കുടിച്ചു ബോധം ഇല്ലാതെ മകൻ നടന്നതിന്റെ അമ്മ മനസ്സിന് പരിഭവം അല്ല എങ്കിൽ ഒരു ചേച്ചി പെണ്ണിന്റെ അധികാരം അതെല്ലാം ബിൻസിയുടെ പ്രവർത്തിയിൽ ഉണ്ടായിരുന്നു
ചെറു പുഞ്ചിരിയോടെ ഹിരൺ ബിൻസി ഇരുന്ന ബെഞ്ചിൽ വന്നു ഇരുന്നു. കാലിനു മുകളിൽ കയറ്റി വച്ചിരുന്ന ബിൻസിയുടെ കാല് തള്ളി നീക്കി അവൻ വീണ്ടും അവളുടെ മടിയിലേക്ക് തല ചായിച്ചു. വയറിലേക്ക് മുഖം ചേർത്ത് കിടന്നുകൊണ്ട് അവൻ അവളുടെ വയറിനു മുകളിലുള്ള മടക്കുകളിൽ വിരലുകൾ ഓടിച്ചു അവളെ ഇക്കിളി കൂട്ടി.
ദേഷ്യഭാവത്തോടെ ദൂരേയ്ക്ക് നോക്കിയിരുന്ന ബിൻസിയുടെ മുഖത്തു പുഞ്ചിരി വിടർന്നു. എത്രയൊക്കെ ദേഷ്യം പിടിച്ചാലും വഴക്കിട്ടാലും മോനൂ ഇങ്ങനെ തന്നെ ഒരു മാറ്റവും ഇല്ല മടിയിൽ കിടന്നു വയറില് ഇക്കിളി കൂട്ടും. അവന്റെ ആ പ്രവർത്തിയിൽ എത്ര തന്നെ ദേഷ്യം ഉണ്ടായാലും വാശി ഉണ്ടായാലും അത് അലിഞ്ഞു ഇല്ലാതാവും.
മാറിന് കുറുകെ കെട്ടിവെച്ചു കൈ അയച്ചു അവൾ ഹിരണിന്റെ തലയിൽ തലോടികൊണ്ടിരുന്നു.
ഇച്ചേയി……
മ്മ്….
ഇപ്പൊ ഇച്ചേയി എന്നോട് ചോദിച്ച പോലെ അല്ലെങ്കിൽ എന്നെ കേൾക്കാനുള്ള മനസ് കാണിച്ച പോലെ ഇന്നലെ ആരെങ്കിലും ശ്രെമിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ഉണ്ടാവില്ലായിരുന്നല്ലേ…..
നീ ഒരു തെറ്റും ചെയ്തില്ലല്ലോ മോനൂ… നിനക്ക് എല്ലാവരോടും പറയാമായിരുന്നില്ലേ….
പറയണം എന്നുണ്ടായിരുന്നു. പക്ഷെ അമ്മ ഞാൻ തെറ്റ് ചെയ്തു എന്ന് പറഞ്ഞപ്പോ എന്റെ നാവു അനങ്ങിയില്ല… എല്ലാവരുടെയും മുന്നിൽ അമ്മയും ആൻസി അമ്മച്ചിയും അപമാനിതർ ആവുന്നത് കണ്ടപ്പോ എനിക്ക് പിന്നെ അനുസരിക്കാനേ തോന്നിയുള്ളു….
കുനിഞ്ഞു ബിൻസി അവന്റെ തലയിൽ മുത്തി
എങ്ങനെ ഈ പ്രശ്നം ഒന്ന് പരിഹരിക്കും ഇച്ചേയി…എനിക്ക് ഈ ഒരു അവസ്ഥ താങ്ങാൻ പറ്റുന്നില്ല…
നമുക്ക് എല്ലാത്തിനും വഴി ഉണ്ടാക്കാം.. ഞാൻ എന്തായാലും ആ കുട്ടിയോട് ഒന്ന് സംസാരിക്കട്ടെ.. എന്തിനാണ് എന്റെ മോനൂട്ടന്റെ ജീവിതം ഇരുട്ടിലാക്കിയത് എന്ന് എനിക്കും അറിയണം…
കുറെ ഏറെ നേരം കൂടെ ഇരുവരും അവിടെ ചിലവഴിച്ചു.ബിൻസി ആലോചനയിൽ മുഴുകിയിരുന്ന അത്രയും സമയം ഹിരൺ അവളുടെ മടിയിൽ കണ്ണടച്ച് കിടന്നു. ഉറങ്ങാൻ കഴിഞ്ഞില്ല എങ്കിലും ഇച്ചേയിയുടെ മടിയിലെ ആ കിടത്തം അവനു ആശ്വാസം ആയിരുന്നു.
ഫോൺ അടിക്കുന്നത് കേട്ടു നിശബ്ദദയിൽ ഇരുവരും ഒന്ന് ഞെട്ടി. ബിൻസി ഫോണിൽ നോക്കി അലാറം ആണ് സമയം 4.30..
ചിന്തകളിൽ മുഴുകി ഇരുന്നതിനാൽ സമയം പോയത് ഒന്നും ഇരുവരും അറിഞ്ഞില്ല..
ഹിരൺ അവളുടെ മടിയിൽ നിന്നും എഴുന്നേറ്റു ഒന്ന് മൂരി നിവർന്നു കൂടെ ബിൻസിയും. ഇരുവരും നടന്നു കാറിൽ കയറി വീട്ടിലേക്കു തിരിച്ചു. വീട്ടിലേക്കു തിരിയാതെ പപ്പയുടെ ഗേറ്റ് ലക്ഷ്യമാക്കി കാറ് നീങ്ങുന്നത് കണ്ടു ഹിരൺ ചോദിച്ചു.
എങ്ങോട്ടേയ്ക്കാ……
പപ്പയുടെ അടുത്തേക്ക് പോകാം … ആ കുട്ടി അവിടെ ഉള്ളതല്ലേ.. ഇപ്പൊ നിന്റെ അവസ്ഥക്ക് കുറച്ചു മാറ്റം ഉണ്ട്. ഇനിയും അങ്ങോട്ട് ചെന്ന നീ വീണ്ടും പഴയ പോലെ ഓരോന്നു ആലോചിച്ചു കൂട്ടും….
വേണ്ട ഞാൻ അങ്ങോട്ടേക്ക് ഇല്ല.. അവിടെ വന്നു ഇനി അമ്മച്ചിയ്ക്കും റിൻസിയ്ക്കും ചീത്തപ്പേരു ഉണ്ടാകുന്നില്ല…
ഹിരാ……
ഹിരൺ പുറത്തേയ്ക്ക് നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.
ഗേറ്റിനു മുന്നിൽ നിർത്തിയ കാറിൽ നിന്നും ഇറങ്ങി അവൾ ഡോർ വലിച്ചടച്ചു ആരോടോ ഉള്ള ദേഷ്യത്തിൽ ചവിട്ടി തുള്ളി വീട്ടിലേക്കു നടന്നു. അപ്പോളും ഹിരൺ കാറിൽ പുറത്തേയ്ക്ക് കണ്ണും നട്ടിരുന്നു
ആ സമയത്തും സിറ്റ്ഔട്ടിലെ ചാരു ബെഞ്ചിലെ തൂണിൽ ചാരി ആൻസിയും ചാരു കസേരയിൽ ഇരുന്നു പപ്പയും ഗഗനമായ ചിന്തകളിൽ ആയിരുന്നു.
പടി കടന്നു കയറി ആൻസിയ്ക്ക് സമീപത്തായി ബിൻസി ഇടം പിടിച്ചു. പതിവിന് വിപരീതമായി അവളുടെ ദേഷ്യഭാവം കണ്ട ആൻസി ചോദിച്ചു.
നീ മോനൂട്ടനോട് സംസാരിച്ചോ… അവൻ എന്നാ പറഞ്ഞെ….
അമ്മയെ ഒന്ന് തുറിച്ചു നോക്കിയിട്ട് അവൾ വീണ്ടും മുഖം തിരിച്ചു.
ഇച്ചു നിന്നോടാ ഞാൻ ചോദിച്ചത് മോനൂട്ടൻ എന്താ പറഞ്ഞെന്നു…
