അവൾ വിദ്യാർത്ഥികളോട് ഇന്നത്തെ സ്‌ട്രൈക്കിനെ കുറിച്ചും, അതിന്റെ കാരണത്തെ കുറിച്ചും ആവശ്യത്തെക്കുറിച്ചും ഒക്കെ സംസാരിക്കുന്നത് ക്ലാസ് മുറിയിലെ ചുമരിൽ ചാരി ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു. വീട്ടിൽ വെച്ച് കാണുന്ന ആ മിണ്ടാപ്രാണി, ശബ്ദം ഇല്ലാതെ ചിരിക്കുന്ന ശ്രീ അല്ല ഇത്, ഓരോ വാക്കിലും തീപ്പൊരിയും ഊർജം നിറക്കുന്ന ഈണവും ശബ്ദവും ആയി ഒരു തീപ്പൊരി സഖാവ്. അവളുടെ ഡ്രസിങും കൈ ഉയർത്തി പ്രത്യേക ആക്ഷൻ ഇട്ട് ആവേശത്തോടെ സ്ട്രൈക്ക് വിളിക്കുന്നതും കേട്ട് സന്തോഷം കൊണ്ടോ അഭിമാനം കൊണ്ടോ എന്തൊക്കെയോ കൊണ്ട് ഞാനും മനസ്സ് കൊണ്ട് പാർട്ടിക്കാരൻ ആയി. ആ ക്ലാസ്സിൽ നിന്നും പുറത്തിറങ്ങിയപ്പോ എനിക്കവളെ ഒന്ന് കെട്ടിപിടിക്കണം എന്ന് തോന്നി.. പക്ഷെ അത്രക്ക് അങ്ങോട്ട് അടുപ്പം ആവാത്തത് കൊണ്ടും അവൾ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തത് കൊണ്ടും ഞാൻ അവളെ നോക്കി കിടുക്കി എന്ന് മുഖം കൊണ്ട് കാണിച്ചു. അവൾ ചിരിച്ചു കൊണ്ട് ഞങ്ങളെ വിളിച്ചു അടുത്ത ക്ലാസ്സിലേക്ക് നടന്നു. പോവുന്ന വഴിക്ക് ” എന്താ സഖാവെ.. സ്ട്രൈക്ക് വിളിക്കാൻ തോന്നുന്നുണ്ടോ” എന്ന് ചോദിച്ചു…
” മ്.. ഉണ്ട് ” എന്ന് പറഞ്ഞ ആ നിമിഷം…
അവൾ എന്നെ ഒന്നുകൂടി നോക്കി…
” ശെരിക്കും? ”
” മ്… ശെരിക്കും..പക്ഷെ എനിക്കിത് പരിചയം ഇല്ല. സപ്പോർട്ട് ചെയ്യണം. ”
” അത് പേടിക്കണ്ട… ഞാൻ കൂടെ ഉണ്ടാവും. ”
” അപ്പൊ സിനില്ല. ഞാൻ റെഡി !! ”
” എന്നാ വാ… അടുത്ത ക്ലാസ്സിൽ ഏട്ടൻ കേറിക്കോ… ”
ഞങ്ങൾ താഴേക്കുള്ള സ്റ്റെപ് ഇറങ്ങാൻ തുടങ്ങി.
ക്ലാസ്സിന്റെ വാതിൽക്കൽ എത്തി അകത്തേക്ക് നോക്കി… ആകെ 10-20 പേരെ ഉള്ളൂ… ഇതെന്താ ഇത്ര ചെറിയ ക്ലാസ്സ്..?? ചിലപ്പോ ബാക്കി ഉള്ളവർ സ്ട്രൈക്ക് വിളിക്കാൻ ഇറങ്ങിക്കാണും… ഞാൻ ഓർത്തു.
ക്ലാസ്സിൽ ഒരു സർ ആണ്.. 45 വയസ്സ് ഒക്കെ കാണും. ഇരുനിറം. ഷർട്ട് ഇൻ ചെയ്തിട്ടുണ്ട്. ബോർഡിൽ എന്തോ എഴുതിക്കൊണ്ടിക്കുകയാണ്. ഞങ്ങളെ കണ്ടതും ക്ലാസിൽ പിറുപിറുക്കൽ തുടങ്ങി. അത് കേട്ടുകൊണ്ടാണ് സാർ തിരിഞ്ഞത്. വാതിൽക്കൽ നിക്കുന്ന എന്നേം ശ്രീയേം ബാക്കി കൊടി പിടിച്ചിരിക്കുന്ന വിദ്യാർത്ഥികളെയും കണ്ടപ്പോൾ പുള്ളി ദേഷ്യത്തോടെ എന്താ വേണ്ടത് എന്ന് ചോദിച്ചു. ഞാൻ ഒന്നും മിണ്ടാതെ നിന്നു. ശ്രീ പതുക്കെ എന്റെ കയ്യിൽ പിടിച്ചു മുന്നോട്ട് നീക്കി നിർത്തിക്കൊണ്ട് പറയ്..പറയ് എന്ന് പറഞ്ഞു.
എന്റെ നാവിറങ്ങിപ്പോയി… നേരത്തെ മനസ്സിൽ തോന്നിയ ധൈര്യം ഒക്കെ ചോർന്നു പോയിട്ടുണ്ട്… കയ്യൊക്കെ ആകെ തണുത്തു മരവിച്ച പോലെ. എന്റെ കയ്യിൽ പിടിച്ച ശ്രീയെ ഞാൻ ദയനീയമായി ഒന്ന് നോക്കി…
”മ്.. പറ…”, അവൾ ശബ്ദം താഴ്തി എന്റെ ചെവിയിൽ മന്ത്രിച്ചു.
” അത് സാർ… സ്ട്രൈക്ക് വിളിക്കാൻ വന്നതാണ്…” ഞാൻ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.
” സ്ട്രൈക്കോ?? എന്ത് സ്ട്രൈക്ക് ?? നിങ്ങളാരാ സ്ട്രൈക്ക് വിളിക്കാൻ?? ”
സാർ ദേഷ്യത്തോടെ എന്നെ നോക്കി…
” ഏതായാലും നനഞ്ഞു… ഇനി കുളിച്ചു കേറിക്കോ… ഒന്നും നോക്കണ്ട, മുമ്പത്തെ ക്ലാസ്സിൽ ശ്രീ പറഞ്ഞ കാര്യങ്ങൾ ഒക്കെ ചേർത്ത് ഒരു ഡയലോഗ് അംഗ കാച്ചിക്കോ… “, മനസ്സ് പറഞ്ഞു…
” സാർ… ഇന്നലെ എതിർ പാർട്ടിക്കാർ കാരണം ഒന്നുമില്ലാതെ നമ്മുടെ തേഡ് ഇയർ റെപ്പിനെ തല്ലി.. അവനിപ്പോ പരിക്ക് പറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്.. അതിനു കാരണക്കാരായവർക്കെതിരെ നടപടി ഉണ്ടാവണം.. അതാവശ്യപ്പെട്ടാണ് സ്ട്രൈക്ക്.. ” ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞുനിർത്തി.
സാർ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയാണ്. ഞാനും നോട്ടം മാറ്റാൻ പോയില്ല.. പേടി ഉണ്ടങ്കിലും സാറിന്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു.
” ശെരി… ഈ തേഡ് ഇയർ റെപ്പ് എന്ന് പറഞ്ഞാൽ ബി.ടെക്ക്.കാരുടെ റെപ്പ് അല്ലേ… അതിനു എം.ടെക്കുകാർ സമരത്തിന് ഇറങ്ങേണ്ട കാര്യം ഇല്ല. നിങ്ങൾ ബി.ടെക്കുകാരെ ഇറക്കിക്കോ… ” , പറഞ്ഞിട്ട് സാർ ക്ലാസ്സ് എടുക്കാനായി തിരിഞ്ഞു.
