ഓർമ്മകൾക്കപ്പുറം – 6

അങ്ങനെ ഒരു യാത്രയിൽ ആണ് ഞാൻ ഇയാളെ പറ്റി ഇയാളുടെ ക്രൂരതകളെ പറ്റി ആദ്യമായി അറിയുന്നത്. ഒരിക്കൽ രാജസ്ഥാനിൽ ഒരു ഉൾനാടൻ ഗ്രാമത്തിൽ ഒരു ഫീച്ചർ എടുക്കാൻ ചെന്നപ്പോൾ ഒരു വീടിന് ചുറ്റും ആളുകൾ കൂടി നിൽക്കുന്നത് കണ്ട് ആണ് ഞാൻ അങ്ങോട്ട് കേറി ചെന്നത്. എന്നാൽ ഞാൻ അവിടെ കണ്ട കാഴ്ച… ഏകദേശം 18നും 22നും ഇടയിൽ പ്രായമുള്ള ഒരു പെണ്ണ് തറയിൽ ചോര ഒലിപ്പിച്ചു കിടന്ന് പിടയുന്നു. കൈ കൊണ്ട് വയർ പൊത്തി പിടിച്ചിട്ടുണ്ട് എന്നാൽ രക്തത്തിന്റെ ഒഴുക്ക് നിക്കുന്നുണ്ടായില്ല.

എന്റെ കണ്മുന്നിൽ വെച്ചാണ് ആ കുട്ടി പിടഞ്ഞു മരിച്ചത്.

എന്നാൽ അവിടെ അന്വേഷിച്ചപ്പോൾ ആണ് മനസിലായത് ആ നടന്നത് ഒരു കൊലപാതകം ആണെന്ന്. അസ്ലന്റെ ആളുകൾ ഈ കുട്ടിയുടെ വീട്ടുകാർക്ക് അമ്പതിനായിരം രൂപ കൊടുക്കാം എന്ന് പറഞ്ഞു അവളുടെ കിഡ്നി സർജറി ചെയ്ത് മാറ്റിയിരുന്നു. എന്നാൽ 50 പോയിട്ട് 15 പോലും തികച്ചു കൊടുത്തില്ല. ബാക്കി പണം ചോദിച്ചത് കൊണ്ട് അവന്റെ കൂട്ടാളികളിൽ ഒരാൾ അവളുടെ വയറിൽ ആഞ്ഞു ചവിട്ടി സ്റ്റിച്ച് പൊട്ടിച്ചു. അങ്ങനെ ആണ് അവൾ മരിച്ചത്. അതും ആ ഗ്രാമത്തിൽ ഉള്ളവർ എല്ലാം നോക്കി നിൽക്കെ.”

കിഷോറിന്റെ വാക്കുകൾ കേട്ട് ആ പെൺകുട്ടികളുടെ എല്ലാം മുഖം ഭയം കൊണ്ട് വിവർണ്ണമായി.

എന്നാൽ അതിൽ നിന്ന് വിപരീതം ആയിരുന്നു ജാനകിയുടെയും ഹരിയുടെയും മുഖങ്ങൾ. ആ മുഖങ്ങളിൽ കിഷോർ ഭയം കണ്ടില്ല.. മറിച്ച് അവിടെ കണ്ടത് അവനെ കൊല്ലാനുള്ള അവരുടെ കണ്ണിലെ പക ആയിരുന്നു.

ദേഷ്യം കണ്ണുനീരായി പുറത്തേക്ക് വരുന്ന ചില നിമിഷങ്ങൾ ഉണ്ട് ജീവിതത്തിൽ. അതുപോലൊരു അവസ്ഥയിൽ ആയിരുന്നു ജാനകി. അവളുടെ ദേഷ്യം അതിന്റെ ഏറ്റവും കൂടിയ അവസ്ഥയിൽ ആയിരുന്നു. അവൾ ശക്തിയായി നിലത്ത് ഇടിച്ചുകൊണ്ട് കിതച്ചു.
ഇതുകണ്ട ഹരി അവളുടെ കൈയിൽ തന്റെ കൈ ചേർത്ത് പിടിച്ചു. അല്പനേരത്തേക്ക് ആരും ഒന്നും സംസാരിച്ചില്ല.

“ഇത്രേം ഒക്കെ അവിടെ നടന്നിട്ടും അവരാരും എന്ത്കൊണ്ട് പ്രതികരിച്ചില്ല?” ആ നിശബ്ദത നീക്കികൊണ്ട് ഹരി ചോദിച്ചു.

“ഭയം…. നൂറു പേർ ഒറ്റ ഒരാളുടെ മുന്നിൽ അവൻ ചെയ്യുന്ന എല്ലാ തന്തയില്ലായ്മയും കണ്ട് മിണ്ടാതെ നിക്കുന്നു എന്നുണ്ടെങ്കിൽ അതിന് പിന്നിൽ ഒരേ ഒരു വികാരം മാത്രമേ ഉണ്ടാവു ഹരീ… ഭയം.

അസ്ലൻ ഒരു സ്ഥലത്ത് എത്തിയാൽ ആദ്യം തന്നെ അവിടെ ഉള്ള ഏതെങ്കിലും കുറച്ച് ലോക്കൽ ചട്ടമ്പികളെ കള്ളും പെണ്ണും പൈസേം കൊടുത്ത് അയാളുടെ വശത്ത് ആക്കും. പിന്നെ അയാൾക്ക് എതിരെ ആരും സംസാരിക്കില്ല.

അങ്ങനെ സംസാരിക്കുന്നവരെ ഈ നാറികളെ കൊണ്ട് തന്നെ അയാൾ ഒതുക്കും. കൈ നനയാതെ മീൻ പിടിക്കുക എന്നൊക്കെ പറയാറില്ലേ അതേപോലെ.”

കിഷോർ പറഞ്ഞ കഥ കേട്ട് ഹരി ദീർഘമായി ഒന്ന് നിശ്വസിച്ചു.

“നീ പറഞ്ഞത് വെച്ച് നോക്കുവാണെങ്കിൽ നിന്റെ കയ്യിൽ ഉള്ള സർവ്വ തെളിവ് എടുത്ത് നിരത്തിയാലും ഇയാൾ ഊരിപോരും, അല്ലെങ്കിൽ കുറച്ച് വർഷത്തെ ജയിൽ വാസം, അവന്റെ പിടിപാട് വെച്ച് അവൻ അതിൽ നിന്നെല്ലാം വെളിയിൽ വരും. പുറത്തിറങ്ങി വീണ്ടും മറ്റു പലരുടെയും ജീവിതം ഇരുട്ടിലാക്കും. ഇന്ന് എന്റെ അനിയത്തിക്ക് സംഭവിച്ചത് മറ്റു പലരുടെയും അനിയത്തിമാർക്ക് സംഭവിക്കും.”

“കൊല്ലണം ഏട്ടാ….” ജാനകിയുടെ ഉറച്ച വാക്കുകൾ കേട്ട് എല്ലാവരും അവളുടെ മുഖത്തേക്ക് നോക്കി.

“ഞാൻ കാര്യായിട്ട് പറഞ്ഞതാ ഏട്ടാ, അവനെ കൊല്ലണം. അതിൽ കുറഞ്ഞ ഒന്നും അവൻ അർഹിക്കുന്നില്ല. നമ്മളെകൊണ്ട് പറ്റുമോ എന്നെനിക്കറിയില്ല പക്ഷേ നമുക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ല. നമ്മളെ കാത്തിരിക്കാൻ നമ്മൾ മാത്രേ ഉള്ളു. ഏട്ടൻ എന്റെ കൂടെ ഉണ്ടേൽ നമുക്ക് അവനെ പൂട്ടാൻ എങ്ങനേലും നോക്കാം.” ജാനകി പ്രതീക്ഷയോടെ ഹരിയുടെ മുഖത്തേക്ക് നോക്കി ഇരുന്നു.

ഹരി അവളെ ചേർത്ത് പിടിച്ചു. അവന്റെ മനസ്സ് അപ്പോഴും കലങ്ങി മറിഞ്ഞ അവസ്ഥയിൽ ആയിരുന്നു. തനിക്ക് സംഭവിച്ച കാര്യങ്ങൾ ജാനകിയോട് പറയാൻ അവൻ മനസ്സ് കൊണ്ട് തയ്യാറായി.
“ജാനകീ… ഞാൻ നിന്റെ കൂടെ ഉണ്ട് എന്തിനും. പക്ഷേ അതിനു മുൻപ് എനിക്ക് നിന്നോട് ചില സത്യങ്ങൾ പറയാൻ ഉണ്ട്, ചില ചോദ്യങ്ങൾ ചോദിക്കാൻ ഉണ്ട്.” ഹരി പറഞ്ഞത് കേട്ട് ജാനകി ഒന്നും മനസിലാവാതെ നിന്നു.

ഹരി പറഞ്ഞു തുടങ്ങി…

മരണത്തിൽ നിന്നും കരകയറി വന്നതും, കഴിഞ്ഞ കുറച്ച് മാസങ്ങൾ അവന് സംഭവിച്ചതും, മിഴിയും പൂജയും മഹീന്ദറും എല്ലാം ഉൾപ്പെട്ട അവന്റെ പുതിയ ലോകവും, അന്ന് ആ സ്റ്റേഷനിൽ എത്തിപ്പെടാൻ ഉള്ള സാഹചര്യവും എല്ലാം…

എല്ലാം കേട്ട് തരിച്ചിരിക്കുവായിരുന്നു ജാനകി. എന്നാൽ അവളെ ഇപ്പോ അവന് ഓർമയില്ല എന്ന സത്യം അവളെ വല്ലാതെ വേദനിപ്പിച്ചു. അവൾ ഒന്നും മിണ്ടാതെ അവനെ ഒരു കുഞ്ഞിനെപോലെ മാറോടു ചേർത്ത് പിടിച്ച് മുടിയിൽ തഴുകികൊണ്ടിരുന്നു.

അവനും അത് ഒരു ആശ്വാസം ആയിരുന്നു.

അവരെ എന്ത്‌ പറഞ്ഞ് ആശ്വസിപ്പിക്കും എന്ന് അവിടെ കൂടി നിന്നിരുന്ന ആർക്കും അറിയില്ലായിരുന്നു.

“ജാനകീ… നീ എനിക്ക് പറഞ്ഞു തരണം ഇനി ഞാൻ ആരാണ് എന്നും, എനിക്ക് എന്താണ് സംഭവിച്ചത് എന്നും ഒക്കെ. എന്റെ ജീവിതത്തിൽ ഇപ്പൊ എന്റെ ഭൂതകാലം അറിയുന്ന ഒരേ ഒരാൾ നീ മാത്രം ആണ്. നീയാണ് ഭൂതകാലത്തിലേക്ക് എനിക്കുള്ള ടിക്കറ്റ്.” ഹരി നിസ്സഹായതയോടെ ജാനകിയെ നോക്കി.

“ഞാൻ പറയാം ഏട്ടാ…ജാനകി അല്ല… ജാനി. ഞാൻ ഏട്ടന് മാത്രം ജാനിയായിരുന്നു. ഏട്ടന്റെ പതിനാറാമത്തെ വയസ്സിൽ ഒരു ആക്‌സിഡന്റിൽ അമ്മേം അച്ഛനും മരിക്കുമ്പോൾ മുതൽ ഞാൻ ആയിരുന്നു ഏട്ടന് കൂട്ട്.

എന്റെ വയർ നിറയ്ക്കാൻ വേണ്ടി അന്ന് മുതൽ ഏട്ടൻ ചെയ്യാത്ത ജോലികൾ ഇല്ല.

അമ്മ ഇല്ലാതെ ഒരു പെൺകുട്ടിയെ വളർത്തി ഇത്രത്തോളം ആക്കുക എന്നത് പലപ്പോഴും ഏട്ടന് ഒരു നിസ്സാര കാര്യം ആയിരുന്നില്ല.

ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട് എനിക്ക് ആദ്യമായി പീരിയഡ് ആയ ദിവസം ചോര കണ്ട് പേടിച്ച എന്നെയും ചേർത്ത് പിടിച്ച് എന്താ ചെയ്യണ്ടത് എന്നറിയാതെ, ആരോടാ ചോദിക്കേണ്ടത് എന്നറിയാതെ നിന്ന എന്റെ ഏട്ടനെ.
എന്നാൽ എല്ലാവരെയും പോലെ എന്നെ ഒരിക്കലും ഏട്ടൻ പൊതിഞ്ഞു പിടിച്ചു നടന്നിട്ടില്ല. ഒരിക്കൽ ഏട്ടന് എന്തെങ്കിലും പറ്റിയാലും ഈ സമൂഹത്തിൽ തല ഉയർത്തി തന്നെ ജീവിക്കാൻ ഏട്ടൻ അന്ന് മുതൽ തന്നെ എന്നെ ശീലിപ്പിച്ചിരുന്നു.

ഒരുപക്ഷേ ഒരു ദിവസം അച്ഛനും അമ്മയ്ക്കും സംഭവിച്ചത് ഏട്ടനും സംഭവിച്ചാൽ പിന്നീടുള്ള എന്റെ ജീവിതം എങ്ങനെയാകും എന്നുള്ള ചിന്ത ആവാം ഏട്ടനെ കൊണ്ട് അങ്ങനെ ചെയ്യിച്ചത്. അത്കൊണ്ട് തന്നെ ആണ് ഏട്ടൻ എന്നെയും കൂട്ടി മാർഷ്യൽ ആർട്സ് ക്ലാസുകൾക്ക് പോയിരുന്നത്.

പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോഴേക്കും അയൽ വീട്ടിലെ കുട്ടികൾക്ക് ട്യൂഷൻ എടുത്തും, മാർഷ്യൽ ആർട്സ് ഒക്കെ പഠിപ്പിച്ചും ഞാനും സ്വന്തമായി വരുമാനം ഉണ്ടാക്കാൻ തുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *