ഞാൻ എന്ത് ചെയ്യണം എന്നറിയാതെ ശ്രീയെ നോക്കി. അവൾ ഒന്നും മിണ്ടാതെ സാറിനെ നോക്കി നിൽക്കുകയാണ്. എന്താണ് അവളുടെ മനസ്സിൽ?? മുഖത്തു നിന്നും ഒന്നും വായിച്ചെടുക്കാൻ പറ്റുന്നില്ല.. പക്ഷെ പൊതുവെ കൂൾ ആയിട്ടുള്ള മുഖം ചുവന്നിട്ടുണ്ട്..
” അതെന്താ സാർ ഇവിടെ ബി.ടെക്ക് , എം.ടെക്ക് എന്നൊക്കെ ഒരു വേർതിരിവ്?? എല്ലാവരും ഈ കോളേജിലെ സ്റ്റുഡന്റസ് അല്ലെ…?? അല്ല.. അടികൊണ്ടത് ഞങ്ങളുടെ പാർട്ടിക്കാരും അടിച്ചത് സാറിന്റെ പാർട്ടിക്കാരും ആയതുകൊണ്ടാണോ ഇങ്ങനെ? അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിച്ചതാ….”
ശ്രീ എന്റെ മുന്നിലേക്ക് കേറി നിന്നുകൊണ്ട് പറഞ്ഞു..
സാർ ആദ്യം ഒന്നു പകച്ചെങ്കിലും പെട്ടെന്ന് അവളെ നോക്കി പറഞ്ഞു..
” വേർതിരിവ് ഒന്നും അല്ല.. പിന്നെ പാർട്ടിക്കാര്യം ഇതിനിടക്ക് പറയണ്ട. ഇവർ ഗവൺമെന്റിന്റെ കയ്യിൽ നിന്നും സ്റ്റൈപ്പന്റ് വാങ്ങി പഠിക്കുന്നവരാ… അവർക്ക് സമരം നടത്താൻ ഉള്ള അവകാശം ഒന്നുമില്ല..”
” അങ്ങനെ ആണെങ്കിൽ 2 മാസം മുമ്പ് ശമ്പളപരിഷ്കരണം എന്നും പറഞ്ഞു ഇതേ സർക്കാരിന്റെ ശമ്പളം വാങ്ങുന്ന സാർ ഒക്കെ തന്നെ അല്ലേ ഇവിടെ സമരം ചെയ്തത്?? ”
” അത്…ന്യായമായ ആവശ്യങ്ങൾക്കുള്ളതായിരുന്നു.. ഞാൻ പറഞ്ഞല്ലോ, നിങ്ങളുടെ റെപ്പിനെ തല്ലിയെങ്കിൽ നിങ്ങൾ സമരം വിളിച്ചോളൂ… ഇവർ ഇവിടെ പഠിക്കാൻ വന്നതാ… നിങ്ങളെ പോലെ അല്ല, അവർക്ക് റിസേർച് കൂടി ഉണ്ട്.. അത് കൊണ്ട് കോളേജിനെ മൊത്തത്തിൽ ബാധിക്കാത്ത കാര്യങ്ങൾക്ക് ഇവരെ ഇറക്കാൻ ഞാൻ സമ്മതിക്കില്ല.. ” സാർ വിട്ടുകൊടുക്കാൻ ഉള്ള ഭാവമില്ല.
” സാർ എന്തിന്റെ അടിസ്ഥാനത്തിലാ ന്യായാന്യായങ്ങൾ പറയുന്ന…..” ശ്രീ പറഞ്ഞു തുടങ്ങിയപ്പോഴേക്കും പീരീഡ് കഴിഞ്ഞു കൊണ്ടുള്ള ബെൽ മുഴങ്ങി.
സാർ ചിരിയോടെ ബുക്ക് എല്ലാം എടുത്ത് ” ഇപ്പൊ ഇവർ ഇറങ്ങും, ഇന്റർവെൽ ആയതുകൊണ്ട്… അത് നിങ്ങളുടെ സമരത്തെ സപ്പോർട്ട് ചെയ്തതാണെന്ന് വിചാരിച്ചു നിങ്ങൾ പോയി സന്തോഷിക്ക്” എന്നും പറഞ്ഞു ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോയി.
ക്ലാസ്സിൽ കുട്ടികൾ ഞങ്ങളെ നോക്കി ഇരിക്കുന്നുണ്ട്… ശ്രീ ഒന്നും പറയുന്നില്ല…
ഞാൻ അവളെ വിളിച്ചു.. ” ടീ..ശ്രീ… എന്താ ചെയ്യുന്നേ?? “
അവൾ പെട്ടെന്ന് ഞെട്ടിയ പോലെ… വേഗം തന്നെ ഡയസ്സിലേക്ക് കേറി നിന്ന് മേശയിൽ തട്ടിക്കൊണ്ട് എല്ലാവരോടും ക്ലാസ്സിൽ നിന്നും ഇറങ്ങാൻ പറഞ്ഞു.. ക്ലാസ്സിലെ കുട്ടികൾ ഒന്ന് സംശയിച്ചു നിന്ന ശേഷം ഓരോരുത്തരായി പുറത്തോട്ട് ഇറങ്ങി. എല്ലാവരും പുറത്തോട്ട് ഇറങ്ങിക്കഴിയുന്ന വരെ അവൾ മേശയുടെ മേൽ രണ്ടു കയ്യും കുത്തി മുന്നോട്ട് നോക്കി നിന്നു.
* * * * * * * * *
നേരം 12 മണി കഴിഞ്ഞിട്ടുണ്ടായിരുന്നു… ഞങ്ങൾ ക്യാന്റീനിൽ ഇരിക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി… എല്ലാവരും എന്ത് ചെയ്യണം എന്നാലോചിച്ചു ഇരിക്കാണ്.. രണ്ടു കാര്യങ്ങൾ ആണുള്ളത്..
ഒന്ന്, ആ സാർ അതുപോലെ ഡയലോഗ് അടിച്ചു പോയത് കൊണ്ട് സമരം പൊളിഞ്ഞു എന്ന മട്ടിൽ ആണ് എതിർ പാർട്ടി പ്രചരിപ്പിച്ചു നടക്കുന്നത്.
രണ്ട്, ആ സംഭവം ശ്രീക്ക് നല്ല ക്ഷീണം ആയിട്ടുണ്ട്. ആദ്യമായാണ് അവളുടെ ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവം. കൂടാതെ കോളേജിലെ അവളുടെ പോപ്പുലാരിറ്റി വെച്ച് ഇത്തവണ ചെയര്മാന് ക്യാൻഡിഡേറ്റ് ആവാൻ അവൾക്കാണ് ചാൻസ് കൂടുതൽ.
മുമ്പത്തെ ചെയർമാനും ജനറൽ സെക്രെട്ടറിയും ഒക്കെ കോഴ്‌സ് കഴിഞ്ഞെങ്കിലും ഇവിടെ കോളേജിന്റെ അടുത്തൊക്കെ തന്നെ ഉണ്ട്.. അടുത്ത ഇലെക്ഷൻ കഴിയുന്ന വരെ അവർ ഇവിടെ തന്നെ കാണും.. അവർ അവളുടെ ചുറ്റും കൂടി നിന്ന് അവളെ ആശ്വസിപ്പിക്കാനും സംസാരിക്കാനും ഒക്കെ നോക്കുന്നുണ്ട്. അവൾ മുക്കിയും മൂളിയും എന്തൊക്കെയോ മറുപടി കൊടുക്കുന്നുണ്ട് എന്നല്ലാതെ വേറൊന്നും മിണ്ടുന്നില്ല… കോളേജ് ഏകദേശം കാലി ആയിട്ടുണ്ട്… ചില ഇണക്കുരുവികളും, ബോയ്സിന്റെയും ഗേൾസിന്റെയും ഗാംഗ്‌സ് അല്ലാതെ വേറാരും ഇല്ല അവിടെ.
എനിക്ക് ചെറുതായി വിശക്കാൻ തുടങ്ങിയിട്ടുണ്ട് . ഈ ശ്രീ എന്തെങ്കിലും ഒന്ന് പറഞ്ഞാലേ ഞാൻ കാത്തു നിക്കണോ പോവണോ ഫുഡ് കഴിക്കണോ എന്നൊക്കെ അറിയൂ…. അവളുടെ ഉദ്ദേശം എന്താണാവോ???
