Related Posts
സൂര്യനെ പ്രണയിച്ചവള്‍ – അവസാന അദ്ധ്യായം.
ഷബ്നത്തിന്‍റെ പിന്‍ഭാഗം കടും ചുവപ്പില്‍ കുതിര്‍ന്നിരുന്നു… ധരിച്ചിരുന്ന ടോപ്പ് രക്തത്തില്‍ കുതിര്‍ന്ന്, നിലത്തേക്ക് രകതമിറ്റ് വീഴുന്നു…. കാടിന്‍റെ മായികമായ ദൃശ്യസാമീപ്യത്തില്‍, വെയിലും വലിയ നിഴലുകളും ഇഴപിരിയുന്ന നേരം ആ രംഗം ഭീദിതമായിരുന്നു.
“മോളെ….”
അസഹ്യമായ ദൈന്യതയോടെ ജോയല്‍ ഷബ്നത്തിന്‍റെ നേരെ കുതിച്ചു. ഒപ്പം ഗായത്രിയും, രാകേഷും. അവള്‍ക്കഭിമുഖമായി, കുനിഞ്ഞിരുന്ന് ജോയല്‍ അവളുടെ മുഖത്തേക്ക് നോക്കി. “എന്തായിത്? എന്താ പറ്റിയെ? ആരാ ഇത്?”
“അവരെന്നെ…”
ഷബ്നം കിതച്ചു.
“സാറിന്‍റെ ആള്‍ക്കാര്….”
ഷബ്നം രാകേഷിനെ നോക്കി.
“ഷൂട്ട് ചെയ്തു…എനിക്ക്….”
ഗായത്രിയുടെ മുഖത്ത് കണ്ണുനീര്‍ ചാലുകള്‍ നിറഞ്ഞു.
“ജോ…!”
അതിദയനീയ സ്വരത്തില്‍ ഗായത്രി വിളിച്ചു.
“ഇപ്പം തന്നെ കുട്ടിയെ ഹോസ്പ്പിറ്റലൈസ് ചെയ്യണം….ഉടനെ!!”
“വേണ്ട!”
കിടന്നുകൊണ്ട് തന്നെ ഷബ്നം കയ്യുയര്‍ത്തി വിലക്കി.
“ഞാന്‍ ഹോസ്പ്പിറ്റല്‍ വരെയത്തില്ല….”
“എങ്ങനെയെങ്കിലും ഹോസ്പ്പിറ്റലൈസ് ചെയ്തെ പറ്റൂ…”
രാകേഷും അഭിപ്രായപ്പെട്ടു.
“ചേച്ചീ….”
രാകേഷിന്റെ വാക്കുകള്‍ ശ്രദ്ധിക്കാതെ ഷബ്നം ഗായത്രി നീട്ടിയ കയ്യില്‍ മുറുകെപ്പിടിച്ചു. ഗായത്രി അവളെന്താണ് പറയാന്‍ പോകുന്നതെന്നറിയാന്‍ കാതുകള്‍ കൂര്‍പ്പിച്ചു.
“പാവാ എന്‍റെ ഏട്ടന്‍….പൊന്നുപോലെ നോക്കണം…”
മുഖത്തേക്ക് ഇറ്റുവീഴുന്ന കണ്ണുനീര്‍ക്കണങ്ങളോടെ ഗായത്രി തലകുലുക്കി.
“വിട്ടു കളയരുത്…ഇനി…”
“ഇല്ല…”
കണ്ണുനീര്‍കൊണ്ട് മുറിഞ്ഞിടറിയ സ്വരത്തില്‍ ഗായത്രി ഷബ്നത്തിന്‍റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
“അല്ലാഹ്…”
പുഞ്ചിരിയോടെ ഷബ്നം മുകളിലെ ഇലച്ചാര്‍ത്തുകളുടെ വിടവിലൂടെ തെളിയുന്ന ആകാശത്തേക്ക് നോക്കി.
“എനിക്കിനി സന്തോഷത്തോടെ പോകാം…ഒഹ് ..വേദന സഹിക്കാനാവുന്നില്ല…ഏട്ടാ എനിക്ക്….”
“മോളെ..പറ…ഞാന്‍…”
അവളുടെ കയ്യില്‍ പിടിച്ചുകൊണ്ട് ജോയല്‍ ചോദിച്ചു.
“എനിക്ക് …എനിക്ക് ഒരു … എനിക്കൊരുമ്മ തരാമോ…”
ജോയലിന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
“മോളെ….”
നുറുങ്ങിയ സ്വരത്തോടെ ജോയല്‍ അവളുടെ മുഖത്തിനു നേരെ ചുണ്ടുകളടുപ്പിച്ചു.
ഷബ്നം ചുണ്ടുകള്‍ അവന്‍റെ ചുണ്ടുകളിലേക്ക് അമര്‍ത്തി.
വിയര്‍പ്പും രക്തവും കണ്ണുനീരും ഉമിനീരും കുതിര്‍ത്തിയ ചുടു ചുംബനം. ദീര്‍ഘനേരം. അസഹ്യമായ വേദനയില്‍ ഗായത്രിയപ്പോള്‍ മിഴികള്‍ തുടച്ചു. രംഗത്തിന്റെ വികാരവായ്പ്പ് കാണാനാവാതെ രാകേഷ് നോട്ടം മാറ്റി. സമീപമുള്ള മരച്ചില്ലകള്‍ ഭീമാകാരമായ കണ്ണുകളോടെ കഴുകന്മാര്‍ പറന്നിറങ്ങുന്നത് രാകേഷ് കണ്ടു. ചുംബനം അവസാനിപ്പിച്ച് ജോയല്‍ അവളുടെ തോളില്‍ അമര്‍ത്തി ഷബ്നത്തെ നോക്കി. അവളുടെ കണ്ണുകളില്‍ പക്ഷെ അപ്പോള്‍ ജീവനില്ലായിരുന്നു. അവന്‍ സാവധാനം അവളുടെ നിശ്ചല ദേഹം നിലത്തേക്ക് കിടത്തി. ഷബ്നം കിടക്കുന്നത് കണ്ട് ജോയലിനെ ചേര്‍ത്ത് പിടിച്ച് ഗായത്രി വിതുമ്പി. അവളെ ചേര്‍ത്ത് പിടിച്ച് ജോയലും അല്‍പ്പനേരം ഷബ്നത്തേ നോക്കി നിന്നു.
“എനിക്ക് ഷബ്നത്തേ ഞാന്‍ പോകുന്നിടത്തേക്ക് കൊണ്ടുപോകണം രാകേഷ്…”
ജോയല്‍ പറഞ്ഞു.
“ഇവള്‍ അനാഥയല്ല…എന്‍റെ … എന്‍റെ അനിയത്തിയാണ്….”
“ചെയ്യാം…”
രാകേഷ് അവന്‍റെ തോളില്‍ പിടിച്ചുകൊണ്ട് പറഞ്ഞു.
“എങ്ങോട്ടാണ് അയയ്ക്കേണ്ടത്?”
ജോയല്‍ രാകേഷിന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി.
“അത്…”
ജോയല്‍ സംശയിച്ചു.
“അതറിഞ്ഞാല്‍ സ്പെഷ്യല്‍ ഫോഴ്സ് ഡയറക്ടര്‍ അവിടെ വന്ന് നിന്നെ പൊക്കും എന്ന പേടി നിനക്കുണ്ടോ ജോയല്‍?”
രാകേഷ് ചോദിച്ചു.
“ഇന്ത്യയുമായി എക്സ്ട്രാഡിഷനില്ലാത്ത, എക്സ്ട്രാഡിഷന്‍ ട്രീറ്റി ഒപ്പ് വെയ്ക്കാത്ത, ഒരു രാജ്യത്താണ് ..അവിടെക്കാണ് നിങ്ങള്‍ പോകുന്നത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി എനിക്കില്ലേ?”
“കിഷിനാവു…”
ജോയല്‍ പറഞ്ഞു.
