ജീവിതമാകുന്ന നൗക – 6

കീർത്തന രണ്ടും കൽപ്പിച്ചു അർജ്ജുവിൻ്റെ അടുത്തേക്ക് ചെന്ന് എഴുത്തു കൊടുത്തു. ഒന്നും മിണ്ടാതെ തിരിഞ്ഞു അന്നയുടെ അടുത്തേക്ക് തന്നെ നടന്നു. ക്ലാസ്സിൽ എല്ലാവരും കീർത്തനയെയും അർജ്ജുവിനെയും നോക്കുന്നുണ്ട്.

ക്ലാസ്സ് കഴിഞ്ഞു വീട്ടിൽ പോകാൻ നിൽക്കുമ്പോൾ തൻ്റെ അടുത്തേക്ക് ഒരു വർണ്ണ കവറുമായി വരുന്ന കീർത്തനെയെ കണ്ടപ്പോൾ തന്നെ എനിക്ക് കാര്യം മനസ്സിലായി. അവൾ അത് തന്നിട്ട് തിരിഞ്ഞു നടന്നു. ക്ലാസ്സ് മൊത്തം ഞങ്ങളെ നോക്കി നിൽക്കുകയാണ്. ഞാൻ കവർ തുറന്ന് നോക്കി. ചുവന്ന ഒരു കഷ്ണം കടലാസ്സിൽ. ഐ ലവ് യു എന്ന് കുറെ പ്രാവിശ്യം എഴുതിയിരിക്കുന്നു.

ഇതൊന്നും നടക്കുന്ന കാര്യമല്ല. കീർത്തന എന്നല്ല ആരെയും പ്രേമിക്കാൻ പറ്റുന്ന ഒരു അവസ്ഥയിൽ അല്ല ഞാൻ. അത് അവളുടെ അടുത്ത് വ്യക്തമാക്കണം.

ഞാൻ വേഗം തന്നെ കീർത്തനയുടെ അടുത്തേക്ക് ചെന്നു. ഞാൻ അവിടെ ചെന്നതും അന്ന എഴുന്നേറ്റ് പോയി. അവളുടെ മുഖം കടന്നൽ കുത്തിയപോലെയുണ്ട്. അത് കണ്ടപ്പോൾ തന്നെ എൻ്റെയുള്ളിൽ ദേഷ്യം വന്നു. എങ്കിലും ഞാൻ അത് കടിച്ചമർത്തി. എൻ്റെ മുഖ ഭാവം കണ്ട് കീർത്തനയും പേടിച്ചാണ് നിൽക്കുന്നത്. ഞാൻ അവളുടെ എഴുത്തു തിരികെ നൽകി.

“ഇതൊന്നും നടക്കില്ല കീർത്തന. എനിക്ക് തന്നെ ഇഷ്‌ടമല്ല അത് കൊണ്ട് എൻ്റെ പിന്നാലെ നടക്കരുത്.”

അത്രയും പറഞ്ഞിട്ട് ഞാൻ ക്ലാസ്സിൽ നിന്നിറങ്ങി പോയി.

അർജ്ജുവിൻ്റെ വാക്ക് കേട്ടതും കീർത്തനയുടെ കണ്ണുകൾ നിറഞ്ഞു. അവൾ അവിടെ സീറ്റിൽ തന്നെ ഇരുന്നു. എല്ലാവരും അവളെ നോക്കുന്നുണ്ട്. അർജ്ജുവിനെ അവൾക്ക് കിട്ടില്ല എന്ന് തോന്നി. സ്നേഹം ആരുടെയും കയ്യിൽ നിന്ന് പിടിച്ചു വാങ്ങാൻ പറ്റില്ലല്ലോ എല്ലാവരുടെ ഇടയിൽ ഒറ്റപ്പെട്ട അവസ്ഥ. അന്ന് താൻ ദീപുവിനെ വിഷമിപ്പിച്ചതിന് ഇന്ന് തനിക്ക് തിരിച്ചു കിട്ടി.

കുറച്ചു കഴിഞ്ഞപ്പോൾ ചെറിയമ്മയുടെ ഡ്രൈവർ അവളെ തിരക്കി വന്നു. കണ്ണെല്ലാം തുടച്ചിട്ട് കീർത്തന ഇറങ്ങി.
നടന്നതെല്ലാം കണ്ട് ദീപുവിൻ്റെ മനസ്സിൽ ലഡു പൊട്ടി. എങ്കിലും അവൻ പുറത്തു കാണിച്ചില്ല. രമേഷിനെ വിളിച്ചു കൊണ്ട് നേരെ ബാറിലേക്കാണ് പോയത്.

“ഡാ രമേഷേ എനിക്കിന്ന് ആഘോഷിക്കണം. അർജ്ജു അവളുടെ പ്രൊപോസൽ നിരാകരിച്ചതോടെ അന്ന് ഞാൻ അനുഭവിച്ചത് എന്താണ് എന്ന് അവൾ പഠിച്ചു കാണും.”

“ഡാ നീ അതിന് ഇത്ര മാത്രം എന്തിനാണ് സന്തോഷിക്കുന്നത്. അവൻ വേണ്ടെന്ന് പറഞ്ഞല്ലേ ഉള്ളു. കീർത്തന നിന്നെ വേണം എന്നൊന്നും പറഞ്ഞില്ലല്ലോ.”

“നീ നോക്കിക്കോടാ ഞാൻ ഈ സെന്റിമെൻ്റെസിൽ കയറി പിടിക്കും. അതിന് നിൻ്റെ സഹായം എനിക്ക് വേണം.”

“മോൻ എന്താണ് ഉദ്ദേശിക്കുന്നത്. അന്ന് ഞാൻ പറഞ്ഞതല്ലേ നല്ല പോലെ കമ്പനി അടിച്ചു കൂട്ടായിട്ട് നിൻ്റെ ഇഷ്‌ടം പറഞ്ഞാൽ മതി എന്ന്. അപ്പോൾ നീ അന്ന് നേരത്തെ കൊണ്ട് പോയി ഉണ്ടാക്കി. “

“ഡാ അന്ന് ഒരബദ്ധം പറ്റി നീ അത് വിട്. ഇന്ന് അത് പോലെ അല്ല, കളി വേറെയാ “

“നാളെ മുതൽ നമ്മൾ അന്നയും അർജ്ജുവും തമ്മിൽ ഇഷ്ടമാണെന്ന് പറഞ്ഞു പരത്തും. അതോടെ കീർത്തന അന്നയെയും അവനെയും വെറുക്കും. ആ ഗ്യാപ്പിൽ കൂടി വേണം എനിക്ക് കയറാൻ. “

“ഡാ അത് വേണോ , ആ അർജ്ജു എങ്ങാനും അറിഞ്ഞാൽ. അറിയാല്ലോ അവൻ ഇടിച്ചു പരിപ്പിളക്കും. പോരാത്തതിന് ക്ലാസ്സിൽ ആണുങ്ങളുടെ ഇടയിൽ അവന് നല്ല വിലയാ. എല്ലാവരുടെയും വല്യേട്ടൻ”

“ഒന്നും ഉണ്ടാകില്ലെടാ നമ്മൾ അത് പോലെ കാര്യങ്ങൾ നീക്കിയാൽ മതി. “

“ഒരു വെടിക്ക് മൂന്നു പക്ഷി. അന്ന് പെണ്ണുപിടിയൻ എന്ന് പേര് അന്ന ചാർത്തി തന്നപ്പോൾ നീ അല്ലാതെ ഒരുത്തനും ഉണ്ടായിരുന്നില്ലല്ലോ. അവനിട്ടുള്ള പണിയാണ് എന്നറിഞ്ഞിട്ടും അന്ന് അവൻ ഇടപെട്ടില്ല ഞാൻ വിചാരിച്ച പോലെ കാര്യങ്ങൾ നീങ്ങിയാൽ അവർക്ക് രണ്ടു പേർക്കിട്ട് പണിയുമാകും കീർത്തനയെ എനിക്ക് സെറ്റാകുകയും ചെയ്യും.”

“ഡാ അതിപ്പോൾ എങ്ങനെയാണ് അടിച്ചിറക്കുക. ആ സുമേഷ് ആണെങ്കിൽ എളുപ്പമുണ്ടായിരുന്നു. പക്ഷേ അവൻ രണ്ട് പെരുമായിട്ട് കമ്പനിയാണ്. നമ്മൾ എന്ധെങ്കിലും പറഞ്ഞാൽ അവൻ നേരെ പോയി ചോദിക്കും. പിന്നെ നീ പറഞ്ഞ പോലെ അർജ്ജുവിന് അങ്ങോട്ടാണ് പ്രേമം എന്നടിച്ചിറക്കാൻ ആണെങ്കിൽ അത് ക്ലച്ചു പിടിക്കില്ല. അന്നക്ക് ഇങ്ങോട്ടാണ് എന്ന് പറഞ്ഞാൽ നിൻറ്റെ പ്ലാൻ വർക്കാകില്ല. കാരണം അന്നക്കിങ്ങോട്ടുള്ള പ്രേമത്തിന് അർജ്ജു കീർത്തനയോട് എന്തിന് നോ പറയണം”
“നീ പറഞ്ഞതിൽ കാര്യമുണ്ട് അത് കൊണ്ട് നമ്മൾ വേറെ കളി കളിക്കും പെണ്ണുങ്ങളുടെ ഹോസ്റ്റലിൽ നമ്മൾ അർജ്ജുവിന് അന്നയോടാണ് പ്രേമം എന്ന് പരത്തും. ആണുങ്ങളുടെ ഹോസ്റ്റലിൽ തിരിച്ചും. “

“ഡാ അപ്പോളും പ്രശ്നമുണ്ട് രാഹുലും ജെന്നിയും സെറ്റാണ്. അവർ വഴി സംഭവം പൊളിയും.”

“അത് കുഴപ്പമില്ലഡാ നമുക്ക് ചെറിയ ഒരു തീ പൊരി മാത്രം മതി. ചിലപ്പോൾ അത് കെട്ടു പോകും അല്ലെങ്കിൽ പൊട്ടിത്തെറിക്കും “

“ഉവ്വ് അവസാനം നമ്മൾ പൊട്ടിത്തെറിക്കാതിരുന്നാൽ മതി. “

“എന്തായാലും നമുക്കൊന്ന് എറിഞ്ഞു നോക്കാം.”

അവർ കാര്യങ്ങൾ എങ്ങനെ തുടങ്ങി വെക്കണം എന്ന് പ്ലാൻ ചെയ്‌തിട്ട് ഹോസ്റ്റലിലേക്ക് പോയി.

അതേ സമയം ഫ്ലാറ്റിൽ

“ഡാ നീ എന്തിനാ ആ കീർത്തനയോടു ഇത്ര കടിപ്പിച്ചു നോ പറഞ്ഞത്. അവൾ നല്ല കുട്ടിയല്ലേ.”

“ഡാ നിനക്കറിഞ്ഞു കൂടെ എൻ്റെ അവസ്ഥ”

“എന്തു അവസ്ഥ? ഈ അവസ്ഥകൾ ഒക്കെ മാറാൻ അല്ലെ നമ്മൾ ഇങ്ങോട്ട് വന്നത്.”

അർജ്ജു പിന്നെ ഒന്നും മിണ്ടിയില്ല

പിറ്റേ ദിവസം ക്ലോളേജിൽ എത്തിയതും രമേഷ് പ്രീതിയെ മാറ്റി നിർത്തി സംസാരിച്ചു

“ഡി ഞാൻ ഒരു കാര്യം ചോദിക്കട്ടെ നീ രഹസ്യമായി അന്വേഷിച്ചു പറഞ്ഞാൽ മതി. ആ അന്നക്ക് അർജ്ജുവിനോട് വല്ല ഇഷ്ടവുമുണ്ടോ?”

അത് കേട്ട് പ്രീതി ചിരിച്ചു പോയി

“നിനക്ക് എന്താ വട്ടായോ? അന്നക്ക് അർജ്ജുവിനെ ഇഷ്‌ടമാണോ എന്ന്. അതികം വൈകാതെ അവന് പണി കൊടുക്കും എന്നാണ് അവളുടെ റൂം മേറ്റ് ഈയടുത്തു കൂടി പറഞ്ഞതാണ്”

“അതെ അത് അങ്ങനെ തന്നയാണ് ഞാനും കരുതിയത്. പക്ഷേ അന്ന് അർജ്ജുവിൻ്റെ അടുത്ത് കീർത്തന പോയിരുന്നപ്പോൾ അന്നയുടെ മുഖം വാടി എന്നൊരാൾ എന്നോട് പറഞ്ഞു. അത് കൊണ്ട് ചുമ്മാ ചോദിച്ചെന്നെ ഉള്ളു. നീ ആരോടും ചോദിക്കാൻ നിൽക്കേണ്ട.”

എന്നാൽ അന്ന് വൈകിട്ടായപ്പോളേക്കും സംഭവം പെണ്ണുങ്ങളുടെ ഇടയിൽ കാട്ടുതീ പോലെ പടർന്നു. അറിയാത്തതായി അന്നയും കീർത്തനയും മാത്രമേ ഉള്ളു. സംഭവം അവിടന്ന് മെൻസ് ഹോസ്റ്റലിലേക്ക് എത്തി. വൈകിട്ട് അതിനെ പറ്റി സംസാരമുണ്ടായി. രമേഷ് രണ്ടും കൽപിച്ചു അടിച്ചു വിട്ടു പറഞ്ഞു.
“എനിക്ക് തോന്നുന്നത് തിരിച്ചാണ് അന്നക്ക് അങ്ങോട്ട് പ്രേമമൊന്നുമില്ല അർജ്ജുവിന് ആണ് അങ്ങോട്ട് എന്ന്.”

Leave a Reply

Your email address will not be published. Required fields are marked *