അരുണിമ – 4 4അടിപൊളി  

“പക്ഷേ അതിനേക്കാൾ വലിയൊരു കാര്യം ഇപ്പോൾ മനസ്സിലായി.”

“എന്ത്?” അവൾ വിറയുന്ന ശബ്ദത്തിൽ ചോദിച്ചു.

നിഖിൽ അവളുടെ കണ്ണുകളിലേക്ക് നോക്കി.

“നീ എന്റെ കൂടെ നിന്നാൽ മാത്രം സന്തോഷവതിയാകണമെന്നില്ല.”

ആ വാക്കുകൾ പറയുമ്പോൾ അവന്റെ ഉള്ളിൽ ഒരു ഭാഗം അവളോട് നിലവിളിച്ചു എന്നെ വിട്ടുപോകരുത്’ എന്ന്. പക്ഷേ അധരങ്ങളിൽ നിന്ന് പുറത്തുവന്നത് അതിന്റെ വിപരീതമായിരുന്നു.

അരുണിമയ്ക്ക് മറുപടി പറയാൻ വാക്കുകളില്ലായിരുന്നു.

ടോണിയും നിശ്ശബ്ദമായി നിന്നു. അവന്റെ സാന്നിധ്യം നിഖിലിന് വീണ്ടും വേദനയായി തോന്നി. എന്നിട്ടും അവൻ ആ വേദനയിൽ നിന്ന് കണ്ണുകൾ മാറ്റിയില്ല.

താൻ കാണേണ്ട സത്യം മുഴുവൻ കണ്ടുതീർക്കണമെന്നൊരു നിർബന്ധം അവനുണ്ടായിരുന്നു. ഒരിക്കൽ കണ്ണുകൾ മാറ്റിയാൽ, താൻ ഇപ്പോഴും പ്രതീക്ഷയിൽ പിടിച്ചുനിൽക്കുകയാണെന്ന് സമ്മതിക്കേണ്ടിവരുമെന്ന ഭയവും ഉണ്ടായിരുന്നു.

മുറിയിൽ കുറച്ചു നിമിഷം കനത്ത നിശ്ശബ്ദത നിറഞ്ഞു.

അവസാനം നിഖിൽ തിരിഞ്ഞു നടന്നു.

ഓരോ ചുവടും അവന് പിന്നിലേക്ക് വലിക്കുന്നതുപോലെ തോന്നി. അരുണിമയെ വിളിച്ച് തിരിഞ്ഞുനോക്കണം എന്ന ആഗ്രഹം പലതവണ ഉയർന്നു. അവന്റെ ചുവടുകൾ മന്ദമായി;

പക്ഷേ അവൻ നിർത്തിയില്ല. ഒരിക്കൽ എങ്കിലും അവളുടെ തീരുമാനത്തെ ബഹുമാനിക്കണം എന്ന് അവൻ മനസ്സിൽ ആവർത്തിച്ചു.

വാതിലിനരികിലെത്തിയപ്പോൾ അവൻ നിന്നു.

തിരിഞ്ഞുനോക്കാതെ പറഞ്ഞു

“അരുണിമ… ഇനി ഒരിക്കലും

എന്റെ പേരിൽ നിന്റെ ജീവിതം നശിപ്പിക്കരുത്.”

അവൾ പൊട്ടിക്കരഞ്ഞു.

“നിഖിൽ…”

ആ വിളിയിൽ അവൻ നിശ്ചലനായി. അവന്റെ വിരലുകൾ വാതിലിന്റെ അരികിൽ മുറുകിപ്പിടിച്ചു. തിരിഞ്ഞുനോക്കരുതെന്ന് അവൻ സ്വയം പറഞ്ഞു. തിരിഞ്ഞുനോക്കിയാൽ, അവളുടെ കണ്ണുനീർ കണ്ടാൽ, താൻ എടുത്ത തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോകുമെന്ന് അവന് അറിയാമായിരുന്നു.

എങ്കിലും അവൻ തിരിഞ്ഞുനോക്കി.

അവളുടെ മുഖം കണ്ണുനീരിൽ മുങ്ങിയിരുന്നു.

അവളുടെ കണ്ണുകളിലേക്ക് നോക്കിയ നിമിഷം തന്നെ, അവൻ അടക്കിവെച്ചിരുന്ന അസൂയ വീണ്ടും നെഞ്ചിൽ കുത്തിയുണർന്നു. അവൾ കരയുന്നത് തനിക്കുവേണ്ടിയാണോ, ടോണിയെ നഷ്ടപ്പെടുമെന്ന ഭയത്താലാണോ എന്നറിയില്ലായിരുന്നു.

ആ സംശയം അവനെ വേദനിപ്പിച്ചു. എന്നിട്ടും അവളുടെ കണ്ണുനീർ തുടച്ചുകളയണമെന്ന പഴയ സ്വഭാവം അവന്റെ കൈയെ മുന്നോട്ട് നീങ്ങാൻ പ്രേരിപ്പിച്ചു. അവൻ കൈ പാതിവഴിയിൽ നിർത്തി.

“നിനക്ക് എന്താണ് വേണ്ടത് എന്ന് നീ എന്നോട് പറഞ്ഞു. അത് നിനക്ക് സന്തോഷം തരുന്നുണ്ടെങ്കിൽ അത് നീ ചെയ്യുക.

ഒരു നിമിഷം അവൻ ടോണിയെയും നോക്കി.

“നിനക്കും.”

അത്രയും പറഞ്ഞ് നിഖിൽ പുറത്തേക്ക് നടന്നു.

വാതിൽ അടഞ്ഞപ്പോൾ അരുണിമ അവിടെത്തന്നെ നിന്നു. അവളുടെ മുന്നിൽ അടഞ്ഞുകിടന്നത് ഒരു മുറിയുടെ വാതിൽ മാത്രമല്ലായിരുന്നു; അവരുടെ പഴയ ജീവിതത്തിലേക്കുള്ള വഴിയും അതിനൊപ്പം അടഞ്ഞുപോയതുപോലെ തോന്നി.

അവളുടെ മനസ്സിൽ ഒരേയൊരു ചോദ്യം മാത്രം

നിഖിൽ തന്നെ വിട്ടുകൊടുക്കുകയാണോ… അതോ ഞാൻ ആയിട്ര വിട്ട് പോകുന്നതാണോ ?

പുറത്ത്, ഒറ്റയ്ക്ക് നടക്കുമ്പോൾ നിഖിലിന്റെ ചുവടുകൾക്ക് ഉറപ്പില്ലായിരുന്നു. അവൻ എവിടേക്കാണ് പോകുന്നതെന്ന് പോലും അറിയില്ലായിരുന്നു. വീട്ടിലേക്കോ, അതോ അവരിൽ നിന്ന് അകലെയേക്കോ അവന്റെ മനസ്സിനും അതിന് മറുപടി ഉണ്ടായിരുന്നില്ല.

അവന്റെ ഉള്ളിൽ മറ്റൊരു ചോദ്യം ഉയർന്നു.

“അവളെ മറ്റൊരാളോടൊപ്പം കാണുമ്പോൾ എനിക്ക് തോന്നിയത് ശരിക്കും എന്തായിരുന്നു?”

അത് അസൂയയോ? പരാജയമോ? അവളെ നഷ്ടപ്പെടുന്നതിന്റെ വേദനയോ? അതോ, അവളെ അങ്ങനെ മറ്റൊരാളുടെ കാണുമ്പോൾ കിട്ടുന്ന സന്തോഷമോ.?

അവൻ നടന്നു കൊണ്ടിരിക്കെ ഒരിക്കൽ പിന്നിലേക്ക് നോക്കാൻ ശ്രമിച്ചു. അടഞ്ഞ വാതിൽ മാത്രമേ കാണാനായുള്ളൂ. എന്നിട്ടും അവന്റെ മനസ്സിൽ അരുണിമയുടെ മുഖം തന്നെയായിരുന്നു കണ്ണുനീരോടെ, കുറ്റബോധത്തോടെ, പക്ഷേ ടോണിയുടെ അരികിൽ നിൽക്കുമ്പോൾ തെളിഞ്ഞിരുന്ന ആ സന്തോഷത്തിന്റെ നിഴലുമായി.

Updated: October 5, 2026 — 9:31 pm

Leave a Reply

Your email address will not be published. Required fields are marked *