സാഗരസർഗ്ഗം
[ ഭൂതത്താൻ ]
കാറ്റൊഴിഞ്ഞ നടുക്കടൽ കണ്ണാടിപോലെ നിശ്ചലമായി കിടന്നു.മേഘങ്ങൾക്കിടയിൽ ഒളിച്ച നിലാവിന്റെ അഭാവം കടൽവെള്ളത്തിന് ഇരുണ്ട നിറമേകി.
ചക്രവാളത്തോളം പരന്നുകിടക്കുന്ന ആ ഇരുട്ടിൽ, ഒഴുകിനടക്കുന്ന ഒരു ചെറിയ നഗരംപോലെ ആ ഭീമൻ കപ്പൽ തലയുയർത്തി നിന്നു. കപ്പലിന്റെ മുകൾത്തട്ടുകളിലെ ഇളംമഞ്ഞവെളിച്ചം കറുത്തിരുണ്ട സമുദ്ര പ്രതലത്തിൽ നീളൻ നിഴലുകൾ വീഴ്ത്തിക്കൊണ്ടിരുന്നു. പുറമേനിന്ന് നോക്കിയാൽ സമ്പന്നരായ സഞ്ചാരികളുമായി ഉല്ലാസയാത്ര നടത്തുന്ന ഒരു ആഡംബരക്കപ്പൽ. എന്നാൽ ആ രാത്രിയിൽ അതിനുള്ളിൽ വിനോദസഞ്ചാരികൾ ആരുംതന്നെ ഉണ്ടായിരുന്നില്ല.
കപ്പലിന്റെ ആഡംബരങ്ങളിൽനിന്നെല്ലാം കാതങ്ങൾ താഴെ, കടൽനിരപ്പിനോട് ചേർന്നുള്ള ഏറ്റവും അടിത്തട്ടിലെ കാർഗോ ബേയോട് ചേർന്നുള്ള വിശാലമായ അറ തികച്ചും വ്യത്യസ്തമായൊരു ലോകമായിരുന്നു.തുരുമ്പിച്ച ഇരുമ്പിന്റെയും ഡീസലിന്റെയും തണുത്ത ഉപ്പുവെള്ളത്തിന്റെയും കൂടിക്കുഴഞ്ഞ ഗന്ധം നിറഞ്ഞ ആ വലിയ അറയ്ക്ക്,മുകളിലെ ആഡംബരങ്ങളുമായി യാതൊരു സാമ്യവുമുണ്ടായിരുന്നില്ല.മുകൾ വശത്തെ ഹൈഡ്രോളിക് ക്രെയിനുകളിൽനിന്ന് തൂങ്ങിക്കിടക്കുന്ന കനത്ത ചങ്ങലകൾക്കിടയിൽ, പത്തോളം ചെറിയ പായ്ക്കപ്പലുകൾ നിരത്തിവെച്ചിരിക്കുന്നു. മരപ്പലകകൾകൊണ്ട് നിർമിച്ച, വലിയ ക്യാൻവാസ് പായ വലിച്ചുകെട്ടിയ പഴഞ്ചൻ ശൈലിയാർന്ന പായ്ക്കപ്പലുകളായിരുന്നു അവ. എന്നാൽ ഓരോന്നിന്റെയും പിൻഭാഗത്ത് ചെറിയൊരു മോട്ടോറും ഉള്ളിൽ ലളിതമായൊരു ക്യാബിനും പ്രത്യേകം സജ്ജീകരിച്ചിരുന്നു.കറുത്ത യൂണിഫോമിട്ട ഒരാൾ കൈയിലെ ടാബ്ലറ്റിലേക്ക് നോക്കി കർശനമായ സ്വരത്തിൽ നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. അയാളുടെ ആജ്ഞകൾക്കനുസരിച്ച് ഇരുപത്തോളം തൊഴിലാളികൾ യന്ത്രങ്ങളെപ്പോലെ നീങ്ങിക്കൊണ്ടിരുന്നു.
ഒരു കൂട്ടർ ബോട്ടുകളുടെ ഇന്ധനടാങ്കുകളിലേക്ക് പൈപ്പുകൾ ഘടിപ്പിച്ചു. ടാങ്ക് നിറയ്ക്കുകയായിരുന്നില്ല അവർ; ഡിജിറ്റൽ മീറ്ററിൽ തെളിയുന്ന അക്കങ്ങൾ കൃത്യമായൊരു അളവിലെത്തിയതും പമ്പിങ് നിന്നു.മറ്റൊരു കൂട്ടർ ചെറിയ സർവൈവൽ കിറ്റുകളും കുടിവെള്ളവും ഓരോ ബോട്ടിലും എത്തിച്ചു.വേറെ ചിലർ ക്യാബിനുള്ളിലെ ചെറിയ റഡാർ ഒരു പ്രത്യേക രീതിയിൽ പ്രോഗ്രാം ചെയ്യുന്ന തിരക്കിലായിരുന്നു.ആ ജോലികളെല്ലാം പൂർത്തിയായതോടെ, ഒരു
ദ്രുതപരിശോധന കൂടി നടത്തിയശേഷം ആ കറുത്ത യൂണിഫോം ധരിച്ച വ്യക്തി അരയിലെ ബെൽറ്റിൽ നിന്നും വോക്കി -ടോക്കി എടുത്ത് ആർക്കോ ഒരു സന്ദേശം അയച്ചു.
മിനിറ്റുകൾക്കകം കാർഗോ ബേയുടെ വാതിൽ തുറക്കപ്പെട്ടു. കറുത്ത യൂണിഫോം ധരിച്ച മറ്റൊരു വ്യക്തിയുടെ നേതൃത്വത്തിൽ ഒരു കൂട്ടം ആളുകൾ സ്ട്രെച്ചറുകൾ തള്ളികൊണ്ട് അകത്തേക്ക് നീങ്ങി.ആ സ്ട്രെച്ചറുകളിൽ ബോധരഹിതരായ മനുഷ്യരായിരുന്നു!അമ്പത്തിനടുത്ത് എണ്ണം വരുന്ന ഒരുകൂട്ടം ചെറുപ്പക്കാർ.നാലോ അഞ്ചോ പേരെ വീതം ഓരോ ബോട്ടിലേക്കുമായി തൊഴിലാളികൾ എടുത്തു കയറ്റി. കൂട്ടത്തിൽ ഏറ്റവും അറ്റത്തുകിടന്ന പായ്ക്കപ്പലിലെ കയറുകൾക്കും മടക്കിവെച്ച ക്യാൻവാസ് തുണികൾക്കും ഇടയിലുള്ള നീല ഡ്രമ്മിനോട് ചേർന്ന്, സാധാരണ ടി-ഷർട്ടും പാന്റ്സുമിട്ട ഒരു ചെറുപ്പക്കാരനെ അവർ ചാരിയിരുത്തി.
അര മണിക്കൂറിനുള്ളിൽ എല്ലാം പൂർത്തിയായി. കാർഗോ ബേയുടെ ചുമതലയുള്ള ഓഫീസർ അവസാന ഘട്ട പരിശോധനയും പൂർത്തിയാക്കിയ ശേഷം ജോലി അവസാനിപ്പിച്ചു.ശേഷം ബാക്കിയുള്ള ഓഫീസർമാർക്കുള്ള നിർദ്ദേശങ്ങൾ കൊടുത്ത് അയാൾ പുറത്തെ പ്രൈവറ്റ് ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു.
ഇരുമ്പിന്റെയും ഗ്രീസിന്റെയും മണമുള്ള അടിത്തട്ടിൽനിന്ന് ലിഫ്റ്റ് ചെന്നുനിന്നത് കപ്പലിന്റെ ഏറ്റവും മുകളിലെ ആഡംബര ലോബിയിലാണ്. ലിഫ്റ്റ് തുറന്നതും ഇളം നീല വിളക്കുകളാൽ അലങ്കരിച്ച, തറയിൽ ചുവന്ന പരവതാനി വിരിച്ച വിശാലമായ ഇടനാഴിയിലൂടെ അവസാനത്തെ മുറി ലക്ഷ്യമാക്കി അയാൾ നടന്നു. അവിടെ പാതി തുറന്നിട്ട വാതിലിന് പിന്നിൽനിന്നും ശാന്തമായ സംഗീതം പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു. നേർത്ത ചൂടുള്ള ആ മുറിയിലൂടെ നടന്ന് അയാൾ പുറത്തെ ഗ്ലാസ് ബാൽക്കണിയിലേക്ക് ഇറങ്ങി.
