കോളേജ് എത്തി.. വണ്ടി മെയിൻ ഗേറ്റിനു പുറത്തു വെച്ച് ഞങ്ങൾ ക്യാമ്പസ്സിനകത്തേക്ക് നടന്നു.. അവളെ കണ്ടു കുറെ കുട്ടികൾ ചിരിക്കുന്നു. ഹായ് പറയുന്നു.. സംസാരിക്കുന്നു. എന്നെ എല്ലാവരും ഒന്ന് നോക്കുന്നുണ്ട്. ഞാൻ ഒരു ബ്ലൂകളർ ജീൻസും ആഷ് കളർ ടി ഷർട്ടും ആണ് ഇട്ടിരിക്കുന്നത്. കാലിൽ വുഡ്‌ലാൻഡിന്റെ ഒരു സാന്റൽസ്..ക്ലിപ്പ് ഉള്ള ടൈപ്പ്. കയ്യിൽ ഫോസിലിന്റെ ഒരു വാച്ച്.. വെളുത്ത നിറം ആണ്, പക്ഷെ ഈ ബൈക്ക് ഓടിച്ചു വെയിൽ കൊണ്ട് കയ്യും മുഖവും കുറച്ചു കളർ മങ്ങിയിട്ടുണ്ട്… തടി ഇല്ലാത്ത സ്ലിം ബോഡി. ചുരുണ്ട മുടി.. ചെറിയ ബുൾഗാൻ പോലത്തെ തടി.. അത് കൃതാവിനോട് കണക്ഷൻ വരാത്തത് കൊണ്ട് വെച്ചതാണ്… അല്ലെങ്കിൽ ശെരിക്കും കട്ട താടി വെച്ചേനെ.. ഞാൻ ആകെ തലയിൽ എണ്ണ തേക്കും.. അല്ലാതെ വേറെ കോസ്‌മെറ്റിക് ഐറ്റംസ് ഉപയോഗിക്കുന്നത് എനിക്ക് ഇഷ്ടം അല്ല…പക്ഷെ ഡ്രെസ്സും ചെരുപ്പും ഒക്കെ ബ്രാൻഡഡ് മാത്രേ ഉപയോഗിക്കാറുള്ളൂ… പിന്നെ റെയ്ബാൻറെ കറുത്ത ഓവൽ ഷേപ്പ് ഫ്രെയിം ഉള്ള കണ്ണട. വലിയ കുഴപ്പം ഇല്ല.. വേണേൽ പെമ്പിള്ളേർക്ക് നോക്കാവുന്ന ഫിഗർ ആണ്.. ഫ്രീക്കനും അല്ല, എന്നാൽ നല്ലവനായ ഉണ്ണിയും അല്ല, അതിനിടക്കു ഉള്ളൊരു ലുക്ക്.
ഞങ്ങൾ കോളേജിന്റെ മെയിൻ ബിൽഡിങ്ങിൽ എത്തി. അവിടെ കേറുന്നതിന്റെ മുമ്പിലായി ഒരു ഹെല്പ് ഡെസ്ക് ഇട്ടിട്ടുണ്ട്.. ഓപ്പോസിറ്റിയായി എതിർ പാർട്ടിയുടെയും. രണ്ടു ഭാഗത്തും പിള്ളേർ കൂടി നിൽക്കുന്നുണ്ട്. എന്നെയും കൂട്ടി ശ്രീ അവളുടെ പാർട്ടിയുടെ ഡെസ്കിലേക്ക് നടന്നു. മെലിഞ്ഞ ഒരു പെൺകുട്ടിയും, ഒരു താടി വെച്ച ചെക്കനും അവിടെ ഇരിക്കുന്നുണ്ട്. എന്നെ എല്ലാവര്ക്കും പരിചയപ്പെടുത്തി. ഞാനും എല്ലാവരോടും പേര് ചോദിച്ചു. യൂണിറ്റ് സെക്രെട്ടറിയും ചെയർമാനും പിന്നെ വേറെ ആരൊക്കെയോ ആണ്.
അവിടെ ഓരോന്ന് സംസാരിച്ചു കൊണ്ട് നിന്നപ്പോൾ ആണ് പെട്ടെന്നൊരു ചെക്കൻ ഓടി വന്നു ചെയർമാന്റെ അടുത്ത് എന്തോ പറയുന്നത് കണ്ടത്. എന്താണെന്നു കേട്ടില്ല. നിങ്ങൾ ഇവിടെ ഇരിക്ക് എന്നും പറഞ്ഞു അവൾ എന്നെയും ആ മെലിഞ്ഞ പെണ്ണിനേയും ഡെസ്കിലാക്കി അവരുടെ കൂടെ വേറൊരു ബിൽഡിങ്ങിലേക് കേറി പോയി. ഞാൻ ആ പെണ്ണിനെ നോക്കി. അവൾ ഒരു ചിരിയോടെ അവളുടെ അടുത്ത് ഇരിക്കാൻ പറഞ്ഞു. അതിനിടക്ക് പുതിയ അഡ്മിഷൻ എടുത്ത പിള്ളേരൊക്കെ ഓരോ സംശയവും ചോദിച്ചു കൊണ്ട് വരുന്നുണ്ടായിരുന്നു. അവൾ അതൊക്കെ കേട്ട്, വരുന്നവർ പാർട്ടി മെമ്പർഷിപ് എടുത്തോ എന്നും ചോദിച്ചു ഇല്ല എന്ന് പറഞ്ഞവരുടെ പേരും ബാച്ചും ഒരു റെസിപ്റ്റിൽ എഴുതിക്കൊണ്ടിരുന്നു. ഞാനും അവളെ ചിലപ്പോ ഹെല്പ് ചെയ്തു. സമയം പോയിക്കൊണ്ടിരുന്നു. ശ്രീയെ കാണാൻ ഇല്ല.. ഞാൻ ഒറ്റക്ക് ക്ലാസ്സിൽ പോണോ?? അതോ അവളെ വെയിറ്റ് ചെയ്യണോ?
ആ പെണ്ണിനോട് ഇന്നെന്താ പരിപാടി എന്ന് ചോദിച്ചു. ഓറിയെന്റഷന് ക്ലാസ് ആണ്, വലിയ കാര്യം ഒന്നും ഇല്ലാന്ന് പറഞ്ഞു.. ഓ.. പകുതി സമാധാനം ആയി. ഈ ഹെൽപ് ഡെസ്‌ക് പരിപാടി കൊള്ളാം.. കുറെ നല്ല പെമ്പിള്ളേരെ കാണാനും സംസാരിക്കാനും ഒക്കെ പറ്റുന്നുണ്ട്. ഒരു 12 മണി ആയപ്പോ വേറൊരുത്തൻ വന്നു ഡെസ്ക് ക്ലോസ് ചെയ്യാമെന്നും പറഞ്ഞു അവളെയും വിളിച്ചോണ്ട് പോയി. പോവുന്ന വഴിക്ക് എൻ്റെ ഡിപ്പാർട്മെന്റ് കാണിച്ചു തന്നു.. ഞാൻ അങ്ങോട്ട് കേറാൻ നിന്നപ്പോഴേക്കും പിള്ളേരൊക്കെ ഇറങ്ങി വരുന്നു.. ക്ലാസ് കഴിഞ്ഞു. അങ്ങനെ ആദ്യത്തെ ദിവസം ശുഭം !!
സന്തോഷം ആയി.. വിശക്കുന്നു.. ക്യാന്റീനിൽ പോയപ്പോ നല്ല തിരക്ക്.. അല്ലെങ്കിലും ഒരാൾ കമ്പനിക്ക് ഇല്ലാതെ ക്യാന്റീനിൽ കേറാൻ വയ്യ.ഞാൻ പതുക്കെ അവിടേം ഇവിടേം ഒക്കെ നോക്കി കോളേജിന്റെ പുറത്തെത്തി. നേരെ മുന്നിൽ കണ്ട ഹോട്ടലിൽ കേറി ഒരു ബിരിയാണി കഴിച്ചു. കുറച്ചു ആശ്വാസം ആയി.. ബില്ല് കൊടുക്കാൻ നേരം കൗണ്ടറിലെ ചേട്ടനോട് എനിക്ക് പോവേണ്ട സ്ഥലത്തേക്കു ബസ് കിട്ടുമോ എന്ന് ചോദിച്ചു.. എപ്പോഴും ബസ് ഇല്ല.. ചിലപ്പോ ഇപ്പൊ ഒന്ന് വരുമെന്ന് പറഞ്ഞു. ബസ് സ്റ്റോപ്പിൽ കേറി നിന്നപ്പോ പുള്ളി പറഞ്ഞ പോലെ ഒരു ksrtc വരുന്നുണ്ട്.. തിരക്കൊന്നും ഇല്ല.. കേറി ഇരുന്നു.
