അവിടെയുണ്ടായിരുന്ന മൂന്നാലുപേർ കൈയടിച്ചും പുഞ്ചിരിച്ചും “വെൽക്കം ബാലേ!” എന്ന് പറഞ്ഞു. ആ ഊഷ്മളമായ സ്വീകരണം ശ്രീബാലയുടെ ഉള്ളിലെ പരിഭ്രമം പകുതിയും അലിയിച്ചുകളഞ്ഞു.
“ശരി, ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം,” സൂസൻ ശ്രീബാലയെ ഒരു വലിയ മാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി. “ആദ്യത്തെ ദിവസമല്ലേ, നമ്മൾ ഇന്ന് വലിയ അഭ്യാസങ്ങൾക്കൊന്നും പോകുന്നില്ല. ബോഡിയെ ഒന്ന് വാമപ്പ് ചെയ്യാം.”
സൂസൻ ആദ്യം ലളിതമായ ചില സ്ട്രെച്ചിംഗ് വ്യായാമങ്ങൾ കാണിച്ചുകൊടുത്തു. “ഇങ്ങനെ
കൈകൾ രണ്ടും മുകളിലേക്ക് ഉയർത്തി, കാൽവിരലുകളിൽ നിൽക്കാൻ നോക്കൂ… യെസ്, പെർഫെക്റ്റ്!”
ശ്രീബാല അതുപോലെ ചെയ്യാൻ ശ്രമിച്ചെങ്കിലും കൈകാലുകൾക്ക് ചെറിയൊരു വിറയൽ അനുഭവപ്പെട്ടു.
“സൂസൻ ചേച്ചി… എന്റെ കാലൊക്കെ വിറയ്ക്കുന്നു,” ശ്രീബാല വിയർത്തൊഴുകിയ മുഖത്തോടെ പറഞ്ഞു.
അത് സാരമില്ല ബാലേ,” സൂസൻ ചിരിച്ചു. “ഇത്രയും നാൾ അടങ്ങിയിരുന്ന മസിലുകളൊക്കെ ഒന്ന് ഉണരുകയാണ്! ആദ്യത്തെ രണ്ടുമൂന്നു ദിവസം ഇതുപോലെ തോന്നും, പിന്നെ ശരിയായിക്കോളും.
ഇനി ദാ, പതുക്കെ ഇതുപോലെ കുറച്ച് സൈക്ലിംഗ് ചെയ്യാം.”
സൂസൻ കാർഡിയോ സെക്ഷനിലെ സ്റ്റേഷനറി ബൈക്ക് കാണിച്ചുകൊടുത്തു. അതിലിരുന്ന് പെഡൽ ചെയ്യേണ്ട രീതിയും സ്പീഡ് അഡ്ജസ്റ്റ് ചെയ്യുന്നതും വിശദീകരിച്ചു.
“പതിയെ മതി, ഒട്ടും ധൃതി കൂട്ടേണ്ട,” സൂസൻ അരികെ നിന്ന് പ്രോത്സാഹിപ്പിച്ചു.
.
ശ്രീബാല പതുക്കെ സൈക്കിൾ പെഡൽ ചെയ്യാൻ തുടങ്ങി. അല്പം കഴിഞ്ഞപ്പോൾ വിയർപ്പുതുള്ളികൾ നെറ്റിയിലൂടെ ഒലിച്ചിറങ്ങി. പണ്ടെങ്ങോ നഷ്ടപ്പെട്ട ആ പഴയ ഊർജ്ജവും ഉന്മേഷവും വീണ്ടെടുക്കുന്നതുപോലെ അവൾക്ക് തോന്നി.
“മതി ബാലേ, ആദ്യദിവസം ഇത്രയും ധാരാളം,” പത്തു മിനിറ്റിനു ശേഷം സൂസൻ സൈക്ലിംഗ് നിർത്തിച്ചു. “തുടക്കം വളരെ നന്നായിരുന്നു കേട്ടോ! ഐ ആം പ്രൗഡ് ഓഫ് യൂ.”
“സത്യമായിട്ടും? എനിക്ക് കുറച്ച് തളർച്ച തോന്നി സൂസൻ ചേച്ചി,” ശ്രീബാല ടവലെടുത്ത് മുഖം തുടച്ചുകൊണ്ട് പറഞ്ഞു
ആദ്യമായതുകൊണ്ടാണ്. നാളെ വരുമ്പോൾ ഈ തളർച്ചയൊക്കെ പോകും,” സൂസൻ സന്തോഷത്തോടെ ശ്രീബാലയുടെ കയ്യിൽ അമർത്തിപ്പിടിച്ചു.
ജിമ്മിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ശ്രീബാലയുടെ മനസ്സിൽ വല്ലാത്തൊരു സന്തോഷമായിരുന്നു. നാളെയെക്കുറിച്ചുള്ള പേടിയല്ല, മറിച്ച് പുതിയൊരു ആത്മവിശ്വാസമാണ് ഇപ്പോൾ ആ കണ്ണുകളിൽ ഉണ്ടായിരുന്നത്
ജിമ്മിന്റെ പടിയിറങ്ങി വീട്ടിലെത്തുമ്പോഴും ശ്രീബാലയുടെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു. ആദ്യ ദിനത്തിന്റെ സങ്കോചങ്ങളെല്ലാം എവിടെയോ അലിഞ്ഞുപോയിരിക്കുന്നു. വിയർപ്പിൽ കുതിർന്ന മുടിയിഴകൾ ഒതുക്കിവെച്ച്, ഹാളിൽ പത്രം വായിച്ചുകൊണ്ടിരുന്ന ആനന്ദിന്റെ അടുത്തേക്ക് അവൾ ഓടിയെത്തി.
“ആനന്ദേ… ഞാൻ വിചാരിച്ച പോലെ ഒന്നുമല്ല കേട്ടോ! അവിടെ
എല്ലാവരും എന്ത് സപ്പോർട്ടീവാണെന്നോ!” ആനന്ദിന് പത്രം താഴെ വെക്കേണ്ടി വന്നു. ശ്രീബാലയുടെ വർത്തമാനം തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ബാക്കി എല്ലാത്തിനും വിശ്രമമാണ്.
അവൾ തന്റെ ആദ്യ ദിനത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചു തുടങ്ങി. ഓരോ വ്യായാമങ്ങൾ ചെയ്യുമ്പോഴും കൂടെയുള്ളവർ തന്ന പ്രോത്സാഹനവും, ജിമ്മിലെ അന്തരീക്ഷവും അവൾ വിവരിച്ചു. അതിനിടയിലാണ് അവൾ സൂസനെക്കുറിച്ച് പറഞ്ഞത്.
“പ്രത്യേകിച്ച് ആ സൂസൻ! ആളൊരു സംഭവമാണ്. എനിക്ക് ഓരോ സ്റ്റെപ്പും എക്സ്ട്രാ കെയർ തന്നാണ് പഠിപ്പിച്ചു തരുന്നത്. ഒരിത്തിരി കെയർ കൂടുതൽ ആണോ എന്ന് പോലും എനിക്ക് തോന്നിപ്പോയി!”
അവളുടെ ആവേശവും സൂസനെക്കുറിച്ചുള്ള പുകഴ്ത്തലും കേട്ട് ആനന്ദ് ഒരു ചെറുചിരിയോടെ അവളെ നോക്കി. ഒരു നിമിഷം ശാന്തനായിരുന്ന ശേഷം, പഴയ ആ പഴയ ഡയലോഗ് അതേ പടിയെടുത്ത്, ചുണ്ടിൽ ഒരു കുസൃതിച്ചിരിയോടെ അവൻ ചോദിച്ചു:
“അല്ല ശ്രീബാലേ… ഈ സൂസൻ തരുന്ന എക്സ്ട്രാ കെയറൊക്കെ കൊള്ളാം, പക്ഷെ അവിടുത്തെ ‘വർക്കൗട്ട്’ മാത്രമാണോ അതോ കൂടെ അല്പം ‘സെന്റിമെന്റ്സും’ ഉണ്ടോ?”
