ആവനാഴി – 1
[ കത്തനാർ ]
ജൂൺ മാസത്തിലെ ഒരു തിങ്കളാഴ്ച.
രാവിലെ ഏഴര.
രാത്രി പെയ്ത മഴയുടെ നനവ് ഇനിയും റോഡുകളിൽ നിന്ന് മാറിയിട്ടില്ല. മരങ്ങളുടെ ഇലകളിൽ വെള്ളത്തുള്ളികൾ തൂങ്ങി നിന്നു. ബസ് സ്റ്റോപ്പിൽ നിന്നിരുന്ന വിദ്യാർത്ഥികളുടെ മുഖത്ത് മാത്രം മഴയുടെ തണുപ്പല്ല, പുതിയ കോളേജ് ജീവിതത്തിന്റെ ആകാംക്ഷയും അസ്വസ്ഥതയും ഒരുപോലെ കാണാമായിരുന്നു.
“ഗവൺമെന്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്” എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിയ ബോർഡിന് മുന്നിലൂടെ ഓരോ ബൈക്കും കാറും ബസ്സും കടന്നുപോകുമ്പോൾ പുതിയ കഥകൾ ആ ക്യാമ്പസിലേക്ക് പ്രവേശിക്കുകയായിരുന്നു.
ആ കൂട്ടത്തിൽ ഒരാൾ ആയിരുന്നു അർജുൻ നായർ.
ഇരുപത് മിനിറ്റ് മുമ്പേ കോളേജിൽ എത്തിയിരുന്നു.
പുതിയ ബാഗ്.
ക്രമമായി ഇസ്തിരിയിട്ട ഷർട്ട്.
ഒരറ്റത്ത് പേന വച്ച നോട്ട് ബുക്ക്.
ആദ്യ ദിവസമായിട്ട് പോലും പരീക്ഷ എഴുതാൻ പോകുന്ന ഒരാളുടെ ഗൗരവം.
ക്ലാസിൽ കയറിയ ഉടനെ അവൻ മൂന്നാം നിരയിലെ ഫസ്റ്റ് ബെഞ്ച് സ്വന്തമാക്കി.
ശേഷം ഒരു ദീർഘനിശ്വാസം.
“ശരി… തുടക്കം മോശമല്ല.”
അപ്പോഴാണ് പിന്നിൽ നിന്ന് ഒരു ശബ്ദം.
“ബ്രോ, ഈ സീറ്റ് റിസർവ് ചെയ്തോ? അല്ലാ, ഇവിടുത്തേക്ക് ആരേലും ടിക്കറ്റ് എടുത്തിട്ടുണ്ടോ എന്ന്?”
അർജുൻ തിരിഞ്ഞുനോക്കി.
മെലിഞ്ഞ ശരീരമുള്ള ഒരു ചെറുപ്പക്കാരൻ.
മുഖത്ത് ചിരി.
കയ്യിൽ ഒരു ചിപ്സ് പാക്കറ്റ്.
“ഇല്ല.”
“എന്നാൽ ഞാൻ ഇവിടെ ഇരുന്നാൽ പ്രശ്നമില്ലല്ലോ?”
“ഇല്ല.”
“നന്ദി. ഞാൻ അഖിൽ.”
“അർജുൻ.”
“ഓഹ്! പേരുകേട്ടാൽ തന്നെ ടോപ്പർ വൈബ്.”
അർജുൻ ചിരിച്ചു.
അതാണ് അവന്റെ കോളേജിലെ ആദ്യ സുഹൃത്ത്.
പത്ത് മിനിറ്റിനുള്ളിൽ ക്ലാസ് പകുതിയോളം നിറഞ്ഞു.
ചിലർ വളരെ ആത്മവിശ്വാസത്തോടെ സംസാരിക്കുന്നു.
ചിലർ ആരെയും നോക്കാതെ മൊബൈലിൽ.
ചിലർ ഇതിനോടകം പ്രണയത്തിലായതുപോലെ ചിരിച്ചും കളിച്ചും.
അപ്പോൾ തന്നെ ക്ലാസ് റൂമിന്റെ വാതിൽ തുറന്നു.
ഒരു പെൺകുട്ടി അകത്ത് കയറി.
കയ്യിൽ കുട.
തോളിൽ ബാഗ്.
അവളുടെ പിന്നിൽ മൂന്നു നാല്
സുഹൃത്തുക്കൾ.
“ലക്ഷ്മി, വേഗം വാ. പിന്നിലെ സീറ്റ് പോകും.”
“അത് നമ്മുടെ കുടുംബസ്വത്തല്ലേ?” അവൾ ചിരിച്ചു.
അവളായിരുന്നു ലക്ഷ്മി കൃഷ്ണ.
ക്ലാസിന്റെ പിൻഭാഗത്തുള്ള അവസാന ബെഞ്ചിൽ എത്തി ഇരുന്ന ഉടനെ അവൾ ഒരു പ്രഖ്യാപനം നടത്തി.
“ഹാ… ഇതാണ് ഞങ്ങളുടെ ഏരിയ. മുന്നിലുള്ളവർ പഠനമന്ത്രാലയം. ഞങ്ങൾ വിനോദ വകുപ്പും.”
അർജുൻ അറിയാതെ അവിടേക്ക് നോക്കി.
സംസാരിച്ചത് മുഴുവൻ ക്ലാസ് കേൾക്കാവുന്ന ശബ്ദത്തിൽ.
ആത്മവിശ്വാസം നിറഞ്ഞ മുഖം.
എപ്പോഴും ചിരിക്കുന്ന കണ്ണുകൾ.
കൃത്യം അവന്റെ വിപരീതം.
ആദ്യ ക്ലാസ്.
മെക്കാനിക്സ് പ്രൊഫസർ രാജശേഖരൻ സാർ അകത്ത് കയറി.
ഒരു നിമിഷം കൊണ്ട് ക്ലാസ് നിശബ്ദമായി.
“ഗുഡ് മോർണിംഗ്.”
“ഗുഡ് മോർണിംഗ് സാർ.”
“എഞ്ചിനീയറിംഗ് എന്ന് കേട്ട് സിനിമയിലെ കോളേജ് പോലെ കരുതുന്നവർ ഉണ്ടെങ്കിൽ ഇപ്പോഴേ തിരുത്തിക്കോളൂ.”
പിന്നിൽ നിന്ന് ലക്ഷ്മിയുടെ ശബ്ദം.
“പോയി. എന്റെ എല്ലാ സ്വപ്നങ്ങളും പോയി.”
സാർ കേട്ടു.
ക്ലാസ് മുഴുവൻ ചിരി അടക്കി.
“ആരാണ് പറഞ്ഞത്?”
ലക്ഷ്മി പതുക്കെ എഴുന്നേറ്റു.
“ഞാനാണ് സാർ.”
“പേര്?”
“ലക്ഷ്മി.”
“നല്ല തുടക്കമാണ്.”
“താങ്ക്യൂ സാർ.”
വീണ്ടും ചിരി.
സാർ പോലും ചെറുതായി ചിരിച്ചു.
“ഇരിക്കൂ.”
ക്ലാസിന്റെ ആദ്യ പത്തു മിനിറ്റിൽ തന്നെ ലക്ഷ്മി പകുതി വിദ്യാർത്ഥികളുടെയും ശ്രദ്ധ നേടി.
അർജുൻ മാത്രം ബോർഡിലേക്ക് നോക്കി കുറിപ്പെഴുതുകയായിരുന്നു.
അത് കണ്ട് അഖിൽ മന്ദമായി ചോദിച്ചു.
“ബ്രോ, പിന്നിൽ എന്തൊരു കോമഡി ഷോ നടക്കുന്നു. നീ അതൊന്നും കാണുന്നില്ലേ?”
“നോട്ട് എഴുതുകയാണ്.”
“നിനക്ക് കുട്ടിക്കാലത്ത് ചിരിക്കാൻ വിലക്കുണ്ടായിരുന്നോ?”
“ഇല്ല.”
“ഉറപ്പാണോ?”
ഉച്ചയ്ക്ക്.
കാന്റീനിന് മുന്നിൽ തിരക്ക്.
പഴംപൊരി, സമോസ, ചായ.
എഞ്ചിനീയറിംഗ് കോളേജുകളുടെ അനൗദ്യോഗിക ദേശീയ ഭക്ഷണങ്ങൾ.
അഖിൽ രണ്ട് ചായയുമായി വന്നു.
“ഇത് പിടിക്ക്.”
“ഞാൻ വാങ്ങാമായിരുന്നു.”
“സുഹൃത്തുക്കൾ തമ്മിൽ എന്തിനാ മൈരേ ഫോർമാലിറ്റി?“
