ഹരിചരിതം – 3

” സാർ എന്തിന്റെ അടിസ്ഥാനത്തിലാ ന്യായാന്യായങ്ങൾ പറയുന്ന…..” ശ്രീ പറഞ്ഞു തുടങ്ങിയപ്പോഴേക്കും പീരീഡ് കഴിഞ്ഞു കൊണ്ടുള്ള ബെൽ മുഴങ്ങി.

സാർ ചിരിയോടെ ബുക്ക് എല്ലാം എടുത്ത് ” ഇപ്പൊ ഇവർ ഇറങ്ങും, ഇന്റർവെൽ ആയതുകൊണ്ട്… അത് നിങ്ങളുടെ സമരത്തെ സപ്പോർട്ട് ചെയ്തതാണെന്ന് വിചാരിച്ചു നിങ്ങൾ പോയി സന്തോഷിക്ക്” എന്നും പറഞ്ഞു ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോയി.

ക്ലാസ്സിൽ കുട്ടികൾ ഞങ്ങളെ നോക്കി ഇരിക്കുന്നുണ്ട്… ശ്രീ ഒന്നും പറയുന്നില്ല…

ഞാൻ അവളെ വിളിച്ചു.. ” ടീ..ശ്രീ… എന്താ ചെയ്യുന്നേ?? “
അവൾ പെട്ടെന്ന് ഞെട്ടിയ പോലെ… വേഗം തന്നെ ഡയസ്സിലേക്ക് കേറി നിന്ന് മേശയിൽ തട്ടിക്കൊണ്ട് എല്ലാവരോടും ക്ലാസ്സിൽ നിന്നും ഇറങ്ങാൻ പറഞ്ഞു.. ക്ലാസ്സിലെ കുട്ടികൾ ഒന്ന് സംശയിച്ചു നിന്ന ശേഷം ഓരോരുത്തരായി പുറത്തോട്ട് ഇറങ്ങി. എല്ലാവരും പുറത്തോട്ട് ഇറങ്ങിക്കഴിയുന്ന വരെ അവൾ മേശയുടെ മേൽ രണ്ടു കയ്യും കുത്തി മുന്നോട്ട് നോക്കി നിന്നു.

* * * * * * * * *

നേരം 12 മണി കഴിഞ്ഞിട്ടുണ്ടായിരുന്നു… ഞങ്ങൾ ക്യാന്റീനിൽ ഇരിക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി… എല്ലാവരും എന്ത് ചെയ്യണം എന്നാലോചിച്ചു ഇരിക്കാണ്.. രണ്ടു കാര്യങ്ങൾ ആണുള്ളത്..

ഒന്ന്, ആ സാർ അതുപോലെ ഡയലോഗ് അടിച്ചു പോയത് കൊണ്ട് സമരം പൊളിഞ്ഞു എന്ന മട്ടിൽ ആണ് എതിർ പാർട്ടി പ്രചരിപ്പിച്ചു നടക്കുന്നത്.

രണ്ട്, ആ സംഭവം ശ്രീക്ക് നല്ല ക്ഷീണം ആയിട്ടുണ്ട്. ആദ്യമായാണ് അവളുടെ ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവം. കൂടാതെ കോളേജിലെ അവളുടെ പോപ്പുലാരിറ്റി വെച്ച് ഇത്തവണ ചെയര്മാന് ക്യാൻഡിഡേറ്റ് ആവാൻ അവൾക്കാണ് ചാൻസ് കൂടുതൽ.

മുമ്പത്തെ ചെയർമാനും ജനറൽ സെക്രെട്ടറിയും ഒക്കെ കോഴ്‌സ് കഴിഞ്ഞെങ്കിലും ഇവിടെ കോളേജിന്റെ അടുത്തൊക്കെ തന്നെ ഉണ്ട്.. അടുത്ത ഇലെക്ഷൻ കഴിയുന്ന വരെ അവർ ഇവിടെ തന്നെ കാണും.. അവർ അവളുടെ ചുറ്റും കൂടി നിന്ന് അവളെ ആശ്വസിപ്പിക്കാനും സംസാരിക്കാനും ഒക്കെ നോക്കുന്നുണ്ട്. അവൾ മുക്കിയും മൂളിയും എന്തൊക്കെയോ മറുപടി കൊടുക്കുന്നുണ്ട് എന്നല്ലാതെ വേറൊന്നും മിണ്ടുന്നില്ല… കോളേജ് ഏകദേശം കാലി ആയിട്ടുണ്ട്… ചില ഇണക്കുരുവികളും, ബോയ്സിന്റെയും ഗേൾസിന്റെയും ഗാംഗ്‌സ് അല്ലാതെ വേറാരും ഇല്ല അവിടെ.

എനിക്ക് ചെറുതായി വിശക്കാൻ തുടങ്ങിയിട്ടുണ്ട് . ഈ ശ്രീ എന്തെങ്കിലും ഒന്ന് പറഞ്ഞാലേ ഞാൻ കാത്തു നിക്കണോ പോവണോ ഫുഡ് കഴിക്കണോ എന്നൊക്കെ അറിയൂ…. അവളുടെ ഉദ്ദേശം എന്താണാവോ???

നേരം പോവുന്നു… കുറച്ചു കഴിഞ്ഞപ്പോ എല്ലാവരും മിണ്ടാതെ ആയി.. എല്ലാവരും ഫോൺ ഒക്കെ എടുത്ത് നോക്കുകയാണ്. ഞാൻ സൈഡിൽ ഇരുന്നു ശ്രീയെ നോക്കി. അവൾ എന്തൊക്കെയോ ആലോചിച്ചു ഇരിക്കാണ്.. ഞാൻ പതുക്കെ എണീറ്റ് അവളുടെ പിറകിൽ ചെന്ന് തോളിൽ തട്ടി… അവൾ തിരിഞ്ഞു എൻ്റെ മുഖത്തേക്ക് നോക്കി…

” എണീക്ക്… വാ…” ഞാൻ അവളോട് പറഞ്ഞു.

” എങ്ങോട്ട്?? ”

” വാ… നമുക്ക് നോക്കാം.. ഇനി ഇവിടെ ഇരുന്നിട്ട് എന്താ കാര്യം?? ”

അവൾ കസേര നീക്കിയിട്ട് എന്റെ കൂടെ ഇറങ്ങിപ്പോന്നു. കോളേജ് ഗേറ്റ് എത്തുന്ന വരെയും അവൾ ഒന്നും മിണ്ടിയില്ല. ഞാൻ അവളുടെ കയ്യിൽ നിന്നും കീ വാങ്ങി ഹെൽമെറ്റ് തലയിൽ വെച്ച് വണ്ടി തിരിച്ചു.. അവൾ വന്നു വണ്ടിയിൽ കയറി..

ഇവളുടെ മൂഡ് മാറ്റണം.. എന്നാലേ ശെരിയാവൂ.. പക്ഷെ ഇവൾക്കെന്താ ഇഷ്ടം എന്ന് അറിയില്ലല്ലോ… ഏതായാലും ഫുഡ് കഴിക്കണം.. എനിക്ക് വിശക്കുന്നുണ്ട്.

” ടാ… ഇവിടെ എവിടെയാ നല്ല ഹോട്ടൽ ഉള്ളത്?? എനിക്ക് വിശക്കുന്നുണ്ട്….”

” ആണോ.. എനിക്ക് വിശക്കുന്നില്ല.. ഒരു പണി ചെയ്യ്.. എന്നെ വീട്ടിൽ ഇറക്കിയിട്ട് സംസമിൽ പോയി കഴിച്ചോ…” അവൾ പറഞ്ഞു…
“അതിനെനിക്ക് ഇവിടുത്തെ സ്ഥലങ്ങൾ ഒന്നും അറിയില്ല… പിന്നെ നിനക്കെന്താ വിശപ്പില്ലാത്തെ ?? നീയും ഒന്നും കഴിച്ചിട്ടില്ലല്ലോ??? ”

” അറിയില്ല.. എനിക്ക് ഒന്നും കഴിക്കാൻ തോന്നുന്നില്ല… ”

” എന്ന എനിക്കും ഒന്നും വേണ്ട…. വീട്ടിലേക്ക് പോവാം….”

ഞാൻ നേരെ വണ്ടി വീട്ടിലേക്ക് വിട്ടു… ഇടക്ക് അവൾ ഒന്ന് രണ്ടു ഹോട്ടൽ കാണിച്ചു തന്നെങ്കിലും അവൾ വരുന്നില്ല എന്ന് പറഞ്ഞത് കൊണ്ട് വണ്ടി നിർത്താതെ ഞാൻ വീട്ടിലേക്ക് വിട്ടു.

ഞാൻ വണ്ടി സ്റ്റാൻഡിൽ ഇട്ട് ഇറങ്ങിയപ്പോഴേക്കും അവൾ ഗേറ്റ് അടച്ചു സിറ്റ് ഔട്ടിലേക്ക് കേറിയിട്ടുണ്ടായിരുന്നു.

ഞാനും പിന്നാലെ ചെന്ന് നേരെ അടുക്കളയിലേക്ക് കേറി.. ആദ്യമായാണ് ഞാൻ ഇവിടുത്തെ അടുക്കളയിലേക്ക് കേറുന്നത്… നല്ല നീറ്റായിട്ട് തുടച്ചു വെച്ചിരിക്കുന്ന അടുക്കള… മുകളിലെ കബോഡിൽ എല്ലാം ഇഷ്ടം പോലെ കുപ്പികൾ…അതിൽ എന്തൊക്കെയോ മസാലയും പൊടികളും ഒക്കെ..

ഞാൻ സൈഡിലേക്ക് നോക്കി.. അവിടെ ഷെൽഫ് പോലത്തെ വലിയൊരു ഫ്രിഡ്ജ്. ഞാൻ പോയി തുറന്നു നോക്കി… കുറെ അച്ചാറും, മിട്ടായിയും ഒക്കെ ഉണ്ട് അതിൽ. പിന്നെ മിറിണ്ടാ, സെവൻ അപ്പ് ഓരോ കുപ്പിയും.. ഞാൻ ഫ്രീസർ തുറന്നു നോക്കി.. അതിൽ ഐസ് ക്രീമിന്റെ ഫാമിലി പാക്ക് ഉണ്ട്.. എടുത്ത് നോക്കി… കുറച്ചു എടുത്തിട്ടുണ്ട്.. ഞാൻ സ്റ്റാൻഡിൽ നിന്നും ഒരു സ്പൂൺ എടുത്ത് അത് മൊത്തം തിന്നു.. കൂടെ കുറച്ചു ചോക്ലേറ്റും സെവൻ അപ്പും കൂടി ആയപ്പോ കുറച്ചു സമാധാനം.

ഞാൻ ഹാളിലേക്ക് ഇറങ്ങി, ശ്രീയെ കാണാൻ ഇല്ല.. സ്റ്റെയർ കേറി മുകളിലേക്ക്. എന്റെ റൂമിൽ കൊണ്ടുപോയി ബാഗ് വെച്ചു. നല്ല ഐശ്വര്യം ആണ്.. 2 ദിവസം ആയി ക്ലാസ് തുടങ്ങിയിട്ട്.. ഇത് വരെ ക്ലാസ്സിലെ പിള്ളേരെ ഒന്ന് കാണാൻ പറ്റിയിട്ടില്ല… പെട്ടെന്നാണ് സാർ പറഞ്ഞ ഡയലോഗ് ഓർമ വന്നത്..

‘ ബി ടെക്കുകാരുടെ സമരത്തിൽ എം.ടെക്കുകാർക്ക് എന്ത് കാര്യം ?? ‘

ഏഹ്… അപ്പൊ ഇന്ന് സമരം വിളിക്കാൻ പോയത് എൻ്റെ ക്ലാസിലേക്കാണോ… ഈശ്വരാ… നാറി !! ഇനി രണ്ടു കൊല്ലം കാണേണ്ട പിള്ളേരാ… അയാൾ ഞങ്ങളെ ഇട്ടു ആക്കിയത് എല്ലാരും കണ്ടു.. നാളെ ഇനി ക്ലാസ്സിലേക്ക് കേറുന്ന കാര്യം ഓർക്കാൻ വയ്യ… പിന്നെ അയാളെ ഇനി എങ്ങനെ ഫേസ് ചെയ്യും??? ഓർത്തിട്ട് ഒരു സമാധാനം ഇല്ല…

ആ ശ്രീ എന്ത് ചെയ്യാ???

ഞാൻ എണീറ്റ് അവളുടെ റൂമിന്റെ മുന്നിൽ ചെന്ന് നോക്കി… റൂം അടച്ചിട്ടുണ്ട്… തുറക്കണോ?? അതോ തട്ടണോ??

” കേറിക്കോ.. ഡോർ ലോക്ക് ചെയ്തിട്ടില്ല ” അകത്തു നിന്നും വിളിച്ചു പറഞ്ഞു.

ഞാൻ ഇവിടെ ഉണ്ടെന്നു ആരാ പറഞ്ഞത്?? ഇവിടെ സിസിടിവി വല്ലതും ഉണ്ടോ?? ഞാൻ ചുറ്റിനും ഒന്ന് നോക്കീട്ട് ഡോർ തുറന്നു തല അകത്തേക്കിട്ടു.

അവൾ അങ്ങോട്ട് തിരിഞ്ഞു കിടന്നു ഫോണിൽ എന്തോ നോക്കുവാണ്…

ഇനി എന്നോടല്ലേ പറഞ്ഞത്…

” ശ്രീ….” ഞാൻ വിളിച്ചു…

” കേറി വാ സഖാവേ…. ഞാൻ പറഞ്ഞില്ലേ….” അവൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *