കുട്ടികൾ ചുവടുകൾ പരിശീലിക്കുന്ന ശബ്ദം.
അവിടെ പല വിദ്യാർത്ഥികളും പരിശീലനത്തിലായിരുന്നു.
മധ്യഭാഗത്ത് ശശി ചേട്ടൻ.
അവർ അകത്തേക്ക് കയറിയതുമാത്രം ശശി ചേട്ടന്റെ മുഖം തെളിഞ്ഞു.
“അജുക്കുട്ടാ!”
“സുഖമാണോ ചേട്ടാ?”
“സുഖം. എടാ നീ എപ്പോഴാ വന്നത് ഇന്നലെ? കളരിപൂട്ടി പോകുമ്പോൾ കണ്ടില്ലല്ലോ? “
അജു ചിരിച്ചു.
“ഇച്ചിരി വൈകി.”
പിന്നെ ലച്ചുവിലേക്ക് തിരിഞ്ഞു.
“ഇതാണ് എന്റെ ഫ്രണ്ട്. കുറച്ചു ദിവസം ഇവിടെ താമസിക്കാൻ വന്നതാ.”
ആ അവസാന വാചകം പറയുമ്പോൾ അവന്റെ മുഖത്ത് ചെറിയൊരു നാണം ഉണ്ടായിരുന്നു.
ശശി ചേട്ടൻ അത് ശ്രദ്ധിച്ചു.
ലച്ചു മറ്റൊരു ഭാഗത്തേക്ക് നോക്കിയിരുന്നപ്പോൾ ശശി ചേട്ടൻ കണ്ണിറുക്കി.
പിന്നെ ശബ്ദമില്ലാതെ ചുണ്ടനക്കി.
“കാമുകിയാണോ?”
അജു
കണ്ണുരുട്ടി.
ഉടനെ വിഷയം മാറ്റി.
“പുതിയ ബാച്ചാണോ?”
ശശി ചേട്ടൻ ചിരി അടക്കാൻ ശ്രമിച്ചുകൊണ്ട് പരിശീലനത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി.
ലച്ചുവിന്റെ ശ്രദ്ധ അതുവരെ മറ്റൊരിടത്തായിരുന്നു.
കളരിയുടെ ചുവരുകളിൽ തൂങ്ങിയിരുന്ന ആയുധങ്ങളിലേക്ക്.
വാളുകൾ.
കുന്തങ്ങൾ.
ഉരുമ്പുകൾ.
ചുറ്റികകൾ.
പാരമ്പര്യ ആയുധങ്ങൾ.
“ഇവയെല്ലാം ശരിക്കും ഉപയോഗിക്കുമോ?”
“അതെ.”
“ഇത് പൊളിയാണ്.”
അവൾ ഒരു മരക്കോൽ എടുത്തു.
പരിശോധിച്ചു.
രണ്ടു പ്രാവശ്യം വീശി.
തുടർന്ന് മറ്റൊന്ന്.
അജു കുറച്ച് അകലെ നിന്നു നോക്കിക്കൊണ്ടിരുന്നു.
അവൾ മുഴുവൻ ആയുധലോകത്തിൽ മുഴുകിയിരുന്നു.
ആ സമയത്ത് അജു നിലത്തു വച്ചിരുന്ന ഒരു നീളൻ കോൽ എടുത്തു.
വർഷങ്ങളായി ചെയ്തു തഴമ്പിച്ച ഒരു ചുവട്.
ഒരു തിരിവ്.
രണ്ടു വേഗത്തിലുള്ള ചുറ്റലുകൾ.
വായുവിൽ കോൽ വട്ടമിട്ടു.
അടുത്ത നിമിഷം അത് വീണ്ടും അവന്റെ കയ്യിൽ നിശ്ചലമായി.
എല്ലാം ഏതാനും സെക്കൻഡുകൾക്കുള്ളിൽ.
ലച്ചു അപ്പോഴും മറ്റൊരു വാൾ നോക്കുകയായിരുന്നു.
അവൾ ഒന്നും കണ്ടില്ല.
അജു ആശ്വാസത്തോടെ കോൽ പഴയ സ്ഥാനത്ത് വച്ചു.
“ഏയ്!”
ശശി ചേട്ടന്റെ ശബ്ദം കേട്ട് ലച്ചു തിരിഞ്ഞു.
“ഇവനെ വിശ്വസിക്കണ്ട.”
“എന്തുകൊണ്ട്?” അവൾ ചോദിച്ചു.
“ഇവൻ ചെറുപ്പം മുതൽ ഇവിടെ പരിശീലിച്ച ആളാ.”
ലച്ചു സംശയത്തോടെ അജുവിനെ നോക്കി.
ശശി ചേട്ടൻ തുടർന്നു.
“കോളേജിൽ കയറുന്നതുവരെ ദിവസവും വരുമായിരുന്നു.”
“ശരിക്കുമോ?”
“അതെ. കൈയാങ്കളിയിലും ആയുധപരിശീലനത്തിലും മിടുക്കൻ. മർമ്മവിദ്യയും പഠിച്ചിട്ടുണ്ട്.”
ലച്ചു ആദ്യം ശശി ചേട്ടനെ നോക്കി.
പിന്നെ അജുവിനെ.
അടുത്ത നിമിഷം പൊട്ടിച്ചിരിച്ചു.
“ചേട്ടാ, എന്താണ് ഇവൻ ഓഫർ ചെയ്തത്?”
“എന്താ?”
“ഇത്ര വലിയ കള്ളം പറയാൻ.”
കളരിയിലുണ്ടായിരുന്ന ചില കുട്ടികൾ പോലും ചിരിച്ചു.
“ഇവനെയാണോ നിങ്ങൾ പറയുന്നത്?”
അവൾ അജുവിനെ വിരൽചൂണ്ടി.
“ക്ലാസിൽ ഒരു പുഴുവിനെ പോലും കൊല്ലാൻ പറ്റാത്ത ആളാ.”
“ഏയ്!”
“സോഫ്റ്റ് ബോയ്. നർഡ്. പുസ്തകപ്പുഴു.”
“ലച്ചു…”
“ഇയാൾ അടിപിടി ചെയ്യുന്നതൊക്കെ ഞാൻ വിശ്വസിച്ചാൽ നിങ്ങൾക്ക് വേറെ എന്ത് കള്ളം വേണമെങ്കിലും എന്നെക്കൊണ്ട് വിശ്വസിപ്പിക്കാം.”
ശശി ചേട്ടൻ പൊട്ടിച്ചിരിച്ചു.
അജു സ്വന്തം തലപിടിച്ചു അവൾ കാണാതെ ചിരിച്ചു. സത്യം പറഞ്ഞവരെ കള്ളന്മാരാക്കിയ ദിവസം.
ദിവസങ്ങൾ വേഗത്തിൽ കടന്നുപോയി.
ആ വാരാന്ത്യം അവസാനിക്കുന്നതിനുമുൻപ് ലച്ചു ആ വീട്ടിലെ ഒരാളായി മാറി.
അമ്മയ്ക്ക് മകൾ.
ദിവ്യയ്ക്ക് അനിയത്തി.
അജുവിന്…
അതിന് ഇനിയും ഒരു പേര് കിട്ടിയിരുന്നില്ല.
കുളം മാത്രമല്ല.
ലച്ചുവിന്റെ പഴയ സ്വപ്നവും നിറവേറ്റപ്പെട്ടു.
ഞായർ രാവിലെയായിരുന്നു അത്.
കുളത്തിന്റെ കൽപ്പടവുകളിൽ ഇരുന്ന് വെള്ളത്തിലേക്ക് നോക്കിക്കൊണ്ട് അവൾ അജൂനോട് പറഞ്ഞു.
“ഇന്ന് ഞാൻ കുളത്തിൽ ഇറങ്ങും.”
“നിനക്ക് നീന്തൽ അറിയുമോ?”
“അറിയാം.”
“അത് നല്ല കാര്യം.”
“നിന്റെ സംസാരത്തിൽ ഒരു വിശ്വാസം ഇല്ലല്ലോ അജൂ.”
ഒരു തോർത്ത് മാത്രമുടുത്തു അവൾ വെള്ളത്തിലിറങ്ങുമ്പോൾ മുഖത്ത് പ്രത്യക്ഷപ്പെട്ട സന്തോഷം കണ്ടപ്പോൾ അജു പോലും ചിരിച്ചു.
ആ നിമിഷം അവൾ ഒരു വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ അവകാശിയല്ലായിരുന്നു.
ഒരു ചെറിയ സ്വപ്നം സാധിച്ച കുട്ടിയായിരുന്നു.
