ഓർമ്മകൾക്കപ്പുറം – 6

മെഡിസിന് എനിക്ക് സീറ്റ്‌ കിട്ടുന്നതിന് മുന്നേ തന്നെ ഏട്ടൻ ഫ്രീലാൻസ് ആയി ഇന്ത്യയിൽ പല സ്ഥലങ്ങളിലും ടൂറിസ്റ്റ് ഗൈഡ് ആയി പോകാൻ തുടങ്ങിയിരുന്നു. വിദേശ ടൂറിസ്റ്റ് ആണെങ്കിൽ ഒരു ട്രിപ്പ്‌ കഴിഞ്ഞ് വരുമ്പോൾ തന്നെ നല്ലൊരു സംഖ്യ കയ്യിൽ കിട്ടുമായിരുന്നു.

അത്കൊണ്ട് തന്നെ ഏട്ടന് ഇന്ത്യയിലെ മിക്ക സ്ഥലങ്ങളും സ്വന്തം നാട്പോലെ തന്നെ സുപരിചിതം ആയിരുന്നു.

ഈ കഥ തുടങ്ങുന്നത് ഞാൻ മെഡിസിൻ കഴിഞ്ഞ് ഹൗസ് സർജൻസി ബെൽഗാമിൽ ചെയ്യുന്ന സമയത്ത് ആണ്.

ഞങ്ങൾക്ക് ഒരു മെഡിക്കൽ ക്യാമ്പ് മഹാരാഷ്ട്രയിൽ വെച്ച് നടത്താൻ പ്ലാൻ ചെയ്തിരുന്നു. അതെ സമയത്തായിരുന്നു ഏട്ടൻ അവിടെ അടുത്ത് തന്നെ മതേരൻ എന്നൊരു സ്ഥലത്ത് ഗൈഡ് ആയി വന്നിരുന്നത്. ക്യാമ്പ് കഴിഞ്ഞ് നമുക്ക് ഒന്നിച്ചു നാട്ടിലേക്ക് പോകാം ആയിരുന്നു പ്ലാൻ ചെയ്തിരുന്നത്.

ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്, ക്യാമ്പ് കഴിഞ്ഞ് തിരിച്ചു ബെൽഗാമിലേക്ക് ടീമിന്റെ കൂടെ പോകാതെ ഞാൻ ഏട്ടനെ കാണാൻ ആയി പൂനെയിലേക്ക് ടാക്സിയിൽ വരുവായിരുന്നു അന്ന്.

എന്നാൽ എനിക്ക് എന്തോ ആ ഡ്രൈവറുടെ പെരുമാറ്റത്തിൽ ഒരു സംശയം തോന്നി. അത്കൊണ്ട് തന്നെ ഞാൻ ഏട്ടന് അക്കാര്യം മെസേജ് അയച്ചിട്ട് കൂടെ എന്റെ ലൈവ് ലൊക്കേഷനും ഷെയർ ചെയ്തിരുന്നു.
അയാളെ ഒറ്റക്ക് നേരിടാൻ പറ്റും എന്ന വിശ്വാസം പക്ഷേ എനിക്ക് ഉണ്ടായിരുന്നു. എന്നാൽ എന്റെ പിന്നാലെ വേറേം ആളുകൾ ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല.

ഹൈവേയിൽ അധികം ആളില്ലാത്ത ഏരിയ വന്നപ്പോൾ അയാൾ കാർ നിർത്തി എന്നെ ബലം പ്രയോഗിച്ചു ബോധം കെടുത്താൻ നോക്കി. എന്നാൽ ഞാൻ അത് പ്രതീക്ഷിച്ചു ഇരുന്നത് കൊണ്ട് അയാളെ എതിരിടാൻ എനിക്ക് പറ്റി.

ഒരുപക്ഷേ ഒരു പെൺകുട്ടിയിൽ നിന്നും അയാൾ അത്തരം ഒരു ചെറുത്തുനിൽപ്പ് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

പല തിരക്കുകൾക്കിടയിൽ എന്നോ ഞാൻ തന്നെ മറന്നുപോയ എന്റെ കരാട്ടേയിൽ ഉള്ള പ്രാവീണ്യം അയാളെ നിമിഷങ്ങൾക്കകം കീഴ്പ്പെടുത്താൻ എന്നെ സഹായിച്ചു.

ഒരുപക്ഷേ എന്റെ ഓവർ കോൺഫിഡൻസ് ആവും, മുതുകിന് കിട്ടിയ ഒരു ചവിട്ടിൽ എന്റെ ബാലൻസ് പോയി ഞാൻ വീണു. ദേഷ്യത്തിൽ ചാടി എഴുന്നേറ്റ ഞാൻ കാണുന്നത് അസ്ലന്റെ കൂട്ടാളികളെ ആണ്.

എന്നിട്ടും ഞാൻ പിടിച്ചു നിന്നു. പക്ഷേ 10 പേരെ ഒറ്റക്ക് നേരിടാൻ എനിക്ക് ആയില്ല. പക്ഷേ എനിക്ക് ഒരു കാര്യം ഉറപ്പ് ഉണ്ടായിരുന്നു. എനിക്ക് എന്തെങ്കിലും സംഭവിക്കുന്നതിനു മുന്നേ തന്നെ ഏട്ടൻ വരും എന്ന്.

എന്റെ വയറിൽ ചവിട്ടാൻ ഓങ്ങിയ അതിൽ ഒരുവന്റെ കാൽ ഒടിഞ്ഞ് തൂങ്ങി അവൻ താഴെ വീണപ്പോൾ തന്നെ മനസിലായി എനിക്ക് എന്റെ ഏട്ടൻ എത്തി എന്ന്.

അത് വീണ്ടും എനിക്ക് ഒരു ഉണർവ്വ് ആയിരുന്നു. അധികം വൈകാതെ തന്നെ അവന്റെ ആ 10 വാലാട്ടി പട്ടികളേം ഞങ്ങൾ അടിച്ചു ചുരുട്ടി.

ഏട്ടൻ കലി തീരുന്ന വരെ അവരെ തല്ലി. അതും നടുറോഡിൽ. വണ്ടികൾ ഒക്കെ പതിയെ നിർത്തി ഹൈവേ ബ്ലോക്ക് ആകാൻ തുടങ്ങിയപ്പോൾ ഞാൻ ഏട്ടനെയും പിടിച്ചു വണ്ടിയിൽ കയറി പൂനെയിലേക്ക് പുറപ്പെട്ടു.

ആ നടന്നത് ഒരു റേപ്പ് ആറ്റെംപ്റ്റ് ആയെ ഞങ്ങൾ കരുതിയുള്ളു. ചെറുപ്പത്തിൽ മാർഷ്യൽ ആർട്സ് പഠിക്കാൻ തോന്നിയത് നന്നായി എന്ന് അപ്പൊ ഞങ്ങൾക്ക് തോന്നി.

എന്നാൽ ഞങ്ങൾ കരുതിയത് ആയിരുന്നില്ല ഞങ്ങൾക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ ഞങ്ങൾക്ക് അധികം താമസം ഉണ്ടായില്ല.
ഞങ്ങൾക്ക് പുറകെ എത്തിയ ഒരു കണ്ടെയ്നർ ലോറി അവർ ഞങ്ങളുടെ കാറിന്റെ സൈഡിലേക്ക് ഇടിച്ചു കയറ്റി ബ്ലോക്ക്‌ ചെയ്തു.

എന്നാൽ ഞങ്ങൾക്ക് രണ്ട് പേർക്കും ഒന്നും സംഭവിച്ചില്ല. ഒരു സാധാ ആക്‌സിഡന്റ് എന്ന് വിചാരിച്ചു കാറിൽ നിന്നും പുറത്ത് ഇറങ്ങിയ ഞങ്ങൾ പിന്നെ കാണുന്നത് ആയുധങ്ങളുമായി പാഞ്ഞടുക്കുന്ന ഒരു കൂട്ടം ആളുകളെ ആണ്.

അവിടെയും ഞങ്ങൾ പക്ഷേ പൊരുതി. എന്നാൽ ഇത് സിനിമ ഒന്നും അല്ലല്ലോ ജീവിതം അല്ലേ, ഇരുമ്പ് വടി കൊണ്ടുള്ള ഒരുത്തന്റെ അടിയിൽ ഏട്ടൻ താഴെ വീണു. എഴുനേൽക്കാൻ ശ്രമിച്ചതും തലയുടെ ബാക്കിൽ അവന്റെ ആ വടി ഒന്നുടെ ഉയർന്നു താഴുന്നത് ഞാൻ കണ്ടു.

അപ്പോഴേക്കും അവർ എനിക്ക് സെഡേഷൻ ഉള്ള മരുന്ന് ഇൻജെക്റ്റ് ചെയ്തിരുന്നു. എന്റെ ബോധം മറയുന്നയത്തിനു മുൻപ് ഞാൻ അവസാനമായി കണ്ട കാഴ്ച എന്റെ ഏട്ടനെ അവർ തൂക്കി എറിയുന്നത് ആണ്.

എത്ര നേരം മയങ്ങിയെന്നോ എങ്ങോട്ടാണ് കൊണ്ടുപോയത് എന്നോ ഒന്നും മനസിലാവുന്നുണ്ടായില്ല. ബോധം തെളിയുമ്പോൾ ഞാൻ അവരുടെ താവളത്തിൽ ആയിരുന്നു. ചുറ്റും എന്നെപോലെ തന്നെ അവിടെ എത്തിപ്പെട്ട ഇവരെല്ലാം തന്നെ ഉണ്ടായിരുന്നു.

അവിടെ വെച്ചാണ് ഞാൻ ആദ്യമായി അയാളെ കാണുന്നത്. രക്ഷപെടാൻ ശ്രമിച്ച രണ്ട് തവണയും ഞാൻ പരാജയപ്പെട്ടു. എന്നാൽ രണ്ടാമത്തെ തവണ എനിക്ക് അവിടെ നിന്നും ആന്റി-സെഡേഷൻ ഡോസുകൾ കൈക്കലാക്കാൻ പറ്റിയിരുന്നു.

അത് ആരും കാണാതെ ഞാൻ ഒളിപ്പിച്ചു. എനിക്ക് ഉറപ്പായിരുന്നു ഞങ്ങളെ അവിടെ നിന്ന് ബോധം കെടുത്തി മാത്രമേ വെളിയിൽ കൊണ്ടുപോകു എന്ന്. ആ ഒരു ദിവസത്തിനായി ഞാൻ കാത്തിരുന്നു.

എനിക്ക് സെഡേഷൻ തരുന്നതിനു മുന്നേ തന്നെ ഞാൻ അതിന്റെ ആന്റി ഡോസ് ആരും കാണാതെ എടുത്തു. അത്കൊണ്ട് തന്നെ അവരുടെ കണക്ക്കൂട്ടൽ തെറ്റിച്ച് എനിക്ക് ഇടയ്ക്ക് വെച്ച് ബോധം തെളിഞ്ഞിരുന്നു.

അതുകൊണ്ടാണ് ഏട്ടനെ എനിക്ക് കണ്ടുമുട്ടാൻ പറ്റിയത്. ഏട്ടൻ പക്ഷേ ആ സമയത്ത് അവിടെ എത്തിയത് ഒരു നിയോഗം പോലെ തോന്നുന്നു എനിക്ക്.
ജാനകി ഹരിയുടെ തോളിലേക്ക് ചാഞ്ഞു. അവൻ അവളെ ചേർത്ത് പിടിച്ചു ഒന്ന് നിശ്വസിച്ചു.

ഹരിക്ക് അപ്പോഴും അവൾ പറഞ്ഞത് ഒന്നും ഓർമയിൽ ഇല്ലായിരുന്നു. വ്യക്തമല്ലാത്ത ചില മുഖങ്ങൾ മാത്രം അവന്റെ തലച്ചോറിൽ മിന്നി മറഞ്ഞു. ഇപ്പൊ അവന് പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടി. എങ്ങനെ അവന് പല സ്ഥലങ്ങളും അറിയാം പല ഭാഷകൾ അറിയാം എന്നും അവന് മനസ്സിലായി. ഒരു നിമിഷത്തേക്ക് അവൻ മിഴിയെ ഓർത്തുപോയി.

അവൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പൊ സന്തോഷിച്ചേനെ. എല്ലാം ഒന്ന് ഒതുങ്ങിട്ട് അവളെ വിളിക്കണം. ഒരു സോറി പറയണം… അതിനേക്കാൾ വലിയ ഒരു നന്ദിയും. ഒരുപക്ഷേ അവൾ അന്ന് ദേഷ്യപ്പെട്ടില്ലായിരുന്നു എങ്കിൽ ഇനിയൊരിക്കലും എനിക്ക് ജാനകിയെ തിരികെ കിട്ടില്ലായിരുന്നു. അത് ഓർത്തതും അവൻ ജാനകിയെ ഒന്നുകൂടി ഇറുകെ ചേർത്ത് പിടിച്ചു. ഇനിയൊരു ശക്തിക്കും അവളെ വിട്ടുകൊടുക്കില്ല എന്നപോലെ.

“ഹരി.. കഴിഞ്ഞത് കഴിഞ്ഞു.. അടുത്തത് ഇനി എന്ത്‌? അതാണ് നമ്മൾ ആലോചിക്കേണ്ടത്.” അത്ര നേരം എല്ലാം കേട്ടിരുന്ന മഹീന്തർ പറഞ്ഞു.

“അടുത്തത് ഇവരെയെല്ലാം വീട്ടിൽ എത്തിക്കുക എന്നത് ആണ് നമുക്ക് മുന്നിൽ ഉള്ള കടമ്പ. അത് എത്രയും പെട്ടെന്ന് നമ്മൾ ചെയ്യണം. അവർ ഇവിടെ എത്തുന്നതിനു മുൻപ് തന്നെ.” ഹരി പറഞ്ഞത് കേട്ട് എല്ലാവരും ഒന്ന് ഞെട്ടി. ജാനകി അവനെ തല ഉയർത്തി നോക്കി.

Leave a Reply

Your email address will not be published. Required fields are marked *