“നീ പറഞ്ഞോണ്ട് മാത്രമല്ല അല്ലാതെ തന്നെ മാത്യുവിനും ദീപവിനും ചില സംശയങ്ങൾ ഉണ്ട്. കയറി വന്നപ്പോൾ തന്നെ ദീപു ഫ്ലാറ്റിൻ്റെ കാര്യങ്ങൾ ചോദിച്ചായിരുന്നു. പോരാത്തതിന് വെള്ളമടി തുടങ്ങിയപ്പോൾ പോലീസ് കേസിൽ നിന്ന് എങ്ങനെ നമ്മൾ ഊരി എന്നറിയാൻ അവൻ തിരിച്ചും മറിച്ചുമൊക്കെ നിൻ്റെ അടുത്ത് ഓരോന്ന് ചോദിക്കുന്നുണ്ടായിരുന്നു “
“അതെനിക്ക് മനസ്സിലായി പക്ഷേ പഴയ കാര്യങ്ങൾ പറഞ്ഞപ്പോൾ അറിയാതെ നിൻ്റെ പേര് വായിൽ നിന്ന് ചാടി. നമ്മുക്ക് ഇത് ജീവയോട് പറയണമോ ?”
“തത്കാലം വേണ്ട. പക്ഷേ നമ്മൾ കൂടുതൽ ശ്രദ്ധിക്കണം. പ്രത്യകിച്ചു “ദീപുവിൻ്റെയും മാത്യുവിൻ്റെയും അടുത്തിടപെടുമ്പോൾ “
ഫ്ലാറ്റിൽ നിന്നിറങ്ങിയ സുമേഷ് നേരെ പോയത് ടൗണിൽ ഉള്ള ഒരു കഫേയിലേക്കാണ്. അവിടെ അവനു വേണ്ടി അന്ന വെയിറ്റ് ചെയുന്നുണ്ടായിരുന്നു
“ഹായ് സുമേഷ് “
“ഹായ് ഡി”
“ഡാ, നിനക്ക് എന്താണ് കഴിക്കാൻ വേണ്ടത്”
“വയറു ഫുള്ളാണ് ഇപ്പോൾ ബ്രേക്ക് ഫാസ്റ്റ് കഴിച്ചതേ ഉള്ളൂ തത്കാലം ഒരു കാപ്പുചീനോ മതി”
സുമേഷിന് ഒരു കാപ്പുചീനോയും അവൾക്ക് ഒരു ചോക്ലേറ്റ് കേക്കും അന്ന ഓർഡർ ചെയ്തു. വീണ്ടും അവർ സംസാരം തുടർന്ന്.
“പാർട്ടി ഒക്കെ എങ്ങനെ ഉണ്ടായിരുന്നു ?”
“അടിപൊളിയായിരുന്നു അന്നേ. പിന്നെ സൂപ്പർ ഫ്ലാറ്റ് മറൈൻ ഡ്രൈവിൽ തന്നെ ആണ്, ഏറ്റവും ടോപ് ഫ്ലോർ നല്ല അടിപൊളി വ്യൂ. നിൻ്റെ ശത്രു അർജ്ജുവിൻ്റെ അങ്കിളിൻ്റെ ഫ്ലാറ്റ് ആണ്.”
അന്ന ആദ്യം ഒന്നും മിണ്ടിയില്ല
“എനിക്ക് ഇപ്പോൾ അവനുമായി ശത്രുത ഒന്നുമില്ല. “
“അയ്യോ അന്നേ ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല പറഞ്ഞപ്പോൾ അറിയാതെ.”
“കുഴപ്പമില്ലെടാ. ആരൊക്കെയുണ്ടായിരുന്നെടാ പാർട്ടിക്ക്?
ഞങ്ങൾ രണ്ടു റൂം കാര് മാത്രം ഞാൻ, മാത്യു, ടോണി, രമേഷ്, ദീപു പിന്നെ അർജ്ജുവും രാഹുലും”
“ഡാ ഫോട്ടോസ് ഒക്കെയുണ്ടോ?”
സുമേഷ് രണ്ടാമത് ഒന്ന് ആലോചിക്കാതെ ഫോൺ അൺലോക്ക് ചെയ്ത് അന്നക്ക് കൊടുത്തു. അന്ന ഫോട്ടോസ് ഓരോന്നായി കാണാൻ തുടങ്ങി.
“ഡാ അടിപൊളി പോഷ് ഫ്ലാറ്റ് ആണെല്ലോ,”
“4 ബെഡ്‌റൂം ഉണ്ട് പിന്നെ ഫുൾ AC യാണ്. പോരാത്തതിന് ഹോം തീയേറ്ററും”
സുമേഷ് ഫ്ളാറ്റിൻ്റെ വർണ്ണന തുടർന്നു
ഓരോ ഫോട്ടോയിലും അന്ന അർജ്ജുവിനായി പരതി. എന്നാൽ അവൻ്റെയും രാഹുലിൻ്റെയും ഒറ്റ ഫോട്ടോസ് കണ്ടില്ല
“ഡാ ഇത്ര ഫോട്ടോസ്സ് ഉള്ളു? “
“ബാക്കി ഉള്ളവർ എടുത്ത ഫോട്ടോസ് TSM ജാങ്കോസ് എന്ന whatsapp ഗ്രൂപ്പിലുണ്ട്. “
പെട്ടന്ന് സുമേഷ് ഫോൺ തട്ടി പറിച്ചു വാങ്ങി എന്തൊക്കെയോ ഡിലീറ്റ് ചെയ്തിട്ട് ഒരു ചമ്മിയ ചിരിയും ചിരിച്ചിട്ട് പറഞ്ഞു
“അഡൽറ്റ്”
അന്ന വീണ്ടും ഫോട്ടോസ് ഓരോന്നായി നോക്കി. ഒന്നിൽ പോലും അർജ്ജുൻ ഇല്ല. ഒന്ന് രണ്ടു സെൽഫിയിൽ മാത്രം രാഹുൽ ഉണ്ട്. പക്ഷേ അവൾ സുമേഷിനോട് ഒന്നും ചോദിച്ചില്ല.
സുമേഷുമായി സംസാരിക്കുന്നതിനിടയിൽ ഫോണിൽ അവൻ്റെ FB അക്കൗണ്ടിൽ കയറി, എന്നിട്ട് അവൻ്റെ ഫ്രണ്ട് ലിസ്റ്റിൽ നിന്നും അർജ്ജുവിൻ്റെ പ്രൊഫൈൽ തുറന്നു. നേരത്തെ നോക്കിയപ്പോൾ കണ്ടത് പോലെ തന്നെ പ്രൊഫൈൽ ഫോട്ടോ പോയിട്ട് ഒരു ഫോട്ടോ പോലും ഇല്ല. അകെ ഉള്ളത് കുറച്ചു മോട്ടിവേഷണൽ ക്വോറ്റ്സിൻ്റെ ഇമേജസ് മാത്രം. പ്രൊഫൈൽ ഇൻഫോ പ്രകാരം സ്കൂളിംഗ് ഡൽഹിയിലും എഞ്ചിനീയറിംഗ് ചെന്നൈയിലെ ഒരു പ്രമുഖ എഞ്ചിനീയറിംഗ് കോളേജിലും ആണ് പഠിച്ചിരിക്കുന്നത്. താൻ ലയോളയിൽ നിന്ന് പഠിച്ചിറങ്ങിയതിനു രണ്ടു കൊല്ലം മുൻപാണ് എഞ്ചിനീയറിംഗ് പാസ്സായിരിക്കുന്നത്. തൻ്റെ ചെന്നൈയിൽ കോളേജ് മേറ്റ്സ് വഴി അത് അന്വേഷിക്കണം. ഫ്രണ്ട് ലിസ്റ്റിൽ പതിനഞ്ചോളം കോമൺ ഫ്രണ്ട്സിനെ മാത്രമാണ് കാണിന്നുള്ളു. അതും ക്ലാസ്സിലുള്ളവർ മാത്രം. അതായത് ഫ്രണ്ട് ലിസ്റ്റും പ്രൈവറ്റ് ആണ്. അവൾ കോളേജ് സ്കൂൾ പേര് പഠിച്ചിട്ടു വേഗം രാഹുലിൻ്റെ FB പ്രൊഫൈലിൽ കയറി നോക്കി. പ്രൊഫൈൽ ഫോട്ടോക്ക് പകരം ഒരു സൂപ്പർമാൻ ലോഗോ. അർജ്ജുവിൻ്റെ പോലെ തന്നെ ഫോട്ടോസൊന്നും പോസ്റ്റ് ചെയ്തിട്ടില്ല. പഠിച്ച കോളേജും സ്‌കൂളും സെയിം സെയിം. ആകെ വ്യത്യാസം കോമൺ ഫ്രണ്ട്സസിൻ്റെ എണ്ണം ഏതാണ്ട് ഇരട്ടിയോളം ഉണ്ട്. പിന്നെ അർജ്ജുവിൻ്റെയും രാഹുലിൻ്റെയും മൊബൈൽ നമ്പർ തപ്പിയെടുത്തു സുമേഷിൻ്റെ ഫോണിൽ നിന്ന് whatsapp ചെയ്‌തു. എന്നിട്ട് അയച്ച മെസ്സേജ് ഡിലീറ്റ് ചെയ്‌തു.
