അത് കൊണ്ടു മോനൂ പേര് വിളിച്ച മതി..
എന്താ ആ കുട്ടിയുടെ പേര്…
ആാാ… ആർക്കറിയാം.. എന്താ പേര് എന്നോ എന്ത് ജാതി ആണെന്നോ…
പേര് പോലും അറിയാത്ത പെണ്ണിനെയാണോടാ കെട്ടി വീട്ടിൽ കൊണ്ടേ നിർത്തിയിരിക്കുന്നത്….
ഗോഡ് ഫാദർ സിനിമയിലെ പോലെ കെട്ടെടാ താലി.. കൊട്ടെടാ മേളം അതായിരുന്നു അവിടുത്തെ അവസ്ഥ…അതിനിടയിലാണ് പേരും നാളും ഒക്കെ തിരക്കാൻ പോകുന്നത്..
ഹിരൺ അതെ നിൽപ്പിൽ അങ്ങനെ പറഞ്ഞു എങ്കിലും മുന്നേ ഉണ്ടായിരുന്ന ദേഷ്യ ഭാവം അവനിൽ ഇല്ലായിരുന്നു….
അവന്റെ ദേഷ്യഭാവം വിട്ടൊഴിഞ്ഞതിൽ ബിൻസിയുടെ മുഖവും തെളിഞ്ഞു വന്നു..
പേര് അറിയില്ലേ വേണ്ട കാണാൻ എങ്ങനെയാ സുന്ദരിയാണോ….
ഹിരൺ തല ചെരിച്ചു ബിൻസിയുടെ മുഖത്തേയ്ക്ക് നോക്കി…
ഹാ… പറയെന്നെ.. എങ്ങനെ എന്റെ മോനൂട്ടനേക്കാളും സുന്ദരിയാണോ…
സൗന്ദര്യം മുഖത്തിനല്ല മനസിനാണ് വേണ്ടത് എന്നല്ലേ ഇച്ചേയി പറയാറ്. ഒരാളുടെ ജീവിതത്തിലേയ്ക്ക് ഇരുട്ട് മൂടി കടന്നു വന്ന അവൾക്കു എന്തായാലും ആ സൗന്ദര്യം ഇല്ല….
വിരിഞ്ഞ പുഞ്ചിരിയോടെ ബിൻസി ഹിരണിന്റെ കവിളിൽ ഒന്ന് പിച്ചി വലിച്ചു.
ആാാ ആാാ ആാാാ…….
കൈ കൊണ്ട് കവിൾ പൊത്തി ഹിരൺ നിലത്തേയ്‌ക്ക് ഇരുന്നു പോയി.
അബദ്ധം ആയി പോയി എന്ന് ബിൻസിയ്ക്കും തോന്നി പോയി.
വാത്സല്യ പൂർവ്വം പിടിച്ചു വലിച്ചത് അടികൊണ്ടു ചതഞ്ഞിരുന്ന കവിളിൽ ആയിരുന്നു.
തുറന്നിരുന്ന വായിലൂടെ ഇറ്റ് വീണ ഉമിനീരിനൊപ്പം വായിലെ മുറിവിൽ നിന്നും രക്തവും കലർന്നൊഴുകി.
എന്നാലും എന്റെ മോനൂട്ട നീ ഏഴു വയസ്സ് മുതൽ കളരിയും കാരാട്ടയുവോക്കെ പഠിച്ചു നടന്നത് ഇങ്ങനെ അടി കൊള്ളനായിരുന്നോ….
ഹിരണിന്റെ വായിൽ നിന്നും ഒഴുകിയിറങ്ങിയ ചോരത്തുള്ളികൾ കൈ കൊണ്ട് തുടച്ചെടുത്തു ബിൻസി ചോദിച്ചു.
അതിനു എനിക്ക് ഒന്ന് നേരെ നിക്കാനുള്ള ആവതെങ്കിലും വേണ്ടേ.. ഒന്നാമതെ ഞാൻ ഫിറ്റായിരുന്നു… അതിന്റെ പുറകെ വാളും കൂടെ വച്ചതോടെ എന്റെ എല്ലാ പിടിയും വിട്ടു…
ഒരു ചമ്മിയ ചിരിയോടെ ഹിരൺ പറഞ്ഞു നിർത്തിയതും ബിൻസി അവന്റെ ഒരു പരിക്കും ഇല്ലാതിരുന്ന ചെവി പിടിച്ചങ്ങു തിരിച്ചു…
എന്തൊരു അഭിമാനത്തോടെയാ പറയുന്നത്.. ഫിറ്റ് ആയിരുന്നു പോലും…
ബിൻസി തനി അവന്റെ അമ്മയായി മാറി
ആാാ.. ഇച്ചേയി വിട് വേദനിക്കുന്നു…
ബിൻസിയുടെ കൈ എടുത്തു മാറ്റികൊണ്ട് ഹിരൺ പറഞ്ഞു
ഞാൻ ആദ്യവായിട്ടൊന്നുവല്ലല്ലോ കുടിക്കുന്നത്.. ഞാൻ പപ്പയുടെ കൂടെ ഇരുന്നു കുടിയ്ക്കാറുള്ളതല്ലേ .. എല്ലാവർക്കും അറിയുന്നതും അല്ലെ അതൊക്കെ…
എനിയ്ക്ക് ഓർമ്മയുള്ള കാലം തൊട്ടു ഞാൻ കാണുന്നതാണ് പപ്പാ മദ്യപിയ്ക്കുന്നത്. എന്നും ഒന്നുവില്ല വല്ലപ്പോളും ഒക്കെ. പക്ഷെ ഒരിക്കൽ പോലും പപ്പാ ലിമിറ്റ് വിട്ടിട്ടില്ല….എത്രയാടാ പപ്പയുടെ കണക്കു….
ബിൻസി ദേഷ്യത്തോടെ തന്നെ ചോദിച്ചു…
നാല്…..
നിനക്ക് പപ്പാ തരാറുള്ളതോ….
ഹിരൺ അതിനു മറുപടി ഒന്നും പറഞ്ഞില്ല. തല ഒന്ന് താഴ്ത്തി കയ്യിലെ രണ്ടു വിരലുകൾ അവൻ ഉയർത്തി കാണിച്ചു..
അപ്പോ അറിയാം നിനക്ക് പപ്പാ വച്ചിരിക്കുന്ന ലിമിറ്റ് 2 പെഗ് ആണെന്ന്..
മ്മ്
എന്നിട്ട് അന്ന് നീ എത്രയാ മോന്തിയത് രണ്ടു കുപ്പിയോ….
വായിലെ പല്ല് മുഴുവൻ കാണിച്ചു ഹിരൺ ഇളിച്ചു.
എടുത്ത കൈക്കു ബിൻസി അവന്റെ കവിള് നോക്കി ഒരു കുത്തും കൊടുത്തു…
കിണിക്കല്ലേ.. കുടിച്ചു ബോധം ഇല്ലാതെ ഓരോ വയ്യാവേലിയും പിടിച്ചു നാട്ടുകാരുടെ തല്ലും വാങ്ങി വന്നേക്കുന്നു.. എന്നാ പേരിനെങ്കിലും ഒരാളെ തിരിച് ഒരടിയെങ്കിലും അടിച്ചോ അതുവില്ല.. ഒരു കരാട്ടെ കാരൻ വന്നേക്കുന്നു.. നാണവില്ലാത്തവൻ……
ഹിരൺ പതിഞ്ഞ സ്വരത്തിൽ എന്തോ പറഞ്ഞു. ചുണ്ട് മാത്രേ അനങ്ങിയൊള്ളു..
എന്തോന്നാടാ പിറുപിറുക്കുന്നത്……
ആദ്യത്തെ അടിയിൽ ഉള്ള ബോധം കൂടി പോയി ഞാൻ സൂപ്പർമാന്റെ കുഞൊന്നുവല്ല… പത്തിരുപതു പേരെ ഒറ്റയ്ക്ക് ഇടിക്കാൻ ബോധം ഉണ്ടെ പിന്നേം എന്തേലും കാണിക്കാം..
ഒരഞ്ചാറു കുപ്പിയും കൂടി കുടിക്കു ബോധം കൂടട്ടെ…
ദേഷ്യത്തോടെ ബിൻസി പോയി വീണ്ടും ആ ബെഞ്ചിൽ ഇരുന്നു. കാലിനു മുകളിൽ കാലും കയറ്റി വച്ചു കൈ നെഞ്ചിനു കുറുകെ കെട്ടി ദൂരേയ്ക്ക് നോട്ടമെറിഞ്ഞു
