ചന്ദ്രവേദം – 6 2അടിപൊളി  

” എന്താ ഭദ്രയുടെ അടുത്ത പ്ലാൻ. അമ്മയെന്തായാലും വരില്ല ”

” എനിക്കറിയില്ല.. അമ്മയെന്ത് ധൈര്യത്തിലാ അവിടെ നിൽക്കണേന്ന് പോലും എനിക്ക് അറിയില്ല.”

“വഴിയുണ്ടാക്കാം. അന്ന് സ്വപ്നത്തിൽ കണ്ട ടാറ്റൂവിൻ്റെ കാര്യം പറഞ്ഞില്ലേ, അത് സത്യമാണോ? ഭദ്രയ്ക്ക് ഉറപ്പുണ്ടോ അത് തന്നെയാണ് കണ്ടതെന്ന്.?”

” എനിക്കുറപ്പാ. അതിന് മുമ്പോ ശേഷമോ ഞാൻ നേരിട്ട് കണ്ടിട്ടില്ല പക്ഷേ അത് എനിക്ക് മറക്കാൻ കഴിയില്ല. എന്താ ചോദിച്ചേ?”

” ഏയ് ഒന്നുമില്ല. ”

“അതേയ് കാവിൽ വച്ച് എന്നെ നോക്കിയത് ഏട്ടനല്ലേ?”

ചായ ഗ്ലാസിൻ്റെ വക്കിലൂടെ വിരൽ ഉരച്ചുകൊണ്ടാണ് അവൾ ചോദിച്ചത്. അവളെ നോക്കി അല്ലെന്ന രീതിയിൽ അവൻ ചെറുതായി തലയാട്ടി.

” എനിക്കങ്ങനെ തോന്നിയ സമയത്തെ ഒക്കെ ഫോട്ടോ ഞാൻ ക്യാമറയിൽ കണ്ടു.”

അവനെ നോക്കാൻ കഴിയാതെ നാണം കൊണ്ട് അവളുടെ മുഖം താഴ്ന്നിരുന്നു.

” ഭദ്രേ.. മുത്തശ്ശി എന്തായാലും ഈ കല്യാണം നടത്തും എന്ന

എൻ്റെ മനസ് പറയുന്നേ. അതോണ്ട് ഞാൻ നിന്നെ….”

ഇമ്പമുള്ള അവൻ്റെ ശബ്ദത്തിൽ ആഗ്രഹിച്ചതെന്തോ കേൾക്കാൻ കൊതിച്ച ഭദ്രയ്ക്ക് അതിനു കഴിഞ്ഞില്ല. മനസിൽ ഉരുണ്ടുകൂടിയ കാര്യം പറഞ്ഞു മുഴുവിപ്പിക്കും മുമ്പ് കാശിയുടെ മൊബൈൽ ശബ്ദിച്ചു.

” ആ എന്താ ചെറിയമ്മേ? ”

” നിങ്ങൾ അവിടുന്ന് ഉറങ്ങിയോ? ”

” അഹ് ഇറങ്ങി ഇപ്പൊ ടൗണിലാ, എന്താ? ”

” എടാ മുത്തശ്ശി പോയിട്ട് വന്നു. അവളുടെ വീട്ടുകാരെ കൂട്ടി കൊണ്ട് വരാൻ പറയാൻ പറഞ്ഞു. നീ അവളുടെ അമ്മയെ കൂട്ടിയില്ലേ വേഗം വീട്ടിലേക്ക് വാ”

ഭദ്രയുടെ അരികിൽ നിന്നും മാറി നിന്നുകൊണ്ട് അവളുടെ അമ്മയുടെ അവസ്ഥ മാലതി യെ അറിയിച്ചു.

” അത് സാരമില്ലടാ നീ എങ്ങനെയെങ്കിലും കൊണ്ട് വാ എന്തോ അത്യാവശ്യം ആണെന്ന് തോന്നുണ്ട്. അത് കഴിഞ്ഞ് തിരിച്ച് കൊണ്ടാകാം എന്ന് പറ”

” അഹ് ഞാൻ നോക്കാം”

പൈസ കൊടുത്ത് വന്ന വഴിയെ തന്നെ തിരികെ ചെമ്പകശ്ശേരിയിലേക്ക് വിട്ടു.

” ചെറിയമ്മയ വിളിച്ചത് മുത്തശ്ശി തൻ്റെ അമ്മയെയും കൂട്ടി ചെല്ലാൻ പറഞ്ഞു. എന്തോ അത്യാവശ്യം ആണെന്ന്”

ചെമ്പകശ്ശേരിയിൽ എത്തി സുഭദ്രയെ കര്യങ്ങൾ പറഞ്ഞ് ഒരുവിധം സമ്മതിപ്പിച്ച് സൂര്യമംഗലത്തേക് കൂട്ടി കൊണ്ടുപോയി. ഹാളിൽ എല്ലാവരും അവരെ കാത്തിരിക്കുകയായിരുന്നു. വീൽ ചെയറിൽ ഇരിക്കുന്ന സുഭദ്രയെ മുത്തശ്ശിക്ക് പരിചയപ്പെടുത്തി അവരും മറ്റുള്ളവരുടെ കൂടെ ചേർന്നു. ചുറ്റും കൂടിനിന്നവരെ നോക്കി ഭവാനി പണിക്കർ പറഞ്ഞ കല്യാണ കാര്യങ്ങൾ അവതരിപ്പിച്ചു.

” ഇന്നലെ സ്റ്റേഷനിൽ വച്ച് രണ്ടുപേരും കല്യാണം കഴിച്ച പോലെ ആയെങ്കിലും മാംഗല്യം അതിൻ്റെ പ്രൗഡിയോടെ ഉത്സവത്തിൻ്റെ ആറാം നാൾ രാവിലെ നടത്താൻ ഞാൻ തീരുമാനിച്ചു. കുട്ടിയോൾക്ക് എന്തെങ്കിലും എതിർപ്പുണ്ടോ? മോളെ സുഭദ്രേ നിനക്ക് എന്തെങ്കിലും എതിർപ്പുണ്ടേൽ പറഞ്ഞോളൂ. എല്ലാവർക്കും സമ്മതം ആണെങ്കിൽ കാലഭൈരവൻ്റെ മുന്നിൽ വച്ച് ഇത് നടത്താം എന്താ? ”

” നിക്ക് സന്തോഷമേ ഉള്ളൂ. എൻ്റെ മോൾക്ക് ഇഷ്ടമാണേൽ എനിക്കൊരെതിർപ്പും ഇല്ല”

ഭദ്രയെ നോക്കി സുഭദ്ര ഭവാനിയുടെ ചോദ്യത്തിന് മറുപടി നൽകി. അമ്മയുടെ സന്തോഷം നിറഞ്ഞ മുഖം അവൾക്ക് വളരെ ആശ്വാസമായിരുന്നു. അറിയാതെ അവളുടെ കണ്ണുകൾ കാശിയുടെ

നേരെ പാഞ്ഞു. തന്നെ നോക്കി നിൽക്കുന്ന അവനെ കണ്ടതും നാണംകൊണ്ട് ആ മുഖം പൂത്തുലഞ്ഞു. ആരും കാണാതെ ഒളിപ്പിച്ച ആ പുഞ്ചിരി കാശി വരച്ചെടുത്തു. സമ്മതം എന്ന രീതിയിൽ ഭദ്രയും മൂളിയതോടെ കാശിക്ക് മറിച്ചൊന്നും ചിന്തിക്കാൻ ഇല്ലായിരുന്നു. അവൻ സമ്മതം അറിയിക്കും മുമ്പ് അവിടെ രഘുനാഥിൻ്റെ ശബ്ദം ഉയർന്നു.

” എനിക്ക് സമ്മതമല്ല. എവിടുന്നോ വലിഞ്ഞു കേറി വന്ന ഒരു പെണ്ണിനെ എൻ്റെ മകൻ്റെ തലയിൽ വച്ച് കെട്ടാൻ ഞാൻ സമ്മതിക്കില്ല. എൻ്റെ കൂട്ടുകാരൻ്റെ മകളുടെ കൂടെ അവൻ്റെ വിവാഹം ഞാൻ തീരുമാനിച്ചതാണ്. അതുകൊണ്ട് ഇത് നടക്കില്ല. അവൻ്റെ ജീവിതം തുലക്കാനുള്ള നിങ്ങളുടെ ഉദ്ദേശം മാറ്റി വെച്ചേക്ക്.”

രഘുനാഥിൻ്റെ എതിർപ്പ് ആ ഹാളിൻ്റെ ചുമരുകളിൽ പ്രതിപതിച്ചു. എല്ലാവരും ഒരു നിമിഷം നിശബ്ദരായി. ആഗ്രഹിച്ചത് നഷ്ടപ്പെടുന്നെന്ന തോന്നൽ ഭദ്രയുടെ നീലമിഴികൾക്ക് കനമേകി. രഘുവിൻ്റെ പുച്ഛത്തോടെയുള്ള സംസാരത്തിന് മറുപടിയായി ഉയർന്ന ഭവാനിയുടെ ശബ്ദത്തെ മുറിച്ചുകൊണ്ട് കാശിയുടെ ഗാംഭീര്യമുള്ള ശബ്ദം ആ ഹാളിൽ മുഴങ്ങി.

Leave a Reply

Your email address will not be published. Required fields are marked *