കണ്ണടച്ചു ഉറങ്ങുന്നത് പോലെ നടിച്ചു കിടന്നു. അടുക്കളയിൽ സംസാരം കേൾക്കാം അമ്മൂമ്മ :- മോളെ, മോൾക്ക് വീട്ടിൽ പോണൊ? മറുപടിയില്ലാഞ്ഞിട്ടൊ ശബ്ദം കുറവായതുകൊണ്ടൊ ഞാൻ കേട്ടില്ല. അമ്മുമ്മ :- അവന് കുഴപ്പമൊന്നുമില്ല എന്ന് പറയുന്നു. മോള് ഇന്നു മുതൽ എൻറെ കൂടെ കിടന്നൊ. അതിനും ഞാൻ ശബ്ദമൊന്നും കേട്ടില്ല. ഇവരൊക്കെ കടന്നിട്ട് വേണം എനിക്ക് എഴുന്നേറ്റിരിക്കാൻ. കാരണം കൈ വേദന കൂടി. പകലത്തെ ആ തട്ടൽ കൂടി ആയപ്പോൾ ആദ്യത്തെ ദിവസത്തെ വേദന തന്നെ ഇന്നും. ശരിക്കുപറഞ്ഞാൽ കോട്ടൻ അഴിച്ചു കളഞ്ഞ് മരുന്നു വെച്ച് മാറ്റി കെട്ടേണ്ടതാണ്. പക്ഷേ എങ്ങനെ കെട്ടാൻ? ഒരാളുടെ സഹായമില്ലാതെ ഒരു കൈകൊണ്ട് കെട്ടൽ നടക്കില്ലല്ലോ. അങ്ങനെ അവർ കിടക്കാൻ കാത്തുനിന്നു, എന്നിട്ട് വേണം എനിക്ക് എഴുന്നേറ്റ് തലയിൽ കയ്യും വെച്ച് ചാരിയിരുന്നു ഉറങ്ങാൻ. ഇപ്പോൾ അങ്ങനെയാണല്ലോ രണ്ടുദിവസമായി ഉറങ്ങുന്നത്. ഞാൻ വേദനയും കടിച്ചുപിടിച്ച് കണ്ണടച്ചു കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവർ കിടക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതായി തോന്നി. അവർ അവരുടെ മുറിയിൽ കയറി വാതിലടച്ച് കിടന്നാൽ, എനിക്കും എന്നെ എങ്ങനെ വേണമെങ്കിലും കിടക്കുകയോ എഴുന്നേറ്റിരുന്ന് തലയിൽ കയ്യും വെച്ച് നടക്കുകയോ കിടക്കുകയോ ചെയ്യാം. മറ്റുള്ളവർക്ക് ശല്യം ആവുകയില്ല. നിവർന്നു കിടന്നാൽ ഉറങ്ങിയിട്ടില്ല എന്ന് തോന്നേണ്ട എന്നുകരുതി, പുറംതിരിഞ്ഞ് ചുവരിനോട് ഫെയ്സ് ചെയ്താണ് കിടന്നിരുന്നത്. അതുകൊണ്ട് ആരൊക്കെ എവിടെയൊക്കെ കിടന്നു എന്ന് അറിയാൻ പറ്റിയില്ല. എല്ലാവരും കിടന്നു എന്ന് തോന്നിയപ്പോൾ ഞാൻ എഴുന്നേറ്റു രണ്ടുദിവസമായി ചെയ്യുന്ന പ്രവർത്തി ചെയ്തു ചാരിയിരുന്നു. അടുക്കളയിൽ നിന്നുള്ള പ്രകാശത്തിൽ അതാ ഒരാൾ വാതിൽക്കൽ കിടക്കുന്നു. സമാധാനത്തോടു കൂടി എഴുന്നേറ്റ് ഇരിക്കുകയോ നടക്കുകയോ ചെയ്യാം എന്ന് കരുതിയാൽ, അത് നടക്കുകയില്ല. വേദന സഹിച്ച് വീണ്ടും കിടന്നു. ഞാൻ അമ്മയോട് പറഞ്ഞതാണ് കിളിയെ ഇവിടെ കിടത്തണ്ടയെന്ന്, എന്നിട്ടും. തലയിൽ കയ്യും വെച്ച് ഒന്നു നടന്നു ഇരുന്നോ കിടന്നു സമയം കളയാം എന്ന് കരുതിയാൽ, അത് നടക്കുകയില്ല. എത്രനേരമെന്നുവച്ചാൽ ഇരിക്കും, ഒന്നു നടന്നാൽ അത്രയും സമയം പോകും. ഇപ്പോൾ അതിന് കഴിയില്ലല്ലോ. വേദന സഹിക്കാൻ പാടില്ലാതെ ആയപ്പോൾ തലയിൽ കൈ വച്ചത് എഴുന്നേറ്റിരുന്നു. ഞാനെന്ത് അപരാധം ചെയ്തിട്ടാണാവോ, ആദ്യം കത്തിയെടുത്ത് വീശി കൈ മുറിച്ചു. അന്നു ഞാൻ കണ്ടതാണ് ആ മുഖഭാവം, എന്തൊരു ശൗര്യമായിരുന്നു ആ മുഖത്ത്. ഞാൻ ധൈര്യത്തോടെ നിന്നെങ്കിലും, അന്ന് പേടി തോന്നിയിരുന്നു. ഇത്രയും ക്രൂരമായി പ്രവർത്തിക്കണമെങ്കിൽ എന്തായിരിക്കും ആ മനസ്സിൽ. അത് എന്തുമാകട്ടെ എന്നെ അകറ്റിക്കോട്ടെ. എന്നാലും ഒരു ഉപകാരവും ഇല്ലെങ്കിലും വട്ടം വന്ന് കിടക്കുന്നതെന്തിന്. ആദ്യ ദിവസം ഞാൻ അനുഭവിച്ച വിഷമങ്ങൾ ഒക്കെ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു. ബാത്റൂമിന് പുറത്ത് ഞാൻ വീണു കിടന്നിട്ടും ഒന്ന് തിരിഞ്ഞു നോക്കിയില്ല. ഇതൊക്കെ എന്നോടുള്ള വെറുപ്പും ദേഷ്യവും അകൽച്ചയും കൊണ്ടാണെന്ന് വിചാരിക്കാം. പിന്നെ എന്തിന് വട്ടം വന്നു കിടക്കുന്നു? എനിക്ക് വേദന എടുത്തിട്ടു ദേഷ്യം സഹിക്കാൻ കഴിയുന്നില്ല. പറഞ്ഞിട്ടെന്ത് കാര്യം സഹിക്കുക തന്നെ. അമ്മൂമ്മ വീട്ടിൽ പോകുന്ന കാര്യം
പറഞ്ഞിട്ട് എന്തായി തീരുമാനം. നാളെയെങ്കിലും പോസ്റ്റുമാൻ അപ്പോയ്മെൻറ് ഓർഡർ കൊണ്ടു വന്നാൽ മതിയായിരുന്നു. ഇവിടെ നിന്നും എത്രയും പെട്ടെന്ന് പോകണം. എനിക്ക് ഇവിടെ നിൽക്കും തോറും നഷ്ടബോധം കൂടിക്കൂടി വരുന്നു. അതൊന്നു പുറത്തുകാണിക്കാൻ കൂടി വയ്യാത്ത അവസ്ഥ. ഞാൻ അങ്ങനെയൊക്കെ കിളിയോട് പറഞ്ഞെങ്കിലും, എൻറെ മനസ്സ് നീറി പുകയുകയായിരുന്നു. എന്നെ വേണ്ടാത്തവൾക്ക് ഞാനൊരിക്കലും ഒരു തടസ്സമായി നിൽക്കരുത്. കയ്യ് അങ്ങനെ വച്ചിരുന്നതിനാൽ, വേദനയ്ക്ക് കുറവുണ്ടായിരുന്നു. അതിനാൽ പതിയെ കൺപോളകൾ അടഞ്ഞു തുടങ്ങി. ഉണരുമ്പോൾ മുറിഞ്ഞ കൈ ഒരു തലയണയുടെ മുകളിൽ വെച്ചിട്ടുണ്ടായിരുന്നു. ചുവരിൻറെ മൂലയിലാണ് ചാരി ഇരുന്നത് എങ്കിലും, ഞാൻ വെച്ചത് കൂടാതെ വേറെ രണ്ടു തലയണ കൂടി കംഫർട്ട് ആയി വെച്ചിട്ടുണ്ടായിരുന്നു. ഞാൻ എഴുന്നേറ്റ് സമയം നോക്കുമ്പോൾ 9 മണി. ഇത്രയും വൈകിയോ, ഇന്നല്ലേ പുരവാസ്തുവലി ന് പോകുന്നു എന്ന് അമ്മ പറഞ്ഞത്. ഇവർ രണ്ടുപേരും പോയിട്ട് എന്നെ വിളിക്കാഞ്ഞത് എന്ത്? വാതിലൊക്കെ തുറന്നു കിടക്കുകയാണല്ലോ? ഇങ്ങനെ ആലോചിച്ച് പ്രഭാതകൃത്യങ്ങൾ ക്കായി ഫ്രണ്ടിലെ വാതിൽ തുറന്നു പുറത്തേക്കിറങ്ങി. ഇടതു കൈകൊണ്ട് ബ്രഷ് ചെയ്തു വീടിനു പുറകിലേക്ക് നടക്കുമ്പോൾ, അപ്പുറത്ത് ആളനക്കം അനുഭവപ്പെട്ടു. ഞാൻ ആലോചിച്ചു ‘ അമ്മൂമ്മ ഇതുവരെ പോയില്ലേ’. ബ്രഷ് ചെയ്തു കഴിഞ്ഞാൽ ഞാൻ അടുക്കള വശത്തുകൂടി അകത്തേക്ക് കയറുമ്പോൾ അതാ നിൽക്കുന്നു ജഗജില്ലി. ഞാൻ ഒന്നും പറയാതെ ബ്രഷ് കൊണ്ട് വച്ച് നേരെ സിറ്റൗട്ടിലേക്ക് നടന്നു. സിറ്റൗട്ടിൽ കസേരയിൽ ന്യൂസ് പേപ്പർ നോക്കി അങ്ങനെ ഇരുന്നു. എൻറെ ഇന്നത്തെ കാര്യം പോക്കാണ്. ഒറ്റക്ക് ആയിരുന്നെങ്കിൽ അടുക്കളയിൽ കയറി കഴിക്കാൻ എന്തെങ്കിലുമുണ്ടോ എന്നു നോക്കാമായിരുന്നു. അമ്മൂമ്മ വരുന്നതുവരെ ഇന്ന് ഞാൻ പട്ടിണിയാണ്. ആ കാര്യത്തിൽ തീരുമാനമായി. ഒന്ന് ഒന്നര മണിക്കൂർ അങ്ങനെ ഇരുന്നിട്ടും അകത്തുനിന്നും ഒരു പ്രതികരണവും ഇല്ല. ദൈവമേ ഇത് അമ്മൂമ്മയുടെ കൂടെ പോയിരുന്നെങ്കിൽ എൻറെ ഭക്ഷണം എങ്ങനെയെങ്കിലും നടന്നേനെ. ഏകദേശം പത്തര കഴിഞ്ഞപ്പോൾ പോസ്റ്റുമാൻ ഗേറ്റിനടുത്ത് ബെൽ അടിക്കുന്നത് കേട്ടു. സന്തോഷത്താൽ ഞാൻ ഓടിച്ചെന്നു. പോസ്റ്റുമാൻ ഒരു രജിസ്ട്രേഡ് കത്ത് എനിക്ക് തന്നു ഒപ്പിട്ടു മേടിച്ചു. ഞാൻ ധൃതിയിൽ അത് പൊട്ടിച്ചു നോക്കി. സൈക്കിളിൻറെ ബെല്ല് കേട്ട് ഞാൻ കിടക്കുന്ന മുറിയുടെ ജനലിൽ കൂടി ഉണ്ടക്കണ്ണി നോക്കുന്നത് ഞാൻ കണ്ടു. ആ അപ്പോയ്മെൻറ് ഓർഡർ കണ്ട് എൻറെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി രണ്ടു തുള്ളി അതിൽ വീണു. കണ്ണുകൾ തുടച്ച് ഞാൻ സിറ്റൗട്ടിൽ പോയി കണ്ണടച്ചിരുന്നു. രണ്ടാഴ്ചക്കുള്ളിൽ ജോയിൻ ചെയ്യണം. അല്ലെങ്കിൽ റിപ്പോർട്ട് ചെയ്ത് 30 ദിവസം കൂടി നീട്ടി ചോദിക്കാം. എനിക്ക് ഈ ഒരു അവസ്ഥയിൽ അങ്ങനെയൊരു മനോഭാവമെ ഇല്ല. എത്രയും പെട്ടെന്ന് ഇവിടെനിന്നും പോകണം, പക്ഷേ എനിക്ക് സന്തോഷവും ദുഃഖവും ഒരുമിച്ച് തരുന്ന നിമിഷം. ഞാൻ മധുസൂദനൻ നായർ മാഷിൻറെ ഇരുളിൻ മഹാനിദ്രയിൽ നിന്നും എന്ന് തുടങ്ങുന്ന കവിതയിലെ ഏതാനും വരികൾ എനിക്ക് ഓർമ്മ വന്നു. ‘ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീ നിറമുള്ള ജീവിത പീലി തന്നു ….. എൻ്റെ ചിറകിനാകാശവും നീ തന്നു നിന്നാത്മശീഖരത്തിൽ ഒരു
