ബാങ്കിന്റെ നോട്ടീസ്.
അതിലെ പകുതി അക്ഷരങ്ങൾ മഴയിൽ മാഞ്ഞുപോയിരുന്നെങ്കിലും അതിന്റെ അർത്ഥം വീട്ടിലുള്ളവർക്കെല്ലാം കൃത്യമായി അറിയാം.
ജപ്തി.
ആ വാക്ക് കഴിഞ്ഞ നാല് വർഷമായി ആ വീട്ടിലെ നാലാമത്തെ അംഗം പോലെ കൂടെയുണ്ട്.
അർജുൻ കണ്ണൊന്നു അതിലേക്കുപോയി.
പിന്നെ പതിവുപോലെ ഒന്നും കണ്ടില്ലെന്ന മട്ടിൽ അകത്തേക്ക് കയറി.
അടുക്കളയിൽ നിന്ന് അമ്മയുടെ ശബ്ദം കേട്ടു.
“അജൂ
വന്നോ?”
“ആ.”
അമ്മ ഒരു തുന്നൽ മെഷീന്റെ മുന്നിലായിരുന്നു.
അടുത്ത വീട്ടുകാരിക്ക് സ്റ്റിച്ച് ചെയ്ത് കൊടുക്കാനുള്ള ബ്ലൗസാണ്.
വൈകിയാൽ കാശ് കിട്ടില്ല.
കാശ് കിട്ടിയില്ലെങ്കിൽ അടുത്ത ആഴ്ചയുടെ റേഷൻ പോലും ഉറപ്പില്ല.
ഡൈനിങ് മേശയ്ക്കരികിൽ അവന്റെ ചേച്ചി ഇരിക്കുന്നുണ്ടായിരുന്നു.
ദിവ്യ.
അവനെക്കാൾ നാല് വയസിന് മൂത്തത്.
മടിയിൽ ലാപ്ടോപ്പ്.
പക്കൽ രണ്ടുമൂന്ന് രജിസ്റ്ററുകൾ.
ഓൺലൈനായി കുട്ടികൾക്ക് ട്യൂഷൻ എടുക്കുകയായിരുന്നു.
“ഫസ്റ്റ് ഡേ എങ്ങനെയുണ്ടായിരുന്നു ഡാ?”
ചേച്ചി ചോദിച്ചു.
“കുഴപ്പമില്ല.”
“സുഹൃത്തുക്കളെ കിട്ടിയോ?”
“ഒന്ന് രണ്ടുപേർ.”
“പെൺകുട്ടികളോ?”
അവൻ ചൂളി.
അമ്മയും ദിവ്യയും ഒരുമിച്ച് ചിരിച്ചു.
“ശല്യം ചെയ്യാതെ വിടെടി ചെക്കനെ.”
അമ്മ പറഞ്ഞു.
അർജുൻ ബാഗ് വച്ച് അകത്തേക്ക് നടന്നു.
ഹാളിന്റെ ചുമരിൽ ഒരു ഫോട്ടോ തൂങ്ങിയിരുന്നു.
അവന്റെ അച്ഛൻ.
ചിരിച്ചുകൊണ്ടുള്ള ഒരു ചിത്രം.
പതിനൊന്ന് വർഷമായെങ്കിലും വീട്ടിലെ ആരും ആ ഫോട്ടോ എടുത്തുമാറ്റിയിട്ടില്ല.
അവൻ സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു.
കടങ്ങൾ തലക്ക് മുകളിൽ കയറിയ സമയം.
ഒരു രാത്രി ഇറങ്ങിയ ആളെ പിറ്റേന്ന് ജീവനോടെ തിരികെ കിട്ടിയില്ല.
അന്ന് മുതൽ ആ വീട്ടിലെ പുരുഷനാകേണ്ടിവന്നത് അർജുനായിരുന്നു.
വീട്ടിലെ ഏറ്റവും ചെറിയ ആളായിരുന്നിട്ടും.
ചേച്ചിയുടെ വിവാഹാലോചനകൾ പലതും വന്നിട്ടുണ്ട്.
പക്ഷേ എല്ലാം വാതിൽക്കൽ വന്ന് നിന്നു.
പോയി.
കാരണം ഓരോ ചർച്ചയുടെയും അവസാനം എത്തുന്ന ചോദ്യം ഒരെണ്ണം മാത്രമായിരുന്നു.
“സാമ്പത്തിക സ്ഥിതി എങ്ങനെയാണ്?”
അതിന് പറയാനുള്ള നല്ല മറുപടി ആർക്കുമുണ്ടായിരുന്നില്ല.
അതുകൊണ്ട് ദിവ്യ ഇപ്പോഴും വീട്ടിലുണ്ട്.
പരാതിയില്ലാതെ.
പരിഭവമില്ലാതെ.
അവനും പഠനത്തിനിടയിൽ കിട്ടുന്ന പാർട്ട് ടൈം ജോലികൾ ചെയ്യാറുണ്ട്.
വീക്കന്റ് ട്യൂഷൻ.
ഡാറ്റാ എൻട്രി.
ഷോപ്പ് ബില്ലിംഗ്.
ലഭിക്കുന്നതെന്തും.
പഠിച്ച് നല്ല ജോലി കിട്ടണം എന്നത് അവന്റെ ആഗ്രഹമല്ല.
അത് അവന്റെ ബാധ്യതയാണ്.
പഠനം അവനു ഇഷ്ടമുണ്ടായതുകൊണ്ടല്ല.
ജീവിക്കാനുള്ള ഏറ്റവും വിലകുറഞ്ഞ വഴി അതായതുകൊണ്ടാണ്.
അമ്മ ചായ കൊണ്ടുവന്നു.
“ക്ലാസ്സിൽ എന്തൊക്കെയുണ്ടായി?”
അവൾ ചോദിച്ചു.
അർജുൻ മറുപടി പറയാൻ തുടങ്ങി.
പക്ഷേ ലക്ഷ്മിയുടെ പേര് പറയാതെ.
എന്തുകൊണ്ടോ അവനുതന്നെ അറിയില്ല.
പുറത്ത് മഴ വീണ്ടും ശക്തമായി.
അതേസമയം നഗരത്തിന്റെ മറുവശത്ത്.
ലക്ഷ്മിയുടെ ബസ് ഒരു വലിയ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് വിശാലമായ റോഡിലേക്ക് കയറി.
റോഡിനിരുവശവും അലങ്കരിച്ച മരങ്ങൾ.
സ്വകാര്യ സുരക്ഷാ ഗാർഡുമാർ നിൽക്കുന്ന വില്ലകൾ.
മിനുങ്ങുന്ന ഗേറ്റുകൾ.
ഉയർന്ന മതിലുകൾ.
നഗരത്തിലെ പണക്കാരുടെ ലോകം.
അവസാനം ബസ് ഒരു വലിയ ഇരുമ്പ് ഗേറ്റിന് സമീപം നിർത്തി.
ലക്ഷ്മി ഇറങ്ങി.
ചിരിച്ചുകൊണ്ട് ഫോണിൽ ആരോടോ സംസാരിച്ചുകൊണ്ടാണ് അവൾ നടന്നത്.
അവളുടെ മുഖത്ത് ഇപ്പോഴും കോളേജിലെ അതേ ഊർജ്ജം.
അതേ കളിചിരി.
അതേ അലമ്പ്.
പക്ഷേ ഗേറ്റിന് മുന്നിലെത്തിയപ്പോൾ ആ ചിരി പതിയെ മാഞ്ഞു.
വലിയ കരിങ്കൽ തൂണുകൾക്കിടയിലെ ഗേറ്റ് സ്വയം തുറന്നു.
അകത്ത് ഒരു കൊട്ടാരം പോലുള്ള വീട്.
മുൻവശത്ത് വലിയ ഫൗണ്ടൻ.
ഇരുവശത്തും കൃത്യമായി വെട്ടിയ അലങ്കാരച്ചെടികൾ.
പാർക്ക് ചെയ്തുകിടക്കുന്ന വിലകൂടിയ കാറുകൾ.
ആഡംബരത്തിന് ഒരു കുറവും ഇല്ല.
പക്ഷേ വീട്ടിൽ ജീവൻ കുറവായിരുന്നു.
അവൾ അകത്തേക്ക് കയറിയപ്പോൾ ജോലിക്കാരി ബാഗ് വാങ്ങാൻ മുന്നോട്ട് വന്നു.
“മോളെത്തിയോ.”
“ഹും.”
അതായിരുന്നു മുഴുവൻ സംഭാഷണം.
ഹാളിൽ ആരുമില്ല.
