സാഗരസർഗ്ഗം Likeഅടിപൊളി  

അവളുടെ പേടി കണ്ട് അഖിൽ പറഞ്ഞു.

​”അല്ല ബ്രോ, ഒരു സാധ്യത പറഞ്ഞെന്നേയുള്ളൂ. അല്ലാതെ വേറെന്ത് കാര്യത്തിനാ നമ്മളെ ഈ നടുക്കടലിൽ കൊണ്ടുവന്നിടുന്നത്?ഇവിടെ വെച്ചാണെങ്കിൽ ആവശ്യം കഴിഞ്ഞാൽ ബോഡി വെല്ല സ്രാവിനും ഇട്ടുകൊടുക്കാം… തെളിവിന്റെ കണിക പോലും കിട്ടൂലാ.”ലിവിൻ തന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചു.

അത് കേട്ട് പേടിച് തൻവിക വേഗം ചേച്ചിയുടെ മടിയിൽ മുഖമൊളിപ്പിച്ചു.

ഇതുകണ്ട അഖിലിന് ദേഷ്യം വന്നു.

“ഒന്ന് മിണ്ടാതിരിക്ക് ബ്രോ! വെറുതെ എന്തിനാ അവരെ വീണ്ടും പേടിപ്പിക്കുന്നത്?” അഖിൽ ലിവിനെ നോക്കി കനപ്പിച്ചു പറഞ്ഞു.

ലിവിൻ പിന്നെയൊന്നും മിണ്ടിയില്ല. വെറുതെ ആ പാവങ്ങളെ പേടിപ്പിക്കേണ്ടതില്ലെന്ന് അവന് തോന്നി. കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. ഈ സമയം കൊണ്ടുതന്നെ വേദിക തൻവികയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

“തനൂ, എന്താടീ…?” ഇടയ്ക്കിടെ തൊണ്ടയിൽ കൈവച്ചു ബുദ്ധിമുട്ടുന്ന അനിയത്തിയെ നോക്കി വേദിക ചോദിച്ചു.

“ചേച്ചീ… എനിക്ക് വല്ലാതെ ദാഹിക്കുന്നു.”

വേദിക ചുറ്റും നോക്കി. ലിവിൻ തണുപ്പ് സഹിക്കാനാവാതെ നേരത്തെ കിടന്ന തുണിക്കൂമ്പാരത്തിൽ നിന്നും ഒരു തുണിക്കഷ്ണം എടുത്തു ചുറ്റി നിൽക്കുകയാണ്. അഖിൽ അവനുമായി കാര്യമായ എന്തോ ചർച്ചയിലാണ്. അപരിചിതരായ അവരെ വീണ്ടും ബുദ്ധിമുട്ടിക്കാൻ അവൾക്ക് തോന്നിയില്ല.

പുറകിലെ കൈവരിയിൽ താങ്ങി അവൾ സ്വയം എഴുന്നേൽക്കാൻ ശ്രമിച്ചു. എന്നാൽ മയക്കത്തിന്റെ ആലസ്യം അവളെ പൂർണമായും വിട്ടുമാറിയിരുന്നില്ല. ശരീരത്തിൽ ഒട്ടും ഊർജ്ജവുമില്ലായിരുന്നു. പകുതി എഴുന്നേറ്റപ്പോഴേക്കും തലചുറ്റി, കാലുകൾ കുഴഞ്ഞ് അവൾ തിരികെ ആ മരത്തറയിലേക്ക് തന്നെ വീണുപോയി.

“ചേച്ചീ…!!” തൻവിക പേടിച്ചുവിളിച്ചു.

ശബ്ദം കേട്ട് അഖിലും ലിവിനും വേഗം അങ്ങോട്ടെത്തി.

“എന്താ… എന്തുപറ്റി?”

അഖിൽ ചോദിച്ചു.

“വെള്ളം… അവൾക്ക് ദാഹിക്കുന്നു…” തളർന്ന ശബ്ദത്തിൽ വേദിക പറഞ്ഞു. ആ പെൺകുട്ടികളുടെ നിസ്സഹായവസ്ഥ കണ്ടപ്പോൾ അഖിലിന് വല്ലാത്തൊരു സങ്കടം തോന്നി.

“ലിവിനേ, നീ ഇവരുടെ കൂടെ നിക്ക്. ഞാൻ ആ ക്യാബിനിൽ പോയി വെള്ളം കിട്ടുമോ എന്ന് നോക്കട്ടെ…”

ഒരു നിമിഷം പോലും പാഴാക്കാതെ അഖിൽ മുന്നിലെ ആ അടഞ്ഞുകിടക്കുന്ന ക്യാബിൻ ലക്ഷ്യമാക്കി നടന്നു. വാതിൽ തള്ളിത്തുറന്ന് അവൻ അകത്തേക്ക് കയറി. ഉള്ളിൽ കനത്ത ഇരുട്ടായിരുന്നു. പുറത്തുനിന്നുള്ള മങ്ങിയ വെളിച്ചത്തിൽ അവൻ അവിടാകെ വേഗത്തിൽ പരതാൻ തുടങ്ങി.

പെട്ടെന്നാണ് തന്റെ തൊട്ടുപിന്നിലായി നേരിയൊരു അനക്കം അവൻ കേട്ടത്. എന്താണെന്നറിയാൻ അവൻ തിരിഞ്ഞുനോക്കിയ ആ സെക്കൻഡിൽ തന്നെ ഇരുട്ടിൽ നിന്നും അവനുനേരെ ഒരു കനത്ത പ്രഹരം പാഞ്ഞെത്തിയിരുന്നു! ഒട്ടും പ്രതീക്ഷിക്കാതെ മുഖത്തുതന്നെ കിട്ടിയ ആ ഇടി അഖിലിന് ശരിക്കും വേദനിച്ചു.

അതിന്റെ ആഘാതത്തിൽ അവനൊന്ന് പതറും മുൻപേ അടുത്ത ആക്രമണം വന്നു. അവിശ്വസനീയമായ വേഗത്തിൽ ആ രൂപം അഖിലിന്റെ കൈകളിൽ കടന്നുപിടിച്ച് പുറകിലേക്ക് തിരിച്ചു. ഒപ്പം കാൽമുട്ടുകൾക്ക് പിന്നിലായി ശക്തിയിൽ ചവിട്ടി അവന്റെ ബാലൻസ് പൂർണ്ണമായും തെറ്റിച്ചു. സ്വന്തം ശരീരത്തിന്റെ ഭാരം മുഴുവൻ തനിക്കെതിരെ തന്നെ ഉപയോഗിക്കപ്പെടുകയാണെന്ന് അഖിൽ ഞെട്ടലോടെ തിരിച്ചറിഞ്ഞു. അടുത്ത നിമിഷം അവനെ വട്ടംകറക്കി പിന്നിലേക്ക് മലർത്തിയടിച്ചു.

ക്യാബിന്റെ മുന്നിലുള്ള ചില്ലുജാലകത്തിലേക്കാണ് അവൻ ചെന്നിടിച്ചത്. വലിയ ശബ്ദത്തോടെ ആ ഗ്ലാസ്സിൽ വിള്ളലുകൾ വീണു. വേദനയോടെ അവൻ തലയുയർത്തി നോക്കുമ്പോഴേക്കും, തനിക്ക് നേരെ വായുവിലൂടെ കുതിച്ചുചാടി വരുന്ന ആ രൂപത്തെയാണ് അവൻ കണ്ടത്.

ഒഴിഞ്ഞുമാറാൻ സമയം കിട്ടുന്നതിന് മുൻപ് തന്നെ ആ രൂപത്തിന്റെ പാദങ്ങൾ

അഖിലിന്റെ നെഞ്ചിൽ വന്നിടിച്ചു. ആ ഫ്ലൈയിങ് കിക്കിന്റെ ശക്തിയിൽ പിന്നിലെ ഗ്ലാസ്സ് പൂർണ്ണമായും തകർന്നു തരിപ്പണമായി. പൊട്ടിയ ചില്ലുകൾക്കൊപ്പം അഖിൽ ക്യാബിന് പുറത്തേക്ക്, ലിവിനും പെൺകുട്ടികൾക്കും തൊട്ടുമുന്നിലായി മരത്തറയിലേക്ക് തെറിച്ചുവീണു!

Updated: October 17, 2026 — 5:54 pm

Leave a Reply

Your email address will not be published. Required fields are marked *