Related Posts
ഇനി അങ്ങോട്ട് കുറച്ചു ക്യാമ്പസ് കാര്യങ്ങൾ ആണ്… അതിനിടക്ക് പ്രണയം കയറി വരാം എന്നെ ഉള്ളൂ… ഇടക്കെവിടെയോ വെച്ച് നഷ്ടപ്പെട്ടു പോയ പഴയ കോളേജ് ലൈഫ് ഒരിത്തിരി സമയത്തേക്കെങ്കിലും നിങ്ങൾക്ക് ഓർമ വന്നെങ്കിൽ…അത്രേ എനിക്ക് വേണ്ടൂ…
” ടാ.. എണീക്ക്. നമ്മളെത്തി “, അച്ഛന്റെ ശബ്ദം കേട്ടാണ് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്. എന്തോ സ്വപ്നം കാണുകയായിരുന്നു. എന്താണെന്നു ഓർമ കിട്ടുന്നില്ല. ഞാൻ പതിയെ മുകളിൽ തല തട്ടാതെ ബർത്തിൽ എണീറ്റിരുന്നു. ട്രെയിൻ ഏതോ സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. ഞാൻ പതിയെ തലക്ക് വെച്ച ബാഗിന്റെ മുൻപിലെ അറ തുറന്നു എൻ്റെ കണ്ണട പുറത്തെടുത്തു. സ്‌കൂളിൽ പഠിക്കുന്ന കാലം മുതലേ ഇതെന്റെ കൂടെ ഉണ്ട്. അതുകൊണ്ട് തന്നെ ചെറുപ്പത്തിൽ ജീവനായി കൊണ്ട് നടന്ന ഫുട്ബോൾ എനിക്ക് സ്കൂളിൽ എത്തിയപ്പോൾ ഉപേക്ഷിക്കേണ്ടി വന്നു. പിന്നെ പതിയെ പതിയെ കളിക്കാൻ വയ്യാത്ത കളിയോട് അകലാൻ തുടങ്ങി. അങ്ങനെ ഇപ്പോൾ ഫുട്ബോൾ കാണലും നിന്നു.
മിഡിൽ ബെർത്തിൽ നിന്നും താഴേക്ക് ചാടി ഇറങ്ങി. അച്ഛൻ ട്രോളി ഒക്കെ എടുത്ത് വെച്ചിട്ടുണ്ട്. ഫോണിൽ ആരോടോ സംസാരിക്കുകയാണ്. എന്നോട് ട്രോളി എടുക്കാൻ ആംഗ്യം കാണിച്ചു കൊണ്ട് അച്ഛൻ ഒരു ബാഗ് എടുത്ത് മുൻപിൽ നടന്നു.
റെയിൽവേ സ്റ്റേഷന്റെ പുറത്തു അച്ഛന്റെ സുഹൃത്ത് കാത്തുനിന്നിരുന്നു. അമ്പത് വയസ്സോളം പ്രായം തോന്നിക്കുന്ന ഒരാൾ.. അയാൾ ചിരിയോടെ അച്ഛന്റെ അടുത്തേക്ക് നടന്നു വന്നു, സല്യൂട്ട് ചെയ്യുന്ന പോലെ കാണിച്ചു. എന്നിട്ടാ ബാഗ് വാങ്ങിക്കൊണ്ട് കാറിനടുത്തേക്ക് നടന്നു – ഒരു വെള്ള i 20 .
ഞാൻ പുറകിൽ കയറി ഇരുന്നു. ആദ്യമായാണ് ഞാൻ തിരുവനന്തപുരം വരുന്നത്. തലസ്ഥാന നഗരി, അനന്തപുരി.. ഇനിയുള്ള രണ്ടു വർഷങ്ങൾ ഞാൻ ഇവിടെ ആണ്. KSRTC ബസ് ടെർമിനലിന്റെ മുന്നിലുള്ള റൌണ്ട് എബൌട്ട് നെ ചുറ്റി കാർ മുന്നോട്ട് ഓടി.റോഡിൽ കുറച്ചൊക്കെ തിരക്കുണ്ട്. ബസും, ഓട്ടോയും, കാറും ഒക്കെ ആയി. വണ്ടി ഓടിക്കൊണ്ടിരുന്നു….
ഒരു രണ്ടു നില വീടിനു മുന്നിലാണ് കാറ് വന്നു നിന്നത്. ഗേറ്റ് തുറന്നു കൊണ്ട് ചുരിദാർ ഇട്ട ഒരു സ്ത്രീ നിൽക്കുന്നു. നല്ല ആഢ്യത്വം ഉള്ള മുഖം. കഴുത്തിൽ കട്ടിയുള്ള ഒരു സ്വർണ ചെയിൻ. നല്ല ഉയരവും പാകത്തിന് തടിയും. എൻ്റെ അമ്മയെ പോലെ തന്നെ തോന്നുന്നു.
കാറിൽ നിന്നും പുറത്തിറങ്ങിയപ്പോഴേക്കും ആന്റി അടുത്തേക്ക് വന്നു. എന്റെ ചുരുളൻ മുടിയിൽ തലോടിക്കൊണ്ട്,
” വലിയ കുട്ടി ആയല്ലോ.. ദേ ഇത്ര ഉള്ളപ്പോ കണ്ടതാ. ഞങ്ങളെ ഓർമ ഉണ്ടോ?? ” എന്ന് ചോദിച്ചു.
ഇല്ല.. എനിക്ക് യാതൊരു പരിചയവും തോന്നുന്നില്ല. പക്ഷെ എന്തോ ഒരു അടുപ്പം തോന്നുന്നു.
ഞാൻ ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ട് തല ആട്ടി.
“അതിനു അവരൊക്കെ ഓർമ വെക്കുന്നതിന്റെ മുന്നേ നമ്മൾ അവിടുന്ന് പോന്നില്ലേ?? എങ്ങനെ ഓർമ കാണാനാ… ” അങ്കിൾ എൻ്റെ രക്ഷക്കെത്തി.
എല്ലാവരും വീടിനകത്തേക്ക് കേറി. എല്ലാ സൗകര്യങ്ങളും ഉള്ള ഒരടിപൊളി വീട്. താഴെ രണ്ടു റൂം- അതിൽ ഒരെണ്ണം ഓഫീസ് റൂം ആണ്. മുകളിൽ മൂന്നു റൂം.
” മോന്റെ റൂം മുകളിലാ… ” ആന്റി എന്റെ കൂടെ വന്നുകൊണ്ട് പറഞ്ഞു.
റൂം കൊള്ളാം.. വലിയൊരു റൂം, ബാത്ത് അറ്റാച്ചഡ്. റൂമിന്റെ നടുക്ക് വലിയൊരു ഡബിൾ കോട്ട്. സൈഡിൽ ആയി സ്വിച്ച് ബോർഡിൻറെ അടുത്ത് മരം കൊണ്ടുള്ള ഒരു മേശയും കസേരയും. മേശപ്പുറത്തു എന്തൊക്കെയോ മെഡിക്കൽ ബുക്‌സ് ഇരിക്കുന്നു. റൂമിന്റെ ഒരു സൈഡ് നിറച്ചു കബോഡ്… ഒരു സൈഡിലെ ജനലിനടുത്തായി പുറത്തേക്ക് ബാല്കണിയിലേക്ക് ഒരു വാതിൽ. നല്ല തണുപ്പ് ഉള്ള ഒരു റൂം. എനിക്കിഷ്ടപ്പെട്ടു.
അല്ല, ഇഷ്ടപ്പെട്ടിട്ട് കാര്യം ഇല്ല. കോളേജിലേക്ക് 8 -10 കിലോമീറ്റർ ഉണ്ടെന്നു തോന്നുന്നു. ഏതായാലും കോളേജ് ഹോസ്റ്റൽ കിട്ടുമോ എന്ന് നോക്കണം. വീട്ടിൽ ആണെങ്കിൽ ഒരു ഫ്രീഡം കിട്ടില്ല.
