സാഗരസർഗ്ഗം Likeഅടിപൊളി  

​”പേടിക്കണ്ട… ഞാൻ നിങ്ങൾക്ക് ഉപദ്രവമുണ്ടാക്കാൻ വന്നതല്ല,” അഖിൽ ഇരു കൈകളും മുകളിലേക്ക് ഉയർത്തിക്കൊണ്ട് ശാന്തമായി പറഞ്ഞു. “നിങ്ങളെപ്പോലെ തന്നെ എനിക്കും അറിയില്ല നമ്മൾ

എവിടെയാണെന്ന്. എന്നെയും ആരോ ഇവിടെ കൊണ്ടുവന്നിട്ടതാണ്.”

​അഖിലിന്റെ ആ വാക്കുകൾ കേട്ടെങ്കിലും അവൾ കയ്യിലെ മരക്കഷണം താഴ്ത്തിയില്ല. വിറയ്ക്കുന്ന കൈകളോടെ അവളത് അവനുനേരെ ചൂണ്ടിത്തന്നെ നിന്നു. വീണ്ടുമൊന്ന് അലറാൻ പോലുമുള്ള ശേഷി അപ്പോൾ അവൾക്കുണ്ടായിരുന്നില്ല; അത്രത്തോളം തളർന്നിരുന്നു അവൾ.

​അഖിൽ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു. പെട്ടെന്നാണ് കപ്പലിന്റെ മറ്റൊരു വശത്തുനിന്നും എന്തോ തട്ടിമറിഞ്ഞുവീഴുന്ന വലിയൊരു ശബ്ദം കേട്ടത്. അഖിലും ആ പെൺകുട്ടിയും ഒരേപോലെ ഞെട്ടി ആ ഭാഗത്തേക്ക് നോക്കി. വലിയ കയറുകളും ബാക്കിവന്ന ക്യാൻവാസ് തുണികളും കൂട്ടിയിട്ട ഒരു കൂമ്പാരമായിരുന്നു അവിടെ. അതിനടുത്ത് വലിയൊരു നീല ഡ്രം മറിഞ്ഞുകിടക്കുന്നുണ്ട്. അടുത്ത നിമിഷം ആ തുണിക്കൂമ്പാരം പതിയെ ഇളകാൻ തുടങ്ങി!

​അപകടം മണത്ത അഖിൽ പെട്ടെന്നുതന്നെ പ്രവർത്തിച്ചു. തന്റെ മുന്നിൽ ഭയന്നുവിറച്ചിരിക്കുന്ന ഈ പെൺകുട്ടികളും തന്നെപ്പോലെ ഇരകളാണെന്ന് ഇതിനോടകം അവനുറപ്പായിരുന്നു. അവൻ പെട്ടെന്ന് അവർക്ക് മുന്നിലായി ഒരു കവചം പോലെ കയറിനിന്നു. അപ്രതീക്ഷിതമായ ആ നീക്കം അവളെ ഒന്ന് അമ്പരപ്പിച്ചു. തങ്ങളെ സംരക്ഷിക്കാൻ മുന്നിലേക്ക് കയറിനിൽക്കുന്ന അവന്റെ വീതിയേറിയ ചുമലുകളിലേക്ക് നോക്കിയപ്പോൾ, അവളിലുണ്ടായിരുന്ന ഭയവും സംശയവും നേരിയ തോതിൽ കുറഞ്ഞു. എങ്കിലും പൂർണ്ണമായി അവനെ വിശ്വസിക്കാൻ അവളുടെ പ്രായോഗിക ബുദ്ധി അനുവദിച്ചില്ല; അവൾ ഭയത്തോടെ ആ കൂമ്പാരത്തിലേക്ക് നോക്കി.

​അഖിൽ ഒരു ആക്രമണം നേരിടാൻ തയ്യാറായി നിൽക്കെ, ആ തുണിക്കൂമ്പാരത്തിനുള്ളിൽ നിന്നും ഒരു തല പുറത്തേക്ക് വന്നു! അതൊരു യുവാവായിരുന്നു. പുറത്തെ തണുപ്പിലേക്ക് തലയിട്ടതും അവൻ വിറച്ചുകൊണ്ട് വിളറിയ ചിരിയോടെ ചോദിച്ചു, “ഹലോ… ഈ എസി ഒന്ന് കുറച്ചുവെക്കാമോ? മനുഷ്യൻ ഇവിടെ രണ്ടു ദിവസം ഫ്രീസറിൽ കിടന്ന മത്തിയെ പോലായി…”

​തണുപ്പിൽ പല്ലുകൾ കൂട്ടിയിടിക്കുമ്പോഴും അവന്റെ ചോദ്യത്തിലെ സ്വാഭാവികത കേട്ട് അഖിലും നിലത്തിരുന്ന പെൺകുട്ടിയും ഒരു നിമിഷം പകച്ചുപോയി. തുണിക്കൂമ്പാരത്തിൽ നിന്നും ആ യുവാവ് പതിയെ പുറത്തേക്ക് വന്നു. മറ്റുള്ളവർ അത്യാവശ്യം തണുപ്പിനെ പ്രതിരോധിക്കാൻ പ്രാപ്തമായ വസ്ത്രങ്ങൾ ധരിച്ചിരുന്നപ്പോൾ, അവന്റെ വേഷം ഒരു സാധാരണ ക്യാഷ്വൽ ടി-ഷർട്ടും പാന്റ്സും മാത്രമായിരുന്നു. അതിനാൽ തന്നെ കടൽക്കാറ്റിലെ കൊടുംതണുപ്പ് അവനെ കാര്യമായി ബാധിച്ചിരുന്നു. കുളിരുകൊണ്ട് കൈകൾ നെഞ്ചോട് ചേർത്ത് അവൻ അവരെ നോക്കി ഒന്ന് ഇളിച്ചു.

​”നിങ്ങളൊക്കെ എണീറ്റോ? ഞാൻ നേരത്തെ എണീറ്റപ്പോ എല്ലാരും നല്ല ഉറക്കമായിരുന്നു. പിന്നെ തണുപ്പ് സഹിക്കാൻ മേലാതായപ്പോ ഞാനാ തുണീടെ എടേൽ കേറി കിടന്നു… പിന്നെ അറിയാതൊന്ന് മയങ്ങിപ്പോയി.”

​തികച്ചും നിസ്സംഗമായ അവന്റെ ആ സംസാരം അഖിലിലും ആ പെൺകുട്ടിയിലും ഒരുപോലെ അസ്വസ്ഥതയുണ്ടാക്കി. ഇത്തരമൊരു സാഹചര്യത്തിൽ ഒരാൾക്ക് എങ്ങനെ ഇത്ര കൂൾ ആയി സംസാരിക്കാൻ കഴിയുന്നു എന്നതായിരുന്നു അവരുടെ അമ്പരപ്പ്.

​”ആരാ നീ?” അഖിൽ സംശയത്തോടെ ചോദിച്ചു.

​”ഞാൻ ലിവിൻ,” അവൻ വേഗത്തിൽ മറുപടി പറഞ്ഞു.

​അവന്റെ ആ തുറന്നടിച്ചുള്ള സംസാരത്തിൽ കുഴങ്ങി അഖിൽ നിലത്തിരിക്കുന്നവളെ നോക്കി. അവളുടെ മുഖത്തും അതേ ആശയക്കുഴപ്പം തന്നെയായിരുന്നു.

​”നീ എങ്ങനെ ഇവിടെ എത്തി?” അഖിൽ വീണ്ടും ചോദിച്ചു.

​”ആവോ?!!” തോൾ വെട്ടിച്ച് യാതൊരു ഭാവവ്യത്യാസവുമില്ലാതെ ലിവിൻ പറഞ്ഞു.

​”ഏഹ്ഹ്…” അഖിലിന് എന്ത് പറയണമെന്നറിയാതെ വാക്കുകൾ മുടങ്ങി.

​കുറച്ചുനേരം ആ പായ്ക്കപ്പലിൽ കനത്ത നിശബ്ദത തളംകെട്ടിനിന്നു. തിരമാലകളുടെയും കാറ്റിന്റെയും ശബ്ദം മാത്രം. നിലത്തിരുന്ന പെൺകുട്ടിയുടെ കണ്ണുകളിൽ അപ്പോഴും ഭയം ബാക്കിനിൽക്കുന്നുണ്ടായിരുന്നു. അഖിലിനെ വിശ്വസിക്കണമോ വേണ്ടയോ എന്ന ആശയക്കുഴപ്പം അവളുടെ മുഖത്തുനിന്നുതന്നെ

Updated: October 17, 2026 — 5:54 pm

Leave a Reply

Your email address will not be published. Required fields are marked *