നിങ്ങൾക്കു എന്തെ അവനോട് ചോദിക്കാൻ പാടില്ലായിരുന്നു… എല്ലാവരും കൂടി അവനെ ഒറ്റപ്പെടുത്തിയല്ലോ.. അതിനു മുന്നേ ഒരാളെങ്കിലും അവനു പറയാനുള്ളത് എന്താണെന്നു കേട്ടോ ഇല്ലല്ലോ എന്നിട്ടിപ്പോ കാര്യം അറിയാൻ നിക്കുന്നു.
ദേഷ്യത്തോടെ പറഞ്ഞു തുടങ്ങി എങ്കിലും ഒടുക്കം ബിൻസി കരഞ്ഞു പോയി…
നിങ്ങളിൽ ആരെങ്കിലും ഒരാള് അവനു പറയാനുള്ളത് ഒന്ന് കെട്ടിരുന്നെങ്കിൽ….
അത് ഇച്ചു അപ്പോളത്തെ അവസ്ഥയിൽ എല്ലാവരും കൂടി അവൻ അങ്ങനെ ചെയ്തു എന്നൊക്കെ പറഞ്ഞപ്പോ……
പറഞ്ഞപ്പോ എല്ലാവരും അതങ്ങു വിശ്വസിച്ചു. നിങ്ങള് പറയുന്നത് കേട്ടു ഞാനും എന്റെ മോനുവിനെ തെറ്റിദ്ധരിച്ചില്ലേ.. 25 വർഷം വളർത്തിയിട്ട് അവനെ മനസിലാക്കാൻ പറ്റാതെ പോയത് നമുക്കാണ്. നമ്മളാണ് തെറ്റ് ചെയ്തത് അവനല്ല….
മോളെ…..
പപ്പാ എന്നോട് മിണ്ടാൻ വരണ്ട…..
ഇടയിൽ ബിൻസിയോട് സംസാരിക്കാൻ തുനിഞ്ഞ പപ്പയെ അവൾ തടഞ്ഞു..
ഇച്ചു….പപ്പയാ അത്.. കൈ ചൂണ്ടി സംസാരിക്കാൻ മാത്രം ആയോ നീ….
പപ്പയോടു കൈ ചൂണ്ടി നിന്ന ബിൻസിയെ നോക്കി ആൻസി വിളിച്ചു കൂവി
മോനൂട്ടനും വിളിച്ചിരുന്നത് പപ്പാ എന്ന് തന്നെയാ.. നിങ്ങളെ അവൻ വിളിച്ചിരുന്നത് അമ്മ എന്ന് തന്നെയാ.. എന്നിട്ട് പപ്പാ അവനോടു പറഞ്ഞത് എന്താണെന്നു അമ്മച്ചിക്ക് അറിയുവോ..
റിൻസിയും അമ്മയും ഇവിടെ ഉള്ളതാണ് അവർക്കു ചീത്തപ്പേര് വരും അത് കൊണ്ട് ഈ വീട്ടിൽ കയറരുത് എന്ന്… അങ്ങനെയല്ലേ പപ്പാ അവനോടു പറഞ്ഞത്..
ഇതിലും ഭേദം എല്ലാവർക്കും കൂടി അവനെ അങ്ങ് കൊല്ലുന്നതായിരുന്നു…..
ശെരിയാണ്… ഞാൻ പറഞ്ഞു.. അപ്പോളത്തെ എന്റെ മാനസിക അവസ്ഥയിൽ ഞാൻ പറഞ്ഞു പോയി. എനിക്ക് അതിൽ കുറ്റബോധം ഉണ്ട്….
ആരെങ്കിലും പറയുന്നത് കേട്ടു തെറ്റിദ്ധരിക്കാൻ മാത്രേ ഉണ്ടായിരുന്നുള്ളു അവൻ എല്ലാവർക്കും അല്ലെ…
അങ്ങനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്നു കരുതി ആരെയും വിലയിരുത്തുന്ന ആളല്ല നിന്റെ പപ്പാ എന്ന് നിനക്കറിയില്ലേ….
എന്നിട്ടാണോ പപ്പാ അങ്ങനൊക്കെ പറഞ്ഞത്…ഓഹ് റിൻസിയെ അവനെ കൊണ്ട് കല്യാണം കഴിപ്പിക്കണം എന്ന നിങ്ങളുടെ എല്ലാവരുടെയും ആഗ്രഹം നടക്കാതെ പോയതിന്റെ ദേഷ്യം തീർത്തതാവും അല്ലെ..
ബിൻസി… മതി നിർത്തു.. പറഞ്ഞു പറഞ്ഞു നീ എങ്ങോട്ടാ…
ദേഷ്യത്തിൽ ചാടി എഴുനേറ്റു തോമസ് ബിൻസിയ്ക്ക് നേരെ അലറി. മക്കളോട് ഒരു പരിധി വിട്ടു ഈ കാലത്തിനിടയിൽ ഒരിക്കൽ പോലും പെരുമാറാത്തതിനാൽ പിന്നെ തോമസ് അവിടെ നിന്നില്ല. ദേഷ്യവും സങ്കടവുമെല്ലാം കലർന്ന സമ്മിശ്ര മുഖ ഭാവത്തിൽ വീടിനു അകത്തേക്ക് പോയി.
പപ്പയോടു കയർത്തു സംസാരിച്ചതിന്റെ വിഷമത്തിൽ ബിൻസി വീണ്ടും ആൻസിയ്ക്കരികിൽ ഇരുന്നു കണ്ണീർ വാർത്തു.
പപ്പയുടെ അല്ല രവിയേട്ടന്റെ ആഗ്രഹം ആയിരുന്നു മക്കള് രണ്ട് പേരും ഒരുമിച്ചു ജീവിക്കണം എന്നും ഒരിക്കലും ഈ കുടുംബങ്ങൾ തമ്മിൽ പിരിയരുത് എന്നും. അത് ശെരിയാണ് എന്ന് ഞങ്ങൾക്കും തോന്നി. പക്ഷെ അതിന്റെ പേരില് റിൻസിയേയോ മോനോട്ടനെയോ ബുദ്ധിമുട്ടിച്ചില്ല ഇതുവരെ…ഇങ്ങനെ ഒരു ആഗ്രഹം ഞങ്ങൾക്ക് ഉണ്ടെന്നു പോലും പറഞ്ഞിട്ടും ഇല്ല.അവരുടെ മനസ്സറിയാൻ ശ്രെമിച്ചപ്പോളൊക്കെ ഞങ്ങൾ തെറ്റായി കാണുന്നു എന്നാണ് അവര് ചിന്തിച്ചത്. ഒരു പക്ഷെ ഞങ്ങളെക്കാൾ ഈ കാര്യം എളുപ്പത്തിൽ മനസിലാക്കാൻ നിനക്ക് കഴിയുന്നത് കൊണ്ടാണ് എല്ലാം നിന്നോടും സിബി മോനോടും പറഞ്ഞതും…..
അമ്മച്ചി പറയുന്നതെല്ലാം ശാന്തമായ മനസോടെ മറുപടി ഒന്നും പറയാതെ അവൾ കേട്ടിരുന്നു.
മോനൂട്ടന്റെ പെണ്ണായി ആര് തന്നെ വന്നാലും അവളും ഞങ്ങളുടെ മോളു തന്നെയാ. അങ്ങനെയേ ഞങ്ങൾക്ക് കാണാൻ പറ്റു. അത് റിൻസി ആയിരുന്നെങ്കിൽ കൂടുതൽ സന്തോഷം അത്രേ ഉള്ളു.പക്ഷെ ഇങ്ങനെ ഒന്നും ആരും പ്രതീക്ഷിചില്ല….
അതിനു അവൻ ഒരു തെറ്റും ചെയ്തില്ലല്ലോ.. എല്ലാവരും കൂടി ചതിച്ചതല്ലേ. അതിനു നിങ്ങളും കൂട്ട് നിന്നില്ലേ…
ആൻസി അതിനു മറുപടി ഒന്നും പറഞ്ഞില്ല. മുന്നിൽ ഇരുന്ന ഫോൺ എടുത്തു ഒരു വീഡിയോ പ്ലേ ആക്കി ബിൻസിയുടെ കയ്യിൽ കൊടുത്തു.
