അഖിൽ ഞെട്ടലോടെ കൈ പിൻവലിച്ചു. ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോൾ അവിടെയൊരു ചെറിയ ചുവന്ന പാട് കണ്ടതും അവന്റെ മനസ്സിൽ സംശയങ്ങൾ ഓരോന്നായി മുളപൊട്ടി.
“മയങ്ങാനുള്ള കുത്തിവെപ്പെങ്ങാനും
ആയിരിക്കുമോ കൈയിൽ എടുത്തത്? അപ്പോൾ എന്നെ തട്ടിക്കൊണ്ടുവന്നതാണോ? ആരായിരിക്കും അത്? എന്തിനാണ് എന്നെ ഇവിടെ കൊണ്ടുവന്നത്? അല്ല, അതിന് ഇത് ഏതാ സ്ഥലം?”
സ്വയം ചോദിച്ച ചോദ്യങ്ങളിൽ അവസാനത്തേതിന് ഉത്തരം കണ്ടെത്താനായി അവൻ ആടിയുലയുന്ന പായ്ക്കപ്പലിന്റെ കൈവരിയിൽ വലതുകൈ മുറുകെ ഊന്നി എഴുന്നേറ്റു. ഒത്ത നടുക്ക് നേരത്തെ കണ്ട പായ്മരം. അതിൽ കുറുകെ വലിച്ചുകെട്ടിയ തുണിപ്പായ. തൂണിൽനിന്നും കുറച്ചുമാറി ഒരു ചെറിയ ക്യാബിൻ പോലെ എന്തോ ഉണ്ട്. ചുറ്റിലും വിശാലമായ സമുദ്രം. അവിടെനിന്നും നിർത്താതെ വീശുന്ന കാറ്റ് അഖിലിനെ ഒന്ന് വിറപ്പിച്ചെങ്കിലും അവൻ ചുറ്റും വീക്ഷിക്കുന്നത് തുടർന്നു.
പെട്ടെന്നാണ് പായ്മരത്തിന്റെ മറുവശത്തുനിന്ന് ഒരു ഞരക്കം കേട്ടത്. അഖിൽ ഒരു നിമിഷം ഒന്നു പതറിപ്പോയി. തന്നെ തട്ടിക്കൊണ്ടുവന്നവർ ആയിരിക്കുമോ എന്ന ചിന്ത അവനെ ഭയപ്പെടുത്തി. എന്നാലും ധൈര്യം സംഭരിച്ച് അവൻ തൂണിന്റെ അടുത്തേക്ക് നടന്നു. ഓരോ ചുവടിലും നിലത്തെ മരപ്പലകകൾ അമർന്ന് ഞെരുക്കമുള്ള ശബ്ദം പുറപ്പെടുവിച്ചു. അതേസമയം നേരത്തെ കേട്ട ഞരക്കം പെട്ടെന്ന് അവസാനിച്ചു. അപ്പുറത്തുള്ളയാൾ തന്റെ കാൽപ്പെരുമാറ്റം തിരിച്ചറിഞ്ഞതുകൊണ്ടാകാമെന്ന് ഊഹിച്ചപ്പോൾ അവന്റെ ശ്വാസത്തിന്റെ വേഗം കൂടി. എങ്കിലും രണ്ടും കല്പിച്ച് അവൻ ആ തൂണിൽ പിടിച്ച് അപ്പുറത്തേക്ക് കടന്നു.മറുവശത്ത്
കണ്ട കാഴ്ചയിൽ ഒരു നിമിഷം അഖിൽ സ്തംഭിച്ചുനിന്നുപോയി.
പായ്ക്കപ്പലിന്റെ മരത്തറയിൽ രണ്ട് പെൺകുട്ടികൾ! അതിലൊരാൾ വശത്തെ കൈവരിയോട് ചേർന്ന് തളർന്നു ചാരിയിരിക്കുകയാണ്. രണ്ടാമത്തവൾ അവളുടെ മടിയിലേക്ക് മുഖം പൂഴ്ത്തി അബോധാവസ്ഥയിൽ കിടക്കുന്നു.
ചാരിയിരുന്നവൾക്ക് ബോധം വന്നിരുന്നു. അവൾ പതിയെ കണ്ണുകൾ തുറക്കുന്നതേയുണ്ടായിരുന്നുള്ളൂ. മയക്കത്തിന്റെ ആലസ്യവും തലയിലെ വല്ലാത്ത ഭാരവും അവളിലുണ്ടായിരുന്നു. ആദ്യം അവളുടെ കണ്ണുകൾ ഉടക്കിയത് സ്വന്തം
മടിയിൽ തളർന്നുകിടക്കുന്ന അനിയത്തിയിലാണ്. വാത്സല്യത്തോടെ ആ മുഖത്തൊന്ന് തലോടിയ ശേഷം, മുഖത്തേക്കടിക്കുന്ന തണുത്ത കാറ്റും കടലിന്റെ ഇരമ്പലും കേട്ട് അവൾ ആശയക്കുഴപ്പത്തോടെ ചുറ്റും നോക്കി. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കടലും, താൻ ഇരിക്കുന്ന അപരിചിതമായ മരത്തറയും കണ്ടപ്പോൾ അവളുടെ ഉള്ളിലൊരു കൊള്ളിയാൻ മിന്നി. എവിടെയാണ് താൻ? എന്താണ് സംഭവിച്ചത്? പക്ഷേ അവൾക്ക് ചിന്തിക്കാനുള്ള സാവകാശം കിട്ടിയില്ല. അതിനു മുൻപേ അവളുടെ നോട്ടം തനിക്ക് തൊട്ടുമുന്നിലായി നിൽക്കുന്ന അഖിലിൽ പതിഞ്ഞിരുന്നു.
വിജനമായൊരു സ്ഥലത്ത് ബോധംവന്നുണരുമ്പോൾ മുന്നിൽ അപരിചിതനായൊരു മനുഷ്യൻ നിൽക്കുന്നത് കണ്ടതും ഏതൊരു സാധാരണ പെൺകുട്ടിക്കും ഉണ്ടാകുന്ന സ്വാഭാവികമായ ഭയം അവളിലും ഇരച്ചുകയറി. അവളുടെ കണ്ണുകൾ വികസിച്ചു, വിളറിയ ചുണ്ടുകൾ വിറയ്ക്കാൻ തുടങ്ങി. ശരീരമാകെ തളർന്നിരിക്കുകയാണെങ്കിലും, എവിടെനിന്നോ കിട്ടിയ ഊർജ്ജത്തിൽ പ്രാണരക്ഷാർത്ഥം അവൾ പിന്നിലേക്ക് ഒന്നുകൂടി വലിയാൻ ശ്രമിച്ചെങ്കിലും പിന്നിലെ പലകയിൽ തട്ടി അവൾ നിസ്സഹായയായി. ആ കണ്ണുകളിൽ അപ്പോൾ അപരിചിതനായ അവനോടുള്ള കടുത്ത ഭയവും പരിഭ്രാന്തിയുമായിരുന്നു.
ആ നോട്ടത്തിന്റെ തീവ്രതയിൽ അഖിൽ അറിയാതെ ഒരു ചുവട് പിന്നിലേക്ക് വെച്ചുപോയി. അവൻ തറയിൽ ഭയന്ന് വിറച്ചിരുന്ന ആ പെൺകുട്ടിയെയും അവളുടെ മടിയിൽ ബോധമില്ലാതെ കിടക്കുന്നവളെയും സംശയത്തോടെ നോക്കി.
ആ നോട്ടത്തിൽ വിറങ്ങലിച്ചു പോയവൾ മടിയിൽ കിടക്കുന്ന അനിയത്തിയെ പെട്ടെന്ന് നെഞ്ചിലേക്ക് ചേർത്തുപിടിച്ചു. “അടുത്തേക്ക് വരരുത്!!” ഭയവും ദേഷ്യവും കലർന്ന ശബ്ദത്തിൽ അവൾ അലറി. വിറയ്ക്കുന്ന കൈകൾ കൊണ്ട് നിലത്തുനിന്നും ചെറിയൊരു മരക്കഷണം തപ്പിയെടുത്ത് അവനുനേരെ ചൂണ്ടി.
