ആവനാഴി അധ്യായം 1 : ഗാണ്ഡീവം 9

അവർ ഇരുന്ന ഉടനെ സമീപത്തെ മേശയിൽ നിന്ന് ഒരു

ചിരി കേട്ടു.

ലക്ഷ്മിയും സംഘവും.

“മീര, ഞാൻ പറഞ്ഞില്ലേ?”

“എന്ത്?”

“ഫസ്റ്റ് ബെഞ്ചുകാരിൽ പകുതി പേരും നാട്ടിലേക്ക് തിരിച്ച് പോകുമ്പോൾ കോളേജ് ജീവിതം എവിടെ പോയെന്നു ചോദിക്കും.”

“ബാക്കി പകുതി?”

“അവർ ലൈബ്രറിയിൽ തന്നെ താമസിക്കും.”

അവളുടെ കൂട്ടുകാർ വീണ്ടും ചിരിച്ചു.

അഖിൽ അർജുനെ നോക്കി.

“ബ്രോ, അവൾ നിന്നെക്കുറിച്ചാണെന്ന് തോന്നുന്നു.”

“കാരണം?”

“നിന്റെ മുഖം കണ്ടാൽ തന്നെ അവൾ റിസർച്ച് ചെയ്യുന്ന സബ്ജക്ട് പോലെയാണ്.”

“മിണ്ടാതിരിക്ക്.”

“യ്യോ അതുമാത്രം പറയല്ലേ. ആകെക്കൂടെയുള്ളതു ഈ നാക്കാ മോനേ.”

അടുത്ത ദിവസങ്ങളിൽ ക്ലാസ് പതുക്കെ ഒരു കുടുംബം പോലെ മാറിത്തുടങ്ങി.

ഫാക്കൽറ്റികൾ പേരുകൾ പഠിച്ചു.

വിദ്യാർത്ഥികൾ കൂട്ടങ്ങൾ ഉണ്ടാക്കി. ഇരട്ടപ്പേരുക്കൾ വീണു തുടങ്ങി. അർജുനും കിട്ടി ഒരെണ്ണം. പഠിപ്പി. അതവൻ പ്രതീക്ഷിച്ചതുകൊണ്ടുതന്നെ വല്യ സങ്കടമൊന്നും തോന്നിയില്ല. അഖിലിനും കിട്ടി ഒരെണ്ണം. ചളിയൻ.

ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പ് നിലവിൽ വന്നു.

അങ്ങനെ വന്ന മൂന്നാം ദിവസം തന്നെ ഒരു വലിയ സംഭവം നടന്നു.

രാവിലെ മാത്ത്സ് ക്ലാസ്.

പ്രൊഫസർ അകത്ത് കയറിയ ഉടനെ ചോദിച്ചു.

“ആരാണ് ക്ലാസ് റിപ്രസന്റേറ്റീവ് ആകാൻ താല്പര്യമുള്ളത്?”

മുന്നിൽ നിശബ്ദത.

പിന്നിൽ പല ശബ്ദങ്ങൾ.

“ലക്ഷ്മി.”

“അല്ല അഖിൽ.”

“അല്ല നമ്മുടെ പഠിപ്പി.“

ഒടുവിൽ പ്രൊഫസർ പറഞ്ഞു.

“രണ്ട് പേരെ നോമിനേറ്റ് ചെയ്യാം.”

അപ്പോഴാണ് ഒരാൾ പറഞ്ഞത്.

“പഠിപ്പി അർജുൻ.”

മറ്റൊരാൾ.

“ലക്ഷ്മി.”

ക്ലാസ് മുഴുവൻ കൈയടി.

ലക്ഷ്മി എഴുന്നേറ്റു.

“എനിക്ക് വേണ്ട സാർ.”

“എന്തുകൊണ്ട്?”

“ഉത്തരവാദിത്വം.”

“അതൊരു നല്ല കാര്യമല്ലേ?”

“അല്ല സാർ. എനിക്ക് തന്നാൽ മുഴുവൻ ക്ലാസും അപകടത്തിൽ ആകും.”

അവൾ എണീറ്റപ്പോൾ തന്നെ ചിരിപൊട്ടിതുടങ്ങിയിരുന്നു.

പക്ഷേ ഒടുവിൽ അവൾ സ്ഥാനാർത്ഥിയായി.

അർജുൻ കൂടെ.

പ്രൊഫസർ പറഞ്ഞു.

“ഓരോരുത്തരും ചെറിയ പ്രസംഗം നടത്തൂ.”

ആദ്യം അർജുൻ.

അവൻ എഴുന്നേറ്റു.

“ഞാൻ തെരഞ്ഞെടുക്കപ്പെട്ടാൽ ക്ലാസിന്റെയും അധ്യാപകരുടെയും ഇടയിൽ നല്ല ആശയവിനിമയം

സ്ഥാപിക്കാൻ ശ്രമിക്കും.” എന്ന് തുടങ്ങി ഒരു 2 മിനിറ്റ് നിർത്താതെ അർജുൻ സംസാരിച്ചപ്പോൾ നിശബ്ദത മാത്രം.

“മതി മതി പൊന്ന് പഠിപ്പി.“

ഇറങ്ങി പോടെ എന്നുള്ള അർഥത്തിൽ പുറകിലത്തെ ബെഞ്ചുകളിൽ നിന്നും കയ്യടി.

ഇപ്പോൾ ലക്ഷ്മിയുടെ ഊഴം.

അവൾ മന്ദമായി മുന്നിലേക്ക് വന്നു.

“ഞാൻ തിരഞ്ഞെടുക്കപ്പെട്ടാൽ…”

രണ്ട് സെക്കന്റ് നിശബ്ദത.

“ആഴ്ചയിൽ ഒരു ദിവസം ഹോംവർക്ക് ഇല്ലാത്ത ദിനമാക്കും.”

ക്ലാസ് പൊട്ടിച്ചിരിച്ചു.

“കാന്റീനിലെ ചായയുടെ വില കുറയ്ക്കാൻ ശ്രമിക്കും.”

കയ്യടി.

“പരീക്ഷകൾ രാവിലെ എട്ട് മണിക്ക് വയ്ക്കുന്നതിനെതിരെ സമരം ചെയ്യും.”

ഇപ്പോൾ എല്ലാവരും എഴുന്നേറ്റ് കൈയടിച്ചു.

അർജുൻ നെറ്റിയിൽ കൈവെച്ചു.

അഖിൽ പക്കൽ ഇരുന്ന് ചിരിച്ച് മരിച്ചു.

ഫലം വന്നപ്പോൾ…

ഒരു വോട്ടിന്റെ വ്യത്യാസത്തിൽ ജയിച്ചത് അർജുൻ. ലക്ഷ്മി വല്ലോം ജയിച്ചാൽ ക്ലാസ്സ് അവതാളത്തിൽ ആകും എന്ന് തോന്നിയ മിഡിൽ ബെഞ്ചേഴ്സ് ആവണം അർജുന് മൊത്തം കുത്തിയത്.

ലക്ഷ്മി നാടകീയമായി നെഞ്ചത്ത് കൈവെച്ചു. “ജനാധിപത്യം മരിച്ചു.” എന്ന് ആഹ്വാനം ചെയ്തു പ്രേതിഷേധ പ്രകടനം എന്ന് പറഞ്ഞു വാളാൽപടയുമായി കാന്റീനിലേക്ക് ഒരു ധർണ ചെയ്തു.

അടുത്ത ആഴ്ച ഫ്രഷേഴ്സ് ഓറിയന്റേഷൻ.

ഓഡിറ്റോറിയം നിറഞ്ഞു.

സീനിയർമാർ ഓരോ പരിപാടികളും നടത്തി.

ഗാനങ്ങൾ.

നൃത്തങ്ങൾ.

സ്കിറ്റുകൾ.

ഒടുവിൽ ഒരു ഗെയിം.

പുതിയ വിദ്യാർത്ഥികളെ സ്റ്റേജിലേക്ക് വിളിച്ചു.

നിർഭാഗ്യവാശാൽ അർജുനും തെരഞ്ഞെടുക്കപ്പെട്ടു.

“എന്റെ ജീവിതത്തിൽ ഞാൻ ആരെയും ഉപദ്രവിച്ചിട്ടില്ല,” അർജുൻ അഖിലിനോട് പറഞ്ഞു.

“അതുകൊണ്ടാകും ഇന്ന് തന്നെയിതു സംഭവിക്കുന്നത്.”

സ്റ്റേജിൽ അഞ്ചുപേർ.

അതിൽ ലക്ഷ്മിയും.

സീനിയർ വിശദീകരിച്ചു.

“ഓരോരുത്തരും ഒരു സിനിമാ രംഗം അഭിനയം ചെയ്യണം.”

ലക്ഷ്മിക്ക് കിട്ടിയത് ഒരു പോലീസ് ഓഫീസറുടെ വേഷം.

Updated: September 7, 2026 — 3:21 pm

Leave a Reply

Your email address will not be published. Required fields are marked *