ഓർമ്മകൾക്കപ്പുറം – 6 2

അൽപ സമയം കഴിഞ്ഞതും മഹീന്തർ അയാളുടെ കുറച്ച് സുഹൃത്തുക്കളെ കൂട്ടികൊണ്ട് വന്നു.

“ചോട്ടു ഡോർ തുറക്കെടാ…” മഹീന്തർ പറഞ്ഞതും ചോട്ടു ഒന്നുകൂടെ ചുറ്റും ഒന്ന് നോക്കിയതിനു ശേഷം ആ ഡോർ രണ്ടും വലിച്ചു തുറന്നു.

വെളിച്ചം ഉള്ളിൽ വീണതും എല്ലാവരും എഴുനേറ്റു, അത്ര നേരം ചെറിയ ഇരുട്ടിൽ ഇരുന്നത്കൊണ്ട് തന്നെ പുറത്തെ കാഴ്ചകളുമായി പൊരുത്തപ്പെടാൻ അവർ കുറച്ച് ബുദ്ധിമുട്ടി.

പുറമെ നിന്ന എല്ലാവരും അവരെ കണ്ട് അലിവോടെ നോക്കി. എല്ലാ കണ്ണുകളിലും പല പല വികാരങ്ങൾ ആയിരുന്നു.

ഹരി വേഗം തന്നെ പുറത്തിറങ്ങി, കൂടെ ജാനകിയും കിഷോറും. പതിയെ ഓരോരുത്തർ ആയി വെളിയിൽ ഇറങ്ങി. ചുറ്റും നിന്ന എല്ലാവർക്കും അവരോട് ചോദിക്കാൻ കുറെ കാര്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അവർ അതിന് പറ്റിയ ഒരു മാനസിക അവസ്ഥയിൽ ആയിരുന്നില്ല.

അത് മനസ്സിലാക്കി എന്നോണം മഹീന്തർ അവരെ എല്ലാം കൂട്ടി മറ്റാരും കാണാതെ പിൻവശത്തേക്ക് നടന്നു. മഹീന്തർ പറഞ്ഞത് അനുസരിച്ചു അയാളുടെ സുഹൃത്തുക്കൾ വെളിയിൽ നിന്നും അങ്ങോട്ടുള്ള കാഴ്ച മറക്കാനായി അവിടെ രണ്ട് മൂന്ന് ലോറികൾ കൊണ്ടുവന്ന് പാർക്ക് ചെയ്തിരുന്നു അതിനുള്ളിൽ.

രണ്ട് മിനിറ്റ് നടന്നതിനു ശേഷം അവർ ഒരു വീടിന്റെ മുന്നിലായി വന്ന്‌ നിന്നു. ചോട്ടു വേഗം അതിന്റെ വാതിൽ തുറന്നു. എല്ലാവരും ഉടൻ തന്നെ അകത്തേക്ക് കയറി.

ഡോർ തുറന്ന് അകത്തേക്ക് കയറുമ്പോൾ തന്നെ ഒരു നടുമുറ്റം ആണ്. ആ നടുമുറ്റത് തന്നെ ഒന്ന് രണ്ട് കയറിന്റെ ചെറിയ കട്ടിൽ. നല്ല ഒതുക്കം ഉള്ളൊരു രണ്ട് നില വീട്. പുറത്ത് നിന്ന് നോക്കുമ്പോൾ പക്ഷേ അകത്ത്‌ ഇത്രയും വിശാലം ആണെന്ന് പറയില്ല. താഴെയും മുകളിലുമായി 4 ബെഡ്‌റൂമുകൾ ആണ് ഉള്ളത്. ചോട്ടു എല്ലാവരെയും റൂമിൽ ആക്കി തിരിച്ചു വന്നു.
കരയിൽ നിന്ന് വെള്ളത്തിൽ തിരിച്ചെത്തിയ പോലെ ആയിരുന്നു അവർക്ക് അത്. പലരും സന്തോഷം കൊണ്ട് കരഞ്ഞു തുടങ്ങി. നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് മഹീന്തർ എല്ലാവരോടും റസ്റ്റ്‌ എടുക്കാൻ പറഞ്ഞിരുന്നു. അവരെല്ലാം റൂമിൽ എത്തി ഫ്രഷ് ആയി, ഉടനെ തന്നെ ഉറങ്ങാൻ കിടന്നിരുന്നു. എന്നാൽ പലരും ഉറക്കത്തിൽ പോലും ഞെട്ടുന്നുണ്ടായിരുന്നു. അത്രയേറെ അവർ വേട്ടയാടാപ്പെട്ടിരുന്നു.

*************************

യാത്രയിൽ ഉടനീളം ഹരിയുടെ പെരുമാറ്റം ജാനകി ശ്രദ്ധിക്കുന്നുണ്ടായായിരുന്നു. ഏട്ടന് എന്തൊക്കെയോ മാറ്റങ്ങൾ വന്നത് അവൾക്ക് മനസിലായി. എന്നാൽ അത് ഒരുപക്ഷേ തങ്ങൾ വന്ന് അകപ്പെട്ട സാഹചര്യം കൊണ്ടാവും എന്ന് കരുതി അവൾ സമാധാനപ്പെട്ടു.

മഹീന്തറും ചോട്ടുവും കൂടി പുറത്ത് പോയി വേണ്ട സജ്ജീകരണങ്ങൾ ഒക്കെ നടത്തി തുടങ്ങി. ഇതുവരെ ഇവിടെ അവർ വന്നത് പുറത്ത് നിന്ന് ഒരാൾ പോലും കണ്ടിട്ടില്ല. അത് അങ്ങനെ തന്നെ ഇരിക്കുന്നത് ആണ് നല്ലത്. ആരെങ്കിലും കണ്ടാൽ പലതിനും ഉത്തരം പറയേണ്ടി വരും.

അയൽക്കാർ ആയിട്ട് അധികം ആരും ഇല്ലാത്തത് അപ്പൊ അയാൾക്ക് ഒരു അനുഗ്രഹം ആയി തോന്നി.

“അവർ എല്ലാം ഒന്ന് ഉറങ്ങി എഴുനേക്കട്ടെ എന്നിട്ട് നമുക്ക് ഭാവി കാര്യങ്ങൾ എന്താന്ന് വെച്ചാൽ ആലോചിക്കാം. ഇപ്പൊ എന്തായാലും അവരൊന്നു ഉറങ്ങട്ടെ നല്ലോണം.

പിന്നെ ഞാൻ നിങ്ങളോട് സൂചിപ്പിച്ച പോലെ അവരിപ്പോ എതിരിടുന്നത് എന്തായാലും സാധരണ ഒരാൾ അല്ല, കൊന്ന് തള്ളാൻ പോലും മടിയില്ലാത്ത ഒരു കൂട്ടം ചെന്നായ്ക്കളോട് ആണ്. നിങ്ങൾക്ക് എന്റെ കൂടെ നിൽക്കാം നിൽക്കാതിരിക്കാം, പക്ഷേ ദയവ് ചെയ്ത് അവർ ഇവിടെ ഉള്ള കാര്യം നമ്മൾ ഇത്രേം ആളുകൾ അല്ലാതെ പുറമെ നിന്ന് ഒരാൾ അറിയരുത്.” മഹീന്തർ അയാളുടെ സുഹൃത്തുക്കളെ നോക്കി പറഞ്ഞു.

“മഹി.. നിന്റെ കൂടെ ഞങ്ങൾ എല്ലാവരും ഉണ്ടാവും. എന്ത്‌ സഹായത്തിനും. നീ ആ കുട്ടികളെ കണ്ടോ? നമ്മുടെ ഒക്കെ മക്കളുടെ പ്രായമേ അവർക്കും ഉള്ളു. ഒന്ന് ഓർത്ത് നോക്ക് അവരുടെ സ്ഥാനത്ത് നമ്മുടെ മക്കൾ ആണെങ്കിലോ?

ഇത്പോലെ ഉള്ളവന്മാരെ പേടിച്ചു നമ്മൾ നമ്മടെ മക്കളേ ജീവിതകാലം മുഴുവൻ പൊതിഞ്ഞു കൊണ്ടുനടക്കാൻ പറ്റുമോ? അവർക്കും ജീവിക്കണം ഇവിടെ പേടിയില്ലാതെ. അതിന് ഇവന്മാരെ പോലുള്ളവർ നശിക്കണം… നശിപ്പിക്കണം.” സാക്കി എന്ന് വിളിപ്പേരുള്ള സാക്കിർ മുഹമ്മദിന്റെ വാക്കുകൾ ആയിരുന്നു അത്. അതെ അഭിപ്രായം തന്നെ ആയിരുന്നു അവിടെ ഉള്ള എല്ലാവർക്കും പറയാൻ ആയി ഉണ്ടായിരുന്നത്.
അവർക്കെല്ലാം വേണ്ട നിർദേശങ്ങൾ നൽകിയിട്ട് എല്ലാവർക്കുമുള്ള ഭക്ഷണം ഏർപ്പാടാക്കി മഹീന്തറും ചോട്ടുവും തിരിച്ചു വീട്ടിൽ എത്തി. അപ്പോഴേക്കും കുറച്ചുപേർ ഒക്കെ ഉണർന്ന് നടുമുറ്റത്തു ജാനകിയുടെ കൂടെ ഇരിന്നിരുന്നു. അവർ ഹരിയുടെ അടുത്തേക്ക് ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *