ഫോണിന്റെ ഡിസ്പ്ലേയിൽ ആ വീഡിയോ ഓടി തുടങ്ങി.
ഇലുമിനേഷൻ ലൈറ്റ് എന്ന് തോന്നിക്കും വിധം അലങ്കാരം ചെയ്തിട്ടുള്ള ഒരു മതിലിന്റെ കുറച്ചു ഭാഗം. പിന്നെ ഒരു റോഡും. രാത്രി കാഴ്ച ആയതിനാൽ കൂടുതൽ ഒന്നും വ്യക്തമല്ല. ഏതോ ഒരു സി സി ടിവി ദൃശ്യം ആണെന്ന് മനസിലായി ഹിരണിനു.
ഒന്നോ രണ്ടോ വാഹനങ്ങൾ അത് വഴി കടന്നു പോകുന്നത് കണ്ടു. പിന്നെ കാണുന്നത് ഒരു ബൈക്ക് വന്നു പതിയെ നിർത്തുന്നത്. സ്വന്തം ബൈക്ക് തിരിച്ചറിയാൻ അവനു അധികം സമയം ഒന്നും വേണ്ടി വന്നില്ല. ഹെൽമെറ്റ് ഊരുന്നതും ഒന്ന് പരുങ്ങി നിൽക്കുന്നതും പ്രാളപെട്ടു മതില് കടന്നു ഉള്ളിലെ ഇരുട്ടിലേക്കു ഓടി പോകുന്നതും അരണ്ട വെളിച്ചത്തിൽ കാണാൻ കഴിയുന്നുണ്ട്. ഹെൽമെറ്റ് ഊരുന്ന സമയം മാത്രം മുഖം വ്യക്തമാണ്.കുറച്ചു സമയത്തേയ്ക്ക് ഒന്നും തന്നെയില്ല. പിന്നെ കാണുന്നത് മുഖം മറച്ചു ഒരാൾ ബൈക്ക് വന്നു നിർത്തിയ വഴിയിലൂടെ ഓടി പോകുന്നത്. അല്പം കഴിഞ്ഞു ആരൊക്കെയോ ഓടി വരുന്നു
പിന്നീട് കാണുന്നത് അവരെല്ലാവരും കൂടി തന്നെ പിടിച്ചു വലിച്ചു കൊണ്ടുവരുന്നതും തല്ലുന്നതുവൊക്കെയാണ് .
അപ്പോൾ ഇതാണ് എല്ലാത്തിനും കാരണമായ എല്ലാവരും തന്നെ തെറ്റിദ്ധരിച്ചതിനുള്ള ആധാരം . സി സി ടി വി ദൃശ്യങ്ങൾ കണ്ടിട്ടുള്ള ആരും തന്നെ താൻ പറയുന്നത് ഒന്നും വിശ്വസിക്കില്ല. ബൈക്കിൽ വന്നിറങ്ങിയതും എല്ലാവരും പിടിച്ചു വലിച്ചു കൊണ്ട് പോകുന്നത് എന്നെ തന്നെയാണെന്ന് എല്ലാവർക്കും മനസിലാകും മുഖം വ്യക്തമാണ്. മുഖം വ്യക്തമല്ലാത്തതു അതിനിടയിലൂടെ ഓടി മറയുന്ന ആളിന്റെ മാത്രം.ഇട്ടിരിക്കുന്ന ഡ്രെസ്സിന്റെ നിറം ഇരുട്ട് ആയതിനാലും ബ്ലാക്ക് ആൻഡ് വൈറ്റ് ദൃശ്യം ആയതിനാലും മനസിലാക്കാൻ കഴിയുന്നില്ല പക്ഷെ ഡിസൈൻ ഒരു പോലെ തന്നെ.അത് കൊണ്ട് തന്നെ മുഖം മറച്ചു വച്ചു ഓടി പോയത് താനല്ല എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അമ്മയും പപ്പയും ആൻസി അമ്മയും മറ്റുള്ളവരെ പോലെ അത് താൻ തന്നെയാണ് എന്ന് വിശ്വസിച്ചിട്ടുണ്ടാകും.
ഹിരൺ തല ഉയർത്തി ബിൻസിയെ ഒന്ന് നോക്കി അവൾ അപ്പോഴും തല താഴ്ത്തി തന്നെ ഇരിക്കുന്നു.
അവളുടെ ഭവമാറ്റത്തിന്റെ കാരണം എന്തെന്ന് അവൻ കൂടുതൽ ചികയാൻ നിന്നില്ല. തന്റെ സങ്കടങ്ങളിൽ കൂടെ നിൽക്കാനും ആശ്വസിപ്പിക്കാനും ഉണ്ടായിരുന്ന ഒരേ ഒരാൾ. ഇനി അതും ഉണ്ടാവില്ല.എല്ലാവരെയും പോലെ ഇച്ചേയിയും ഇനി തന്നെ അവിശ്വസിക്കും.
കാറിൽ നിന്നും ഇറങ്ങാൻ ശ്രെമിച്ച ഹിരണിന്റെ കയ്യിൽ ബിൻസി വീണ്ടും പിടുത്തം ഇട്ടു..
ഞാൻ ചോദിച്ചതിന് നീ മറുപടി പറഞ്ഞില്ല…
ഇനി ഞാൻ എന്ത് പറയാൻ. ഞാൻ പറയുന്നതൊന്നും ആർക്കും വിശ്വാസം ഇല്ലല്ലോ….
വിശ്വാസം ഇല്ലെന്നു ഞാൻ പറഞ്ഞോ…..
പിന്നെ എന്താ ഇച്ചേയി ചോദിച്ചതിന്റെ അർത്ഥം…
നീ കുടിച്ചു ബോധം ഇല്ലാതെ നീ പോലും അറിയാതെ എന്തെങ്കിലും ചെയ്തതാണോ… നിനക്ക് ഓർമയില്ലാഞ്ഞിട്ടാണോ എന്നാണ് ചോദിച്ചത്….
രണ്ടും ഒന്ന് തന്നെയല്ലേ…
അല്ല രണ്ടും ഒന്നല്ല…. അറിഞ്ഞു കൊണ്ട് നീ അത് ചെയ്യില്ല.. ആ വിശ്വാസം എനിക്ക് ഉണ്ട്.. അറിയാതെ എന്തേലും പറ്റിയിട്ടുണ്ടോ എന്ന ചോദിച്ചത്….
അങ്ങനെ ഓർമ കിട്ടാതിരിക്കാനും മാത്രം ഫിറ്റ് ഒന്നുവല്ലായിരുന്നു ഞാൻ..ബൈക്കിൽ വന്നിറങ്ങിയതും എല്ലാവരും കൂടി പിടിച്ചു വലിച്ചു കൊണ്ടുവരുന്നതും എന്നെ തന്നെയാണ്. പക്ഷെ ഇടയിലൂടെ ഓടി പോയത് ഞാനല്ല….
അല്പം ദേഷ്യത്തിൽ തന്നെ ഹിരൺ പറഞ്ഞു നിർത്തി
കൈ കുടഞ്ഞു ബിൻസിയുടെ പിടുത്തം വിടുവിയ്ക്കാൻ നോക്കി എങ്കിലും അവൾ പിടുത്തം മുറുക്കി.
കണ്ടെത്തണം അത് ആരായിരുന്നു എന്ന്. എല്ലാവരും അറിയണം.. നീ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന്..
ഒരു തരം വാശിയോട് ബിൻസി അത് പറഞ്ഞപ്പോൾ ഹിരണിനു അത് എങ്ങനെ എന്നൊരു ചോദ്യം മനസ്സിൽ ഉടലെടുത്തു.
അവളോട് തന്നെ ചോദിക്കണം.. ആരായിരുന്നു അവിടെ വന്നത് എന്ന് അവൾ തന്നെ പറയണം.. പറയിപ്പിക്കും…
ദേഷ്യത്തിൽ ചുവന്നു വിറച്ചു കൊണ്ട് ബിൻസി അത് പറഞ്ഞു.
