ദീർഘനേരത്തെ പരിശ്രമത്തിനു ശേഷം അവന്റെ അബോധമനസ്സും ശരീരവും ഒരുപോലെ ക്ഷീണിച്ചു തളർന്നു. ശരീര പേശികൾ ജീവൻ നിലനിർത്താനുള്ള പരിശ്രമം നിർത്തി. കണ്ണുകൾ പതിയെ അടഞ്ഞു, അവന്റെ കണ്ണുകളിൽ ഇരുട്ട് നിറഞ്ഞു. മൊത്തത്തിൽ ഒരു ശാന്തത. ഇപ്പോൾ ശബ്ദങ്ങളില്ല, ശരീരത്തിന് ഭാരമില്ല, മനസ്സിന് വേദനയില്ല, പഴയ ചിന്തകളില്ല. എന്തോ മനസ്സാകെ ശാന്തമായപോലെ, ചുറ്റിനും കൂരാക്കൂരിരുട്ട്. ആ ഇരുട്ടിനെ അവൻ ഇഷ്ടപ്പെടാൻ തുടങ്ങി. ചതിയാലും വഞ്ചനയാലും കള്ളത്തരത്താലും നിറഞ്ഞ ഈ ലോകത്തിനേക്കാളും ആരുമില്ലാത്ത ഈ ഇരുണ്ട ലോകമാണ് നല്ലതെന്ന് അവനു തോന്നി……….
—
ലൂസിയൻ വാരെത്ത് (ലൂക്ക്), 25 വയസ്സ്. അലക്സാണ്ടർ വാരെത്തിന്റെയും എവ്ലിൻ വാരെത്തിന്റെയും ഏക മകൻ. കോടിക്കണക്കിനു സ്വത്തുക്കൾ, ഒരുപാട് വലിയ വലിയ ബിസിനസ്സുകളുടെ ഉടമ. സ്വന്തമായി മാൾ, തിയേറ്റർ, ഹോസ്പിറ്റൽസ്, ബാർ, റിസോർട്ട് അങ്ങനെ എല്ലാവിധ ശൃംഖലയിലും ഉടമസ്ഥ പങ്കു വഹിക്കുന്ന ഒരുവൻ. എല്ലാം അവന്റെ അപ്പയുടെയും അമ്മയുടെയും കഷ്ടപ്പാട് .
എന്തൊക്കെയുണ്ടെങ്കിലും അവനു സ്വന്തമായി എന്ന് പറയാൻ തന്നെ ആരുമില്ല. അവനെ ജീവനു തുല്യമായി സ്നേഹിക്കുന്ന അവന്റെ അപ്പയും അമ്മയും ഇപ്പോൾ ഈ ലോകത്തില്ല. വർഷങ്ങൾക്കു മുമ്പ് ഒരു ആക്സിഡന്റിൽ അവർ ഈ ലോകത്തോട് വിട പറഞ്ഞു. അപ്പയുടെയും അമ്മയുടെയും മരണത്തിനു ശേഷം അവൻ സ്വന്തം വീട്ടിൽ നിന്നില്ല, അവിടെ അവരുടെ ഓർമ്മകളാൽ അവൻ വീർപ്പുമുട്ടിയിരുന്നു. അവൻ വെളിയിൽ ഒരു ഫ്ലാറ്റ് എടുത്തു, പിന്നീട് അവിടെയായി താമസം. ആകെ അപ്പയും അമ്മയും താനുമായി നിൽക്കുന്ന ഒരു ചിത്രം മാത്രം
അവരുടെ ഓർമ്മയ്ക്കായി അവൻ ആ മുറിയിൽ സൂക്ഷിച്ചു .
പിന്നെ പറയാനായി പേരിന് കുറച്ചു സുഹൃത്തുക്കളും ഒരു പ്രണയിനിയും. അതാരും അവന്റെ യഥാർത്ഥ കൂട്ടുകാരായിരുന്നില്ല. അവന്റെ സ്വത്തും പണവും കണ്ടു കൂടെ കൂടിയിരുന്നവർ, അവന്റെ ചിലവിൽ എല്ലാ ആവശ്യവും നടത്തി എടുത്ത് സന്തോഷങ്ങളിൽ അവനെ ഒഴിവാക്കുന്നവർ. പക്ഷെ അതൊന്നും അവൻ അത്ര കാര്യമായി എടുത്തിരുന്നില്ല. പകരമായി അവനെ പ്രാണനായി സ്നേഹിക്കുന്ന ഒരു പ്രണയിനി ഉണ്ടായിരുന്നു. അല്ല….. അങ്ങനെ നടിക്കുന്ന ഒരു പ്രണയിനി ഉണ്ടായിരുന്നു.
തന്നെ ജീവനു തുല്യമായി സ്നേഹിക്കുന്ന അവൾക്കു മുമ്പിൽ അവനു പൈസ എന്നത് ഒരു വിഷയമേ അല്ലായിരുന്നു. അവൾ ചോദിക്കാതെ തന്നെ അവൻ അവൾക്കു വാങ്ങിക്കൊടുക്കുമായിരുന്നു. വില ഒരു പ്രശ്നമല്ല, ഏറ്റവും നല്ലത് തന്നെ തന്റെ പ്രണയിനിക്ക്, അവൾക്കു ഒരു കുറവും ഉണ്ടാകാൻ പാടില്ല. അവൻ തന്നെ അങ്ങോട്ടെല്ലാം വാങ്ങിക്കൊടുക്കുന്നതുകൊണ്ടും അവളായി ഇങ്ങോട്ട് ഒന്നും ചോദിക്കാത്തതുകൊണ്ടും അവൾ തന്റെ പൈസ മോഹിച്ചിരുന്നു എന്ന് അവനു തോന്നിയിരുന്നില്ല, കുറച്ചുനാൾ മുമ്പ് വരെ.
അന്നവളുടെ പിറന്നാൾ ആയിരുന്നു. അവൻ രാവിലെ തന്നെ അവളെ വിളിച്ചു പിറന്നാൾ ആശംസകൾ അറിയിച്ചു.
“ഹാപ്പി ബർത്ത്ഡേ ബേബി !!”
“താങ്ക്യൂ ഡാ….. ഉമ്മാഹ്….”
“നമുക്ക് ഇന്ന് ഡിന്നർ പുറത്തു നിന്നും ആക്കിയാലോ? ഒരു ഡിന്നർ ഡേറ്റ് !!”
“എടാ എനിക്ക് സുഖമില്ല, വയറു വേദനിക്കുന്നു, പിന്നെ പനി ഉണ്ടോന്ന് സംശയം. നമുക്ക് പിന്നീടൊരിക്കൽ പോകാം.”
“ആണോ, എന്നാ റെസ്റ്റ് എടുക്കട്ടോ. ഞാൻ വരണോ അങ്ങോട്ട്?”
“വേണ്ട, നീ വരണ്ട. ഇനി പനി നിനക്കും പടർന്നാലോ? പിന്നെ അതുമതി എനിക്ക് ടെൻഷൻ ആകാൻ.”
“അച്ചോടാ, എന്നാ നല്ലോണം റെസ്റ്റ് എടുക്ക്. എന്തേലും ആവശ്യം ഉണ്ടേൽ വിളിക്കണേ.”
“ആഹ് വിളിക്കാം, ബൈ.”
“ബൈ.”
ലൂക്ക് എടുത്തു കൊടുത്ത ഫ്ലാറ്റിൽ ആയിരുന്നു ആലിയയുടെ താമസം. അവർക്ക് രണ്ടുപേർക്കും ഒരുമിച്ചു താമസിക്കാൻ എന്ന് പറഞ്ഞു എടുത്തതാണെങ്കിലും ഓരോരോ കാരണങ്ങൾ പറഞ്ഞു അവൾ അത് ഒഴിവാക്കിക്കൊണ്ടിരുന്നു. പ്രധാനമായും ആരെങ്കിലും ഒരുമിച്ചു കണ്ടാൽ വീട്ടിൽ പ്രശ്നമാകും എന്നായിരുന്നു അവളുടെ പേടി, അവൻ അത് ശരിയും വെച്ചു.
