സാഗരസർഗ്ഗം Likeഅടിപൊളി  

​പുറത്ത്, ശാന്തമായ കടൽപ്പരപ്പിലൂടെ തണുത്ത കാറ്റിന്റെയും ചെറുതിരമാലകളുടെയും താളത്തിനൊപ്പം ആ

കുഞ്ഞു പായ്ക്കപ്പൽ പതിയെ ഒഴുകിനീങ്ങി.

***

​മണിക്കൂറുകൾ കടന്നുപോയി. വീണ്ടും ബോധം തെളിയുമ്പോൾ അഖിലിന് കഴിഞ്ഞ തവണ തോന്നിയത്ര തളർച്ച അനുഭവപ്പെട്ടില്ല. അവൻ പതിയെ കണ്ണുതുറന്നു. മങ്ങിയ രൂപങ്ങളും വെളിച്ചത്തിന്റെ നേർത്ത പാടുകളും മാത്രമാണ് ആദ്യം കണ്ണിൽപ്പെട്ടത്.

​അസ്വസ്ഥതയോടെ കണ്ണടച്ച്,കൺപോളകൾ വിരലുകൾ കൊണ്ട് പതിയെ തിരുമ്മിയശേഷം അവൻ ഒന്നുകൂടി നോക്കി. ഇത്തവണ കാഴ്ചയ്ക്ക് കുറച്ചുകൂടി വ്യക്തതയുണ്ടായിരുന്നു. തൊട്ടുമുന്നിൽ തലയുയർത്തി നിൽക്കുന്നൊരു കൂറ്റൻ മരത്തൂൺ! അവൻ കുറച്ചുനേരം അതിലേക്ക് നോക്കിക്കിടന്നു. ഇരുണ്ട തവിട്ടുനിറത്തിലുള്ള ആ തൂണിന്റെ പ്രതലത്തിൽ കാലപ്പഴക്കത്തിന്റെ അടയാളങ്ങൾ തെളിഞ്ഞുകാണാം. ചിലയിടങ്ങളിൽ മരം പരുക്കനായി പൊട്ടിപ്പൊളിഞ്ഞിരുന്നു. അതിനു മുകളിലായി വടംപോലെ തടിച്ച കയറുകൾ പലവട്ടം ചുറ്റി മുറുക്കിക്കെട്ടിയിട്ടുണ്ട്. കയറിന്റെ പിരികൾക്കിടയിൽ ചെറിയ നാരുകൾ പുറത്തേക്ക് വിടർന്നു നിൽക്കുന്നതും കാണാം.

​അഖിൽ പുരികങ്ങൾ ചുളിച്ചു. അതെന്താണെന്ന് മനസ്സിലാക്കാൻ അവൻ പതിയെ തല ചെരിച്ചുനോക്കി. തൂണിന്റെ മുകൾഭാഗത്തുനിന്ന് ഇരുവശങ്ങളിലേക്കും നീണ്ടുപോകുന്ന കട്ടിയുള്ള കയറുകൾ. അവയിൽ ഒന്നിൽ ഉയർത്തിപ്പിടിച്ചിരിക്കുന്ന വലിയൊരു തുണിപ്പായ കാറ്റിൽ പതിയെ ഇളകുന്നുണ്ട്. പ്രഭാതക്കാറ്റിൽ തുണി വലിഞ്ഞുലയുമ്പോൾ ഇടയ്ക്കിടെ നേർത്ത ശബ്ദം കേൾക്കാം. കയറുകൾ വലിഞ്ഞുമുറുകുന്നതിനനുസരിച്ച് മരത്തൂണിൽ ചെറിയ ഞരക്കങ്ങളും.

​അവൻ കാഴ്ചകൾക്കൊപ്പം മനസ്സും തെളിയാൻ കാത്തുകിടന്നു. തൊട്ടടുത്തായി പരുക്കൻ മരപ്പലകകൾ നിരത്തിയ തറ. പലകകൾക്കിടയിലെ നേർത്ത വിടവുകളിലും തടിയിലും കടൽവെള്ളത്തിന്റെ ഈർപ്പം തിളങ്ങുന്നുണ്ട്. അവയ്ക്കു മുകളിലൂടെ അരിച്ചെത്തുന്ന ഇളംവെളിച്ചം. താൻ കിടക്കുന്നത് ഒരു മരത്തറയിലാണ്. പക്ഷേ, അതെവിടെയാണെന്ന് മാത്രം മനസ്സിലാകുന്നില്ല.

​അഖിൽ പതിയെ തല ഉയർത്താൻ ശ്രമിച്ചു. കീഴെയുള്ള മരത്തറ നേരിയതോതിൽ ആടിയുലഞ്ഞപ്പോൾ ഒന്ന് ഞെട്ടിയെങ്കിലും അവൻ പതിയെ എഴുന്നേറ്റു. ശരീരം അപ്പോഴും പൂർണമായി വഴങ്ങിയിരുന്നില്ല; എങ്കിലും

ഇത്തവണ അവൻ നിവർന്നിരുന്നു.

​ചുറ്റുമുള്ള കാഴ്ചകളിലൂടെ അവനൊന്ന് കണ്ണോടിച്ചു. അകലെയായി നീലനിറത്തിൽ പരന്നുകിടക്കുന്ന കടൽ! പ്രഭാതസൂര്യന്റെ ഇളംകിരണങ്ങൾ വെള്ളത്തിനുമേൽ പതിഞ്ഞ് ചെറിയ വെള്ളിവരകൾ തീർക്കുന്നുണ്ട്. വശങ്ങളിൽ തട്ടിയ തിരമാലകൾ നേർത്ത ശബ്ദത്തോടെ പിന്നിലേക്ക് ഒഴുകിമാറുന്നു. കടൽക്കാറ്റ് വീശിയെത്തി അവന്റെ മുഖത്തും മുടിയിഴകളിലും തഴുകി കടന്നുപോയതും, താൻ കിടക്കുന്നത് ഒരു ചെറിയ പായ്ക്കപ്പലിലാണെന്ന് അമ്പരപ്പോടെ അവൻ തിരിച്ചറിഞ്ഞു. ഒരു വലിയ ബോട്ടിന്റത്ര മാത്രം വലുപ്പമുള്ളൊരു കുഞ്ഞൻ പായ്ക്കപ്പൽ. മുന്നിൽ ഉയർന്നുനിൽക്കുന്ന മരത്തൂൺ അതിന്റെ പായ്മരമായിരുന്നു. തറയിലെ മരപ്പലകകൾക്കപ്പുറം കപ്പലിന്റെ വശങ്ങളിലെ കൈവരികൾ കാണാം. അവയ്ക്കപ്പുറം കണ്ണെത്താദൂരത്തോളം കടൽ മാത്രം.

​അഖിൽ കൈകൾ നിലത്തൂന്നി എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ, ഇടതുകൈ നിലത്തൂന്നിയതും വേദനകൊണ്ട് അവന്റെ മുഖം ചുളിഞ്ഞു. തോളിനും കൈമുട്ടിനും ഇടയിലുള്ള ഭാഗത്ത്, ബൈസെപ്സിനടുത്തായി വല്ലാത്തൊരു വിങ്ങൽ. വലതുകൈകൊണ്ട് ആ ഭാഗത്ത് പതിയെ തടവിനോക്കിയപ്പോൾ ചെറിയൊരു ചതവും നേരിയ വീക്കവും അനുഭവപ്പെട്ടു. പെട്ടെന്ന് അഖിലിന്റെ മനസ്സിൽ മങ്ങിയ ഒരു ഓർമയുടെ ചിതറിയ അംശം തെളിഞ്ഞു.

​അവ്യക്തമായൊരു മുറി. താൻ എവിടെയോ കിടക്കുകയാണ്. ചുറ്റിലും ആരൊക്കെയോ നിൽക്കുന്നുണ്ട്. മുഖത്തേക്ക് ടോർച്ച് അടിക്കുന്നതുപോലെ ശക്തമായ വെളിച്ചം. അതുകൊണ്ട് മുന്നിൽ നിൽക്കുന്ന രൂപങ്ങളൊന്നും വ്യക്തമല്ല; വെറും നിഴലുകൾ പോലെ. ഒന്ന് പിടയാൻ ശ്രമിച്ചെങ്കിലും ശരീരം അനക്കാൻ കഴിയുന്നില്ല. കിടത്തിയിരുന്ന പ്രതലത്തോട് തന്നെ ആരോ ബലമായി ബന്ധിച്ചിരിക്കുന്നതുപോലെ. തൊട്ടടുത്ത നിമിഷം, ഇടതുമുകൾക്കൈയിലെ ചർമത്തിലേക്ക് കൂർത്ത എന്തോ കുത്തിയിറങ്ങുന്ന വേദന!

Updated: October 17, 2026 — 5:54 pm

Leave a Reply

Your email address will not be published. Required fields are marked *