അവന് അതിന് ഇപ്പോഴും ഉത്തരം കിട്ടിയില്ല.
അവൻ നിർത്തി, ആകാശത്തേക്ക് നോക്കി, ആഴത്തിൽ ശ്വാസം വലിച്ചു. നെഞ്ചിനുള്ളിലെ ഭാരമൊന്നും കുറഞ്ഞില്ല. ശ്വാസം പുറത്തുവിട്ടപ്പോൾ പോലും, അവളുടെ പേര് ഉള്ളിൽ കുടുങ്ങിക്കിടക്കുന്നതുപോലെ തോന്നി.
വിട്ടുകൊടുക്കുക എന്നത് ഒരാളെ മറക്കുക അല്ലെന്ന് അവന് മനസ്സിലായി. അവൾ തന്റെതല്ലെന്ന് സമ്മതിച്ചുകൊണ്ട് പോലും, അവളെ സ്നേഹിച്ചുകൊണ്ടിരിക്കുക എന്നതാണ് അതിന്റെ യഥാർത്ഥ വേദന.
പക്ഷേ അതിനൊപ്പം മറ്റൊരു സത്യം കൂടി അവൻ തിരിച്ചറിഞ്ഞുവിട്ടുകൊടുക്കൽ ഒരു നിമിഷത്തെ തീരുമാനം അല്ല. ഓരോ ദിവസവും വീണ്ടും വീണ്ടും എടുക്കേണ്ടിവരുന്ന, ഓരോ തവണയും ഹൃദയത്തെ കുറച്ചുകൂടി മുറിപ്പെടുത്തുന്ന ഒരു തീരുമാനമാണ് അത്.
അവൻ കണ്ണുകൾ അടച്ചു.
അരുണിമയുടെ കൈ പിടിച്ച് ഒരിക്കൽ കൂടി അവളെ തിരികെ കൊണ്ടുവരണമെന്ന ആഗ്രഹം ഇപ്പോഴും അവന്റെ ഉള്ളിൽ ജീവനോടെയുണ്ടായിരുന്നു. പക്ഷേ ആ ആഗ്രഹത്തിന് മുകളിൽ അവളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കണമെന്നൊരു മൃദുവായ, വേദനയേറിയ തീരുമാനവും പതുക്കെ പടരുകയായിരുന്നു.
ഒരു കാര്യം അവന് ഉറപ്പായിരുന്നു.
ഇന്നത്തോടെ അവരുടെ ബന്ധം പഴയതുപോലെ ഒരിക്കലും ആയിരിക്കില്ല.
അത് അവസാനിച്ചോ, അതോ മറ്റൊരു രൂപത്തിൽ തുടരാനിരിക്കുകയാണോ എന്ന് അവന് അറിയില്ലായിരുന്നു. എന്തായാലും ഇനി
വീട്ടിൽ ഞാൻ മറ്റു പലതും കാണേണ്ടി വരുമെന്ന് അവൻ മനസ്സിൽ കണ്ടു.
അത് പോലെ തന്റെ ഹൃദയത്തിൽ അരുണിമയ്ക്കായി അവശേഷിച്ചിരുന്ന സ്ഥലം ആരും നിറയ്ക്കില്ലെന്ന സത്യം അവൻ അന്നേ തിരിച്ചറിഞ്ഞു.
ആ സത്യം ആശ്വാസമായിരുന്നില്ല.
എങ്കിലും, അതിനൊപ്പം ജീവിക്കാൻ പഠിക്കേണ്ടിവരുമെന്ന് അവൻ മനസ്സിലാക്കി.
അന്നത്തെ രാത്രിക്ക് ദൈർഘ്യം കൂടിയതുപോലെയാണ് അവർക്ക് തോന്നിയത്.
ഒരുപാട് കാര്യങ്ങൾ സംഭവിച്ചിട്ടും, ഒന്നും പൂർണ്ണമായി അവസാനിച്ചിരുന്നില്ല.
പിറ്റേന്ന് രാവിലെ…
കുളിച്ച് റെഡിയായി സ്കൂളിൽ പോകാൻ നിൽക്കുന്ന അരുണിമ കണ്ണാടിയിൽ തന്നെ നോക്കി കുറച്ചുനേരം നിന്നു.
മനസ്സിൽ ഇന്നലെ നടന്ന കാര്യങ്ങൾ വീണ്ടും വീണ്ടും കടന്നുവന്നു.
ടോണിയുടെ മുഖം.
അവന്റെ സാമീപ്യം.
പിന്നെ… നിഖിലിന്റെ കണ്ണുകൾ.
അവൾ കണ്ണുകൾ അടച്ചു.
അപ്പോഴാണ് പുറത്തുനിന്ന് നിഖിലിന്റെ ശബ്ദം കേട്ടത്.
“അരുണിമ…”
അവൾ വാതിൽ തുറന്ന് പുറത്തേക്ക് വന്നു.
ഷോപ്പിലേക്ക് പോകാൻ തയ്യാറായി നിഖിൽ അവിടെ നിൽക്കുന്നുണ്ടായിരുന്നു.
ഇരുവരും പരസ്പരം നോക്കി.
പറയാൻ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു.
പക്ഷേ എവിടെ നിന്ന് തുടങ്ങണം എന്നറിയില്ല.
അവസാനം നിഖിൽ തന്നെയാണ് നിശ്ശബ്ദത തകർത്തത്.
“നീ വരികയാണെങ്കിൽ ഞാൻ സ്കൂളിൽ ഡ്രോപ്പ് ചെയ്യാം.”
അരുണിമ ഒരു നിമിഷം അവനെ നോക്കി.
“വരാം.”
അവൾ പതുക്കെ മറുപടി പറഞ്ഞു.
കാറിൽ കയറിയ ശേഷവും ഇരുവരും ഒന്നും സംസാരിച്ചില്ല.
റോഡിലേക്ക് നോക്കി ഡ്രൈവ് ചെയ്യുകയായിരുന്നു നിഖിൽ.
അരുണിമ ഇടയ്ക്കിടെ അവനെ നോക്കി.
അവന്റെ മുഖത്ത് ദേഷ്യം കാണാനില്ല.
അതായിരുന്നു അവൾക്ക് കൂടുതൽ അസ്വസ്ഥത നൽകിയത്.
“നിഖിൽ…”
“മ്മ്?”
“ഇന്നലെ…”
അവൻ അവളുടെ വാക്ക് തടഞ്ഞില്ല.
“പറയൂ.”
അവൾ കുറച്ചുനേരം മിണ്ടാതെ ഇരുന്നു.
“നിനക്ക് ശരിക്കും
കുഴപ്പമില്ലേ?”
നിഖിൽ അവളെ നോക്കാതെ തന്നെ ചോദിച്ചു.
“എന്തിന്റെ കാര്യം?”
“എന്നെക്കുറിച്ച്.”
അവൻ ചെറുതായി പുഞ്ചിരിച്ചു.
“നിനക്ക് സന്തോഷമുള്ളിടത്ത് നീ നിൽക്കുന്നതിന് എനിക്ക് എന്തിന് കുഴപ്പം വേണം?”
അരുണിമയുടെ കണ്ണുകൾ നിറഞ്ഞു.
“ഞാൻ മറ്റൊരാളോടൊപ്പം…”
അവൾ വാക്ക് പൂർത്തിയാക്കാതെ നിർത്തി.
നിഖിൽ പതുക്കെ പറഞ്ഞു
“എനിക്ക് മനസ്സിലായി.”
കുറച്ച് നിമിഷം നിശ്ശബ്ദത.
“നീ ആരോടൊപ്പമായാലും, എന്ത് തീരുമാനമെടുത്താലും… അത് നിന്റെ ജീവിതമാണ്, അരുണിമ.”
അവൻ ആദ്യമായി അവളുടെ കണ്ണുകളിലേക്ക് നോക്കി.
“നിന്റെ സന്തോഷമാണ് എന്റെ സന്തോഷം.”
അവൾക്ക് ആ വാക്കുകൾ കേൾക്കുന്നത് എളുപ്പമായിരുന്നില്ല.
“പക്ഷേ നീ?”
അവൾ ചോദിച്ചു.
“എനിക്ക് വേദനിക്കില്ലെന്ന് പറഞ്ഞിട്ടില്ല, അതിലും ഞാൻ സന്തോഷം കണ്ടെത്താൻ ശ്രമിക്കുകയാണ്. പിന്നെ ഇതെല്ലാം നടക്കുമെന്ന് അറിഞ്ഞു കൊണ്ടാണല്ലോ നമ്മൾ ഇങ്ങോട്ടേക്കു താമസം മാറിയത്.
