ആവനാഴി അധ്യായം – 4 29അടിപൊളി  

ഒരിക്കൽ പടിക്കെട്ടിലേക്ക് നോക്കി.

ആരും ഇല്ല.

വീണ്ടും ലച്ചുവിന്റെ മുറിയിലേക്ക് നോക്കി.

വാതിലിനടിയിലൂടെ വെളിച്ചം കാണുന്നില്ല.

“ഉറങ്ങിപ്പോയോ എന്തോ…”

അവൻ സ്വയം മുറുമുറുത്തു.

പക്ഷേ അപ്പോൾ തന്നെ വാതിൽ ചെറുതായി തുറന്നു.

അകത്തുനിന്ന് ഒരു കൈ പുറത്തുവന്നു.

അടുത്ത നിമിഷം ആ കൈ അവന്റെ ഷർട്ട് പിടിച്ച് അകത്തേക്ക് വലിച്ചു.

“ശ്ശ്…”

ലച്ചു വിരൽ അവന്റെ ചുണ്ടിൽ വെച്ചു.

അജു അവളെ തുറിച്ചുനോക്കി.

“നിനക്ക് വട്ടാണോ?”

“അതെ.”

“അതിൽ എനിക്ക് സംശയമില്ല.”

“അപ്പോൾ ശരി.”

അജു കണ്ണുരുട്ടി.

“എന്തിനാ വിളിച്ചത്?”

“ആദ്യം വാതിൽ അടക്ക്.”

അവൻ വാതിൽ അടച്ചു.

ലച്ചു ഉടനെ കുറ്റിയിട്ടു.

അത് കണ്ടപ്പോൾ അജുവിന് വീണ്ടും ടെൻഷനായി.

“എന്തിനാ ലോക്ക് ചെയ്തത്?”

“കാരണം എനിക്കു നിന്നോട് സംസാരിക്കാനുണ്ട്.”

“സംസാരിക്കാൻ വാതിൽ ലോക്ക് ചെയ്യേണ്ട ആവശ്യമെന്താ?”

“നീ അഞ്ചു മിനിറ്റിനുള്ളിൽ ഓടിപ്പോകാതിരിക്കാൻ.”

“ഞാൻ എന്താ വല്ലോ ജയിൽപ്പുള്ളിയാണോ?”

“അല്ല. നീ ഉത്തരവാദിത്തമുള്ള മനുഷ്യനാണ്. അതുകൊണ്ടുതന്നെ അപകടകാരിയും.”

അജു ദീർഘനിശ്വാസം വിട്ടു.

മുറിയിലുള്ള കസേരയിൽ ഇരുന്നു.

ലച്ചു കട്ടിലിൽ കാലുമടക്കി ഇരിക്കുകയായിരുന്നു.

പക്ഷേ ഇത്തവണ അവളുടെ മുഖത്ത് പതിവ് കുസൃതികൾ ഇല്ലായിരുന്നു.

അവൾ കുറച്ചുനേരം മിണ്ടാതെ നിന്നു.

അത് അജു ശ്രദ്ധിച്ചു.

“എന്താ ലച്ചു?”

അവൾ പതുക്കെ ചോദിച്ചു.

“ഈ വീട്ടിൽ എല്ലാവരും ഇങ്ങനെ തന്നെയാണോ?”

“എങ്ങനെ?”

“പരസ്പരം കളീം ചിരീം പിന്നെ മറ്റുള്ളവരുടെ കാര്യങ്ങൾ ഒക്കെ അന്വേഷിച്ചും. അങ്ങനെ. “

അജു ചിരിച്ചു.

“സാധാരണ വീട്ടിലൊക്കെ അങ്ങനെയല്ലേ?”

ലച്ചു തലകുലുക്കി.

“അല്ല.”

മുറിയിൽ വീണ്ടും നിശ്ശബ്ദത പടർന്നു.

പിന്നെ അവൾ ജനലിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

“എനിക്ക് ചെറുപ്പം മുതൽ ഇതുപോലൊരു വീട് എന്താണെന്ന് അറിയില്ല അജു.”

അജുവിന്റെ മുഖം ഗൗരവമായി. അവൻ ഒന്നും പറഞ്ഞില്ല.

ലച്ചു മെല്ലെ സംസാരിച്ചുതുടങ്ങി.

“എന്റെ അമ്മയെക്കുറിച്ച് എനിക്ക് ഓർമ്മയുള്ളത് വളരെ കുറച്ചേ ഉള്ളൂ.”

അവളുടെ ശബ്ദം താഴ്ന്നു.

“പക്ഷേ ചില കാര്യങ്ങൾ ഒരിക്കലും മറക്കാൻ പറ്റില്ല.”

“ഉം… “അജു മൂളി.

“അമ്മ ചിരിക്കുന്ന മുഖം.”

അവൾ ചിരിക്കാൻ ശ്രമിച്ചു.

“എന്നെ എന്നും ‘ലക്ഷ്മിക്കുട്ടി’ എന്നാണ് വിളിച്ചിരുന്നത്.”

“എനിക്ക് ആ പേര് ഒട്ടും ഇഷ്ടമല്ലായിരുന്നു.”

“അമ്മയ്ക്ക് ഇഷ്ടമായിരുന്നു.”

കുറച്ചുനേരം അവൾ മിണ്ടാതിരുന്നു.

“ഞങ്ങൾ വളരെ സന്തോഷമുള്ള കുടുംബമായിരുന്നു അജു.”

“അച്ഛനും അമ്മയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്.”

“അമ്മയുടെ വീട്ടുകാർക്ക് അത് ഇഷ്ടമായിരുന്നില്ല.”

“എന്നാലും അച്ഛൻ അമ്മയെ വിവാഹം

ചെയ്തു.”

“അമ്മ പറയുമായിരുന്നു, ഒരുകാലത്ത് അച്ഛൻ അമ്മക്ക് വേണ്ടി ലോകവുമായി പോലും അടിപിടി നടത്തിയിട്ടുണ്ടെന്ന്.”

അജു ശ്രദ്ധയോടെ കേട്ടിരുന്നു.

“അമ്മ ജീവിച്ചിരുന്ന സമയത്ത് അച്ഛൻ വേറെയായിരുന്നു.”

“എങ്ങനെയായിരുന്നു?”

“ഏറ്റവും നല്ല അച്ഛൻ.”

അവളുടെ കണ്ണുകളിൽ പഴയ ഓർമ്മകളുടെ വെളിച്ചം തെളിഞ്ഞു.

“എന്നെ സ്കൂളിൽ കൊണ്ടുപോകും.”

“രാത്രി കഥ പറഞ്ഞുതരും.”

“ഒരാഴ്ചയിൽ എത്ര തിരക്കുണ്ടായാലും ഒരു ദിവസം മുഴുവൻ എന്റെ കൂടെയിരിക്കും.”

“എനിക്ക് പനി വന്നാൽ ഉറങ്ങാതെ ഇരിക്കും.”

അവൾ ചിരിച്ചു.

“ആ സമയത്ത് ഞാൻ വിചാരിച്ചിരുന്നത് എല്ലാ അച്ഛന്മാരും അങ്ങനെയാണെന്നാണ്.”

അവൾ നിശ്വാസം വിട്ടു.

“പിന്നെ അമ്മ പോയി.”

അജുവിന്റെ നെഞ്ചിൽ എന്തോ മുറുകി.

ലച്ചു ശബ്ദം നിയന്ത്രിക്കാൻ ശ്രമിച്ചു.

“അമ്മ മരിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അച്ഛൻ മാറിത്തുടങ്ങി.”

“ആദ്യം ഞാൻ ശ്രദ്ധിച്ചില്ല.”

“പിന്നെ മനസ്സിലായി.”

“അദ്ദേഹം എന്നെ വെറുക്കുന്നില്ല.”

“പക്ഷേ അടുത്ത് വരാനും കഴിയുന്നില്ല.”

“അമ്മയെ ഓർമ്മപ്പെടുത്തുന്നതുകൊണ്ടാവാം.”

“അറിയില്ല.”

അവൾ തല താഴ്ത്തി.

“ഇപ്പോൾ പോലും അച്ഛൻ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം.”

അജു ചോദ്യഭാവത്തിൽ നോക്കി.

“എങ്ങനെ?”

“കാരണം കുറച്ചുവട്ടം ഞാൻ കണ്ടിട്ടുണ്ട്.”

Updated: September 17, 2026 — 9:19 pm

Leave a Reply

Your email address will not be published. Required fields are marked *