ചന്ദ്രവേദം – 6 2അടിപൊളി  

” എൻ്റെ വിവാഹം തീരുമാനിക്കാൻ തനിക്ക് ആരാ അവകാശം തന്നത്. നിങ്ങളും വലിഞ്ഞ് കേറി വന്നതായിരിക്കും അല്ലെ. മകനെന്ന അവകാശം പറഞ്ഞ് വരരുതെന്ന് തന്നോട് പറഞ്ഞിട്ടുള്ളതല്ലേ ഞാൻ, കുറച്ചെങ്കിലും ഉളുപ് ഉണ്ടായിരുന്നേൽ… അഹ് പറഞ്ഞിട്ട് എന്താ കാര്യം ഭാര്യ മരിക്കുന്നേന് മുൻപേ വേറെ കാലിൻ്റെടെൽ കേറി പൊറുക്കാൻ തുടങ്ങിയ ആളല്ലേ താൻ. അങ്ങനെയേ വരൂ. ”

” കാശീ…നിർത്തെടാ. സ്വന്തം അച്ഛനോടാണ് നീ സംസാരിക്കുന്നത്. മാപ്പ് പറയടാ അദ്ദേഹത്തോട്”

തൻ്റെ ഭർത്താവിനെതിരെയുള്ള വാക്കുകളിൽ ദേഷ്യം കൊണ്ട അംബിക കാശിയുടെ നേരെ നിന്നുകൊണ്ട് പറഞ്ഞു.

“ദേ തള്ളേ സിനിമ ഡയലോഗ് അടിക്കാതെ വാ പൂട്ടി ഏതെങ്കിലും മൂലയിൽ പോയി ഇരുന്നോണം. എന്നെ കേറി ഭരിക്കാൻ വരണ്ട. അച്ചുവിനെ ഓർത്ത് മാത്രമാണ് ഇത്രേം നാൾ വാ തുറക്കാതിരുന്നത്. സൂര്യമംഗലത്തെ രാമശേഖരൻ്റെ മകളാണെന്ന് മറച്ച് പിടിച്ച് ഇത്രേം കാലം ഇവിടെ കിടന്നു ഉണ്ടാക്കിയത് വച്ച് എൻ്റെ തലയിൽ കേറാൻ നിങ്ങൾ ആയിട്ടില്ല. ”

കാശിയുടെ വായിൽ നിന്നും വീണ ആ സത്യം സൂര്യമംഗലത്തെ പിടിച്ച് കുലുക്കാൻ ശേഷി ഉള്ളതായിരുന്നു. ചന്ദ്രശേഖരനും കാശിയും

ഒഴിച്ച് ഇത്രേം വർഷമായിട്ടും ആരും തന്നെ അംബികയുടെ ഉറവിടം തേടിയിട്ടില്ലായിരുന്നു. തൻ്റെ ഭർത്താവിൻ്റെ അവസാന ശ്വാസത്തിൽ ആണ് ആ സത്യം ഭവാനിയെ തേടി എത്തിയതും. മറ്റുള്ളവർ എല്ലാം ഞെട്ടലിൽ ആയിരുന്നു. തല ഉയർത്താൻ കഴിയാതെ അംബിക ആ കൂട്ടത്തിന് നടുവിൽ ഒറ്റപ്പെട്ടു.

” തനിക്ക് വേണ്ടത് സ്വത്തുക്കൾ അല്ലെ എൻ്റെയും അമ്മയുടെയും പേരിലുള്ളത്. അതിന് വേണ്ടി താൻ ഇവിടെ കിടന്ന് ബുദ്ധിമുട്ടണ്ട. അത് കിട്ടാനുള്ളവർക്ക് തന്നെ കിട്ടും. എൻ്റെ അച്ചൻ എന്ന അവകാശം തനിക്ക് ഞാൻ എന്നോ നിഷേധിച്ചതാണ്. ഇനി അതും പറഞ്ഞ് എൻ്റെ അടുത്തേക്ക് വരേണ്ടതില്ല. പിന്നെ ഇവിടെ കേറാൻ ഉള്ള അധികാരം ഉണ്ടോ ഇല്ലയോന്ന് ഇവിടുത്തെ മൂത്തവർ പറയും….മുത്തശ്ശി ഭദ്രയ്ക്കും എനിക്കും ഈ വിവാഹത്തിൽ എതിർപ്പില്ല. വല്യച്ചാ എന്തൊക്കെയാ ചെയ്യേണ്ടതെന്ന് വച്ചാ ചെയ്തോളൂ ”

“ഡാ…സ്വന്തം അച്ഛനെ എതിർത്ത് സംസാരിക്കാനും മാത്രം ധൈര്യമായോ നിനക്ക് ”

ഭവാനിയെയും മാധവനെയും നോക്കി സമ്മതം അറിയിച്ച കാശിക്ക് നേരെ ആക്രോശിച്ചു കൊണ്ട് രഘുനാഥ് കയ്യോങ്ങി.

പക്ഷേ അവൻ്റെ ബലിഷ്ഠമായ കൈകളെ മറികടക്കാൻ രഘുവിന് കഴിഞ്ഞില്ല. പെട്ടെന്ന് തന്നെ കാശിയുടെ വലതുകൈ രഘുവിൻ്റെ കഴുത്തിൽ മുറുകി.

” കാശി അതിനും മുകളിൽ വളർന്നത് താൻ അറിഞ്ഞില്ല. സംസാരിക്കാൻ മാത്രം തല്ലാനും എനിക്ക് മടിയില്ല. ഇവിടെ കിടന്ന് ഷോ ഇറക്കിയാൽ അതും താൻ അറിയും”

കനം കൂടിയ പരുക്കൻ ശബ്ദത്തിലുള്ള ഓരോ വാക്കിനും കാശിയുടെ ഇരു കൈകളിലും കിടന്ന് രഘുനാഥിൻ്റെ വേദനയുള്ള ശബ്ദം പതിയെ ഉയർന്നു. അവൻ്റെ ഇങ്ങനെയുള്ള പ്രതികരണം ആരും തന്നെ പ്രതീക്ഷിച്ചില്ല. തിരിച്ചുള്ള അക്രമം കണ്ട മാധവൻ സോഫയിൽ നിന്നു എഴുന്നേറ്റിരുന്നു. ബാക്കിയുള്ളവരുടെ മുഖത്തും ഭയം നിറഞ്ഞു തുടങ്ങി. കാശിയെ വെറുത്തിരുന്ന എല്ലാവരുടെയും തൊണ്ടക്കുഴിയിൽ തുപ്പൽ തങ്ങി നിന്നു. ചെയ്യരുതെന്ന് പലരും പറഞ്ഞെങ്കിലും ഒന്നും തന്നെ അവൻ്റെ ചെവിയിൽ കൊണ്ടില്ല.

” ദേവാ…മതി . നിർത്ത് ”

അവസാനം മാലതിയുടെ ശബ്ദമാണ് അവനെ സ്വബോധത്തിൽ എത്തിച്ചത്. അവൻ്റെ പിടിയിൽ നിന്നും രക്ഷപെട്ട രഘുനാഥ് ശ്വാസം എടുക്കാൻ പാടുപെട്ടു. അംബിക അയാളെയും താങ്ങി മറ്റൊരു സോഫയിൽ ഇരുത്തി. കാശിയുടെ ദേഷ്യത്തിന്

മുന്നിൽ ആർക്കും തന്നെ എതിർത്തു പറയാൻ ധൈര്യം വന്നില്ല.

” ആർഭാടങ്ങളോ പുറത്ത് ക്ഷണമോ ഇല്ലാതെയാണ് ഈ വിവാഹം നടത്താൻ പറഞ്ഞിരിക്കുന്നത്. ഇഷ്ടമുള്ളവർക്ക് സാക്ഷ്യം വഹിക്കാം. സുഭദ്രെ എന്തായാലും ഇനി വിവാഹം കഴിഞ്ഞിട്ട് മടങ്ങാം. മാലതി എൻ്റെ മുറിയിൽ സുഭദ്രയ്ക്ക് കൂടെ വേണ്ട കാര്യങ്ങൾ ചെയ്ത് കൊടുക്ക്”

എല്ലാം കണ്ട് തിരിച്ച് നിൽക്കുകയായിരുന്ന സുഭദ്രയെ നോക്കി ഭവാനി പറഞ്ഞു. അങ്ങനെ ആവട്ടെന്ന് അവളും സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *