“ജെസ്സി, നീ നാണം കെടുത്തല്ലേ. ആൾക്കാർ കേൾക്കുന്നു. വണ്ടിയിൽ കേറ്, ഞാൻ കൊണ്ട് വിടാം.”
വാഹിദ് വെപ്രാളം ഉള്ളിലടക്കി അടക്കിപ്പിടിച്ച സ്വരത്തിൽ പറഞ്ഞു. അവൻ ബേജാറോടെ ചുറ്റും പരത്തിനോക്കിക്കൊണ്ടിരുന്നു.
“എല്ലാരും കേൾക്കട്ടെ. ഇതുവരെ ഞാൻ ഒരുത്തനെയും തൊട്ടിട്ടില്ല. എനിക്ക് അതൊന്നും ശീലമില്ല, വശമില്ല. ആ എന്നോട്.. എനിക്ക് പറ്റിപ്പോയി.. എനിക്ക് പറ്റിപ്പോയി..”
അവൾക്ക് നന്നായി ദേഷ്യം വന്നിരുന്നു. ഇത്ര ദൂരം, ഇത്ര നേരം, ഒന്നിച്ചു യാത്ര ചെയ്തിട്ടും അവർക്കിടയിൽ വളർന്നിരുന്ന മൗനവും അകൽച്ചയും അവളെ വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു. അടക്കാൻ ശ്രമിച്ചിട്ടും അവൾക്ക് വീണ്ടും വീണ്ടും കരച്ചിൽ വന്നുകൊണ്ടേയിരുന്നു. കാരണം വഹിദിനോട് ദേഷ്യപ്പെട്ടു സംസാരിക്കേണ്ടി വന്ന കുറ്റബോധവും അവളെ ആകുലപ്പെടുത്തി. കാര്യങ്ങൾ കൂടുതൽ വെറുപ്പിലേക്ക് വളർന്ന് പോയതുപോലെ അവൾക്ക് തോന്നി. വാഹിദ് പെട്ടന്ന് അവളുടെ കൈയിൽ കയറിപിടിച്ചു വലിച്ചു വണ്ടിയോട് അടുപ്പിച്ചു നിർത്തി. എന്നിട്ട് ദേഷ്യത്തോടെ ഗൗരവസ്വരത്തിൽ അവളോട് വണ്ടിയിലേക്ക് കയറാൻ കൽപ്പിച്ചു. അറിയാതെ ഒരു ഭയം അവളിൽ ജന്മം കൊള്ളുകയും പെട്ടന്ന് വണ്ടിയിൽ കയറി ഇരുന്നു. എന്നിട്ടും വണ്ടിയിൽ അവൾ കരഞ്ഞുകൊണ്ടിരുന്നു.
“ഈ മോങ്ങലൊന്നു നിർത്തുണ്ടോ. രാത്രി റോഡിൽ ഇരുന്നാണ് പെണ്ണിന്റെ കരച്ചിൽ. മനുഷ്യനായാൽ പരിസര ബോധം വേണ്ടേ.”
അവൻ അരിശത്തോടെ പിറുപിറുത്തു. അവൾ മൂക്ക്തിരുമ്മിക്കൊണ്ട് ഒന്ന് രണ്ടുത്തവണ വലിച്ചു കയറ്റി കരച്ചിൽ നിറുത്തി.
“എനിക്ക് പരിസരബോധമൊക്കെ ഉണ്ട്. നിങ്ങൾക്കാവും ബോധമില്ലാത്തത്. നേരവും കാലവും നോക്കാതെ കരയിച്ചതും പോര..”
അവൾ ചിണുങ്ങിക്കൊണ്ട് പിറുപിറുത്തു. അവനു ദേഷ്യം കുറച്ച് അലിഞ്ഞു നേരിയ കളച്ചിരി മുഖത്ത് വന്നെങ്കിലും അവൾ കാണാതിരിക്കാൻ വിദഗ്ദമായി മറച്ചു പിടിച്ചു.
“എങ്ങോട്ടാ പോവണ്ടത്? ഇവിടെ നിന്ന് ഏതു വഴിക്കാ.?”
വാഹിദ് അവളുടെ വീട്ടിലേക്കുള്ള വഴി അറിയാതെ
അവളോട് സംശയം ചോദിച്ചു. അവൾ പറഞ്ഞുകൊടുക്കുകയും ചെയ്തു. വണ്ടി ആ വഴി നീങ്ങി ചെറിയ റോഡിലൂടെ മുന്നോട്ട് പോയപ്പോൾ ഇരുട്ടിൽ മൂടിയ ഒരു വീടിന്റെ മുന്നിൽ വണ്ടി നിർത്താൻ അവൾ ആവശ്യപ്പെട്ടു. എന്നിട്ട് വണ്ടിയിൽ നിന്നിറങ്ങി ബാഗിൽ നിന്ന് താക്കോൽ എടുത്തു ഗേറ്റ് തുറന്നു. പക്ഷേ അകത്തേക്ക് പോകാതെ വാഹിദ് എന്തെങ്കിലും സംസാരിക്കുന്നതും കാത്ത് ഗേറ്റിന്റെ മുന്നിൽ നിന്നു.
“ഇതെന്താ, ഇവിടെ ആരും ഇല്ലേ? ഉറങ്ങാനുള്ള സമയം ഒന്നും ആയില്ലല്ലോ. പത്തുമണി ആയിട്ടുപോലും ഇല്ല ല്ലൊ.”
വാഹിദ് സംശയത്തോടെ അവളെ നോക്കി. അവളുടെ മുഖം മങ്ങി ശോകം കലർന്ന ഉന്മേഷരാഹിത്യം പ്രകടമായി.
“വീട്ടിൽ ആരും ഇല്ല. ഉമ്മയും ഇക്കയും വാപ്പച്ചിയുടെ അടുത്തേക്ക് പോയി, ദുബായ്ലേക്ക്. ഇനി രണ്ടുമാസം കഴിഞ്ഞേ വരൂ. പോയിട്ട് ഒരുമാസം കഴിഞ്ഞു.”
“എന്നിട്ട് ഈ വീട്ടിലേക്കാണോ നീ ഈ പാതിരാ നേരത്തു വന്നത്? ജോലിക്കാർ ആരെങ്കിലും ഉണ്ടോ?”
“ഓഹ് പരിചാരകരെ ഏൽപ്പിച്ചുപോകാൻ ഞങ്ങൾ നിലമ്പൂർ രാജകൊട്ടാരത്തിലല്ലേ ജീവിക്കുന്നത്.”
“പിന്നെ എന്തു ധൈര്യത്തിലാ ഇങ്ങോട്ട് വന്നത്.? നിനക്ക് ആദ്യമേ പറയായിരുന്നില്ലേ വീട്ടിൽ ആളില്ലെന്ന്. ഇതെന്തൊരു കഥയാണ്.”
“രമ്യ പറഞ്ഞതല്ലേ എല്ലാം. ഞാൻ പറഞ്ഞോ എനിക്ക് ഉമ്മച്ചിയെ കാണാൻ കൊതിയാവുന്നു എന്നെ വീട്ടിൽ കൊണ്ട് വിടണം ന്ന്.”
അവൾ പെട്ടന്ന് ചൂടായി. അപ്പോഴാണ് വാഹിദിനു കാര്യം ഒന്നുകൂടി വ്യക്തമായത്. ശരിയാണ്, രമ്യ പറഞ്ഞത് രണ്ടു ദിവസം അവളുടെ കൂടെ തനിച്ചു യാത്രചെയ്തു പതുക്കെ ചെന്നാൽമതിയെന്നാണ്. തങ്ങൾക്കിടയിൽ വളർന്ന അനിഷ്ടവും മൗനവുമാണ് പരസ്പരം തിരിച്ചറിയാൻ കഴിയാഞ്ഞതിന്റെ കാരണം.
“എന്നാൽ വാ, നമുക്ക് പോകാം. ഇനി ഇവിടെ നിൽക്കണ്ട. ആളില്ലാത്ത വീട്ടിൽ ഒറ്റയ്ക്ക് താമസിക്കേണ്ട.”
വഹിദ് കുറച്ച് സ്നേഹത്തോടെ പറഞ്ഞു. അവൾ തന്റെ കൂടെ ജൂലി വന്നതുപോലെ ഒരു ഡ്രൈവ് ആഗ്രഹിച്ചു വന്നതാണെന്ന് അവനു മനസ്സിലായി.
