ഗോപികാവൈദേഹം 1

ഗോപികാവൈദേഹം

 

ഈ കഥയ്‌ക്കോ കഥയിലെ കഥാപാത്രങ്ങൾക്കോ സ്ഥലങ്ങൾക്കോ ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയിട്ട് യാതൊരുവിധ ബന്ധവുമില്ല. അഥവാ അങ്ങനെ എന്തെങ്കിലും സാമ്യം തോന്നിയാൽ അതു തികച്ചും യാദൃശ്ചികമാണ്.

നഗര മധ്യത്തിലെ തിരക്കുകളിൽ നിന്നു മാറി ഒഴിഞ്ഞു അധികമാരും ശ്രദ്ധിക്കാതെ നിൽകുന്ന ആ പ്രദേശത്ത് എത്തിച്ചേരാൻ റയിൽവേ ട്രാക്ക് മുറിച്ച് കടന്നു പോവുന്ന ആ ഒറ്റ വഴിയേ ഉള്ളൂ. പ്രൊഡക്ഷൻ കൺട്രോളർ ബെന്നി പറഞ്ഞത് വെച്ച് നോക്കുമ്പോൾ ദൂരെ കാണുന്ന ആ പഴയ ഓടിട്ട കെട്ടിടം ആവാനേ സാധ്യത ഉള്ളൂ. കാരണം അടുത്തെങ്ങും വേറെ കെട്ടിടങ്ങൾ ഇല്ല. ഗൂഗിൾ മാപ്പിൽ ഒന്നുകൂടെ നോക്കി ഉറപ്പു വരുത്തിയ ശേഷം ഗോപിക ട്രാക്ക് മുറിച്ച് കടന്ന് മുന്നോട്ട് നടന്നു.

“You have arrived at your destination.”

കെട്ടിടത്തിനു അടുത്ത് എത്തിയപ്പോൾ ഫോണിലെ ഗൂഗിൾ മാപ്പ് ശബ്ദിച്ചു. നാവിഗേഷൻ ഓഫ് ചെയ്ത് ഫോൺ ഓഫ് ചെയ്തു ബാഗിലിട്ട ശേഷം ഗോപിക ചുറ്റും നോക്കി. വളരെ പഴയ ഒരു ഓടിട്ട ഇരുനില കെട്ടിടത്തിൻ്റെ താഴെയാണ് ഇപ്പോൾ എത്തി നിൽക്കുന്നത്. താഴത്തെ നിലയിൽ തൊണ്ണൂറുകളെ ഓർമിപ്പിക്കുന്ന പരിഷ്കാരം തൊട്ടു തീണ്ടാത്ത ഒരു ചായക്കട മാത്രം. അവിടെ കുറഞ്ഞത് എഴുപത് വയസ് എങ്കിലും പ്രായം തോന്നിക്കുന്ന ഒരു വൃദ്ധൻ ചായ അടിക്കുന്നത് കാണാം. പ്രായത്തിൻ്റെ ആധിക്യം അയാളുടെ മുഖത്ത് ചുളിവുകളായി രൂപാന്തരം പ്രാപിച്ചരിക്കുന്നതും കാണാം.

“ചേട്ടാ, ഈ സിനിമയിൽ ഒക്കെ കഥ എഴുതുന്ന ദേവാനന്ദൻ സാർ ഇവിടെ എവിടെയെങ്കിലും ആണോ താമസിക്കുന്നത്?”

“ദേവാനന്ദൻ സാറിനെ കാണാൻ വന്നതാണോ? ദേ, ആ കോണിപ്പടി കേറി മുകളിലേക്ക് പോയാൽ മതി. അദ്യം കാണുന്ന മുറിയാണ്,”ചായക്കടയുടെ വലതു വശത്തെ കോണിപ്പടി ചൂണ്ടിക്കാണിച്ച് വൃദ്ധൻ പറഞ്ഞു.

“ചേട്ടാ, സിനിമക്ക് കഥ എഴുതുന്ന ദേവാനന്ദൻ സാറിനെ ആണ് കാണേണ്ടത്.”

“സംശയിക്കേണ്ട കുട്ടീ, അദ്ദേഹം തന്നെയാണ്.”

മലയാള സിനിമയിൽ തൊണ്ണൂറുകളിൽ തുടങ്ങി രണ്ടായിരത്തി ഇരുപത്തൊന്ന് വരെ ഒട്ടനവധി സിനിമകൾ ക്ക് തിരക്കഥ എഴുതിയും സംവിധാനം ചെയ്തും സൂപ്പർഹിറ്റുകൾ സൃഷ്ടിച്ച കേരളം ഒട്ടാകെ ആരാധകരുള്ള കോടികൾ പ്രതിഫലം വാങ്ങുന്ന അപൂർവം ചില എഴുകാരിൽ ഒരാളായ ദേവാനന്ദൻ സാർ ഈ പൊളിഞ്ഞ കെട്ടിടത്തിലാണ് താമസിക്കുന്നത് എന്ന കാര്യം അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

“പോവുമ്പോ ദേ ഇതും കൂടെ സാറിനു കൊടുത്തേക്ക്.”

സംശയിച്ച് നിൽക്കുന്ന ഗോപികയുടെ നേരെ ഒരു പാക്ക് ഗോൾഡ് ഫ്ലെയ്ക്ക് സിഗരറ്റ് നീട്ടി അയാൾ പറഞ്ഞു.

ചിതലുകൾ പാതി തിന്നു തീർത്ത കോണിപ്പടി കയറി തുടങ്ങുന്നതിനു മുന്നേ ആ കെട്ടിടത്തിലേക്ക് ഗോപിക ഒരു തവണകൂടി സംശയത്തോടെ നോക്കി. കലാകാരന്മാർക്ക് വേറാർക്കും ഇല്ലാത്ത പലതരം ഭ്രാന്തുകൾ ഉണ്ടാവുമെന്ന് കേട്ടിട്ടുണ്ട്. ചിലപ്പൊ അതിലൊന്നാവാം കോടീശ്വരനായ സംവിധായകന് പൊളിഞ്ഞ കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കാനുള്ള ഈ ഭ്രാന്ത് .

പടികൾ കയറി രണ്ടാം നിലയിൽ എത്തിയപ്പോൾ തന്നെ ഗോപിക നന്നേ കിതച്ചു. അവിടുത്തെ അടച്ചിട്ട മുറിയിൽ നിന്നും അവ്യക്തമായി ഒരു ഹിന്ദി ഗസൽ കേൾക്കാമായിരുന്നു.

“അനുവാദമില്ലാതെ അകത്തു പ്രവേശിക്കരുത്”തവിട്ടു നിറത്തിൽ പെയിൻ്റ് അടിച്ച മരവാതിലിൽ എഴുതി ഒട്ടിച്ചത് വായിച്ചു നിൽക്കവെ ഗോപിക ഓർത്തു
തന്നെ പോലെ സിനിമയിൽ ചാൻസ് ചോദിച്ചു വരുന്നവരുടെ ശല്യം കാരണം ചെയ്തത് ആവണം.

അകത്തുനിന്ന് പാട്ട് കേൾക്കുന്നത് സ്ഥിതിക്ക് സാർ അകത്ത് ഉണ്ടെന്ന് ഉറപ്പാണ്. മൊബൈൽ ക്യാമറയിൽ നോക്കി മുഖവും മുടിയും ഒന്നുകൂടി ശരിയാക്കിയ ശേഷം കോളിംഗ് ബെൽ ഒന്നു രണ്ടു തവണ അടിച്ച് നോക്കി. ഉളളിൽ നിന്നും പ്രതികരണം ഒന്നും വരാത്തതിനാൽ അത് വർക്ക് ആവുന്നില്ലെന്ന് അവൾക്ക് മനസ്സിലായി.

മടിച്ച് മടിച്ച് വാതിലിൽ ചെറുതായി ഒന്നു മുട്ടിയപ്പോൾ അകത്തു നിന്നും കേട്ടുകൊണ്ടിരുന്ന ഗസൽ ഗാനം നിലച്ചു. കുറച്ച് നേരം കഴിഞ്ഞപ്പോൾ അകത്തു നിന്നും കയ്യിലൊരു പാതി വലിച്ച സിഗരറ്റുമായി അറുപതിനോടടുത്ത് പ്രായം വരുന്ന ഒരു അതികായൻ വാതിൽ തുറന്നു.

Leave a Reply

Your email address will not be published. Required fields are marked *