കടലിലെ തുളച്ചുകയറുന്ന തണുത്ത കാറ്റിന് അഭിമുഖമായി, കറുത്ത ഓവർക്കോട്ട് ധരിച്ച ഒരാൾ കൈകൾ പിന്നിൽക്കെട്ടി അവിടെ നിൽപ്പുണ്ടായിരുന്നു. അയാളുടെ വിരലുകൾക്കിടയിൽ എരിയുന്ന സിഗാറിന്റെ ചുവന്ന
പൊട്ട് ഇരുട്ടിൽ തെളിഞ്ഞുകത്തി.
ഓഫീസർ അയാളുടെ പിന്നിലായി ഭവ്യതയോടെ നിന്നു.
“എല്ലാം റെഡിയാണ് സർ. കണക്കനുസരിച്ചുള്ള ഫ്യുവലും അത്യാവശ്യം സർവൈവൽ സപ്ലൈസും ബോട്ടുകളിൽ ഒരുക്കിയിട്ടുണ്ട്.റഡാറുകളും ഇൻസ്ട്രക്ഷൺ അനുസരിച്ച് ക്രമീകരിച്ചു.എല്ലാവരുടെയും അവസാന ഡോസും കഴിഞ്ഞു.” ഒന്ന് നിർത്തി, തണുത്തുറഞ്ഞു തുടങ്ങിയ ആകാശത്തേക്ക് നോക്കി അയാൾ കൂട്ടിച്ചേർത്തു, “വെതറും പെർഫെക്റ്റ് ആണ്… മെയ് ഐ പ്രൊസീഡ് ?”
ബാൽക്കണിയിൽ നിന്നിരുന്നയാൾ തിരിഞ്ഞുനോക്കിയില്ല. അയാൾ പതിയെ തന്റെ കൈ മുന്നോട്ട് നീട്ടി. കറുത്ത ആകാശത്തുനിന്ന് അടർന്നുവീണ വെളുത്തൊരു മഞ്ഞുതരി അയാളുടെ കൈവെള്ളയിൽ വീണ് നിമിഷനേരം കൊണ്ട് അലിഞ്ഞുപോയി. വരാനിരിക്കുന്ന കൊടുംതണുപ്പിന്റെയും മഞ്ഞുവീഴ്ചയുടെയും ആദ്യ സൂചന.
അയാളുടെ ചുണ്ടിൽ നേർത്തൊരു ചിരി വിരിഞ്ഞു.
“യെസ്,ഡിപ്ലോയ്.”
അത്രമാത്രം.അയാളുടെ ഘനഗംഭീരമായ ശബ്ദം ഓഫീസറിൽ ഭയവും ബഹുമാനവും ഇടകലർന്ന ഒരു വികാരത്തെ ഉണർത്തി.
“സർ”
നേതാവിന്റെ അനുമതി കിട്ടിയതും ആ ഓഫീസർ കാർഗോ ബേയിലേക്ക് നിർദേശം കൊടുത്തു.
അടുത്ത നിമിഷം താഴെ കാർഗോ ബേയോട് ചേർന്ന വലിയ അറയിൽ കാതടിപ്പിക്കുന്ന സൈറൺ മുഴക്കത്തോടൊപ്പം ചുവന്ന വാണിങ് ലൈറ്റുകൾ മിന്നിത്തെളിഞ്ഞു. ഭീമൻ കപ്പലിന്റെ പ്രത്യേക രീതിയിൽ രൂപകൽപ്പന ചെയ്ത ലോഞ്ച് ബേയിലെ (launch bay)വലിയ ഉരുക്കുവാതിലുകൾ ഘോരമായ ശബ്ദത്തോടെ പതിയെ തുറക്കപ്പെട്ടു. തണുത്തുറഞ്ഞ കറുത്ത കടൽവെള്ളം അകത്തേക്ക് ഇരച്ചുകയറി.
ചങ്ങലകൾ അഴിഞ്ഞു. ക്രെയിനുകൾ താഴ്ന്നു.
ഭീമൻ കപ്പലിന്റെ ഇരുണ്ട ഗർഭപാത്രത്തിൽനിന്ന് ആ ചെറിയ പായ്ക്കപ്പലുകൾ ഓരോന്നായി രാത്രിയുടെ അനന്തമായ കറുപ്പിലേക്ക് ഒഴുകിയിറങ്ങി. നിമിഷങ്ങൾക്കുള്ളിൽ അവ പല ദിശകളിലായി ഇരുട്ടിൽ മറഞ്ഞു.
മുഖത്തേക്ക് നിർത്താതെ വീശിയടിക്കുന്ന തണുത്ത കാറ്റ്. ദൂരെ എവിടെയോ വെള്ളം അലയടിക്കുന്ന നേർത്ത ശബ്ദം. അതിനൊപ്പം കാറ്റിൽ
തുണി പാറുന്ന ശബ്ദവും മരപ്പലകകൾ തമ്മിൽ ഉരസുമ്പോഴുണ്ടാകുന്ന ചെറിയ ഞരക്കവും കേൾക്കാം.
ശരീരമാകെ വല്ലാത്തൊരു തളർച്ച. കൺപോളകൾ പതിയെ അനങ്ങി. കണ്ണുതുറക്കാൻ ശ്രമിച്ചെങ്കിലും അവയ്ക്ക് പതിവിലേറെ ഭാരം തോന്നി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അഖിൽ കണ്ണുകൾ തുറന്നു.
ചുറ്റിലും കൂരിരുട്ട്. ഒന്നും വ്യക്തമായി കാണാനാവുന്നില്ല. മുഖത്തേക്ക് അടിച്ചുകയറുന്ന തണുപ്പും ഇടയ്ക്കിടെ കേൾക്കുന്ന വെള്ളത്തിന്റെ ഇരമ്പലും മാത്രം. അവൻ അനങ്ങാൻ ശ്രമിച്ചു. ശരീരമാകെ നുറുങ്ങുന്നപോലെ വേദന. കൈകൾ നിലത്തൂന്നി എഴുന്നേൽക്കാൻ നോക്കിയെങ്കിലും കൈമുട്ടുകൾ വിറച്ചു. തുട തൊട്ട് കീഴ്പോട്ട് തണുത്തു മരവിച്ചിരിക്കുന്നു; കാലൊന്ന് അനക്കാൻ പോലും വയ്യ. ശരീരത്തിന് സ്വന്തം ഭാരംപോലും താങ്ങാനാവാത്ത അവസ്ഥ.
പതിയെ കണ്ണുകൾ ചുറ്റിലും പായിച്ചു. മുന്നിൽ എന്തോ ഉയർന്നുനിൽക്കുന്നുണ്ട്. ഇരുട്ടായതിനാൽ ഒന്നും വ്യക്തമല്ല. കൈകൾ കൊണ്ട് തപ്പിനോക്കിയപ്പോൾ എന്തോ ഒരു പരുക്കൻ പ്രതലത്തിൽ വിരലുകളുടക്കി. മരം! താൻ കിടക്കുന്നത് മരപ്പലകകൾ പാകിയ ഏതോ പ്രതലത്തിലാണെന്ന് അവൻ തിരിച്ചറിഞ്ഞു. അടുത്ത നിമിഷം, അടിയിലെ ആ മരത്തറ പതിയെ ആടിയുലഞ്ഞു. അഖിൽ കണ്ണുകൾ മുറുക്കിയടച്ചു. താൻ കിടക്കുന്നത് വെറും നിലത്തല്ല, ചലിക്കുന്ന മറ്റെന്തിന്റെയോ മുകളിലാണ്!
അതെന്താണെന്ന് തിരിച്ചറിയാൻ ശ്രമിച്ചെങ്കിലും ചിന്തകൾ കൂട്ടിമുട്ടി. തലയ്ക്കുള്ളിൽ വല്ലാത്തൊരു ഭാരം. ഓർത്തെടുക്കാൻ ശ്രമിക്കുന്ന ഓരോ കാര്യവും അവ്യക്തതയിൽ മുങ്ങിപ്പോകുന്നു.
എവിടെയായിരുന്നു താൻ?
എങ്ങനെ ഇവിടെയെത്തി?
ഇത് ഏതാ സ്ഥലം?
ഒന്നിനും ഉത്തരമില്ല.
വീണ്ടും എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ശരീരം വഴങ്ങിയില്ല. അവസാനമായി കണ്ണുതുറന്നപ്പോൾ മുന്നിലെ ഇരുട്ട് കൂടുതൽ കനക്കുന്നതുപോലെ അവന് തോന്നി. പതിയെ കൺപോളകൾ അടഞ്ഞു. അവൻ വീണ്ടും ബോധരഹിതനായി.
