അന്തര – 1 Likeഅടിപൊളി  

അന്തര Chapter – 1

[ Rog ]


പുതിയ കോൺസെപ്റ്റിൽ ഒരു സയൻസ് ഫിക്ഷൻ കഥ മനസ്സിൽ ഉടലെടുത്തതാണ് അത് എഴുതി സമർപ്പിക്കുന്നു എത്രത്തോളം നന്നാവുമെന് അറിയില്ല വായനക്കാരുടെ സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു

**അന്തര**

“വിചിത്രമാണീ ലോകം, ഏറ്റവും മനോഹരമായി പുഞ്ചിരിക്കുന്ന മുഖങ്ങൾക്കുള്ളിൽ പോലും ചിലപ്പോൾ ഏറ്റവും വലിയ കാപട്യം ഒളിഞ്ഞിരിപ്പുണ്ടാവും.

സ്നേഹമാണെന്ന് നമ്മൾ വിശ്വസിക്കുന്നതെല്ലാം സത്യമാണെന്ന് എങ്ങനെ ഉറപ്പിക്കാം?

ഒരുപക്ഷേ നമ്മൾ കാണുന്ന മുഖങ്ങളല്ല യഥാർത്ഥ മനുഷ്യർ… അവർ ഒളിപ്പിക്കുന്ന മുഖങ്ങളായിരിക്കാം.”

മുറിക്കുള്ളിൽ ആകെ നിശബ്ദത തളം കെട്ടി നിന്നു. നിലാവിന്റെ വെളിച്ചം തങ്ങി നിൽക്കുന്ന മുറിയിൽ ഒരു മേശയിൽ സ്റ്റഡി ലാമ്പും അതിന്റെ വെളിച്ചത്തിൽ ഒരു പഴയ ഡയറിയും. അവൻ എഴുത്ത് നിർത്തി പേനയടച്ചു ഡയറിക്കരികിലായി വെച്ചു. അവൻ അവസാനമായി എഴുതിയ ആ വരികളിലേക്ക് തന്നെ അവൻ നോക്കിയിരുന്നു. കണ്ണിൽ നിന്നും കണ്ണുനീർത്തുള്ളി അവന്റെ കവിളിലൂടെ ഒഴുകി. ജനലിൽ നിന്നും വരുന്ന ഇളം കാറ്റ് അവന്റെ ഡയറിയിലെ താളുകൾ മറിച്ചു.

അവൻ കസേരയിൽ നിന്നും എഴുന്നേറ്റു. ഇത് തന്റെ മരണക്കുറിപ്പാണോ എന്നൊന്നും അറിയില്ല. ചതിയും വഞ്ചനയും കാപട്യവും കൊണ്ട് നിറഞ്ഞ ലോകത്ത് തനിക്കിനി തുടരാനാവില്ല എന്നവൻ ദൃഢനിശ്ചയം എടുത്തിരുന്നു. അവൻ മുറിക്കു ചുറ്റും ഒന്നുകൂടി കണ്ണോടിച്ചു. ചുവരിൽ അവനും അപ്പയും അമ്മയും ഉള്ള ഒരു കുടുംബ ചിത്രം.

“അപ്പാ, അമ്മാ…” അവൻ മനസ്സിൽ ഒരു വിങ്ങലോടെ വിളിച്ചു.

കവിളിൽ ഒഴുകിയെത്തിയ കണ്ണുനീർത്തുള്ളി തുടച്ചു നീക്കിയവൻ വെളിയിലോട്ടിറങ്ങി തെരുവിലൂടെ നടന്നു. ഒരുപാട് മുഖങ്ങൾ, ഓർമ്മകൾ, ഒരുപാട് വിശ്വസിച്ച വാക്കുകൾ എല്ലാം അവന്റെ മനസ്സിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നു. അവൻ നടത്തം തുടർന്നു. തെരുവിലൂടെ നടക്കുമ്പോൾ വെളിച്ചവും ഇരുട്ടും

അവന്റെ മുഖത്ത് മാറി മാറി പതിച്ചുകൊണ്ടിരുന്നു.

ഇടയ്ക്കെപ്പോഴോ പോക്കറ്റിലുള്ള ഫോൺ വിറച്ചു. നടത്തത്തിനിടയിൽ അവൻ ഫോണിന്റെ സ്ക്രീനിലേക്ക് നോക്കി. സ്ക്രീനിലുള്ള പേര് കണ്ടിട്ടും അവനത് എടുക്കാൻ തയ്യാറായില്ല. അവന്റെ മനസ്സിലെ സങ്കടം ഇരട്ടിച്ചു വന്നു. കണ്ണുകളിൽ നിന്നും വീണ്ടും വെള്ളമൊഴുകാൻ തുടങ്ങി. ചുണ്ടുകൾ മടക്കിപ്പിടിച്ച് അവൻ വിതുമ്പാൻ തുടങ്ങി. ഫോൺ തിരിച്ചു പോക്കറ്റിലിട്ട് അവൻ നടത്തത്തിന്റെ വേഗത കൂട്ടി.

നടന്നെത്തിയത് ഒരു പഴയ പാലത്തിനടുത്തായിരുന്നു. നഗരത്തിന്റെ അതിർത്തിയോടടുത്തുള്ള ആ പഴയ പാലത്തിൽ വാഹനങ്ങൾ വളരെ കുറവായിരുന്നു, സ്ട്രീറ്റ് ലൈറ്റിന്റെ ചെറിയ വെളിച്ചം. താഴെ ഒഴുകുന്ന പുഴയുടെ ശബ്ദം ഇടയ്ക്കിടെ കാറ്റിനൊപ്പം ഉയർന്നു വന്നു. ആ കാറ്റ് അവന്റെ മുടിയിഴകളെ തഴുകിപ്പോയി. ദൂരെയെവിടെയോ നിന്നും ഒരു നായ കുരക്കുന്ന ശബ്ദം കേൾക്കാം.

അവൻ പാലത്തിന്റെ കൈവരിയിൽ പിടിച്ചു കുറച്ചു നേരം നിന്നു. അവന്റെ കണ്ണുകൾ ശക്തിയിൽ കുത്തിയൊഴുകുന്ന പുഴയിലേക്കായിരുന്നു. അവന്റെ ഹൃദയം അതിവേഗതയോടെ ഇടിക്കാൻ തുടങ്ങി. അവന്റെ മനസ്സാകെ പേടി തട്ടി, അവന്റെ ശരീരം തളരുന്നതുപോലെ തോന്നി. അവൻ കണ്ണുകളടച്ചു കുറച്ചുനേരം നിന്നു. അവന്റെ മുഖത്തേക്കടിക്കുന്ന കാറ്റവൻ ആസ്വദിച്ചു. മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചു.

ഒരു ദീർഘശ്വാസമെടുത്ത് അവൻ ആ പുഴയിലേക്ക് എടുത്തു ചാടി. തന്റെ ശരീരത്തിനിപ്പോൾ ഭാരമില്ല, കാറ്റിൽ പറക്കുന്ന പോലെ. പതിയെ അവന്റെ കാലിൽക്കൂടെ തണുപ്പ് ഇരച്ചുകയറി, അത് ഇപ്പോൾ ശരീരം മുഴുവനുമായി. അതെ, താനിപ്പോൾ വെള്ളത്തിൽ വീണിരിക്കുന്നു. വെള്ളത്തിന്റെ ഒഴുക്ക് അവനെ വലിച്ചുകൊണ്ടു പോകുന്നു. താഴെ കാലുകൾ ഉറപ്പിക്കാനായി അവന്റെ അബോധ മനസ്സ് ശ്രമിച്ചു. പേടി അവന്റെ മനസ്സിനെ വീണ്ടും മൂടി. അവന്റെ കാലുകൾ തനിയെ

തുഴയാൻ തുടങ്ങി, അവന്റെ കൈകൾ വെള്ളത്തിനെ തള്ളിമാറ്റി മുകളിലേക്ക് പൊങ്ങുവാനായി ശ്രമിക്കുന്നു. ശ്വാസം ലഭിക്കുന്നില്ല.

Updated: November 18, 2026 — 12:11 am

Leave a Reply

Your email address will not be published. Required fields are marked *