ആവനാഴി അധ്യായം 1 : ഗാണ്ഡീവം 9

അച്ഛൻ വീണ്ടും വിദേശത്തായിരുന്നു.

ബിസിനസ് മീറ്റിംഗ്.

കോൺഫറൻസ്.

ഡീൽ.

പുതിയ പ്രോജക്റ്റ്.

എപ്പോഴും എന്തെങ്കിലും.

ലക്ഷ്മിക്ക് ഓർമ്മയുള്ള കാലം മുതൽ അച്ഛൻ കൂടുതലും വിമാനങ്ങളിലോ ഹോട്ടലുകളിലോ ആയിരുന്നു.

അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ വളരെ കുറവാണ്.

ഒരു സുഗന്ധം.

ഒരു പാട്ട്.

ഒരു പഴയ ഫോട്ടോ.

അത്ര മാത്രം.

അമ്മ മരിച്ച ശേഷം ഏതാനും വർഷങ്ങൾക്കകം അച്ഛൻ വീണ്ടും വിവാഹം ചെയ്തു.

അപ്പോൾ എല്ലാവരും പറഞ്ഞത് അവൾക്ക് ഒരു അമ്മയെ ലഭിക്കുമെന്നാണ്.

പക്ഷേ അവൾക്ക് ലഭിച്ചത് ഒരു വീട്ടിലെ മറ്റൊരു താമസക്കാരിയെയാണ്.

രേവതി.

നിയമപ്രകാരം അവളുടെ രണ്ടാനമ്മ.

പക്ഷേ അവർ

തമ്മിൽ ആ ബന്ധം ഒരിക്കലും ഉണ്ടായിട്ടില്ല.

ലക്ഷ്മി അകത്തേക്ക് കടന്നപ്പോൾ മുകളിൽ നിന്നും ശബ്ദം വന്നു.

“വന്നോ?”

“അതെ.”

“ഇന്നും കോളേജിൽ കോമഡി ഷോ നടത്തിയോ?”

ശബ്ദത്തിൽ പരിഹാസം നിറഞ്ഞിരുന്നു.

“കുറച്ച്.”

“നല്ലത്.”

ലച്ചു ഒന്നും പറഞ്ഞില്ല.

അവൾക്കറിയാം.

ഈ വീട്ടിൽ ഒരു തർക്കം തുടങ്ങുക വളരെ എളുപ്പമാണ്.

പക്ഷേ അവസാനിപ്പിക്കുക ബുദ്ധിമുട്ടാണ്.

രേവതിക്ക് കുട്ടികളില്ല.

അതായിരുന്നു അവരുടെ ഏറ്റവും വലിയ വേദന.

അതിനെക്കുറിച്ച് അവർ ഒരിക്കലും തുറന്ന് പറയാറില്ല.

പക്ഷേ മറ്റൊരു ഭയം ഉണ്ടായിരുന്നു.

ഒരുദിവസം ഈ സാമ്രാജ്യം മുഴുവൻ ലക്ഷ്മിയുടെ പേരിലേക്ക് പോകും എന്ന ഭയം.

കമ്പനികൾ.

സ്ഥലങ്ങൾ.

വീടുകൾ.

ഓഹരികൾ.

എല്ലാം.

അത് അവളുടെ തലക്ക് മുകളിൽ ഒരിക്കലും പറയാത്ത ഒരു കുറ്റംപോലെ തൂങ്ങിയിരുന്നു.

സ്വന്തമായി ഒന്നും ആവശ്യപ്പെട്ടിട്ടില്ലെങ്കിലും അവൾ പ്രതിയായിരുന്നു.

സ്വത്ത് അപഹരിക്കാൻ വന്ന ഒരാൾ പോലെ.

മുറിയിൽ കയറിയ ഉടനെ അവൾ വാതിൽ അടച്ചു.

അപ്പോഴാണ് വീണ്ടും അവളുടെ യഥാർത്ഥ ശ്വാസം തിരിച്ചു കിട്ടിയത്.

കോളേജിൽ എല്ലാവരും കാണുന്ന ലക്ഷ്മി അവിടെയില്ല.

അവിടെ ഒരു പെൺകുട്ടി മാത്രമുണ്ട്.

വലിയ വീട്ടിൽ ഒറ്റയ്ക്ക് ജീവിക്കുന്ന, വളരെ ആളുകൾക്കിടയിൽ നിന്നിട്ടും ഏകാന്തത അറിയുന്ന ഒരുത്തി.

മേശപ്പുറത്തുള്ള അമ്മയുടെ ഫോട്ടോ അവൾ എടുത്തു.

കുറച്ച് നേരം നോക്കി നിന്നു.

“ഇന്നും ആ പഠിപ്പി ചെക്കനെ കൊണ്ട് ഞാൻ തോറ്റു. ഇങ്ങനെപോയാൽ അമ്മേടെ മോൾ അവനെയങ്ങു ദത്തെടുക്കേണ്ടിവരും. “

അവൾ പതുക്കെ പറഞ്ഞു.

“കുറച്ച് രസം ഉണ്ടാകുമെന്ന് തോന്നുന്നു. എന്താണ് പ്രഭയുടെ അഭിപ്രായം? ”

പിന്നെ സ്വയം ചിരിച്ചു.

മുറിക്കു പുറത്തുള്ള നിശബ്ദത പഴയപോലെ തന്നെ തുടർന്നു.

പുറത്ത് ഫൗണ്ടനിലെ വെള്ളത്തിനൊപ്പം മഴ വീഴുന്ന ശബ്ദം മാത്രം.

മഴയുള്ള ആ വൈകുന്നേരത്തിന് ശേഷം, ക്ലാസിൽ ഒരു പുതിയ വിനോദം തുടങ്ങി.

അത് അർജുൻ അറിഞ്ഞില്ല.

പക്ഷേ ലക്ഷ്മിയും അവളുടെ കൂട്ടുകാരും അറിഞ്ഞിരുന്നു.

“അവൻ എത്ര വാക്ക് സംസാരിക്കും?”

കാന്റീനിൽ സമോസ കടിച്ചുകൊണ്ട് മീര ചോദിച്ചു.

“ഒരു ദിവസം?”

ലക്ഷ്മി ആലോചിച്ചു.

“ഏകദേശം… മുപ്പത്.”

“മുപ്പത് വാക്കുകളോ?”

“അതെ.”

“നീയോ ലച്ചു? “

“ഹാഫ് ഡേ ആണെങ്കിൽ ഒരു മൂവായിരം.” ലക്ഷ്മി കണ്ണിറുക്കി. മേശ മുഴുവൻ ചിരിച്ചു.

അതേസമയം മറുവശത്ത് ഇരുന്ന അഖിൽ അർജുനോട് പറഞ്ഞു:

“ബ്രോ, ഒരു കാര്യം ചോദിക്കട്ടെ?”

“ചോദിക്കൂ.”

“നിനക്ക് ലക്ഷ്മിയെ ഇഷ്ടമാണോ?”

ചായ കുടിച്ചുകൊണ്ടിരുന്ന അർജുൻ ചുമച്ചു. കുറച്ചു ചായ മൂക്കിലും കേറി.

“എന്ത്?”

“ഞാൻ വെറുതെ ചോദിച്ചതാ.”

“ആദ്യ ആഴ്ചയാണ്.”

“അതുകൊണ്ട്?”

“എനിക്ക് പഠിക്കാനുണ്ട്.”

“ഇത് കണ്ടോ?”

അഖിൽ തിരിഞ്ഞു മീരയോട് പറഞ്ഞു.

“ഞാൻ ഒരു മനുഷ്യനോട് ചോദിച്ചു അവന് ഒരു പെൺകുട്ടിയെ ഇഷ്ടമാണോ എന്ന്. അവൻ മറുപടി പറഞ്ഞത് ഗണിത പരീക്ഷ വരുന്നു എന്നാണ്.

നിങ്ങൾക്കൊക്കെ പറ്റുമെങ്കിൽ ദേ ഇവനെ ഒന്ന് ശെരിയാക്കി എടുക്കു. “

കോളേജ് ജീവിതം ദിവസങ്ങൾ കൊണ്ട് വേഗം മുന്നോട്ട് പോയി.

രാവിലെ ക്ലാസ്.

ഉച്ചയ്ക്ക് കാന്റീൻ.

വൈകുന്നേരം ബസ് സ്റ്റോപ്പ്.

ഇടയിൽ അസൈൻമെന്റുകൾ.

ആദ്യം എല്ലാവരും പരിചയമില്ലാത്തവർ ആയിരുന്നു.

ഇപ്പോൾ ചിലർക്ക് മാത്രമല്ല ഓരോരുത്തർക്കും വിളിപ്പേരുകൾ ഉണ്ടായിരുന്നു.

അഖിൽ ചളിയനിൽ നിന്നും “എഫ്എം റേഡിയോ” ലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെട്ടു.

Updated: September 7, 2026 — 3:21 pm

Leave a Reply

Your email address will not be published. Required fields are marked *