“ഡാ അതിപ്പോൾ എങ്ങനെയാണ് അടിച്ചിറക്കുക. ആ സുമേഷ് ആണെങ്കിൽ എളുപ്പമുണ്ടായിരുന്നു. പക്ഷേ അവൻ രണ്ട് പെരുമായിട്ട് കമ്പനിയാണ്. നമ്മൾ എന്ധെങ്കിലും പറഞ്ഞാൽ അവൻ നേരെ പോയി ചോദിക്കും. പിന്നെ നീ പറഞ്ഞ പോലെ അർജ്ജുവിന് അങ്ങോട്ടാണ് പ്രേമം എന്നടിച്ചിറക്കാൻ ആണെങ്കിൽ അത് ക്ലച്ചു പിടിക്കില്ല. അന്നക്ക് ഇങ്ങോട്ടാണ് എന്ന് പറഞ്ഞാൽ നിൻറ്റെ പ്ലാൻ വർക്കാകില്ല. കാരണം അന്നക്കിങ്ങോട്ടുള്ള പ്രേമത്തിന് അർജ്ജു കീർത്തനയോട് എന്തിന് നോ പറയണം”
“നീ പറഞ്ഞതിൽ കാര്യമുണ്ട് അത് കൊണ്ട് നമ്മൾ വേറെ കളി കളിക്കും പെണ്ണുങ്ങളുടെ ഹോസ്റ്റലിൽ നമ്മൾ അർജ്ജുവിന് അന്നയോടാണ് പ്രേമം എന്ന് പരത്തും. ആണുങ്ങളുടെ ഹോസ്റ്റലിൽ തിരിച്ചും. “
“ഡാ അപ്പോളും പ്രശ്നമുണ്ട് രാഹുലും ജെന്നിയും സെറ്റാണ്. അവർ വഴി സംഭവം പൊളിയും.”
“അത് കുഴപ്പമില്ലഡാ നമുക്ക് ചെറിയ ഒരു തീ പൊരി മാത്രം മതി. ചിലപ്പോൾ അത് കെട്ടു പോകും അല്ലെങ്കിൽ പൊട്ടിത്തെറിക്കും “
“ഉവ്വ് അവസാനം നമ്മൾ പൊട്ടിത്തെറിക്കാതിരുന്നാൽ മതി. “
“എന്തായാലും നമുക്കൊന്ന് എറിഞ്ഞു നോക്കാം.”
അവർ കാര്യങ്ങൾ എങ്ങനെ തുടങ്ങി വെക്കണം എന്ന് പ്ലാൻ ചെയ്‌തിട്ട് ഹോസ്റ്റലിലേക്ക് പോയി.
അതേ സമയം ഫ്ലാറ്റിൽ
“ഡാ നീ എന്തിനാ ആ കീർത്തനയോടു ഇത്ര കടിപ്പിച്ചു നോ പറഞ്ഞത്. അവൾ നല്ല കുട്ടിയല്ലേ.”
“ഡാ നിനക്കറിഞ്ഞു കൂടെ എൻ്റെ അവസ്ഥ”
“എന്തു അവസ്ഥ? ഈ അവസ്ഥകൾ ഒക്കെ മാറാൻ അല്ലെ നമ്മൾ ഇങ്ങോട്ട് വന്നത്.”
അർജ്ജു പിന്നെ ഒന്നും മിണ്ടിയില്ല
പിറ്റേ ദിവസം ക്ലോളേജിൽ എത്തിയതും രമേഷ് പ്രീതിയെ മാറ്റി നിർത്തി സംസാരിച്ചു
“ഡി ഞാൻ ഒരു കാര്യം ചോദിക്കട്ടെ നീ രഹസ്യമായി അന്വേഷിച്ചു പറഞ്ഞാൽ മതി. ആ അന്നക്ക് അർജ്ജുവിനോട് വല്ല ഇഷ്ടവുമുണ്ടോ?”
അത് കേട്ട് പ്രീതി ചിരിച്ചു പോയി
“നിനക്ക് എന്താ വട്ടായോ? അന്നക്ക് അർജ്ജുവിനെ ഇഷ്‌ടമാണോ എന്ന്. അതികം വൈകാതെ അവന് പണി കൊടുക്കും എന്നാണ് അവളുടെ റൂം മേറ്റ് ഈയടുത്തു കൂടി പറഞ്ഞതാണ്”
“അതെ അത് അങ്ങനെ തന്നയാണ് ഞാനും കരുതിയത്. പക്ഷേ അന്ന് അർജ്ജുവിൻ്റെ അടുത്ത് കീർത്തന പോയിരുന്നപ്പോൾ അന്നയുടെ മുഖം വാടി എന്നൊരാൾ എന്നോട് പറഞ്ഞു. അത് കൊണ്ട് ചുമ്മാ ചോദിച്ചെന്നെ ഉള്ളു. നീ ആരോടും ചോദിക്കാൻ നിൽക്കേണ്ട.”
എന്നാൽ അന്ന് വൈകിട്ടായപ്പോളേക്കും സംഭവം പെണ്ണുങ്ങളുടെ ഇടയിൽ കാട്ടുതീ പോലെ പടർന്നു. അറിയാത്തതായി അന്നയും കീർത്തനയും മാത്രമേ ഉള്ളു. സംഭവം അവിടന്ന് മെൻസ് ഹോസ്റ്റലിലേക്ക് എത്തി. വൈകിട്ട് അതിനെ പറ്റി സംസാരമുണ്ടായി. രമേഷ് രണ്ടും കൽപിച്ചു അടിച്ചു വിട്ടു പറഞ്ഞു.
“എനിക്ക് തോന്നുന്നത് തിരിച്ചാണ് അന്നക്ക് അങ്ങോട്ട് പ്രേമമൊന്നുമില്ല അർജ്ജുവിന് ആണ് അങ്ങോട്ട് എന്ന്.”
ഇത് കേട്ടതും എല്ലാവരും പൊട്ടി ചിരിച്ചു. നേരത്തെ നിശ്ചയിച്ച പ്രകാരം ദീപു തന്നെ അവനെ കളിയാക്കി ചോദിച്ചു
“പിന്നെ അർജ്ജുവിന് അന്നയോട് പ്രേമം ഒന്ന് പൊടപ്പ.”
“അല്ലെങ്കിൽ നിങ്ങൾ പറ കീർത്തനയെ പോലെ ഒരു സുന്ദരി ഇഷ്ടമാണെന്ന് പറഞ്ഞിട്ട് അവൻ എന്തിനു റിജെക്ട് ചെയ്യണം”
“അത് അവന് ഇഷ്ടമില്ലാത്തത് കൊണ്ടായിരിക്കും.”
“ഞാൻ ഒരു സംശയം പറഞ്ഞെന്നേയുള്ളൂ.”
“അർജ്ജു ഇടക്ക് അന്നയെ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ പ്രേമം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല” ടോണി കൂട്ടിച്ചേർത്തു.
“അതൊന്നും പറയാൻ പറ്റില്ല ഈ ദീപു തന്നെ കീർത്തനയെ നോക്കുന്നുണ്ട് എന്ന് നമ്മൾ ആരെങ്കിലുമറിഞ്ഞോ?”
രമേഷ് കിട്ടിയ അവസരത്തിൽ ദീപുവിനിട്ട് തിരിച്ചു വെച്ച്. പിന്നെ കുറെ നേരം കൂടി ക്ലാസ്സിലെ പെണ്ണുങ്ങളെ പറ്റിയും പ്രേമവും ഒക്കെ പറഞ്ഞിരുന്നു
റൂമിൽ എത്തിയതും സുമേഷ് അർജ്ജുവിനെ വിളിച്ചു
“ഡാ നിനക്ക് അന്നയെ ഇഷ്ടമാണോ?”
“എന്താടാ പാതിരാത്രി നിനക്കൊരു സംശയം?”
സുമേഷ് ആയതു കൊണ്ട് അർജ്ജു ദേഷ്യത്തിലൊന്നുമല്ല ചോദിച്ചത്.
“അതല്ല പെണ്ണുങ്ങളുടെ ഹോസ്റ്റലിൽ അന്നക്ക് നിന്നോട് പ്രേമം ആണെന്ന് ഒരു സംസാരമുണ്ട്. ഇവിടയാണെങ്കിൽ നേരെ തിരിച്ചും.”
