വായിച്ചെടുക്കാമായിരുന്നു.
അതിനിടയിലാണ് അവളുടെ മടിയിൽ തളർന്നുകിടന്നിരുന്ന അനിയത്തി പതിയെ ഞരങ്ങിക്കൊണ്ട് കണ്ണുകൾ തുറന്നത്. അപരിചിതമായ ആ അന്തരീക്ഷം കണ്ട് അവൾ ആദ്യം ഒന്ന് അമ്പരന്നെങ്കിലും, ചേച്ചി അവളെ ചേർത്തുപിടിച്ച് പതുക്കെ സമാധാനിപ്പിച്ചു. പേടിയോടെ ചുറ്റും നോക്കിയ ആ പെൺകുട്ടിയുടെ കണ്ണുകൾ പെട്ടെന്ന് അഖിലിലുടക്കി. മയക്കമുണർന്നതിന്റെ ആലസ്യത്തിനിടയിലും ആ മുഖം അവൾക്കെവിടെയോ കണ്ടുമറന്നതുപോലെ തോന്നി.
”ചേച്ചീ…” അവൾ ചേച്ചിയുടെ കയ്യിൽ മുറുകെ പിടിച്ചുകൊണ്ട് ചെവിയിൽ മന്ത്രിച്ചു, “ആ നിൽക്കുന്ന ചേട്ടനെ ഞാൻ കണ്ടിട്ടുണ്ട്…”
”നിനക്ക് പരിചയമുള്ള ആളാണോ? എവിടെ വെച്ച്?” ചേച്ചി ആകാംക്ഷയോടെ ചോദിച്ചു.
”കൃത്യമായി ഓർമ്മ കിട്ടുന്നില്ല ചേച്ചീ… പക്ഷെ എവിടെയോ കണ്ടിട്ടുണ്ട്.” അവൾ അഖിലിനെത്തന്നെ നോക്കിക്കൊണ്ട് പറഞ്ഞു.
അനിയത്തിയുടെ ആ വാക്കുകൾ കേട്ടിട്ടും ചേച്ചിയുടെ മുഖത്തെ ഭാവത്തിന് യാതൊരു മാറ്റവുമുണ്ടായില്ല. എവിടെയോ കണ്ടുപരിചയമുണ്ടെന്നത് മുന്നിൽ നിൽക്കുന്നയാളെ വിശ്വസിക്കാനുള്ള ഒരു കാരണമായി അവൾക്ക് തോന്നിയില്ല. എങ്ങനെ ഈ നടുക്കടലിൽ എത്തിയെന്നോ, എന്താണ് സംഭവിക്കുന്നതെന്നോ അറിയാത്ത ആ കടുത്ത ആശയക്കുഴപ്പത്തിനിടയിൽ ആരെയും വിശ്വസിക്കാൻ അവൾ തയ്യാറായിരുന്നില്ല എന്നതാണ് സത്യം. തങ്ങൾ അകപ്പെട്ടിരിക്കുന്ന ഈ ഭയാനകമായ സാഹചര്യത്തിൽ അയാൾക്ക് എന്തെങ്കിലും പങ്കുണ്ടെങ്കിലോ എന്ന ഭയം അവളിൽ ബാക്കിനിന്നു. അവൾ കൂടുതൽ ജാഗ്രതയോടെ അനിയത്തിയെ ഒന്നുകൂടി നെഞ്ചിലേക്ക് ചേർത്തുപിടിച്ചു. കൈയിലിരുന്ന മരക്കഷണം താഴെയിടാതെ അവൾ അഖിലിനെത്തന്നെ ഉറ്റുനോക്കി.
ലിവിനാകട്ടെ, തങ്ങൾ എവിടെയാണെന്നോ, എന്താണ് തങ്ങൾക്ക് സംഭവിച്ചതെന്നതിനെയോ പറ്റി ഒരു പിടിയും ഇല്ലെങ്കിൽ പോലും അതൊന്നും അവനെ കാര്യമായി അലട്ടുന്ന മട്ടില്ലായിരുന്നു. കുളിരുകൊണ്ട് കൈകൾ നെഞ്ചോട് ചേർത്ത് അവൻ എല്ലാവരെയും മാറിമാറി നോക്കി.
പെൺകുട്ടിയുടെ തറപ്പിച്ചുള്ള നോട്ടം കണ്ട് അഖിൽ രണ്ടടി പുറകോട്ട്
മാറി.അവൻ പതിയെ കപ്പലിന്റെ നടുവിലെ പായ്മരത്തിൽ പുറം ചാരി താഴേക്ക് ഊർന്നു. കയ്യ് നിലത്തു കുത്തി സാവധാനം ഇരിക്കാൻ ആയിരുന്നു അവന്റെ ഉദ്ദേശം. എന്നാൽ ഇടത്തെ കയ്യ് നിലത്തു കുത്തിയതും അവന് നന്നായി വേദനിച്ചു. വേദനയിൽ പെട്ടെന്ന് കൈ പിൻവലിച്ചപ്പോൾ ബാലൻസ് തെറ്റി അവൻ നിലത്ത് വീണു.
“അയ്യോ ബ്രോ എന്തുപറ്റി??”
ലിവിൻ ഓടിചെന്ന് അവനെ താങ്ങിയെഴുനേൽപ്പിച്ചിരുത്തി.
പെൺകുട്ടികളും ശബ്ദം കേട്ട് ഞെട്ടി അങ്ങോട്ട് നോക്കി.
അഖിലിന്റെ മുഖം വേദനയിൽ ചുളുങ്ങി.വേദനിച്ച ഇടം കൈ അവൻ ശക്തിയിൽ കുടഞ്ഞു.എന്നാൽ അടുത്ത നിമിഷം എന്തോ ഓർത്തെന്നപോലെ അവന്റെ കണ്ണുകൾ വിടർന്നു.അവൻ പെട്ടെന്ന് തന്റെ ഇടം കൈ പരിശോധിച്ചു. ഇടതു മുകൾക്കയ്യിലെ ബൈസെപ്സിനോട് ചേർന്നുള്ള പേശിയിൽ ആ ചുവന്ന പാട് അപ്പോളും തെളിഞ്ഞു കാണാമായിരുന്നു.
അഖിൽ ആ പാട് ലിവിന് നേരെ നീട്ടിക്കാണിച്ചു.
“ഇത് കണ്ടോ? ബോധം പോകുന്നതിന് തൊട്ടുമുൻപ് ആരോ എന്നെ കുത്തിവെക്കുന്നതുപോലെ എനിക്ക് തോന്നിയിരുന്നു… അതിന്റെ പാടാണിതെന്ന് തോന്നുന്നു .”
ലിവിൻ സംശയത്തോടെ ആ ചുവന്ന കുത്തിലേക്ക് നോക്കി. അടുത്ത നിമിഷം എന്തോ ഓർത്തതുപോലെ അവൻ വേഗത്തിൽ സ്വന്തം ഇടതുകൈയിലെ ടി-ഷർട്ടിന്റെ സ്ലീവ് മുകളിലേക്ക് വലിച്ചുകയറ്റി നോക്കി. കൊടുംതണുപ്പിൽ വിറച്ചുനിന്നിരുന്ന ലിവിന്റെ മുഖത്തും ആദ്യമായി ചെറിയൊരു പരിഭ്രമം മിന്നിമറഞ്ഞു. അവന്റെ കയ്യിലുമുണ്ടായിരുന്നു കൃത്യം അതേ സ്ഥാനത്ത് സമാനമായൊരു ചുവന്ന പാട്!
അതുകണ്ടതും അഖിലിന്റെ മുഖം ഗൗരവത്തിലായി.രണ്ടുപേരും പരസ്പരം നോക്കിയശേഷം പതിയെ ആ പെൺകുട്ടികൾക്ക് നേരെ നടന്നു. തങ്ങൾക്ക് നേരെ വരുന്ന അവരെക്കണ്ട് ചേച്ചി വീണ്ടും പരിഭ്രാന്തിയിലായി. അവൾ നിലത്തിരുന്ന മരക്കഷണം ഒന്നുകൂടി മുറുകെപ്പിടിച്ച് അനിയത്തിയെ കൂടുതൽ കരുതലോടെ
