” ദേവേട്ടാ.. അമ്മ വിളിക്കുന്നു ഒന്ന് വരുമോ?”
വാതിൽ തുറന്ന് പുറത്തേക്ക് തലയിട്ട ഭദ്ര കാശിയെ അകത്തേക്ക് വിളിച്ചു. പത്മാവതിയുടെ കള്ളക്കരച്ചിൽ ഗൗനിക്കാതെ അവൻ സുഭദ്ര കിടക്കുന്ന മുറിയിലേക്ക് നടന്നു. ആരും കാണാതെ അവനെ നോക്കി പത്മാവതി ചുണ്ട് നനച്ചു.
കൈ കാലുകൾക്ക് ചലനമില്ലാതെ കിടക്കുന്ന സുഭദ്രയെ കാശിക്ക് സഹതാപത്തോടെ അല്ലാതെ നോക്കാൻ കഴിഞ്ഞില്ല. പക്ഷേ ഭദ്രയുടെ മുഖത്ത് നല്ല തെളിച്ചം ഉണ്ടായിരുന്നു. അമ്മയുടെ അടുത്ത് എത്തിയത് കൊണ്ടാവാം എന്ന് അവൻ ഊഹിച്ചു.
” അമ്മേ ഇതാ ദേവേട്ടൻ ”
അവനെ അമ്മയ്ക്ക് പരിചയപ്പെടുത്തിയപ്പോൾ അവളുടെ മുഖത്ത് സന്തോഷവും അല്പം നാണവും നിറഞ്ഞിരുന്നു. അവനെ കണ്ടതിൽ
സുഭദ്രയുടെ മുഖത്തും സന്തോഷവും സമാധാനവും വന്നിരുന്നു.
” കാശിദേവ് എന്നാ പേര്, എല്ലാം ഭദ്ര പറഞ്ഞിരുന്നു. അമ്മേനേം ഞങ്ങളുടെ കൂടെ കൊണ്ട് പോവാൻ വന്നത്. പക്ഷെ ആ പുറത്ത് നിക്കുന്ന സ്ത്രീ സമ്മതിക്കുന്നില്ല. അമ്മ വരുന്നോ ഞങ്ങളുടെ കൂടെ ?”
സുഭദ്രയുടെ കയ്യിൽ പിടിച്ച് കൊണ്ട് അവൻ ചോദിച്ചു.
” ഞാൻ എങ്ങനെയാ മോനെ ഈ അവസ്ഥയിൽ വരുന്നേ. ഇനി എത്രകാലം ഉണ്ടെന്ന് വച്ചാ, ഞാൻ ഇവിടെ ഇങ്ങനെ കിടന്നോളം. നിങ്ങളെയും കൂടെ കഷ്ടപ്പെടുത്താൻ നിക്ക് വയ്യ കുട്ട്യേ. ഭദ്രേ മോന് കുടിക്കാൻ എന്തെങ്കിലും കൊടുക്ക് നീ”
” എനിക്കൊന്നും വേണ്ടമ്മേ. ഭദ്ര ചെന്ന് വേണ്ടതൊക്കെ എടുക്ക്”
സുഭദ്രയുടെ സംസാരം ഭദ്രയിൽ നന്നായി വിഷമം ഉണ്ടാക്കിയിരുന്നു. തൻ്റെ പിന്നിൽ നിൽക്കുന്ന അവളെ തിരിഞ്ഞു നോക്കിക്കൊണ്ട് പറഞ്ഞ കാശി കാണുന്നത് കരച്ചിലിൻ്റെ വക്കിൽ എത്തി നിൽക്കുന്ന ഭദ്രയെ.
” ന്തിനാ അമ്മേ ഇങ്ങനൊക്കെ പറയണേ. എൻ്റെ കൂടെ അല്ലെ വരാൻ പറഞ്ഞത് , പിന്നെന്തിനാ മടിക്കുന്നേ? വാ നമ്മക്ക് പോവാം. ഇവിടെ നിന്നാ ആരാ നോക്കുന്നേ? അമ്മായി നോക്കില്ല അമ്മയെ എനിക്കുറപ്പാ”
കരഞ്ഞു തുടങ്ങിയ ഭദ്രയുടെ കയ്യിൽ അവൻ്റെ ബലിഷ്ഠമായ കൈ മുറുകിയിരുന്നു. ഒരുതരം കരുതൽ പോലെ അതവൾക്ക് ആശ്വാസമേകി.
” അങ്ങനൊന്നും ഇല്ല മോളെ. മോൾ ഇടക്ക് വന്ന് എന്നെ കണ്ടാ മതി. പറ്റുന്നത്രം ഇവിടെ തന്നെ ജീവിക്കട്ടെ ഞാൻ. എൻ്റെ മോൾ സന്തോഷായിട്ട് ഇരുന്ന മതി എനിക്ക്. മോള് പോയി ഡ്രസ്സ് ഒക്കെ എടുത്ത് വെക്ക്.”
കണ്ണുകൊണ്ടുള്ള അവൻ്റെ സമ്മതവും കിട്ടിയ ഭദ്ര തൻ്റെ മുറിയിലേക്ക് ചെന്ന് ആവശ്യമായ എല്ലാം പാക്ക് ചെയ്യാൻ തുടങ്ങി.
” മോനെ… നിങ്ങൾ തമ്മിലുള്ള കര്യങ്ങൾ എല്ലാം എനിക്ക് അറിയാം, മോൻ്റെ കൂടെയാണ് അവൾ ഉള്ളതെന്ന് അറിയുന്ന വരെ ഞാൻ ഭയന്നിരുന്നു. ഇപ്പൊ എൻ്റെ സമയവും അടുത്തു. എൻ്റെ കുട്ടിക്ക് മുന്നിൽ ഒരുപാട് അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ട് അതിൽ നിന്നുള്ള സംരക്ഷണം ആണ് മോൻ. എൻ്റെ കുട്ട്യേ ധൈര്യമായി ഏൽപ്പിക്കാൻ എനിക്ക് നിയേ ഉള്ളൂ. കാലത്മവേദം നിനക്ക് ഉപകാരപ്പെടും, സമയം ആകുമ്പോൾ അത്
നിന്നെ അതിൻ്റെ അരികിൽ എത്തിക്കും. തമാശയായി തോന്നുണ്ടാവും അല്ലേ, പക്ഷേ നീ കണ്ട സ്വപ്നത്തിനുത്തരം നിനക്ക് കിട്ടിയില്ലേ?. തൽക്കാലം ഞാൻ പറഞ്ഞതൊന്നും അവൾ അറിയണ്ട.”
ഭദ്ര മുറിയിൽ നിന്നും ഇറങ്ങിയ ശേഷം സുഭദ്രയ്ക്ക് അറിയാവുന്നതിൽ കുറച്ച് മാത്രം കാശിയോട് പറഞ്ഞു. ബോധമില്ലാതെ പറയുകയാണെന്ന് വിചാരിച്ച അവൻ്റെ ചിന്തകളെ പാടെ തെറ്റിച്ചുകൊണ്ടുള്ള അവസാന ചോദ്യത്തിൽ അവൻ ആശ്ചര്യപ്പെട്ടിരുന്നു.
സുഭദ്രയോടും പത്മവാദിയോടും യാത്രപറഞ്ഞ് ഇരുവരും ചെമ്പകശ്ശേരിയിൽ നിന്നും ഇറങ്ങി. നേരെ ടൗണിലേക്കുള്ള വഴിയിലൂടെ ആണ് കാശി വണ്ടിയോടിച്ചത്. കാവിലേക്ക് പോകുന്ന വാഹനങ്ങളും ജനങ്ങളുമായിരുന്നു വഴിയിൽ. ടൗണിലേക്ക് കയറിയ വണ്ടി എങ്ങും നിർത്താതെ പോകുന്നത് കണ്ട് ഭദ്ര ഇടയ്ക്കിടയ്ക്ക് അവനെ നോക്കിയെങ്കിലും മൗനം മൂടിയിരുന്നു. ഒടുവിൽ ആളൊഴിഞ്ഞ ചായക്കടയ്ക്ക് സമീപം അവൻ വണ്ടിയൊതുക്കി.
” വാ ചായ കുടിക്കാം”
ഭദ്ര ഇറങ്ങും മുമ്പ് തന്നെ അവൻ കടയിലേക്ക് കയറി ഒരു ചായയും ഒരു കട്ടനും ആവശ്യപ്പെട്ടു. കാറിൻ്റെ സൈഡിൽ ചാരി നിന്ന് റോഡിന് താഴെ ഉള്ള കാഴ്ചകൾ നോക്കുന്ന ഭദ്രയ്ക്ക് നേരെ അവൻ ചായ നീട്ടി. ശബ്ദമില്ലാതിരുന്ന ആദ്യ സിപ്പുകൾക്ക് ശേഷം കാശി തന്നെ സംസാരിച്ച് തുടങ്ങി.
