ഓർമ്മകൾക്കപ്പുറം – 6

**************************************

പറഞ്ഞത് പോലെ തന്നെ അസ്ലൻ അവന്റെ ടീമിനെ രണ്ടാക്കി തിരിച്ചു. അസ്ലന്റെ കൂടെ ഉള്ളവർ നാസിക്കിലേക്ക് തിരിച്ചപ്പോൾ സൗരവിന്റെ കൂടെ ഉള്ളവർ ലോണാവലാ സ്റ്റേഷൻ ലക്ഷ്യം വെച്ച് നീങ്ങി.

മണിക്കൂറുകൾക്ക് ശേഷം….

അസ്ലന്റെ ഫോൺ ശബ്ദിച്ചു.

സൗരവ് കാളിങ്…

“ഹലോ… പറയെടാ.”

“ഭായ്… വീഡിയോ കിട്ടി ഭായ്, അത് ഞങ്ങൾ അന്ന് ട്രെയിനിൽ ഉണ്ടായിരുന്നവരെ കാണിച്ചു കൺഫേം ചെയ്തു അത് അവൻ തന്നെ ആണ്. പക്ഷേ ഭായ് ഒരു പ്രശ്നം ഉണ്ട്…” സൗരവ് ഒന്ന് ശങ്കിച്ചു

അവന്റെ സ്വരത്തിൽ ഉള്ള പതർച്ച മനസ്സിലാക്കിയ അസ്ലന്റെ കണ്ണുകൾ കുറുകി.

“എന്താടാ…?” അയാൾ പരുഷമായി തന്നെ ചോദിച്ചു.

” അത് പിന്നെ ഭായ് ഞങ്ങൾ ഇവന്റെ മുഖം ക്ലിയർ ആയി കണ്ട് മനസ്സിലാക്കാൻ വേണ്ടി സ്റ്റേഷനിൽ നിന്നും കുറച്ച് മാറിയ കടകളിലെ cctv ഒക്കെ ഒന്ന് ചെക്ക് ചെയ്തിരുന്നു. അതിൽ ഒരു വീഡിയോയിൽ ഇവന്റെ മുഖം ശെരിക്കും കാണാം. അത് കണ്ടപ്പൊഴാ മനസ്സിലായത്…. ” സൗരവ് ഒന്ന് നിർത്തി..

“എന്താടാ നായിന്റെമോനേ നിനക്ക് മനസ്സിലായത് ങേ?? അത് പറയാൻ നിന്റപ്പൻ വരുമോ ഇനി?” അസ്ലന്റെ ശബ്ദം ആ വണ്ടിയിൽ പ്രതിധ്വനിച്ചു.

“അത് പിന്നെ ഭായ്… അത് അവനാണ്, നമ്മൾ തട്ടിക്കൊണ്ടു വന്ന ജാനകിയുടെ ചേ..ചേട്ടൻ.”

അവൻ ആ പറഞ്ഞതിന് അസ്ലന്റെ മറുപടി സൗരവിന് ഊഹിക്കാൻ കഴിയുമായിരുന്നു.

“സൗരവേ… ഈ ഓപ്പറേഷൻ തുടങ്ങിയപ്പോഴേ ഞാൻ നിങ്ങളോട് ഒരു കാര്യം പറഞ്ഞിരുന്നു. എന്ത്‌ ചെയ്താലും, ആര് വന്ന് ചിക്കി ചികഞ്ഞു നോക്കിയാലും നമുക്ക് എതിരെ ഒരു തെളിവ് പോലും ഉണ്ടാവരുത് എന്ന്. ഓർമ്മയുണ്ടോ നിനക്ക്?”

“ഒ… ഓർമ്മയുണ്ട് ഭായ്..”

“പ്ഫാ… എന്നിട്ടാണോടാ ഇത്രേം വലിയൊരു സാക്ഷിയെ നിങ്ങൾ വെറുതെ വിട്ടത്?”

“ഭായ്… അങ്ങനല്ല ഭായ്.. ഞങ്ങൾ അവനെ അന്ന് അടിച്ചു ഒടിച്ചു ആ ഹൈവേ സൈഡിൽ ഉപേക്ഷിച്ചത് ആണ്. ഭായ് അവൻ രക്ഷപെട്ടു വരാൻ ഒരു ചാൻസും അന്ന് ഉണ്ടായിരുന്നില്ല അത്ര ബ്ലീഡിങ് ഉണ്ടായിരുന്നു. പിന്നെ അവിടെ അധിക നേരം നിന്ന് മറ്റുള്ളവരുടെ ശ്രദ്ധ പതിക്കണ്ടല്ലോ എന്ന് കരുതി ആണ് ഞങ്ങൾ അവനെ അവിടെ നിന്ന് വലിച്ചെറിഞ്ഞത്. പക്ഷേ ഞങ്ങൾ അവനെ റോഡിൽ നിന്നൊക്കെ ഉള്ളിലേക്ക് മാറി പെട്ടെന്ന് ആരും കാണാത്ത രീതിയിൽ ആണ് കൊണ്ടിട്ടത്. രക്തം വാർന്ന് മരിച്ചോളും എന്ന് കരുതി ഭായ്”

സൗരവ് അവന്റെ ഭാഗം പറഞ്ഞു.

“മിണ്ടരുത് മൈരേ നീ… ഒന്നും രണ്ടുമല്ല കോടികൾ ആണ് കോടികൾ… എന്റെ കൈ എത്തും ദൂരത്ത് നിന്നവൻ തട്ടികൊണ്ട് പോയത്. അതും നിന്റെ ഒക്കെ അശ്രദ്ധ കൊണ്ട്.” അസ്ലൻ പല്ലിറുമ്മി

സൗരവ് മറുതൊന്നും പറഞ്ഞില്ല… അവന് അറിയാമായിരുന്നു ഭ്രാന്ത്‌ പിടിച്ച അയാളോട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന്.

അസ്ലൻ തെല്ലോന്ന് ആലോചിച്ചു…

“ഡാ… അവൻ ഇത്രനാൾ എവിടെ ആയിരുന്നു എന്ന് അന്വേഷിക്കണം. എന്തായാലും അവനെ ആരോ ആശുപത്രിയിൽ എത്തിച്ചിരിക്കണം. അല്ലാതെ അവൻ രക്ഷപെടില്ല. അവിടെ അടുത്തുള്ള ഹോസ്പിറ്റലിൽ അന്വേഷിച്ചു അത് കണ്ടെത്തണം. അവന് വേണ്ടപ്പെട്ട ഒരാളെ എങ്കിലും കിട്ടണം നമുക്ക് അങ്ങനെ ഒരാളെ കിട്ടിയാൽ നീ ആ സ്പോട്ടിൽ അവരെ പൊക്കണം. അയാളെ വെച്ച് വേണം അവനെ നമുക്ക് വരുതിയിൽ ആക്കാൻ. ആളെ കിട്ടിയാൽ എന്നെ എന്നെ വിളിക്കാൻ ഒന്നും നിക്കണ്ട അങ്ങ് പൊക്കിക്കോ സംസാരം ഒക്കെ പിന്നെ ആവാം കേട്ടല്ലോ… പിന്നെ ഇതിൽ എന്തെങ്കിലും പാളിച്ചകൾ പറ്റിയാൽ നിന്നെ അടക്കം എല്ലാത്തിനേം ഞാൻ കത്തിക്കും ഇത് എന്റെ വാക്കാണ്. അറിയാല്ലോ എന്നെ.”

സൗരവ് ഒന്ന് വിറച്ചു…

“ഇല്ല ഭായ്… ഭായ് പറഞ്ഞത് പോലെ തന്നെ ചെയ്യാം. നിങ്ങൾ അവരെ ലൊക്കേറ്റ് ചെയ്യുന്നതിന് മുന്നേ തന്നെ അവനെ പറ്റിയുള്ള സർവ്വതും ഭായ്ക്ക് കിട്ടിയിരിക്കും. ഇത് എന്റെ വാക്ക്…” ഫോൺ കട്ട്‌ ആയതും സൗരവും കൂടെ ഉള്ള ബാക്കി 4 പേരും അവരുടെ അന്വേഷണങ്ങളിലേക്ക് തിരിഞ്ഞു.

************************

“എന്റെ മിഴി, നീ ഇങ്ങനെ നനഞ്ഞ കോഴിയെ പോലെ ഇരിക്കാതെ ഒന്ന് ആക്റ്റീവ് ആയിക്കെ. നിനക്ക് ആൾറെഡി ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് സ്വന്തമായിട്ട് തന്നെ ഇനി പുതിയതായിട്ട് നീ തന്നെ ഓരോന്നും എടുത്ത് തലേൽ വെക്കരുത്. അവൻ എവിടെ നിന്നോ നമ്മുടെ ലൈഫിലേക്ക് വന്നതാണ്, വന്നത് പോലെ തന്നെ തിരിച്ചു പോയി അത്ര തന്നെ.

നമ്മൾ ഇത്പോലെ എത്ര പേരെ ഡെയിലി കാണുന്നതാ അവരൊക്കെ പോകുമ്പോ നമ്മൾ വിഷമിച്ചിരുന്നിട്ട് എന്ത്‌ കാര്യം?” മിഴിയെ സമാധാനപ്പെടുത്താൻ പറഞ്ഞത് ആണെങ്കിലും പൂജയ്ക്കും അവൻ പോയതിൽ ഒരു വിഷമം ഉണ്ടായിരുന്നു.

“നീ പറഞ്ഞത് ഒക്കെ ശെരിയാണ് പൂജ, അതെനിക്ക് അറിയാഞ്ഞിട്ടല്ല. പക്ഷേ ഞാൻ അവനോട് അന്ന് മോശമായി പെരുമാറി അതാണ് എനിക്ക് സങ്കടം. അവൻ പൊയ്ക്കോട്ടേ പക്ഷേ ഒരു നല്ലൊരു ഗുഡ്ബൈ എങ്കിലും നമ്മൾ കൊടുക്കേണ്ടത് ആയിരുന്നു. അധികം നാൾ നമ്മുടെ കൂടെ ഉണ്ടായിരുന്നില്ല, എവിടെ നിന്നോ വന്നൊരു പേഷ്യന്റ് മാത്രം ആണ്, എല്ലാം ശെരിയാണ്. But he was a good friend. നമ്മൾ ഇതിനു മുന്നേ കണ്ട പല ആളുകളേം പോലെ ആയിരുന്നില്ല അവൻ നമുക്ക്.

എനിക്ക് അറിയാം നിനക്കും അങ്ങനെ തന്നെ ആവും. അങ്ങനെ ഉള്ളൊരു ആള് നമ്മുടെ ലൈഫിൽ നിന്നും പെട്ടെന്ന് പോകുമ്പോൾ അതും എന്റെ കയ്യിൽ നിന്നും വന്നൊരു മോശം പെരുമാറ്റം കൊണ്ട് പോകുമ്പോ…. അത് ഓർത്താണ് എനിക്ക് സങ്കടം.

മ്മ്.. എല്ലാം ഓക്കേ ആവും പതിയെ പതിയെ നമ്മൾ ഇതും മറക്കുവാരിക്കും. പിന്നെ ഭൂമി ഉരുണ്ടത് അല്ലേ, എവിടേലും വെച്ച് ഇനിയും കാണും എന്ന് പ്രതീക്ഷിക്കാം. അങ്ങനെ കണ്ടാൽ എനിക്ക് അവനോട് ഒരു സോറി പറയണം പൂജ. അത്രേ ആഗ്രഹം ഉള്ളു എനിക്ക്.” മിഴിയുടെ കണ്ണ് നിറയാൻ തുടങ്ങിയതും പൂജ അവളെ ചേർത്ത് പിടിച്ചു.

“അതെ ഇങ്ങനെ ഇരുന്നിട്ട് കാര്യമില്ല വാ ഡ്യൂട്ടിക്ക് കേറാൻ ടൈം ആയി. ഇനി റൂമിൽ നിന്ന് നടന്ന് ഹോസ്പിറ്റലിൽ എത്തുമ്പോ തന്നെ ഒരു നേരം ആവും. ആരേം കണ്ടില്ലെങ്കിൽ ഡോക്ടർ പൊരിക്കും പിടിച്ചു” പൂജ വിഷയം മാറ്റിക്കൊണ്ട് എഴുനേറ്റു.

“നീ നിന്റെ റൂമിൽ നിന്നാ പോരാരുന്നോ പൂജാ അവിടെ നിന്ന് കുറച്ച് നടന്നാൽ പോരെ. അതാകുമ്പോ ഞാൻ വരണ വരെ നീ എങ്കിലും അവിടെ ഉണ്ടേൽ ഡോക്ടർ അത്ര പ്രശ്നം ഉണ്ടാക്കില്ലാരുന്നു.”

“ദേ പെണ്ണേ എന്റെ വായിൽ ഇരിക്കണത് കേക്കാൻ നിക്കണ്ട. നീ ഇവിടെ ഇങ്ങനെ ഒടിഞ്ഞു കുത്തി ഇരിപ്പാകും എന്ന് എനിക്ക് അറിയാരുന്നു അതോണ്ട് ഒന്ന് സമാദാനപ്പെടുത്തിയേക്കാം എന്ന് കരുതി വന്നപ്പോ അവള്ടെ മറ്റേടത്തെ ജാഡ ഇറക്കിയാൽ ഉണ്ടല്ലോ…”

“ഹി.. ഹി.. നീ എന്റെ മുത്തല്ലേ, നീ വന്നത് നന്നായി ഇപ്പൊ കുറച്ച് ആശ്വാസം ഉണ്ട്.ഞാൻ ഒന്ന് മുഖം കഴുകി വരാം വെയിറ്റ് എന്നിട്ട് വേഗം പോവാം.” മിഴി അതും പറഞ്ഞു ബാത്‌റൂമിൽ കേറി.

Leave a Reply

Your email address will not be published. Required fields are marked *