൽ വന്നിരുന്നു.
അപ്പോഴാണ് രാവിലെ സുജിത്തിനെ വിളിച്ചു റെഡി ആയി ഇരിക്കാൻ പറഞ്ഞ കാര്യം ഓർമ വന്നത്.
ഓ..നേരം ഇത്ര ആയി..ഇനി ഇപ്പൊ വിളിച്ചാൽ തെറി കേൾക്കും… എന്നാലും വിളിക്കാം എന്ന് വെച്ച് ഡയല് ചെയ്തു.
അവൻ രാവിലെ എന്നെ കാത്തു നിന്ന് കാണാതായപ്പോൾ അവിടെ ഉള്ള വേറെ ഫ്രണ്ട്സിന്റെ കൂടെ സിനിമക്ക് പോയെന്ന് പറഞ്ഞു. പതിനൊന്നരയുടെ സിനിമ ആണ്.. അപ്പോൾ കഴിയേണ്ട സമയം ആയി.. ഞാൻ പിക്ക് ചെയ്യാൻ വരാം എന്നും പറഞ്ഞു ഫോൺ വെച്ചു. സ്കൂട്ടർ എടുത്ത് അവനെ പിക്ക് ചെയ്ത് വീട്ടിൽ വന്നു.. ബൈക്ക് അവൻ സർവീസ് നു കൊടുക്കാമെന്നു പറഞ്ഞു താക്കോൽ വാങ്ങി ഹെൽമെറ്റും എടുത്ത് പോയി. അപ്പോൾ അത് ഓക്കേ ആയി. ഇനി കുറച്ചു സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കാൻ ഉണ്ട്… മെഡിക്കൽ ഫിറ്റ്നസ്, സ്വഭാവ സർട്ടിഫിക്കറ്റ് ഒക്കെ.. അത് നാളെ എങ്ങാനും ചെയ്യാം… എല്ലാത്തിന്റെയും ടെമ്പ്ലേറ്റ് പെൻഡ്രൈവിൽ സേവ് ചെയ്തു വെച്ചു.
വൈകുന്നേരത്തെ ചായക്കുള്ള സമയം ആയിട്ടുണ്ട്. ഇനിയിപ്പോ തിരിച്ചു ഓഫീസിൽ പോവണോ???
വേണ്ട.. നാളെ പോവാം…
യൂട്യൂബ് ഓപ്പൺ ചെയ്ത് പതുക്കെ ബെഡിലേക്ക് കിടന്നു. കുറേ പുതിയ ബൈക്ക് ഒക്കെ വരുന്നുണ്ട്.. അതിന്റെ ഒക്കെ ഡീറ്റൈൽസും റിവ്യൂ ഒക്കെ നോക്കി സമയം പോയി..

Leave a Reply

Your email address will not be published. Required fields are marked *